Wednesday 31 January 2024 03:08 PM IST : By സ്വന്തം ലേഖകൻ

ഔഷധമൂല്യങ്ങളുടെ കലവറ, ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവ മാറും; നെല്ലിക്ക കഴിച്ചാലുള്ള പത്തു ഗുണങ്ങൾ

gooseberry67888

നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ്. വിറ്റാമിന്‍ സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. വിറ്റാമിന്‍ ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു.

നെല്ലിക്കയുടെ ചില പ്രധാന ഔഷധ ഉപയോഗങ്ങൾ 

1. ഹൈപ്പർ അസിഡിറ്റിയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും.

2. നെല്ലിക്ക അരിക്കാടിയിൽ ചേർത്ത് അടിവയറ്റിൽ പുരട്ടിയാൽ മൂത്രതടസ്സം മാറികിട്ടും.

3. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്.

4. ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമരോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും ലഭിക്കും.

5. നെല്ലിക്ക ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചുളിവുകളകറ്റി നവോൻമേഷം നൽകും.

6. നെല്ലിക്കാനീരും അമൃതിന്റെ നീരും 10 മില്ലീലിറ്റർ വീതം എടുത്ത് അതിൽ ഒരു ഗ്രാം പച്ചമഞ്ഞളിന്റെ പൊടിയും ചേർത്ത് നിത്യവും രാവിലെ കഴിച്ചാൽ പ്രമേഹം നിയന്ത്രണവിധേയമാകും.

7. നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിച്ചാൽ ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവ മാറും.

8. നെല്ലിക്ക, മുന്തിരി എന്നിവ ചേർത്തരച്ച് കഴിച്ചാൽ രുചിയില്ലായ്മ മാറികിട്ടും.

9. നല്ലൊരു നേത്ര ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടുന്നത് കണ്ണുകളിലെ പഴുപ്പിന് ഫലപ്രദമാണ്.

10. ദഹനപ്രക്രിയയെ സുഗമമാക്കുവാനുള്ള കഴിവ് നെല്ലിക്കയ്ക്ക് ഉണ്ട്. ഭക്ഷണത്തിനു മുൻപ് നെല്ലിക്കയുടെ നീര് കഴിച്ചാൽ ദഹനപ്രശ്നങ്ങൾ മാറികിട്ടും.

ഔഷധങ്ങളിൽ പ്രധാന ഇനങ്ങളിൽ ഒന്നായ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്. നെല്ലിക്ക സ്ഥിരമായി മിതമായ അളവിൽ കഴിക്കുന്നവർക്ക് ആരോഗ്യവും നിത്യയൗവനവും ലഭിക്കും.   

Tags:
  • Health Tips
  • Glam Up