നായരമ്പലത്തെ ആ ബസ് സ്റ്റോപ് പെട്ടെന്ന് യുദ്ധക്കളമായി മാറി. നാട്ടിലെ കവലച്ചട്ടമ്പിയുടെ ‘എഴുന്നള്ളത്താണ്’. മൂന്നെണ്ണം അടിച്ചാൽ മുണ്ടുപൊക്കിയുടുക്കുന്ന ടീം. പൊലീസല്ല പട്ടാളം വന്നാലും അടിച്ചു താഴെയിടുമെന്ന് തള്ളിമറിക്കുന്നത് കാണാൻ ആൾക്കൂട്ടം വന്നു കഴിഞ്ഞു. ഒരു അടി മണക്കുന്നുണ്ട്.
എല്ലാവരും വരാനിരിക്കുന്ന സ്റ്റണ്ട് കാണാൻ തിക്കിത്തിരക്കി. അതിനിടയിലൂടെ നൂണ്ട് മുന്നിലേക്കെത്തിയ ‘ചെക്കനാ’ണ് െബന്നി. പിന്നീടു വളര്‍ന്നു വലുതായപ്പോള്‍ ‘ചാന്തു െപാട്ടും’ ‘കുഞ്ഞിക്കൂനനും’ ‘ഛോട്ടാമുംബൈയും’ ‘ചട്ടമ്പിനാടും’ അടക്കം ഒട്ടേറെ ഹിറ്റുകള്‍ തന്ന ബെന്നി പി. നായരമ്പലം.
പക്ഷേ, ബെന്നിയെ നിരാശനാക്കി കൊണ്ട് ആ അടി സീൻ ചീഞ്ഞു പോയി. പെട്ടെന്നായിരുന്നു നിലവിളി ശബ്ദമിട്ട് ഒരു പൊലീസ് ജീപ്പ് കടന്നു വന്നത്. അതോടെ അടിച്ച കള്ള് ഇറങ്ങി ഗുണ്ടയുടെ മുണ്ടിന്റെ മടക്കി കുത്ത് അഴിച്ചിട്ടു. ‘ഒന്നുമില്ല സർ... ഞാനിവിടെ...’ എന്നു പറഞ്ഞ് ആൾക്കൂട്ടത്തിലേക്ക് മുങ്ങൽ. ഈ സീനിന്റെ റീൽ അന്ന് മനസ്സിന്റെ പെട്ടിയിൽ എടുത്ത് വച്ചതായിരുന്നു ബെന്നി. പിന്നതു പൊടിതട്ടിയെടുത്തത് അവനു വേണ്ടിയായിരുന്നു. ദ വൺ ആൻഡ് ഒാൺലി ദാമു, ദശമൂലം ദാമു.
‘‘തൊമ്മനും മക്കളും ആണ് ഞാനും ഷാഫിയും ആദ്യമായി ചെയ്ത മമ്മൂട്ടി ചിത്രം. അതിനുശേഷം ഞങ്ങൾ ഒന്നിച്ച സിനിമയാണ് ‘ചട്ടമ്പിനാട്’.
പല മലയാളങ്ങൾ സ്ക്രീനിൽ ജ്വലിപ്പിച്ച നടനാണ് മമ്മൂക്ക. കാസർകോട് മലയാളം മുതൽ തിരുവനന്തപുരം വരെ. അമരത്തിലൊക്കെ അദ്ദേഹം സംസാരിക്കുന്നത് അവരിൽ ഒരാളായിട്ടല്ലേ... അങ്ങനെയാണ് കന്നഡ കലർന്ന മലയാളം സംസാരിക്കുന്ന ഒരു കഥാപാത്രം മനസ്സിലേക്ക് വന്നത്. ഇതിനു മുൻപ് ഈ ശൈലിയിൽ ‘വിധേയനി’ൽ മമ്മൂക്ക സംസാരിച്ചിട്ടുണ്ട്. അത് ഒരു ഇൻസ്പിരേഷൻ ആയി മാറി. ഒരു മുഴുനീള കഥാപാത്രമായി മാറ്റാൻ ഉള്ള ധൈര്യം അത് തന്നു. ഭാഷകൊണ്ട് മമ്മൂക്കയ്ക്ക് തകർത്ത് പെർഫോം ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കാൻ തോന്നി.
കന്നഡക്കാരനായ ഒരാൾ കേരളത്തിലെത്തിയ ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങൾ. അങ്ങനെയാണ് ചിന്തിച്ചു തുടങ്ങിയത്. അതോടെ ആ നാട് മനസ്സിൽ തെളിഞ്ഞു, ‘ചട്ടമ്പിനാട്’.
ചട്ടമ്പികളുടെ ഗ്രാമത്തിലെ ദാമു
ചട്ടമ്പികളുടെ നാട് എന്നൊരു ഗ്രാമം ഉണ്ടോ എന്ന സംശയത്തിന് ഉത്തരമായാണ് ശ്രീരാമേട്ടന്റെ േവറിട്ട കാഴ്ചകൾ എന്ന പരിപാടിയിലൂടെ ആ നാടിനെ കുറിച്ചുള്ള ഇൻട്രോ നൽകിയത്. അതോടെ അതിനൊരു വിശ്വാസ്യത വന്നു. .
ചട്ടമ്പിമാരുടെ ഗ്രാമം എന്നാലോചിച്ചപ്പോൾ പലതരത്തിലുള്ള ചട്ടമ്പിമാരെ വേണ്ടിവന്നു. അവരുടെ പലതരത്തിലുള്ള സ്വഭാവ സവിശേഷതകൾ കണ്ടെത്തേണ്ടി വന്നു. അങ്ങനെയാണ് മാക്രി ഗോപാലനും റിട്ടയേഡ് ആയ അവശരായ ചട്ടമ്പിമാരും ഉണ്ടായത്.
പിന്നീടു ഹ്യൂമർ ട്രാക്കിനു വേണ്ടി ഒരു ചട്ടമ്പി വേണം എന്ന് തീരുമാനിച്ചു. സുരാജിനെ മനസ്സിൽ കണ്ടു തന്നെയാണ് ദാമുവിനെ ഉണ്ടാക്കിയത്. ദാമുവിനെ എഴുതി തുടങ്ങിയതോടെ ഞാൻ പണ്ട് നായരമ്പലത്ത് കണ്ട ചട്ടമ്പിമാരെ ഒാർത്തു.
കുട്ടിക്കാലത്ത് നാട്ടിലെ പല ചട്ടമ്പിമാരെക്കുറിച്ചുള്ള കഥകളും കേട്ടിട്ടുണ്ടായിരുന്നു. അവരിൽ ചിലർ ജീവിച്ചിരിക്കുന്നതു കൊണ്ട് പേരും കൂടുതൽ വിശദീകരണവും നൽകാൻ കഴിയില്ല. കൊല്ലും കൊലയും ആയി നടന്നവരുണ്ട്. പരസ്യമായി മാർക്കറ്റിൽ ഇട്ട് വെട്ടിക്കൊന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ പവർഫുൾ ആയ തല്ലുകാർക്കു പുറമേ ചില ‘തള്ളു’ കാർ കൂടി ഉണ്ടായിരുന്നു.
അത്തരം കോമഡിക്കാരായ ചട്ടമ്പിമാർക്ക് ലഹരിയുടെ പുറത്തേ ധൈര്യം വരൂ. പിന്നെ നാലാൾ കുടുന്നിടത്ത് ഷോ കാണിക്കും. പക്ഷേ, പൊലീസ് ജീപ്പ് വരുന്നത് കാണുമ്പോൾ ഇവർക്ക് കുടിച്ച് കള്ള് ഇറങ്ങും. മുണ്ട് താനെ അഴിഞ്ഞു വീഴും. ‘ചുമ്മാ വർത്തമാനം പറഞ്ഞു നിൽക്കുകയാണ് സാറേ’ എന്ന് പോലീസുകാരോട് ഭക്തി ഭാവത്തിൽ പറയും. ഇത് വെറും ഷോയാണെന്ന് അപ്പോഴാണ് നമുക്ക് മനസ്സിലാക്കുക. ചട്ടമ്പിത്തരം ഉണ്ടെങ്കിലും അവർക്ക് തല്ല് പേടിയാണ്.
അടി പൊട്ടിയാൽ കയ്യും കാലും പിടിച്ച് രക്ഷപ്പെടും. എന്നാൽ അവനെക്കാൾ കരുത്തു കുറഞ്ഞവന്റെ മെക്കിട്ട് കയറി തല്ലുകയും ചെയ്യും. താടിക്ക് തട്ടിയിട്ട് ഞാൻ എങ്ങനെയെങ്കിലും റിലാക്സ് ചെയ്തോട്ടെ എന്ന് പറയാം. ഇതൊക്കെ ഒാർത്താണ് ദാമുവിനെ എഴുതിയത്. ’’
ദാമു ദശമൂലാരിഷ്ടം കുടിച്ചത്...
എന്നാൽ ദാമുവിനെ ‘കള്ളിൽ വീണ ഈച്ചയാക്കി’ മാറ്റാൻ ബെന്നി പി നായരമ്പലത്തിന് താൽപര്യമില്ലായിരുന്നു. മദ്യത്തിന് ദാമുവിനെ മോഹിപ്പിക്കാൻ സാധിക്കില്ല. പേടിയൊക്കെ ഉണ്ടെങ്കിലും ഈ കാര്യത്തിൽ ഭയങ്കര മനക്കട്ടിയാണ്. പക്ഷേ, ദശമൂലാരിഷ്ടം. അത് മസ്റ്റാണ്. അതു കഴിഞ്ഞ് തൈലവും. ആയുർവേദ ചികിത്സാരീതികളെ സ്നേഹിക്കുന്ന അപൂർവം ഗുണ്ടകളിൽ ഒരാളായി ദാമു വളരുകയായിരുന്നു.
‘‘ദാമുവിന്റെ കൂടെ ഒട്ടി നിൽക്കുന്ന ദശമൂലം എന്ന പേര് ആ കഥാപാത്രത്തിന്റെ സ്വഭാവത്തിൽ നിന്നു കിട്ടിയതാണ്. മദ്യത്തെ പ്രോത്സാഹിപ്പിക്കാൻ തോന്നിയില്ല. എപ്പോഴും മദ്യപിക്കുന്ന ആളായാൽ കോമഡിക്ക് കാലുറയ്ക്കില്ല. അങ്ങനെയാണ് ദാമുവിന്റെ വീക്നെസ് അരിഷ്ടമാക്കി മാറ്റിയത്. ദശമൂലാരിഷ്ടം കഴിച്ചിട്ടേ അടിക്കാൻ പോകൂ. അടി കഴിഞ്ഞാൽ ഉടൻ ധന്വന്തരം കുഴമ്പ് ഇട്ട് തടവണം. അങ്ങനെ ദാമു ആയുർവേദ സ്നേഹിയായി. അതോടെയാണ് നാട്ടിൽ ആയുർവേദ കടയും വൈദ്യരുടെ കഥാപാത്രവും ഉണ്ടായത്.
സോഷ്യൽമീഡിയയാണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. ദാമുവിനെ വളർത്തിയത് ഇന്നത്തെ ട്രോളൻമാരാണ്. അവരിൽ കൂടിയാണ് സത്യത്തിൽ ദാമു ജീവിച്ചിരിക്കുന്നത്. ഈയൊരു ലെവലിലേക്ക് പോകുമെന്ന് അന്ന് ഓർത്തില്ല.
സുരാജിന്റെ ദാമു
അഭിനയിക്കാൻ വരുമ്പോൾ സുരാജിന് നല്ല മുടി ഉണ്ടായിരുന്നു അത് പറ്റെ വെട്ടണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. അതോടെ ഒരു ഗുണ്ട ലുക്ക് ആയി. ദാമുവിനു വേണ്ടി എന്തും ചെയ്യാൻ സുരാജ് റെഡിയായിരുന്നു. അന്നേ സുരാജിന് വളരെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു അത്. ‘ചേട്ടാ, അതുപോലെ ഒരു സാധനം ഇനിയും എനിക്കുവേണ്ടി ഉണ്ടാക്കണ’മെന്ന് സുരാജ് ഇടയ്ക്ക് പറയാറുണ്ട്.
ലുക്കിൽ ഗുണ്ടയാണെങ്കിലും എവിടെയൊക്കെയോ ഒരു നിഷ്കളങ്ക ഭാവം ദാമുവിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ‘ധൈര്യം തന്ന് എന്നെ കൊല്ലാൻ നോക്കുന്നോടാ, എന്റെ ഭാര്യക്കും മക്കൾക്കും നീ ചെലവിന് കൊടുക്കുമോ’ എന്ന് ചോദിക്കുന്നത്. പേടി മറച്ചുവച്ച തള്ളുഭാവം. ഇങ്ങനെ സമകാലിക സംഭവങ്ങൾക്ക് വാരി വിതറാവുന്ന എല്ലാ ഭാവങ്ങളും സുരാജ് ആ സിനിമയില്‍ വാരി വിതറിയിട്ടുണ്ട്.’’ ബെന്നി പറയുന്നു.
എന്നാൽ ദാമു ഫാൻസിനു വേണ്ടി ആ ചോദ്യം; എന്നാണ് ദാമു നായകനാവുന്നത്?
‘‘ഉടൻ വരും. സുരാജ് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഞാനും ഷാഫിയും കൂടി കുറേ ചർച്ചകൾ നടന്നു. ഇപ്പോൾ ഫസ്റ്റ്ഡ്രാഫ്റ്റായി. ചട്ടമ്പിനാടിലെ മറ്റു കഥാപാത്രങ്ങളൊന്നുമില്ല. ദാമുവിനെ മറ്റൊരു നാട്ടിേലക്ക് ഞങ്ങൾ മാറ്റി. ഇനി കാണാൻ പോകുന്നത് ദാമുവിന്റെ കഥയാണ്.....’’