Monday 21 June 2021 11:53 AM IST

പതിനഞ്ചു രാജ്യങ്ങളിൽ നിന്ന് 155 കുട്ടികൾ; സംഗീതദിനത്തിൽ ലോകം ഒരുമിച്ച് പാടുന്നു സംസ്കൃതത്തിൽ

Viswanathan

Senior Sub Editor

mussbb6644yhhu

ഈ പാട്ടിൽ നിങ്ങൾ കേൾക്കുന്നത് പതിനഞ്ചു രാജ്യങ്ങൾ. സംഗീത ചരിത്രം പറയുന്ന സംസ്കൃതത്തിലെഴുതിയ ‘ഗീതാമൃതം’ എന്ന  രാഗമാലികയിൽ പാടുന്നത് 155 കുട്ടികൾ. ഓൺലൈനായി സംഗീതം പഠിപ്പിക്കുന്ന മ്യൂസിക് ശിക്ഷണിലെ അധ്യാപക ദമ്പതിമാരായ സുധീഷും ദേവകിയും ചേർന്നാണ് ലോക സംഗീതദിനത്തിൽ വ്യത്യസ്തമായ സംഗീത വിരുന്ന് ഒരുക്കിയിരിക്കുന്നത്.  

‘‘സംഗീതത്തിന്റെ ഉത്ഭവം, വളർച്ച, വർണ്ണന, പൂർണ്ണത എന്നിവ  അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. സംസ്കൃതത്തിൽ തന്നെ ചെയ്യണമെന്നും തീരുമാനിച്ചു. അങ്ങനെ മാധവൻ കിഴക്കൂട്ട് എഴുതിയ വരികളുമായി സംഗീത സംവിധായകൻ ജയ്സൺ ജെ. നായരെ സമീപിച്ചു. അദ്ദേഹം ഈണം ചിട്ടപ്പെടുത്തി തന്നതോടെ ഞങ്ങളുടെ ജോലി ആരംഭിച്ചു.

nmuhddbbnn6677 ജയ്സൺ ജെ. നായർ, മാധവൻ കിഴക്കൂട്ട്

ഇതിൽ അറുപത് കുട്ടികൾ അമേരിക്കയിൽ നിന്നും 47 പേർ ഇന്ത്യയിൽ നിന്നുമാണ്. യുഎഇ, ഓസ്ട്രലിയ, കാനഡ, ബെൽജിയം, ജർമനി, ബ്രിട്ടൻ, അയർലൻഡ്, ഹോങ്കോങ്,  സിംഗപ്പൂർ, തായ്‌ലൻഡ്, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു കുട്ടികൾ. പ്രവാസി ഭാരതീയരായ കുട്ടികൾക്കൊപ്പം ഫിലിപ്പീൻസുകാരായ മൂന്നു കുട്ടികളും പാടുന്നു.’’ ദേവിക പറയുന്നു.

‘‘രണ്ടുമാസമെടുത്ത് ഒരോരുത്തർക്കും ഓൺലൈനായി പരിശീലനം നൽകി. ശിഷ്യരുമായി നിരന്തരം സമ്പർക്കം ഉള്ളത് കൊണ്ട് ഓരോരുത്തരുടെയും കഴിവുകളും പോരായ്മകളും ഞങ്ങൾക്കറിയാം. അതിന് അനുസരിച്ചുള്ള പരിശീലനം ആണ് നൽകിയത്. ഓരോരുത്തരും പാടേണ്ട ഭാഗം വിഭജിച്ചു നൽകി. കൃത്യമായി പാടുന്ന ഘട്ടമെത്തിയപ്പോൾ ഓരോരുത്തരുടെയും ഓഡിയോ വാങ്ങി.  ‌

musss444443

ഞങ്ങൾ രണ്ടുപേരും സൗണ്ട് എൻജിനീയേഴ്സ് ആയതു കൊണ്ട് മിക്സിങ് ജോലികൾ ഞങ്ങൾ തന്നെ ചെയ്തു. ട്രാക്ക് കറക്ടാക്കിയ ശേഷമാണ് വിഡിയൊ ഷൂട്ട് ചെയ്തത്. മ്യൂസിക് ശിക്ഷൺ  സംഗീതയാത്ര ആരംഭിച്ചിട്ട് ഒൻപതു വർഷം പിന്നിട്ടു. ഈ ലോക്‌ഡൗൺ കാലത്ത് ക്രിയേറ്റിവായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ഇതിന് പിന്നിലുണ്ടായിരുന്നു.

സംഗീതത്തിലെ എല്ലാ ഗുരുക്കന്മാർക്കുമുള്ള പ്രണാമം കൂടിയാണ് ഗീതാമൃതം’’ സുധീഷിന്റെ വാക്കുകളിൽ ആത്മസംതൃപ്തിയുടെ തിളക്കം.

Tags:
  • Movies