Thursday 23 May 2024 12:52 PM IST

റേസർ ഉപയോഗം പതിവാണോ, വാക്സിങ്ങ് ചെയ്യാറുണ്ടോ? സ്ട്രോബറി സ്കിൻ ഉണ്ടാകുന്നത് ഇങ്ങനെ

Shyama

Sub Editor

എന്താ ഈ കയ്യിലും കാലിലുമൊക്കെ തിണർത്തതു പോലെ... വല്ല ചിക്കൻ പോക്സുമാണോ? പകർന്നു തരാനെങ്ങാനും ഉദ്ദേശമുണ്ടോ? സഹപ്രവർത്തകർക്കൊപ്പം കാന്റീനിലോ വാഹനത്തിലോ ഒക്കെ ഇരിക്കുമ്പോളാകും ‘തമാശ’മട്ടിൽ ചോദ്യം നീണ്ടുവരിക.

‘‘ഇത് ചിക്കൻ പോക്സല്ല.. ചിക്കൻ സ്കിൻ എന്നൊരു ചർമാവസ്ഥയാണ്. പകരില്ല. അറിയാത്ത കാര്യത്തെ കുറിച്ച് ഇങ്ങനെ ഉറക്കെ ‘തമാശ’ പറയും മുൻപേ കാര്യമെന്താണെന്ന് ചോദിച്ചറിഞ്ഞൂടെ’ എന്നു പക്വമായി മറുപടി പറഞ്ഞ് ഒഴിഞ്ഞുവെന്നിരിക്കട്ടെ.തിരികെ വരുന്ന വഴി കൂടെയുണ്ടായിരുന്ന പലരും ഇന്റർനെറ്റിൽ പരതുന്നതറിയാം. എന്താണീ ചിക്കൻ സ്കിൻ?

അറിയാം ചിക്കൻ സ്കിൻ

കോഴിയുടെ തൂവൽ മാറ്റി കഴിയുമ്പോൾ ചർമത്തിലിൽ ഇടയ്ക്കിടെ ചെറിയ തിണർപ്പ് പോലെ കാണാം. ഇതിനു സമാനമായ രീതിയിൽ ചിലരുടെ ചർമത്തിലും തിണർപ്പുണ്ടാകുന്നതിനെയാണ് ചിക്കൻ സ്കിൻ എന്ന് പറയുന്നത്.

സൗന്ദര്യപരമായി ചിലർക്ക് അതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുമെന്നല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ശരീരത്തിൽ പലയിടത്തേക്ക് വ്യാപിക്കാൻ തുടങ്ങുമ്പോഴാണു പലരും ചികിത്സ തേടുന്നത്.

ചർമത്തിന്റെ പുറം പാളിയിലെ (എപ്പിഡർമിസ്) രോമകൂപങ്ങളിലാണ് ഇതു കാണുന്നത്. പ്രധാനമായി കൈമുട്ടിലും കാൽമുട്ടിലും. ചെറിയ നിറം മങ്ങിയ പൊങ്ങിയ പാടുകൾ/തടിപ്പുകളായിട്ടാണ് ഇത് പ്രത്യക്ഷപ്പെടുക. കെരട്ടോസിസ് പൈലാരിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. എന്നിരുന്നാലും എല്ലാ കെരട്ടോസിസ് പൈലാരിസിസും ചിക്കൻ സ്കിൻ ആകണമെന്നില്ല.

അലർജി പ്രശ്നങ്ങൾ ഉള്ളവരിൽ ചിക്കൻ സ്കിൻ സാധാരണയായി കാണാറുണ്ട്. കൂടാതെ ബ്രോങ്കിയൽ ആസ്മ എന്ന ശ്വാസകോശ സംബന്ധമായ പ്രശ്നമുള്ളവരിലോ കുടുംബത്തിൽ ആർക്കെങ്കിലും ഈ ശ്വാസകോശ പ്രശ്നമുണ്ടെങ്കിലോ ചിക്കൻ സ്കിൻ വരാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥകൾ ഒന്നുമില്ലാത്തവരിലും ചിക്കൻ സ്കിൻ കാണാറുണ്ട്.

ചികിത്സ എങ്ങനെ?

ചികിത്സിച്ചു മാറ്റാവുന്ന ചര്‍മാവസ്ഥയാണിത്. തുടക്കത്തിൽ തന്നെ ഡോക്ടറെ കാണുക. മരുന്നുകൾ കൃത്യമായി കഴിക്കുക. മൈൽഡ് പീലിങ് ഏജന്റുകൾ ഉള്ള ക്ലെൻസർ കൊണ്ടു വൃത്തിയാക്കിയാൽ ചിക്കൻ സ്കിൻ പതിയെ മാറി വരാറുണ്ട്. ചികിത്സിച്ചു ഭേദമാക്കിയാലും വീണ്ടും വരാവുന്ന അവസ്ഥയാണെന്ന് ഓർക്കാം.

എന്താണ് സ്ട്രോബെറി സ്കിൻ?

ചിക്കൻ സ്കിന്നിനോട് സാമ്യമുള്ള അവസ്ഥയാണ് സ്ട്രോബെറി സ്കിൻ. സ്ട്രോബെറിയുടെ പ്രതലം പോലെ ചർമഭാഗം മാറുന്നതിനാലാണ് ഈ പേരു വന്നത്. കൗമാരകാലത്താണ് സ്ട്രോബെറി സ്കിൻ കൂടുതലായി കാണുന്നത്. കൈ–കാലുകളിലെ രോമം നീക്കം ചെയ്യാനുള്ള പല തരം മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെയാണ് ഇതു വരുന്നത്. രോമം നീക്കം ചെയ്യാനുള്ള റേസർ പതിവായി ഉപയോഗിക്കുമ്പോൾ ചില രോമങ്ങൾ ഉള്ളിലേക്കു വളരാനുള്ള സാധ്യത കാണിക്കും. പുറത്തേക്കു വരേണ്ട രോമം രോമകൂപത്തിനുള്ളിലേക്കു തന്നെ ചുരുണ്ട് വളരും. അങ്ങനെയാണ് സ്ട്രോബറി സ്കിൻ പ്രകടമാകുന്നത്.

ചികിത്സിച്ചു മാറ്റാനാകുമോ ?

തുടർച്ചയായുള്ള റേസർ ഉപയോഗം ഒഴിവാക്കുക എന്നതാണ് ആദ്യപടി. വാക്സിങ് ചെയ്യുന്നവരിലും ഇതു കാണാറുണ്ട്. ചർമത്തിനു വിശ്രമം കൊടുക്കുന്നതിലൂടെ ചർമം സ്വാഭാവികാവസ്ഥയിലേക്കു ചിലപ്പോൾ മാറുന്നതു കാണാറുണ്ട്. സ്ട്രോബെറി സ്കിൻ ഉള്ളവർക്ക് അണുബാധയോ മറ്റോ വന്നാൽ ചില സമയത്തു രോമകൂപത്തിൽ ചെറിയ തോതിൽ ചൊറിച്ചിലോ വേദനയോ ഉണ്ടായെന്നു വരാം.

കെരട്ടോലൈറ്റിക് ഏജന്റുകളായ യൂറിയ, സാലിസിലിക് ആസിഡ് പോലുള്ളവ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. വേദനയും മറ്റുമുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിക്കുകയാണ് പോംവഴി.

കീലോയിഡ് എന്നാലെന്ത്?

ചർമത്തിന്റെ നൈസർഗികമായ പ്രത്യേകത കൊണ്ട് വരുന്നതാണ് കീലോയിഡ്. 99 ശതമാനം ആളുകൾക്കും കുരു വന്ന് പൊട്ടിയാൽ, മുറിവുണ്ടായാൽ, തുന്നലിട്ടു കഴിഞ്ഞാലൊക്കെ കുറച്ചു കാലം കൊണ്ട് അതിന്റെ പാടു മാഞ്ഞു പോകും. എന്നാൽ ചിലരിൽ കാലക്രമേണ ഇത്തരം പാടുകൾ വലുതായി വരുന്നതു കാണാം. അതാണ് കീലോയിഡ്. അഭംഗിയാണ് കീലോയിഡ് വന്നാലുള്ള ശേഷിപ്പ്, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. അപൂർവം ചിലരിൽ കീലോയ്ഡ് ചൊറിച്ചിലും വേദനയും ഉണ്ടാക്കാറുണ്ട്.

എന്തൊക്കെ ചികിത്സകളുണ്ട്?

നിലവിലുള്ള കീലോയിഡ് ഒരളവു വരെ മാറ്റാം എന്നല്ലാതെ പുതിയതു വരാതിരിക്കാനുള്ള മാർഗങ്ങളില്ല. ചർമത്തിലെ റിപ്പയറിങ്ങിനു സഹായിക്കുന്ന ഫൈബ്രോബ്ലാസ്റ്റ് എന്ന കോശങ്ങളുടെ അമിത വളർച്ച മൂലമാണ് കീലോയിഡ് ഉണ്ടാകുന്നത്. അതു കുറയ്ക്കാൻ ഉതകുന്ന ലേപനങ്ങൾ തുടക്കം മുതലേ പുരട്ടുക. ഇന്റ്രാലീഷണൽ സ്റ്റിറോയിഡ് എന്ന ചികിത്സാരീതിയുമുണ്ട്. കീലോയിഡിലേക്ക് തന്നെ സ്റ്റിറോയിഡ് ഇഞ്ചക്‌ഷൻ കൊടുക്കുന്ന രീതി. ഫൈബ്രോബ്ലാസ്റ്റ് കുറയാനുള്ള മരുന്നുകളും ഇതിനൊ പ്പം നൽകും.

സർജറി വഴിയും കീലോയിഡ് നീക്കം ചെയ്യാറുണ്ട്. അതിലെ ഒരു അപകടം സർജറി ചെയ്ത പാടിലും കീലോയിഡായി പ്രത്യക്ഷപ്പെടാം എന്നതാണത്. ചികിത്സ ചെയ്തു കഴിഞ്ഞ് പ്രഷർ ബാൻഡേജ് കൊടുക്കുന്നതും കീലോയിഡ് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. സർജറി കൂടാതെ ലേസർ ചികിത്സയും കീലോയിഡ് മാറാൻ വിജയകരമായി ഉപയോഗിച്ചു വരുന്നുണ്ട്.

chicken-skin

ശീലിക്കാം ചർമ പരിപാലനം

സോഷ്യൽ മീഡിയയിലോ പരസ്യങ്ങളിലോ കണ്ടല്ല ചർമപരിചരണം നടത്തേണ്ടത്. ത്വക്‌രോഗ വിദഗ്ധരുടെ നിർദേശത്തോടെ ചർമം പരിപാലിച്ചു പോരുന്നതാണ് ആരോഗ്യകരം.

∙ സണ്‍സ്ക്രീൻ ശീലിക്കുക. 50 എസ്പിഎഫ് ഉള്ള സൺസ്ക്രീൻ നോക്കി വാങ്ങാം.

∙ ചർമത്തിന്റെ രക്ഷാകവചമായി പ്രവർത്തിക്കുന്ന ഒന്നാണ് അതിന്റെ പിഎച്ച്. അമിതമായ ക്ലെൻസർ ഉപയോഗം പിഎച്ചിന് ദോഷം ചെയ്യും. കഴിവതും സൾഫേറ്റ്– ഫ്രീ മൈൽഡ് ക്ലെൻസർ മാത്രം ഉപയോഗിക്കുക.

∙ ചർമപരിചരണം ചര്‍മത്തിനു പുറമേ മാത്രം ചെയ്യേണ്ട കാര്യമല്ല. എന്തു കഴിക്കുന്നു, എത്ര വെള്ളം കുടിക്കുന്നു എന്നതൊക്കെയും പ്രധാനമാണ്. ശരീരത്തിന് ആവശ്യത്തിന് ജലാംശം കിട്ടുക എന്നത് ചർമ സംരക്ഷണത്തിൽ സുപ്രധാന ഘടകമാണ്.

∙ മുൻപ് ഉപയോഗിച്ചു പ്രശ്നമില്ലാത്ത വസ്തുക്കൾക്കും പിന്നീട് അലർജി വരാം. ഉദാഹരണത്തിന് 15 കൊല്ലമൊക്കെ ഡൈ ഉപയോഗിച്ചിരുന്നവർക്കു പെട്ടെന്ന് അലർജി വരാം. ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്നുതന്നെ ഡോക്ടറെ കാണാൻ മടിക്കരുത്.

വിവരങ്ങൾക്കു കടപ്പാട്: നന്ദകുമാർ ജി.

ഡെർമറ്റോളജിസ്റ്റ് ആന്‍ഡ് ഡർമറ്റോപാത്തോളജിസ്റ്റ്,

മുൻ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്,

തിരുവനന്തപുരം.