Thursday 25 November 2021 03:49 PM IST : By സ്വന്തം ലേഖകൻ

അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ബിടിഎസ് തിളക്കം; ‘ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ’ പുരസ്‌കാരം നേടി, ഇത് ചരിത്രനേട്ടം

bts-artist-of-the-year

അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ‘ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ’ പുരസ്‌കാരം നേടി കൊറിയൻ ബോയ് ബാൻഡ് ബിടിഎസ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കലാകാരന്മാർക്ക് നൽകുന്ന പുരസ്കാരമാണ് ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ. ആദ്യമായാണ് ഒരു ഏഷ്യൻ സംഗീത ബാൻഡ് അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നത്. ഞായറാഴ്ച ലോസ് ഏഞ്ചൽസിൽ വച്ചായിരുന്നു അമേരിക്കൻ മ്യൂസിക് അവാർഡ്സ് പ്രഖ്യാപനം. നാമനിർദേശം ചെയ്യപ്പെട്ട എല്ലാ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ വാരിക്കൂട്ടി ബിടിഎസ് ആരാധകരുടെ ഹൃദയം കവർന്നു. പുരസ്കാര നേട്ടം പ്രിയപ്പെട്ട ആരാധകർക്കായി സമർപ്പിക്കുകയാണെന്ന് ബിടിഎസ് അംഗങ്ങൾ ട്വിറ്ററിൽ കുറിച്ചു. 

btss5433hameerrr

ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ പുരസ്കാരത്തിനൊപ്പം മികച്ച പോപ് സംഘത്തിനുള്ള പുരസ്കാരവും മികച്ച പോപ് ഗാനത്തിനുള്ള പുരസ്കാരവും ബിടിഎസ് നേടി. ഇതോടെ പോപ് സംഘത്തിനുള്ള പുരസ്‌കാരം തുടർച്ചയായി നാലാം വർഷവും സ്വന്തമാക്കുന്ന ബാൻഡ് എന്ന ഖ്യാതിയും ബിടിഎസ് സ്വന്തമാക്കി. സംഘത്തിന്റെ ‘ബട്ടർ’ ആണ് കഴിഞ്ഞ വർഷത്തെ മികച്ച പോപ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ടത്.

1354791629

പുരസ്കാര പ്രഖ്യാപനത്തിനു മുന്നോടിയായി ബിടിഎസ് വേദിയില്‍ അവതരിപ്പിച്ച സംഗീതപരിപാടി കയ്യടി നേടി. ബിടിഎസും കോൾഡ് പ്ലേയും സംയുക്തമായൊരുക്കിയ മൈ യൂണിവേഴ്‌സും ബിടിഎസിന്റെ സ്വതന്ത്ര സംഗീത വിഡിയോ ആയ ബട്ടറും ആണ് അമേരിക്കൻ മ്യൂസിക് അവാർഡ്സിന്റെ വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. ആവേശത്തോടെയാണ് ഏഴംഗ സംഘത്തിന്റെ ഉജ്വല പ്രകടത്തെ ആരാധകർ സ്വീകരിച്ചത്.

bts-amerrr4565

റെക്കോർഡുകളുടെയും നേട്ടങ്ങളുടെയും നെറുകയിൽ എത്തിയിട്ടും ഗ്രാമിയിൽ മുത്തമിടാൻ ബിടിഎസിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ വർഷവും ബിടിഎസിനു ഗ്രാമി നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേക്കാണ് ‘ബട്ടർ’ പരിഗണിക്കപ്പെടുന്നത്. സംഗീതലോകത്ത് അമേരിക്കൻ, ബ്രിട്ടിഷ് ആധിപത്യം അവസാനിക്കുന്നതിന്റെ സൂചനയാണ് ബിടിഎസിന്റെ തുടർച്ചയായ നേട്ടങ്ങൾ എന്ന് ആരാധകർ വിലയിരുത്തുന്നു.

Tags:
  • Movies