രാജ്യത്തെ ഒാരോ സംസ്ഥാനത്തേയും സാരികൾ ശേഖരിച്ച് ഹൃദയത്തോടു ചേർത്തു സൂക്ഷിക്കുന്ന കലാകാരി സജിത മഠത്തിൽ...
കൊൽക്കൊത്തയിൽ നാടകപഠനം എംഎ ചെയ്യാൻ പോകുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. വലിയ വട്ടപ്പൊട്ടു തൊട്ട പെണ്ണുങ്ങളാണ് അവിടുത്തെ തെരുവുകളിൽ അധികവും. ഒരു ദിവസം ഹോസ്റ്റൽ മുറിയിൽ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ തോന്നി പൊട്ടു വച്ചാൽ നന്നായിരിക്കുമെന്ന്. വലിയ പൊട്ടു വച്ചപ്പോൾ ശരിയാണ്, ഭംഗി കൂടിയിട്ടുണ്ട്.
ബംഗാളിപ്പെൺകുട്ടികൾ വലിയ കല്ലുമാലകളും വെള്ളി നെക്പീസുകളും അണിഞ്ഞു നടക്കുന്നതുകാണാൻ നല്ല ചേല്. ഞാനും മാലകളും വളകളും വാങ്ങി അണിയാൻ തുടങ്ങി. തൂവലിനേക്കാൾ ഭാരം കുറഞ്ഞ, വെള്ളനിറനൂലുകൾ കൊണ്ട് ഡിസൈൻ ഉള്ള ഒറ്റനിറമുള്ള ബംഗാൾ കോട്ടൻ സാരികളോടും ഒരുപാട് ഇഷ്ടം തോന്നി. പക്ഷേ, പഠനകാലമല്ലേ, വാങ്ങാൻ പണമില്ല.
നരച്ച നിറങ്ങളുടെ കാലം
എങ്കിലും ആ അവധിക്കാലത്ത് കോഴിക്കോടെ വീട്ടിലെത്തിയപ്പോൾ ‘ഇതാര്, ഈ പുതിയ സജിത’ എന്ന മട്ടിൽ അടുപ്പക്കാരും ബന്ധുക്കളുമൊക്കെ വിസ്മയത്തോടെ നോക്കി. 18 വയസ്സുമുതൽ ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലും നാടക ക്യാംപുകളിലും ആഴ്ന്നു മുങ്ങിയ ആളാണു ഞാൻ. ആ സമയത്തു നിറങ്ങളെല്ലാം ഉപേക്ഷിച്ചു കളഞ്ഞിരുന്നു. പൊട്ടുതൊടാതെ കണ്ണെഴുതാതെ നരച്ച നിറമുള്ള സാരികൾ അണിഞ്ഞു നടന്നിരുന്നതു ജീവിതത്തിലെ ഏറ്റവും നിറഭംഗിയുള്ള പത്തുവർഷക്കാലത്താണ്. അതിൽ സങ്കടമില്ല. ആ കാലമാണ് എന്നെ ഡിഫൈൻ ചെയ്തതും ഇന്നത്തെ എനിക്കു അടിസ്ഥാനമായതും.
അച്ഛൻ എന്റെ മൂന്നാം വയസ്സിൽ നഷ്ടപ്പെട്ടു. നേർത്ത ബോർഡർ ഉള്ള വെള്ള സാരികൾ മാത്രം ധരിച്ചിരുന്ന എന്റെ അമ്മ വളരെ പ്രൊഗ്രസീവ് ആയിരുന്നു. നാടകപ്രവർത്തകയായ ഒരു പെണ്ണിനെ അംഗീകരിക്കുന്നതായിരുന്നില്ല അന്നത്തെ കാലം. വീട്ടുകാർ എനിക്കൊപ്പം നിന്നെങ്കിലും എപ്പോഴും ശകാരവും കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു. ചടങ്ങുകൾക്കുപോയാൽ പരിചയപ്പെടുത്താൻ മടിക്കും. ഇങ്ങനെ പോയാൽ ഇവൾ എന്തായിത്തീരും എന്നൊക്കൊയുള്ള അങ്കലാപ്പാണ്.
കലയുടെ തലസ്ഥാനത്ത്
സംഗീത നാടക അക്കാദമിയിൽ ഡോക്യുമെന്റേഷൻ ഡപ്യൂട്ടി സെക്രട്ടറിയായും ഫോക് ആൻഡ് ട്രൈബൽ വിഭാഗം ചുമതലയായും ഡൽഹിയിൽ ജോലിചെയ്ത കാലത്താണ് സാരിപ്രേമം കാറ്റത്തുയരുന്ന മുന്താണിപോലെ പറന്നുയർന്നത്. ജോലിയുടെ ഭാഗമായി ഒറീസ്സ, മണിപ്പൂർ, ആസാം, ബിഹാർ... തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് അതതു സ്ഥലങ്ങളിലെ കലാരൂപങ്ങൾ അറിയണം. അക്കാദമി നടത്തുന്ന ആർട്ട് ഫെസ്റ്റിവെലുകളുടെ സംഘാടകയായതുകൊണ്ട് പ്രസന്റബിൾ ആയിരിക്കണമെന്നു നിർബന്ധമാണ്. ഒാരോ നാട്ടിൽ പോകുമ്പോഴും അവിടത്തെ തനതു സാരി ധരിക്കാൻ എപ്പോഴും ശ്രദ്ധിച്ചു. ഒറീസയിലെങ്കിൽ സാമ്പൽപുരി സാരി, ആസ്സാമിലെങ്കിൽ വെള്ളയിൽ ചുവപ്പു ബോർഡറും ഹാൻഡ് വർക്കും ഉള്ള ആസാം കോട്ടൻ സാരി... ഇടപഴകുന്നത് വലിയ കലാപ്രവർത്തകരുമായാണ്. അവർ സാരി ഉടുക്കുന്നതും ആഭരണം അണിയുന്നതും നടക്കുന്നതും കലാഭംഗിയോടെയാകും. അതൊക്കെ കണ്ടുകണ്ടാകും ബോൽപൂരിലെ കാന്താ വർക്, മധ്യപ്രദേശിലെ ഗോത്രവർഗക്കാർ ചെയ്യുന്ന ഗോണ്ട് പെയിന്റിങ്സ്... ഇവ പോലെ ചിത്രപ്പണികളോ പെയിന്റിങ്ങോ ഉള്ള സാരികളേ എനിക്കു വേണ്ടൂ എന്നായി. ആദ്യ ചിത്രത്തിലെ സാരി ഗോത്രവർഗക്കാരുടെ ഉൽപന്നങ്ങൾ എടുത്തു വിൽപന നടത്തുന്ന ബ്രാൻഡഡ് ഷോപ്പിൽ നിന്നാണ്. രണ്ടാമത്തെ ചിത്രത്തിലേത് ഒറീസ്സയിലെ ഹാൻഡ് വോവൺ ഇക്കത് സാരിയും.
ഇന്ത്യയിലെ എല്ലാം സംസ്ഥാനത്തേയും തനതു സാരികളുടെയും ആഭരണങ്ങളുടെയും ക്യൂരിയോസിന്റെയും വലിയ ശേഖരമാണ് ഞാനുണ്ടാക്കിയ സ്വത്ത് എന്ന് പറയാം. കൂട്ടുകാർ പറയും നീ മരിക്കും മുമ്പ് ഒസ്യത്ത് എഴുതിവയ്ക്കണം, സാരികൾ ഇന്നയാൾക്ക്, ആഭരണങ്ങൾ ഇന്നയാൾക്ക്... ഞാനവരോടു ചോദിക്കും, ‘അപ്പോൾ ഞാൻ മരിക്കുന്നതിൽ നിങ്ങൾക്ക് ഒരു സങ്കടവുമില്ല അല്ലേ’ എന്ന്.
മധുബനിയുടെ ആരാധിക
ബിഹാറിലെ ചില ആർട്ടിസ്റ്റുകൾ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തുന്നതു സഞ്ചരിക്കുന്ന പെയ്ന്റിങ് പോലെയാണ്. പുരുഷന്മാർ അണിയുന്ന ധോത്തിയിൽ പോലും ഉണ്ടാകും മധുബനി പെയിന്റിങ്സ്.
ഒരിക്കൽ ബിഹാറിലെ ബിദേശിയ ഫെസ്റ്റിവലിൽ സംബന്ധിക്കാൻ എത്തിയ ഒരു കലാകാരന്റെ ഉടുപ്പിലെ പെയിന്റിങ് ഭംഗികണ്ടു മതിമറന്നു നിന്നു പോയി ഞാൻ. അന്ന് അയാൾ പറഞ്ഞു, മാഡം, ഞങ്ങളുടെ ഗ്രാമത്തിൽ വരൂ, നിങ്ങൾ പിന്നെ, അവിടം വിട്ടുപോകില്ല.’’ വീടുകളുടെ ഭിത്തികളും മതിലുകളുമെല്ലാം പെയിന്റിങ് കൊണ്ടു ഭംഗിയാക്കുമത്രെ ബിഹാറിലെ മധുബനി ഗ്രാമക്കാർ. മധുബനി സാരികളും ആഭരണങ്ങളും പെയിന്റിങ്ങുകളും ശേഖരിച്ചായിരുന്നു ബിഹാറിൽ നിന്നുള്ള മടക്കം.
സിനിമയും സീരിയലും
ഡൽഹി വിട്ടുവന്ന് ഇപ്പോൾ കൊച്ചിയിൽ കാക്കനാടുള്ള ഫ്ലാറ്റിലാണ് താമസം. മകൻ ആരോമൽ സ്പോർട്സ് മാനേജ്മെന്റ് പഠിച്ചു വിദേശത്തു ജോലിയിലാണ്. പലരും ചോദിക്കാറുണ്ട്, എന്തുകൊണ്ടാണു സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാത്തത് എന്ന്. ശരിയാണ്, സംസ്ഥാന അവാർഡ് ഒക്കെ കിട്ടിയിട്ടുണ്ടെങ്കിലും എല്ലാം കൂടി അൻപതു സിനിമകളിലേ അഭിനയിച്ചിട്ടുണ്ടാകൂ. സിനിമയിലെന്നല്ല എവിടെയും പിടിച്ചു നിൽക്കണമെങ്കിൽ നമ്മൾ നിരന്തരമായി ആ രംഗത്തെ ആളുകളുമായി ബന്ധങ്ങൾ പുതുക്കിക്കൊണ്ടിരിക്കണം. നമ്മൾ ഇവിടെ ഉണ്ട് എന്ന് അവരെ ഒാർമിപ്പിക്കണം.
അതിനു പലപ്പോഴും എനിക്കു പറ്റാറില്ല. രണ്ടു സിനിമ ചെയ്തുകഴിഞ്ഞാൽ പുസ്തകമെഴുതാൻ തോന്നും. പിന്നെ, നീണ്ട യാത്ര പോകണമെന്നുതോന്നും. ശേഷം സ്ക്രിപ്റ്റ് എഴുതാനിരിക്കും. ഇങ്ങനെയൊക്കെയാണ് എന്റെ പോക്ക്. അതിനു മാറ്റമുണ്ടാകാനും പോണില്ല.
സ്വാതന്ത്ര്യമോഹിയായ, സ്വന്തം അഭിപ്രായവും തീരുമാനവുമുള്ള ഒരു പെണ്ണിനു ജീവിതം എന്ന ജേണി അത്ര എളുപ്പമുള്ളതാവില്ല. തീർത്തും തളർന്നുപോകുന്ന അവസരങ്ങളിൽ ഒൗഷധമാകുന്നതു എന്റെ പെൺകൂട്ടുകളാണ്. പീയൂഷ് ആന്റണി എന്ന കൂട്ടുകാരി ഒരിക്കൽ എന്റെ വിഷമം ആറ്റാൻ അയച്ചു തന്നത് ഒരു കെട്ടു സാരിയാണ്. എന്റെ മനസ്സറിഞ്ഞു വാങ്ങിയ പത്തെണ്ണം. അവ മാറിമാറിയുടുത്താണു ഞാനന്നു സന്തോഷങ്ങളെ തിരിച്ചു പിടിച്ചത്. അൻപതു വയസ്സൊക്കെ ആകുമ്പോൾ ജീവിതം കുറെ അങ്ങു കഴിഞ്ഞുപോയെന്നും ഇനിയൊരു തിരിച്ചുപോക്കില്ലെന്നും വരാനുള്ള ദിവസങ്ങൾ ആഘോഷിക്കണമെന്നും നമുക്കു മനസ്സിലാകും. ഇനി എന്റെ ജീവിതം ഗംഭീരമാണ് എന്നു ഞാനും തീരുമാനിച്ചിട്ടുണ്ട്.
ഈ അടുത്തു കിങ് ഒാഫ് കൊത്ത എന്ന സിനിമയ്ക്കുവേണ്ടി തമിഴ്നാട്ടിലെ കാരേക്കുടിയിൽ പോയിരുന്നു. അവിടുത്തെ അതിമനോഹരമായ കൊത്തുപണികൾ ചെയ്ത ചെട്ടിനാടൻ കൊട്ടാരവീടുകൾ ഞാനാദ്യം കാണുകയാണ്. ഒരു പഞ്ചായത്തു മുഴുവൻ ഉണ്ടാകും ഒരു വീട്. പലതും പൊളിച്ചു മാറ്റുകയാണ്. ഉപയോഗിച്ചിരുന്ന തടികൊണ്ടുള്ള പെട്ടികളും മറ്റും ആക്രിക്കടകളിൽ കൂട്ടിയിട്ടിരിക്കുന്നു. അവിടെനിന്നും വാങ്ങിയ ഒരു പഴയപെട്ടി പോളിഷ്ചെയ്തു മിനുക്കി, പുതിയ പിടിയും വച്ച് ദാ, ഇപ്പോൾ എന്റെ ക്യൂരിയോസിനിടയിൽ ഇരിപ്പുണ്ട്.
നമ്മുടെ ചൂടിന് ഏറ്റവും ഇണങ്ങുന്ന ചെട്ടിനാടൻ കോട്ടൻ സാരികളും അവിടുന്നു വന്ന് അലമാരയിൽ കയറിയിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഏറ്റവും പുരാതനമായ സാരികളാണത്രെ ചെട്ടിനാടൻ കോട്ടൻ സാരികൾ. സ്ട്രൈപ് ബോർഡർറും കടുത്ത നിറങ്ങളുടെ കോംബിനേഷനുമാണു ചെട്ടിനാടൻ സാരികളുടെ പ്രത്യേകത. അവിടെയുള്ള ഒരാളെ കല്യാണം കഴിച്ച് ആ വലിയ വീട്ടിൽ ചെട്ടിനാടൻ ചേലയൊക്കെ ചുറ്റി നടക്കുന്ന എന്നെ ഒന്നു സങ്കൽപ്പിച്ചു നോക്കി. രസമുണ്ട്.