Tuesday 07 July 2020 03:30 PM IST : By സ്വന്തം ലേഖകൻ

കൈകാലുകളിലെ വരണ്ട ചർമം മാറി തിളക്കവും മൃദുത്വവും; എളുപ്പത്തിൽ വീട്ടിലിരുന്നു ചെയ്യാം മാനിക്യൂർ, പെഡിക്യൂർ

mani-pedigcgsvg

ആ കാലുകളിലേക്കും കൈകളിലേക്കും ഒന്നു നോക്കൂ. വരണ്ട ചർമം മാറി തിളക്കവും മൃദുത്വവും വേണമെന്ന് തോന്നുന്നില്ലേ?   കൈകാലുകൾ  ഭംഗിയാക്കുന്ന ജോലി സ്വയമങ്ങ് ഏറ്റെടുത്തോളൂ. എളുപ്പത്തില്‍ വീട്ടിലിരുന്നു തന്നെ ചെയ്യാമല്ലോ.

ഈസി മാനിക്യൂര്‍

നെയില്‍പോളിഷ് റിമൂവര്‍ കൊണ്ട് നെയില്‍പോളിഷ് മുഴുവനായി കളഞ്ഞ് നഖങ്ങള്‍ വൃത്തിയാക്കാം ആദ്യം. ചെറിയ ബേസിനില്‍ ചെറു ചൂടുവെള്ളം എടുത്ത് അതില്‍ 10 മില്ലി മൈല്‍ഡ് ഷാംപൂ കലർത്തുക. കൈപ്പത്തി 10 മിനിറ്റ് അതില്‍ മുക്കി വയ്ക്കണം. പ്യൂമിക് സ്റ്റോണ്‍ കൊണ്ട് നന്നായി ഉരച്ചു കഴുകുക. ഇനി ചെറിയ ടൂത്ത്ബ്രഷ് കൊണ്ട് നഖങ്ങളുടെ ഇടയിലും മറ്റും നല്ലപോലെ വൃത്തിയാക്കുക. വീണ്ടും വെള്ളത്തില്‍ കഴുകി കൈകള്‍ തുടയ്ക്കുക. നെയില്‍ കട്ടര്‍ കൊണ്ട് നഖങ്ങള്‍ മുറിച്ച് ഷെയ്പ് ചെയ്യുക.

ഫയലര്‍ ഉപയോഗിച്ച് നഖത്തിന്റെ അരിക് ഉരച്ച് പോളിഷ് ചെയ്ത് മിനുസപ്പെടുത്തണം. ഇല്ലെങ്കില്‍ നഖത്തിന്റെ പരുപരുത്ത അഗ്രം തട്ടി ചർമം മുറിയാന്‍ സാധ്യതയുണ്ട്. ബദാം ഓയിലോ അലോവെര ജെല്ലോ ചേര്‍ന്ന ഏതെങ്കിലും മോയ്സചറൈസിങ് ക്രീം ഉപയോഗിച്ച് കൈകള്‍ മസാജ് ചെയ്യുക. രക്തയോട്ടം കൂടാനും എല്ലാ അവയവങ്ങൾക്കും ഉത്തേജനവും ഉണര്‍വും കിട്ടാനും ഈ മസാജ് ഗുണം ചെയ്യും. അതോടൊപ്പം കൈകളിലെ ചുളിവുകളും മാറും. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്താല്‍ നല്ല മാറ്റം കാണാം.

ഈസി പെഡിക്യൂര്‍

മാനിക്യൂറിനേക്കാള്‍ കുറച്ചു കൂടി ശ്രദ്ധിച്ചു വേണം പെഡിക്യൂര്‍ ചെയ്യാന്‍. ശരീരത്തിന്റെ ഭാരം മുഴുവനും താങ്ങുന്നതും ഏറ്റവും അവഗണിക്കപ്പെടുന്നതും നമ്മുടെ പാദങ്ങള്‍ ആണ്. മുഖത്തിനു കൊടുക്കുന്ന അതേ പ്രാധാന്യം കാലിനും നല്‍കണം. കാല്‍നഖങ്ങള്‍ ആഴ്ചയിലൊരിക്കല്‍ മുറിച്ചു വൃത്തിയാക്കി വയ്ക്കണം.

കൂടുതല്‍ നടക്കുന്നവര്‍ക്കും ശരീരഭാരം കൂടുതലുള്ളവര്‍ക്കും വരണ്ട ചര്‍മമുള്ളവര്‍ക്കുമാണ് പാദങ്ങള്‍ വിണ്ടു കീറാറു ള്ളത്.  ചെറു ചൂടുവെള്ളത്തില്‍ അണുനാശിനിയും ഉപ്പും ഇട്ട് 10 മില്ലി മൈല്‍ഡ് ഷാംപൂ ചേര്‍ക്കുക. പത്ത് മിനിറ്റ് കുതിര്‍ത്തു വച്ചശേഷം ഫൂട്ട് സ്‌ക്രേപര്‍ കൊണ്ട് നല്ലപോലെ ഉരയ്ക്കുക. വിള്ളല്‍ കൂടുതലുണ്ടെങ്കിൽ ഫൂട്ട് സ്‌ക്രേപര്‍  ഉപയോഗിച്ചു ത ന്നെ ഉരയ്ക്കണം. മൃതകോശങ്ങളെല്ലാം നല്ലപോലെ ഉരച്ച് മാറ്റി വൃത്തിയാക്കിയ ശേഷം പ്യൂമിക് സ്റ്റോണ്‍ കൊണ്ട് ഉരച്ച് ഫിനിഷിങ് വരുത്തണം. കഴുകി തുടച്ച ശേഷം ഏതെങ്കിലും നല്ല മോയ്ചറൈസിങ് ക്രീം പുരട്ടി മസാജ് ചെയ്യാം. കാല്‍മുട്ടു വ രെ മസാജ് ചെയ്താല്‍ കൂടുതല്‍ നല്ലതാണ്.

Colorful painted toes

മിനി പെഡിക്യൂര്‍

എല്ലാ ദിവസവും കുളിക്കുമ്പോള്‍ പെഡിക്യൂറിന്റെ മിനി വെര്‍ഷന്‍ നമുക്ക് കുളിമുറിയില്‍ വച്ചു തന്നെ ചെയ്യാവുന്നതേയുള്ളൂ. പഴയൊരു ടൂത്ത്ബ്രഷും ഒരു പ്യൂമിക് സ്റ്റോണും കുളിമു റിയില്‍ എപ്പോഴും വച്ചേക്കുക. കുളിച്ച് കാലുകള്‍ കുതിര്‍ന്നിരിക്കുമ്പോള്‍ പ്യൂമിക് സ്റ്റോണ്‍ കൊണ്ട് ഉരച്ച് വൃത്തിയാക്കണം. വിരലുകളുടെ ഇടയിലും നഖങ്ങളും ബ്രഷില്‍ അല്‍പം മോയ്സ്ചറൈസര്‍ അടങ്ങിയ സോപ്പോ ബോഡിവാഷോ ഉപയോഗിച്ച് വൃത്തിയാക്കാം.

കിടക്കുന്നതിനു മുൻപ് ദിവസവും കൈകാലുകള്‍ കഴുകി അലോവേര ജെല്ലോ മറ്റേതെങ്കിലും ക്രീമോ പുരട്ടി മസാജ് ചെയ്താല്‍ നല്ല ഉറക്കം കിട്ടും. തുണി കഴുകിയ വെള്ളം കാല്‍ കഴുകാന്‍ എടുക്കരുത്. ചർമം വരളാനും ചുളുങ്ങിപ്പോകാനും സാധ്യതയുണ്ട്. ഗ്ലിസറിന്‍ അടങ്ങിയ സോപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

എന്നും സുന്ദരമായിരിക്കാൻ

∙വെള്ളവും ചെളിയും ചവിട്ടി വീട്ടിലെത്തിയാല്‍ ഉടനെ ഒരു ബേസിനില്‍ അല്‍പം ഡെറ്റോളും ഉപ്പും കലർത്തിയ വെള്ളത്തിൽ കാലുകള്‍  മുക്കി വയ്ക്കണം. ഇതിലേക്ക് രണ്ടു തുള്ളി നാരങ്ങനീര് കൂടി ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്. അഞ്ചു മിനിറ്റ് വെള്ളത്തില്‍ കാല് വച്ച് ബ്രഷുകള്‍ കൊണ്ട് വിരലുകളുടെ ഇടയിലും നഖങ്ങളും വൃത്തിയാക്കി തുടച്ച് ഉണക്കണം.

∙കടുകെണ്ണയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഉപ്പൂറ്റിയിലും കാലിനു ചുറ്റിനും തേയ്ക്കുന്നത് ഉപ്പൂറ്റി വിണ്ടുകീറിയത് മാറാന്‍ നല്ലതാണ്. പൂര്‍ണമായി മാറുന്നതു വരെ ഇത് പുരട്ടിക്കൊണ്ടിരിക്കണം. കടുകെണ്ണയ്ക്കു പകരം ആവണക്കെണ്ണയും ഉപയോഗിക്കാം.

∙വീട്ടില്‍ കൃഷിയിടങ്ങളിലോ പൂന്തോട്ടത്തിലോ ജോലി ചെയ്യാന്‍ പോകുന്നതിനു മുൻപ് കുറച്ച് വെളിച്ചെണ്ണ കാലുകളില്‍ പുരട്ടിക്കോളൂ.  

∙നഖത്തിനടിയില്‍ ഉണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധ കാരണം ചിലരുടെ നഖങ്ങള്‍ പൊട്ടി പഴുക്കാറുണ്ട്. ഇത് മാറാനായി മൈലാഞ്ചിപ്പൊടിയും നാരങ്ങാനീരും ചേര്‍ത്ത് കുഴച്ച് വിരലില്‍ വച്ച് ചേര്‍ത്തുകെട്ടി വയ്ക്കണം. ഉണങ്ങുന്നതു വരെ എല്ലാ ദിവസവും ഇതു ചെയ്യണം.

∙ഗ്ലിസറിനും മുട്ടയുടെ വെള്ളയും സമം ചേര്‍ത്ത് പുരട്ടിയാല്‍ ഉപ്പൂറ്റി വിണ്ടു കീറില്ല. മൃതകോശങ്ങള്‍ നീങ്ങി കാലുകള്‍ മൃദുവാകാനും ഇത് നല്ലതാണ്.    

∙ വൈറ്റമിന്‍ ഇ അടങ്ങിയ ക്രീമുകള്‍ കൈകളിലും കാലുകളിലും പുരട്ടുന്നത് നല്ലതാണ്. ദിവസേന ഇതുപയോഗിച്ച് മസാജ് ചെയ്യാം.

കറ്റാർവാഴയുടെ പൾപ്പ് കുറച്ച് തേന്‍ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കണം. നനവില്ലാത്ത ഒരു പാത്രത്തിലാക്കി ഫ്രിജില്‍ സൂക്ഷിക്കാം. ഇതില്‍ നിന്ന് അല്‍പം എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കിയ കയ്യിലും കാലിലും പുരട്ടി അരമണിക്കൂര്‍ വയ്ക്കാം. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുക്കിയ തുണികൊണ്ട് തുടച്ചെടുക്കുക.  കറ്റാർവാഴയുടെ ഡീപ് ക്ലെന്‍സിങ് ഗുണം കൈകളിലെയും കാലുകളിലെയും അഴുക്കുകള്‍ പാടെ നീക്കും. കാലും കൈയും പൂവിതള്‍ പോലെ സുന്ദരമാകും.

manipedi86755

ഇണങ്ങുന്ന നെയില്‍പോളിഷ്

ആരോഗ്യമുള്ള നഖങ്ങള്‍ക്ക്  ഇളം പിങ്ക് നിറമാണുണ്ടാകുക. വൈറ്റമിന്‍ കുറവുകളുണ്ടെങ്കില്‍ വിളറിയിരിക്കും. കാല്‍സ്യത്തിന്റെ കുറവ് വന്നാല്‍ നഖം എളുപ്പത്തില്‍ പൊട്ടിപ്പോകും. നഖങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്ക് വൈറ്റമിന്‍ ബി,സി,ഡി എന്നിവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.

ബ്രാന്‍ഡഡ് നെയില്‍പോളിഷ് തന്നെ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ നഖം പൊട്ടിപ്പോകാനും ചീത്തയാകാനും നിറം മാറാനും സാധ്യതയുണ്ട്. അണിഞ്ഞ് ഒരാഴ്ച കഴിയുമ്പോള്‍ നെയില്‍ പോളിഷ് ഇളകിത്തുടങ്ങും. അ പ്പോള്‍ പഴയ നെയില്‍പോളിഷ് മാറ്റി പുതിയത് അണിയാം. വായുസഞ്ചാരം കിട്ടാനായി ഒരു ദിവസമെങ്കിലും നഖം സ്വതന്ത്രമായി വയ്ക്കണം. എന്നിട്ടേ പുതിയ നെയില്‍പോളിഷ് ഇടാവൂ.ലൈറ്റ് അല്ലെങ്കിൽ മീഡിയം സ്കിൻ ടോൺ ഉള്ളവർക്കാണ് ഇപ്പോഴത്തെ ട്രെൻഡ് ആയ ന്യൂഡ് ഷേഡ്സ് കൂടുതൽ ഇണങ്ങുക. ഡാർക് അല്ലെങ്കിൽ ബ്രൈറ്റ്  ബ്ലൂ, പർപിൾ നിറങ്ങൾ ഡാർക് സ്കിൻ ടോണിന് അഴകാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. റീമ പദ്മകുമാര്‍, ബ്യൂട്ടി കണ്‍സള്‍ട്ടന്റ്, റീംസ് ഹെര്‍ബല്‍ ബ്യൂട്ടി സൊല്യൂഷന്‍സ്, തിരുവനന്തപുരം

Tags:
  • Glam Up
  • Beauty Tips