Thursday 31 January 2019 04:56 PM IST : By ശ്യാമ

ഐസ്...ഐസ്.. ’ണിം..ണിം...ണിം...’ ആ മണിയൊച്ചയിൽ ഉണ്ട് മധുരമൂറുന്ന ഒരോർമ

ice-p
ഫോട്ടോ: ശ്യാം ബാബു

കാലം മാറിയപ്പോൾ ഐസ്ക്രീമും മാറി. എങ്കിലും ആ മണിയൊച്ച ഉണർത്തുന്നത് മധുരമുള്ള കുറേ ഓർമകളാണ്...

ഐസ്ക്രീം എന്നു കേൾക്കുന്നയുടനെ ആളുകളുടെ മുഖത്തു വിരിയുന്നൊരു കൊതിയൻ ചിരിയുണ്ട്. മനസ്സു തണുപ്പിക്കുന്ന ഐസ്ക്രീമിന്റെ ഒരു തുള്ളി നാവിൽ തൊടുന്നു.
തീർക്കേണ്ട ജോലിയുടെ സമയം ഉരുകി തീരുന്നു. അവസാന മിനുക്കുപണിയും ചെയ്തു അതങ്ങു തീർത്തു. ചെയ്യേണ്ട അടുത്ത ജോലിയുടെ വർക്ക് ഷെഡ്യൂളും കൊണ്ട് ഇമെയിൽ ഇൻബോക്സിലേക്ക് എഴുന്നെള്ളി വന്ന ചിലമ്പൊലി. ഇല്ല, ഇന്നിപ്പോൾ ആ താലപ്പൊലി എടുക്കാൻ വയ്യ! ‘‘ഐസ്...ഐസ്...ഐസ്ക്രീം......’’

ഓഫിസിലെ ഏസി മുരൾച്ചയ്ക്കുള്ളിലേക്കും ചില്ലുകൂട്ടിനുള്ളിലേക്കും ബാല്യത്തിന്റെ ഒരു കഷ്ണം തെറ്റാലിയിൽ പാഞ്ഞ് വന്നപോലെ ആ ശബ്ദം. ‘ണിം...ണിം...ണിം...’ ഇരുമ്പ് ഷീറ്റിൽ ഇരുമ്പ് കമ്പികൊണ്ടടിക്കുന്ന ശബ്ദത്തിനു പകരം മണി കിലുങ്ങുന്ന ശബ്ദമാണ്. ശബ്ദം മാറിയിട്ടുണ്ടെങ്കിലും ഇരിക്കപ്പൊറുതി തരാതെ മാടി വിളിക്കുന്നത് തണുപ്പാണ്, തണുത്ത് തണുത്ത് മധുരിക്കുന്ന ഐസ്ക്രീം.

സെലിബ്രിറ്റി ഐസ്ക്രീം

‘‘ഭക്ഷണത്തെക്കുറിച്ച് ചോദിക്കാൻ പറ്റിയ ബെസ്റ്റ് കക്ഷിയാണ് ഞാൻ, ഐസ്ക്രീമിനെ കുറിച്ചാണെങ്കിൽ പറയുകയും വേണ്ട!’’ രജീഷ വിജയൻ ആരെങ്കിലും പറഞ്ഞു അറിയുന്ന കിടിലൻ ഫൂഡ് തേടി പിടിച്ചു പോയി കഴിക്കുന്ന വർഗത്തിൽ പെട്ടയാളാണ് താനും എന്ന് അഭിമാനത്തോടെ പറയുന്നു. ‘‘ഒരിക്കൽ കൊൽക്കത്തയിൽ പോയപ്പോൾ കഴിച്ച ശർക്കരകൊണ്ടുള്ള ഐസ്ക്രീം‘Nolen Gurer’. ഹിന്ദിയിൽ ‘ഗുർ’ എന്നാൽ  ശർക്കര. അതിൽ നിന്നാണ് ഐസ്ക്രീമിന് ആ പേരു വന്നത്. ഹൊ! അതിനോളം രുചിയുള്ളൊരു ഫ്ളേവർ ഞാൻ കഴിച്ചിട്ടില്ല. ആളുകൾ പറഞ്ഞു കേട്ടിട്ട് അവിടെ പോയി കഴിച്ചതാണ്. ഉരുക്കിയ ശർക്കര കൊണ്ടുള്ള പ്രത്യേക തരം പ്രിപ്പറേഷനാണത്. എപ്പോഴും ഐസ്ക്രീം കഴിക്കാൻ കൊൽക്കത്ത വരെ പോകാൻ പറ്റാത്തതു കൊണ്ട് മാത്രം ബാസ്കിൻ റോബിൻസിന്റെ ‘ഹണി ക്രഞ്ച്’ കഴിച്ച് ഞാൻ ശർക്കര ഐസ്ക്രീമിനെ ഓർക്കും.

രജീഷയ്ക്ക് ശർക്കരയാണ് ഇഷ്ടപ്പെട്ടതെങ്കിൽ നൈലയ്ക്കു ചോക്‌ലേറ്റാണ് തലയ്ക്കു പിടിച്ചിരിക്കുന്നത്. ‘‘ഐസ്ക്രീമിൽ എനിക്കോരൊറ്റ ഫ്ളേവറേയുള്ളൂ... ചോക്‌ലേറ്റ്! എന്റെ ഫ്രണ്ട്സ് പറയാറുണ്ട് വേറെ എന്തേലും കൂടിയൊന്ന് ട്രൈ ചെയ്ത് നോക്കെന്ന്. പക്ഷേ, ചോക്‌ലേറ്റ് വിട്ടൊരു കളിക്കും ഞാനില്ല. കോൾഡ് സ്റ്റോണിന്റെ ‘ചോക്‌ലേറ്റ് ഡിവോഷൻ’ എന്നൊരു കിടിലൻ സാധനമുണ്ട്. കാണുമ്പോഴേ എന്റെ കൺട്രോള‍്‍ തെറ്റും. ചോക്‌ലേറ്റ് ഐസ്ക്രീമും ചോക്‌ലേറ്റ്  കുക്കീസും ചോക്‌ലേറ്റ് ബ്രൗ ണിയും ഒക്കെ നന്നായി മാഷ് ചെയ്തു തരും. പാത്രം കാലിയാകുന്നതു വരെ ആസ്വദിച്ചതങ്ങനെ കഴിക്കണം...

ഒരിക്കൽ സ്പെയിൻ ട്രിപ്പ് പോയപ്പോ കഴിച്ചൊരു ഐസ്ക്രീമാണ് എന്റെ ഓർമയിൽ നിന്നു മായാത്തത്. ഡിസംബർ–ജനുവരി മാസം. തണുപ്പ് മൈനസ് 2 ഡിഗ്രി വരെയത്തും. പൊടി മഴയുമുണ്ട്. ഞങ്ങൾ ലാറാംബ്ലയിലൂടെ തണുത്തു വിറച്ച് നടക്കുമ്പോഴാണ് ഐസ്ക്രീം കഴിച്ചാലോ എന്ന ചിന്ത ആരുടെയോ തലയിൽ വന്നത്. അവിടെ ജെലറ്റോകളാണ് ഉള്ളത്, ഞാൻ അതിലെ ചോക്‌ലേറ്റ് ഫ്ളേവർ കണ്ടുപിടിച്ചു. ആ തണുപ്പും, കൂട്ടുകാരും ഐസ്ക്രീമും എന്തൊരു കോംപിനേഷനായിരുന്നു അത്...’’ നൈലയുടെ വാക്കുകളിൽ ഒാർമ നുണയുന്ന മധുരം.

‘‘പത്തൊൻപതാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞ് മുംബൈയ്ക്കു പോയപ്പോഴാണ് ഞാൻ ആദ്യമായിട്ട് ഐസ്ക്രീം കഴിക്കുന്നത്.’’ രാജനി ചാണ്ടി എന്ന നമ്മുടെ മുത്തശ്ശിയുടെ ഉള്ളിലുമുണ്ട് ഐസ്ക്രീം തണുപ്പ്. ‘‘അപ്പനും അമ്മയും  ഐസൊന്നും വാങ്ങി തന്നിട്ടില്ല, നേരാം വണ്ണം പുറത്തു പോലും വിടില്ല പണ്ടത്തെ കാലത്ത്, ഒരു സാധനം ആഗ്രഹിക്കാനും വേണം എന്നു പറയാനും ഉള്ള സ്ഥിതിയൊന്നുമല്ല അന്ന്. എന്റെ കെട്ടിയോനുമായി മുംബൈയിൽ സിനിമ കാണാൻ പോകുമ്പോൾ ഇന്റർവെൽ എന്നു പറഞ്ഞാൽ ഐസ്ക്രീമിനുള്ള സമയം എന്നായിരുന്നു. കെട്ടിയോൻ എനിക്ക് സർപ്രൈസ് തരാൻ ജോലിയിൽ നിന്നു മടങ്ങി വരുമ്പോ ഐസ്ക്രീം വാങ്ങി കൊണ്ടുവരും. അന്നുമുതലേ ഏറ്റവും ഇഷ്ടം വനിലയോടാണ്.

ഒരു കപ്പൽ ഐസ്ക്രീം

‘‘ഐസ്ക്രീം എന്നു പറഞ്ഞാലേ ഭയങ്കര ഇഷ്ടമാണ്. ഒരുവിധപ്പെട്ട എല്ലാ ഫ്‌ളേവേഴ്സും ഫേവറിറ്റ് തന്നെ എന്നാലും ഇച്ചിരി കൂടുതൽ അടുപ്പം ബട്ടർസ്കോച്ചിനോട്.’’ ജുവലിനെ ഞെട്ടിച്ച ഐസ്ക്രീം ‘ചെന്നൈ സ്വദേശി’യാണ്. ‘‘വീട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പം ചെന്നൈയിലെ ഹോട്ടലിൽ ഭക്ഷണമൊക്കെ കഴിഞ്ഞ് ഞാൻ ഒരു ഐസ്ക്രീം ഓർഡർ ചെയ്തു കരീബിയൻ ഡിലൈറ്റ്. സംഭവം വന്നപ്പോൾ ഞെട്ടിപ്പോയി. കപ്പലിന്റെ ആകൃതിയുള്ള പാത്രത്തിലാണ് അവർ അതു സെർവ് ചെയ്തത്. ഒറ്റയ്ക്കു കഴിക്കാൻ വേണ്ടി പറഞ്ഞത് പത്താൾക്കു കഴിക്കാനുള്ളത്രയുണ്ട്. മൂന്നു നാലു ഫ്‌ളേവറിൽ ഐസ്ക്രീം ഒപ്പം ഫ്രൂട്സും നട്സും. പിന്നെ, ഞങ്ങൾ എല്ലാവരും കൂടി ഒത്തുപിടിച്ച് ‘ആ കപ്പൽ’ പൊളിച്ചടുക്കി’’

മണൽ പുരണ്ട ഒാർമ

ഇനി പഴയ ഒരു അനുഭവകഥയിലേ ക്ക് പോകാം. സ്പോർട്സ് ഡേയായിരുന്നു അന്ന്. കാലത്തെണീറ്റ് കുറേ കെഞ്ചി വഴക്കിട്ട്. കരഞ്ഞ്, ശ്വാസംമുട്ടലിന്റെ വക്കോളമെത്തിയപ്പോൾ അമ്മ അഞ്ചു രൂപ തന്നു. സ്കൂളിലെ ചർച്ചിന്റെ തൊട്ടുതാഴത്താണ് സ്റ്റോർ റൂം. ഒരു ജനൽപാളി തുറന്ന് അതിലൂടെയാണ് മിഠായിയും, സിപ്പ് അപ്പും ഒക്കെ എത്തുന്നത്. സ്പോർട്സ് അപ്പുറത്തെ ഗ്ര‍‍ൗണ്ടിലായിരുന്നു.

ഇന്റർവെല്ലിന്റെ ബെല്ലടി കേട്ടതും ഇപ്പുറത്തേക്കു പാഞ്ഞെങ്കിലും അതുവരെ കാണാത്ത ഓട്ടമത്സരമായിരുന്നു സ്റ്റോർ റൂമിലേക്ക് എത്താൻ പിള്ളേരു കാണിച്ചത്. ക്യൂവിലെത്തി, എണ്ണി നോക്കി... ഇനി അഞ്ചാളും കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ. ഇനി നാല്, മൂന്ന്, രണ്ട്.... ഒന്നാമത്തെ ആളും നീങ്ങി. എ ന്റെ അഞ്ചു രൂപ ജനലിനപ്പുറത്തേക്കിട്ടു, ഇപ്പുറത്തേക്ക് ഒരു കപ്പ് ഐസ്ക്രീം!! ഞാൻ ജീവിതത്തിൽ ആദ്യമായി എനിക്കു വേണ്ടി വാങ്ങിയ ഐസ്ക്രീം. അതിൽ നിന്നു കണ്ണെടുക്കാതെ, നടന്നതും ആരോ പുറകിൽ വന്നു തട്ടിയിട്ട് പാഞ്ഞു പോയി.
പൊക്കിയെടുക്കുമ്പോൾ എന്റെ തൂവെള്ള ഐസ്ക്രീമിനു മുകളിൽ മണ്ണിന്റെ ബ്രൗൺ നിറത്തിലുള്ള നേരിയൊരു പാളി. ഇനിയൊന്നും കൂടി വാങ്ങാൻ കൈയിൽ കാശില്ല. കണ്ണിൽ ഉരുണ്ടു കൂടി വന്ന നനവു തുടയ്ക്കാൻ കൂട്ടാക്കാതെ ഐസ്ക്രീമുമെടുത്തൊരു കോണിലേക്കു നടന്നു. വളരെ സൂക്ഷിച്ച് തടിയുടെ സ്പൂൺ കൊണ്ട് മുകളിലെ മണ്ണു നീക്കി ആ ഐസ്ക്രീം മുഴുവൻ കഴിച്ചു. മണ്ണിനെ തൊട്ടുവണങ്ങിയ ഐസ്ക്രീമിന്റെ വനില രുചി. ഇതാരോടും ഇതുവരെ പറ യാത്തൊരു കഥയാണ്. കൂട്ടം കൂടിയിരുന്ന് എല്ലാവരും ഐസ്ക്രീം കഥകൾ പറഞ്ഞപ്പോൾ മനസ്സിൽ കൂടി സൈലന്റായിട്ട് ഈ ഫ്ലാഷ്ബാക്കാണ് ഓടിപ്പോയത്. ഉറക്കെ പറഞ്ഞില്ല. ഇരിക്കട്ടെ ഉള്ളിൽ.

‘‘ഞങ്ങളുടെ ചെറുപ്പത്തിലൊക്കെ ഐസാണ്. പത്തു പൈസയ്ക്ക് ഐസ് കിട്ടും. പിള്ളേരായ പിള്ളേർക്കൊക്കെ അന്നൊക്കെ ഒരൊറ്റ ആഗ്രഹമേള്ളൂ... എല്ലാ ദിവസോം എങ്ങനെങ്കിലും പത്തു പൈസയുണ്ടാക്കി, ഐസ് വാങ്ങണം. പുത്തനുടുപ്പോ കളിപ്പാട്ടമോ ഒന്നും ഐസിട്ട ആഗ്രഹത്തിന്റെ ഏഴയലത്തെത്തില്ല!’’ കന്റീനിലെ സ്ഥിരം മൂലയ്ക്കിരുന്ന് ട്രീസ ചേച്ചിയുടെ തണുപ്പുള്ള വാക്കുകൾ മനസ്സിലൂടെ ഓടുന്നു.

കൂട്ടുകുടുംബമായതു കൊണ്ട് ചേച്ചിയുടെ വീട്ടിൽ അന്ന് പത്തു പിള്ളേരുണ്ട്. ഐസ് വാങ്ങാൻ കാശൊത്തില്ലെങ്കില്‍ പറമ്പായ പറമ്പൊക്കെ കയറി നിരങ്ങി കൈമുട്ടും കാൽമുട്ടും പൊട്ടിച്ചു പെറുക്കിയ കശുവണ്ടികൾ ഐസുകാരനു കൊടു ക്കും. പകരം പല തരം ഐസ്. വിഷു വന്നാൽ പിന്നെ, പറയേ ണ്ട. എല്ലാ കൈനീട്ടങ്ങളും ഉച്ചയ്ക്ക് ഐസുകാരന്റെ പെട്ടിയിൽ കിടന്നു കിലുങ്ങും, പകരം പിള്ളേരുടെ നാക്കിൽ ചുവപ്പും മഞ്ഞയും പച്ചയും നിറങ്ങൾ കയറിപ്പിടിക്കും.

‘‘അന്നൊക്കെ ധൈര്യമായിട്ട് ഐസ് വാങ്ങി കഴിച്ചിരുന്നു. ഇന്നിപ്പോ എങ്ങനുള്ള വെള്ളത്തിലാണ് ഇതുണ്ടാക്കുന്നേ എന്നൊക്കെയോർത്ത് സ്വന്തം  മക്കൾക്ക് ഐസ് വാങ്ങി ക്കൊടുക്കാറില്ല. എന്നിട്ടോ കഴിഞ്ഞ പെരുന്നാളിന് ഞങ്ങൾ അഞ്ചു സഹോദരിമാരും കൂടി ചേച്ചീടെ വീട്ടിലൊത്തു കൂടി. അന്ന് മക്കളൊന്നും കാണാതെ ഐസ് കഴിച്ചു.’’ ഐസ്ക്രീമിനോടു മാത്രം ‘നോ’ പറയാൻ ഒരു പ്രായത്തിനും പറ്റില്ലെന്നു തോന്നുന്നു. ട്രീസചേച്ചിയെപ്പോലെ എല്ലാവരും ഐസ്ക്രീം കഥകളുടെ കെട്ടഴിക്കുമ്പോൾ ചെറുപ്പം നുകരുന്നു.

ice-2

കരച്ചിൽ നിർത്താനും ഐസ്ക്രീം

ഇനി നമ്മൾ പോകുന്നത് ആദ്യമായി കൈക്കൂലിയായി കിട്ടിയ ഐസ്ക്രീം കഴിച്ച കഥയിലേക്കാണ്. ‘ഈ പല്ലു പറിച്ചേ പറ്റൂ. അല്ലെങ്കിൽ അടുത്തുള്ളതൊക്കെ ഇനി കേടാകാൻ തുടങ്ങും.’ ആറ്റുനോറ്റു വന്ന അണപ്പല്ലിനെ നോക്കിയാണ് ഡന്റിസ്റ്റ് മഹാന്റെ കമന്റ്. കേട്ടപാതി കേൾക്കാത്ത പാതി ആംബുലൻസും ഫയർഎൻജിനും ഒരുമിച്ചോട്ടം തുടങ്ങിയതു പോലെ കരച്ചിൽ!

‘കരയണ്ടാട്ടോ... പല്ലുപറിച്ച് വീട്ടിലെത്തിയാൽ അപ്പോൾ തന്നെ അമ്മ വയറു നിറച്ചും ഐസ്ക്രീം ഉണ്ടാക്കി തരാം, അപ്പോ വേദനയുണ്ടാവേ ഇല്ല.’ സ്വിച്ചിട്ടപോലെ നിന്നു കരച്ചിൽ. പാലും ഐസ്ക്രീം പൊടിയും മുട്ടയും പഞ്ചസാരയും കൊണ്ട് അമ്മ എന്തോ മാജിക്ക് കാണിച്ചു. ഇത്തിരി നേരം കൊണ്ട് ഐസ്ക്രീം മുന്നിലെത്തി. ഒട്ടുമിക്കവർക്കും ഇങ്ങനൊരു ഐ സ്ക്രീം കഥയുണ്ടാകും. ഐസ്ക്രീം രുചികളുടെ മലക്കം മറിച്ചിലിനിടയിൽ പെടുമ്പോഴും തെളിയുന്നW അമ്മരുചി.
നോക്കി നിൽക്കുന്ന നേരത്ത് കത്തിയും ഉളിയുമൊക്കെ ചാടി അമർന്ന് മലക്കം മറിഞ്ഞ് പയറ്റിത്തെളിയും. ഇഷ്ടമുള്ള ഫ്‌ളേവർ പറഞ്ഞ് കാശടച്ചാൽ കോൾഡ് സ്റ്റോൺ, ക്രീം

സ്റ്റോൺ എന്നിങ്ങനെയുള്ള ഷോപ്പുകൾ അവ മിക്സ് ചെ യ്യുന്ന രീതിയാണ് ഇപ്പറഞ്ഞത്. ഇതു കണ്ട് അന്തംവിട്ട് കണ്ണു ബുൾസ് െഎ ആകുന്ന ആ അസുലഭ നിമിഷത്തിൽ ഐസ്ക്രീമെടുത്ത് ഒരൊറ്റ ഏറ്. ‘ഇതിനാണോടാ കാലമാടാ ഇത്രയും മിക്സ് ചെയ്തത്’ എന്നു പറയാൻ നാവെടുത്തു വളയ്ക്കും മുമ്പേ പറന്നു വരുന്ന ഐസ്ക്രീമിനെ ചാടിപ്പിടിച്ച് രക്ഷിച്ച് അ വിടുത്തെ സ്റ്റാഫ് പുറകിൽ നിന്ന് മുന്നിലെത്തും. എഴുന്നേറ്റു നിന്ന് കൈയടിച്ചു പോകുന്ന പ്രകടനം. നിയമപ്രകാരമുള്ള മുന്നറിയിപ്പ്: നല്ലൊന്നാംതരം പ്രാക്ടീസ് കഴിഞ്ഞിട്ടാണ് ഇക്കണ്ട ഐസ്ക്രീം പതം വരുത്തലും എറിഞ്ഞിട്ടു പിടിക്കലും. മുൻപരിചയമില്ലാത്തവർ അനുകരിച്ച് വെറുതേ ഐസ്ക്രീം നിലത്തിട്ട് കൊതിയന്മാരുടെ പ്രാക്കു കിട്ടാതെ നോക്കുക.
കരിക്ക് കുടിക്കുന്ന സുഖം തരുന്ന മെറിബോയ്‌യുടെ ടെ ൻഡർ കോക്കനട്ട് ഫ്‌ളേവർ, നമ്മുടെ പറമ്പിലെ ചക്ക, പേരയ്ക്കയൊക്കെ ഐസ്ക്രീമാക്കി രസിപ്പിച്ച മെറിബോയി... നിന്നെ ഞങ്ങൾ മറക്കില്ല.

‘‘ജെലറ്റോ എന്നു പേരു വരാൻ കാരണം  ഇതിന്റെ ഉടമസ്ഥർ ഇറ്റലിക്കാരായതുകൊണ്ടാണ്.’’ ഐസ്ക്രീം മേക്കർ മഹാരാഷ്ട്രക്കാരൻ ജോൺ ഇറ്റലിയിൽ പോയി വന്നതോടു കൂടി അവരുടെ ബിഗ് ഫാനാണ്. ‘‘എല്ലാ ദിവസവും പുതിയ ഐസ്ക്രീം ഇവിടെ തന്നെ ഉണ്ടാക്കും. പഴയത് ഉപയോഗിക്കാറില്ല. അതാണ് പ്രത്യേകത. പാലുപയോഗിക്കുന്ന ജലറ്റോയ്ക്കും അതില്ലാത്തെ സോർബേയ്ക്കും ആവശ്യക്കാരേറെയാണ്. ഞാൻ ഉണ്ടാക്കിയ രണ്ട് ഫ്‌ളേവറുകളാണ് കാ‍ഡ്ബറിയും അ വക്കാഡോയും.’’

ബി.ആർ. എന്ന പേരിലൊളിപ്പിച്ച 31 ഫ്ലേവറുകളുടെ ടാഗ് ലൈനിൽ യുഎസ്സിൽ 1945ൽ തുടങ്ങിയതാണ് ബാസ്കിൻ റോബിൻസ്. ‘‘പേരു നോക്കി നോക്കി ഈ കടയിൽ കയറി ഇവിടുത്തെ ഐസ്ക്രീം മാത്രം തിരഞ്ഞു പിടിച്ചു കഴിക്കുന്നവർ നിറയെയുണ്ട്.’’ പറഞ്ഞു തീരും മുൻപേ ഒരു സായിപ്പും മദാമ്മേം വന്ന് ഇത്തിരിക്കുഞ്ഞൻ പിങ്ക് സ്പൂണിൽ ഫ്ളേവ റുകൾ മാറി മാറി രുചിച്ചു നോക്കിയിട്ട് പറഞ്ഞു ‘വൺ ബെൽജിയം ചോക്‌ലേറ്റ്, വൺ പ്രലൈൻ ആൻഡ് ക്രീം’. കാശും കൊടുത്ത് അവരു നടന്നു പോയി. ‘‘വീക്കെൻഡ്സിലാണ് ഏറ്റവും തിരക്ക്. കുട്ടികളാണ് ഐസ്ക്രീം ഷോപ്പിലേക്കു മ റ്റുള്ളവരെ തള്ളിക്കൊണ്ടുവരുന്ന ‘ഡ്രൈവേഴ്സ്.’’ പാർട് ടൈമായി കൊച്ചിയിലെ ഐസ്ക്രീം ഷോപ്പിൽ നിൽക്കുന്ന റിയാസ് പറയുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ എന്ന സ്ഥിരം പതിവു വിട്ട് ഇപ്പോൾ ഐസ്ക്രീം കടകൾ പതിനൊന്നും പന്ത്രണ്ടും ഒന്നും ഒക്കെ കണ്ടിട്ടാണ് ഉറങ്ങാറ്. ‘‘കൂടുതൽ ആളുകൾ ഒമ്പതരയ്ക്കു ശേഷം വരാറുണ്ട്. ജോലി കഴിഞ്ഞ് ഭക്ഷണവും കഴിച്ച ശേഷം ഐസ്ക്രീം ചിന്ത മാടി വിളിക്കുന്നതാകാം.’’ അമുൽ ഔട്ട്‌ലെറ്റിലെ സ്റ്റോർ ഇൻ ചാർജ് കിഷോർ.

‘‘കൊച്ചു കുട്ടികൾ വരുന്നതു പോലെ തന്നെ ഐസ്ക്രീം അന്വേഷിച്ചെത്തുന്ന വയസ്സായവരും ഉണ്ട്. ഡയറ്റ് കോൺഷ്യസായവർക്കും വൃദ്ധർക്കും വേണ്ടി ഷുഗർ ഫ്രീ ഐസ്ക്രീമുകളും ധാരാളം എത്തുന്നു.’’  കിഷോർ പറയുന്നു.

സന്തോഷക്കൂട്ടിന്റെ ചിൽഡ് മധുരം

സന്തോഷത്തിനു വേണ്ടി, ഇഷ്ടത്തിനു വേണ്ടി ഐസ്ക്രീമിനു പിന്നാലെ ഇറങ്ങിയ ഒരാളുണ്ട് കോട്ടയത്ത്. ട്വിൻ ജോബ്.
‘‘ഞാന‍്‍ ബി.ഫാം പഠിച്ചയാളാണ്. ഫാർമസിയാണ് ഞങ്ങളുടെ ഫാമിലി ബിസിനസ്. കോട്ടയത്ത് തേഡ് പ്ലെയ്സ് തുടങ്ങുന്നത് 2007ലാണ്. ഇവിടെ കൺവെൻഷനൽ അഥവാ യുഎസ് ഐസ്ക്രീം അല്ല ഉണ്ടാക്കുന്നത്, ഇറ്റാലിയൻ ആണ്. കൺവെൻഷനൽ ഐസ്ക്രീംസ് ഒരിടത്തുണ്ടാക്കി അതു പിന്നീട് ആവശ്യമുള്ളിടത്തേക്ക് എത്തിക്കുകയാണ് പതിവ്. ഇവിടെ ഓർഡർ അനുസരിച്ച് നമ്മൾ തന്നെയാണ് ഉണ്ടാക്കുന്നത്. ഫ്ളേവറിങ്ങിന് എസ്സൻസുകൾക്കു പകരം നാചുറൽ സാധനങ്ങൾ തന്നെ ഉപയോഗിക്കുന്നു.

സാധാരണ ഐസ്ക്രീമുകളിൽ കാണാത്തൊരു സംഭവം കൂടി ഇവിടുണ്ട് ‘ഫൈബർ’. അത് ദഹനത്തെ എളുപ്പമാക്കും. ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്ത ഫൈബറാണ്, സംഭവം ഹെൽത്തിയാക്കുന്നത്. ഡയബറ്റീസുകാർക്കുള്ള ഷുഗർ ഫ്രീ ഐറ്റംസും കൊളസ്ട്രോളുകാർക്കുള്ള ഫാറ്റ് ഫ്രീ ഐറ്റംസും ഇവിടുണ്ട്. ലാഭം മാത്രം ലക്ഷ്യമിട്ടല്ല ഷോപ്പ് തുടങ്ങിയത്. ഇത് എന്റെയൊരു പാഷനാണ്. അതുകൊണ്ട് ആളുകൾ കൂടുന്നതും കുറയുന്നതും ഒന്നും നമ്മളെ തളർത്തില്ല.’’ റേ ഓൾഡൻബെര‍്‍ഗിന്റെ ‘ദി ഗ്രേയ്റ്റ് ഗുഡ് പ്ലെയ്സ്’ എന്ന പുസ്തകത്തിൽ നിന്നാണ് ‘തേർഡ് പ്ലെയ്സിന്’ ആ പേരു വന്നത്. ഫസ്റ്റ് പ്ലെയ്സ് വീടും സെക്കൻഡ് പ്ലെയ്സ് ഓഫിസും തേര‍്‍ഡ് പ്ലെ യ്സ് വിശ്രമിക്കാനും ഉണർവിനുമുള്ള മൂന്നാം ഇടങ്ങളുമാണ്. 
ബെർത്‌ഡേ പാർട്ടി, കല്യാണം, ഗെറ്റ് ടുഗതർ, വാലന്റൈ ൻസ് ഡേ, ആനിവേഴ്സറി മുതൽ ബ്രേക്ക് അപ്പിനു വരെ ഐസ്ക്രീം മുൻപന്തിയിലുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് വരെ രോഗികൾ ഐസ് ക ഴിക്കുന്നത് ജീവരസങ്ങളുടെ ഉണർവിനും മൊത്തത്തിലുള്ള സൗഖ്യത്തിനും നല്ലതാണെന്നു പറഞ്ഞത്രേ. പല ഐസ്ക്രീം കൊതിയന്മാരും ആവർത്തിക്കുന്നൊരു വാചകമാണിത്.

നെയ്പായസം വിത്ത് ഐസ്ക്രീം

കഴിഞ്ഞ തവണ കോഴിക്കോടുള്ള സുഹ‍ൃത്തിന്റെ വീട്ടിൽ പോകുന്ന വഴിക്കാണ് പൊരിച്ച ഐസ്ക്രീം കണ്ടത്. കേട്ടിട്ടുണ്ടെങ്കിലും കാണാനും കഴിക്കാനുമുള്ള യോഗം വന്നത് അപ്പോഴാണ്. ബ്രെഡ് പോലെ എന്തോ ഒന്നിനുള്ളിൽ ഐ സ്ക്രീം വച്ച് പൊതിഞ്ഞ് അതങ്ങു പൊരിക്കും.

മടക്കയാത്രയ്ക്കു മുമ്പ് കോഴിക്കോട്ടെ  പാരഗൺ ഹോട്ടലിൽ കയറി. അതാ മറ്റൊരു ഐസ്ക്രീം അദ്ഭുതം. ‘നെയ്പായസം വിത്ത് ഐസ്ക്രീം’. ചൂടും  തണുപ്പും  നാടനും  മറുനാടനും കൂടി രുചിയുടെ പെരുമ്പറ കൊട്ടീന്നു പറഞ്ഞാ മതീ! പ ക്ഷേ, കോഴിക്കോട്ടു നിന്നു തിരികെ ട്രെയിനിലിരിക്കുമ്പോളും മനസ്സിൽ പഴയ മണിയൊച്ച. 

ണിം...ണിം...ണിം... ഐസ്ക്രീം കൊണ്ടു പോകുന്ന ശബ്ദം പാൽ രുചിയുള്ള സേമിയ ഇട്ട പണ്ടത്തെ ഐസ്ക്രീം. അന്ന് അത് വാങ്ങുന്നവരായിരുന്നു സുഹൃത്തുക്കൾക്കിടയിൽ സ്റ്റാർ! ഒാർമയുടെ നാവ് സേമിയ ഐസ്ക്രീം മെല്ലേ നുണയുകയാണ്. തീവണ്ടി വേഗത്തിൽ നീങ്ങിത്തുടങ്ങി. മനസ്സ് ബാല്യത്തിന്റെ പാദസരം കിലുക്കി ഐസ്ക്രീം മണിയൊച്ചയ്ക്കു പിന്നാലെ പായുന്നു. 

ഐസ്ക്രീം വിശേഷങ്ങൾ

∙ ഒരു സിംഗിൾ സ്കൂപ്പ് ഐസ്ക്രീം കോൺ തീർക്കാൻ 50 തവണ നക്കണം.

∙ വായയുടെ മേൽത്തട്ടിൽ ഐസ്ക്രീം മുട്ടുമ്പോൾ അനുഭവിക്കുന്ന മരവിപ്പാണ് ‘ബ്രെയ്ൻ ഫ്രീസ്.’

∙ -14 മുതൽ -12 വരെയാണ് ഐസ്ക്രീം സ്കൂപ്പ് ചെയ്യാനുള്ള ഏറ്റവും യോജിച്ച തണുപ്പ്.

∙ 10ൽ ഒരാൾ അവർ കഴിക്കുന്ന ഐസ്ക്രീം ബൗൾ നക്കാ റുണ്ടെന്ന് സമ്മതിക്കുന്നു.

∙ ലോകത്തെ ഏറ്റവും പൊക്കമുള്ള ഐസ്ക്രീം ഇറ്റലിയിലാണ് ഉണ്ടാക്കിയത്. ഒൻപതടിയായിരുന്നു പൊക്കം!

∙ ഐസ്ക്രീം നൽകാനുള്ള പാത്രം തീർന്നപ്പോൾ സു ഹൃത്തിനെ സഹായിക്കാനായി സിറിയയിലെ വാഫിൾ മെയ്ക്കറാണ് വാഫിൾ ചുരുട്ടി കൊടുത്തത്. അങ്ങനെ 1904 ലാണത്രേ ആദ്യത്തെ കോൺ ഐസ്ക്രീം ജനിച്ചത്.

∙ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഐസ്ക്രീംഫ്ലേവർ വാനിലയും രണ്ടാമത്തേത് ചോക്‌ലേറ്റുമാണ്.

∙ 87 ശതമാനം അമേരിക്കൻ വീടുകളുടെ ഫ്രിഡ്ജിലും ഐസ്ക്രീം ഉണ്ടായിരിക്കും.

∙ 1984 ൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ നാഷനല്‍ ഐസ്ക്രീം മാസമായി ജൂലൈയെ തിരഞ്ഞെടുത്തു. ആ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഐസ്ക്രീം ദിവസമായും ആചരിക്കുന്നു.

∙ ബാസ്കിൻ റോബിൻസ്, ബീറ്റിൽ മ്യൂസിക് ബാൻഡിനോ ടുള്ള ആദര സൂചകമായി ‘ബീറ്റിൽ നട്ട്’ എന്ന ഫ്ലേവർ ഇ റക്കി.

∙ ഏകദേശം 3000 കോടിയുടെ ഐസ്ക്രീം വ്യാപാരം ഇന്ത്യ നടത്തുന്നുണ്ട്.

ice-3