Wednesday 01 November 2023 02:57 PM IST : By സ്വന്തം ലേഖകൻ

‘തലയിൽ ചൊറിയുമ്പോൾ താരൻ കൂടുതൽ വ്യാപിക്കും’; എന്നന്നേക്കുമായി താരനകറ്റാൻ പ്രകൃതിദത്തമാർഗങ്ങൾ, സിമ്പിള്‍ ബ്യൂട്ടി ടിപ്സ്

hairr5457bhjuuoopp

എണ്ണമയമുള്ള മുടിയിലാണ് താരൻ കൂടുതലും ബാധിക്കുന്നത്. തലയിൽ അഴുക്കും ചെളിയും അടിയുന്നത്, ശിരോചർമത്തിന്റെ വൃത്തിയില്ലായ്മ, തലമുടിയുടെ അമിത വരൾച്ച ഇവ കൊണ്ടും താരനുണ്ടാകാം. തലയിൽ ചൊറിയുമ്പോൾ താരൻ കൂടുതൽ വ്യാപിക്കാനിടയാകുന്നു. താരൻ അകറ്റാൻ പ്രകൃതിദത്തമാർഗങ്ങൾ പരീക്ഷിക്കാം.

∙ ആര്യവേപ്പില ഒരു പിടിയെടുത്ത് നാലു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം അരിച്ചെടുക്കുക. ഈ വെള്ളം കൊണ്ട് തല കഴുകുക. ആഴ്ചയിൽ മൂന്ന് ദിവസം ആവർത്തിക്കുക.

∙ രണ്ടു സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിൽ ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചാലിച്ച് ഈ മിശ്രിതം കൊണ്ട് ശിരോചർമം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതു ചെയ്യുക.

∙ രണ്ട് ടീസ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ചെറുതായി ചൂടാക്കിയ ശേഷം ശിരോചർമത്തിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ കൊണ്ട് തലമുടി പൊതിഞ്ഞ് വയ്ക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുക,

∙ താരൻ അകറ്റാൻ ടീ ട്രീ ഓയിലും കോക്കനട്ട് ഓയിലും ഉപയോഗിച്ച് ഡീപ് കണ്ടീഷനിങ് ചെയ്യാം. മൂന്ന് ടീ സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയും 5 തുള്ളി ടീ ട്രീ ഓയിലും മിശ്രിതമാക്കുക. ഇത് തലയോട്ടിലും തലമുടിയിഴകളിലും നന്നായി മസാജ് ചെയ്യാം. തലമുടി മൃദുവായി കെട്ടി വച്ച് ഈ എണ്ണ പുരട്ടി തന്നെ ഉറങ്ങാൻ കിടന്നിട്ട് പിറ്റേന്ന് ഷാംപൂവും കണ്ടീഷനറും ഇട്ട് തലമുടി കഴുകുക. താരൻ അകറ്റാനും തലമുടി വളരാനും ഫലപ്രദമാണ്.

പ്രകൃതിദത്ത മാർഗങ്ങൾ വഴി താരൻ മാറുന്നില്ലെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശ പ്രകാരം ആന്റി ഡാൻ‍ഡ്രഫ് ഷാംപൂ ഉപയോഗിക്കാം. സാലിസൈലിക് ആസിഡ് അടങ്ങിയ ഷാംപൂ താരൻ അകറ്റാൻ ഫലപ്രദമാണ്.

കൃത്യമായ ഇടവേളയിൽ ട്രിമ്മിങ്

മുടി നന്നായി വളരാനും അറ്റം പൊട്ടാതിരിക്കാനും ശരിയായ ട്രിമ്മിങ് (അറ്റം കൃത്യമായ ഇടവേളകളിൽ വെട്ടുന്നത്) പ്രധാനമാണ്. മുടിയുടെ അറ്റം പൊട്ടിപ്പോകുന്നത് ഒരു തരം ഹെയർ ഡാമേജ് ആണ്. മുടിയുടെ അറ്റം കനം തീരെ കുറഞ്ഞ് പൊട്ടിപ്പോകുന്നത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. അമിതമായ ചൂട് തട്ടുന്നത്, (ബ്ലോ ഡ്രൈയിങ്, ഹോട്ട് കോംബ് തുടങ്ങിയവയുടെ അമിതോപയോഗം) അന്തരീക്ഷത്തിലെ ചൂട്, അമിതമായി ഷാംപൂ ഉപയോഗിക്കുന്നത്, പരുക്കനായ തലയണ വച്ച് കിടക്കുന്നത്, നനഞ്ഞ മുടി ചീകുന്നത്, ശരി യായ സംരക്ഷണമില്ലായ്മ ഇതെല്ലാം തലമുടിയുടെ അറ്റം പൊട്ടിപ്പോകുന്നതിനിടയാക്കാം.

മുടിയുടെ പൊട്ടിയ അറ്റം ആദ്യം ട്രിം ചെയ്യുക. അല്ലെങ്കിൽ ഇത് മുടിയുടെ മുകളിലേക്ക് വ്യാപിച്ച് കൂടുതൽ നീളത്തിൽ തലമുടിക്ക് കേടുപാടുണ്ടാകാം. 3- 4 മാസം കൂടുമ്പോൾ സ്വാഭാവികമായിത്തന്നെ തലമുടിയുടെ അറ്റം പൊട്ടിപ്പോകാറുണ്ട്. ഈ സമയമാകും മുൻ‍പേ തന്നെ തലമുടി ട്രിം ചെയ്യാം. വീണ്ടും അറ്റം പൊട്ടുന്നത് തടയാൻ ഇനി പറയുന്നവ പാലിക്കുക.

10- 12 ആഴ്ച കൂടുമ്പോൾ ഒരു ഇ‍ഞ്ചിന്റെ കാൽ ഭാഗം നീളത്തിൽ മുടിയുടെ അറ്റം മുറിക്കുന്നത് വിണ്ടുകീറലിനെ തടയും. തലമുടിക്ക് ചൂടു തട്ടാതെ സംരക്ഷിക്കുക. അമിതമായി ചൂട് ഏൽക്കുന്ന ട്രീറ്റ്െമന്റ്സ് ഒഴിവാക്കണം. സ്റ്റൈലിങ് ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ചൂട് വളരെയധികം ഏൽക്കാനിടയാക്കും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. ദിവസം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

മുടി ചീകാൻ പല്ലുകൾ അകന്ന ചീപ്പ് ഉപയോഗിക്കുക. നനഞ്ഞ മുടി ചീകരുത്. വളരെ മൃദുവായി കോതിയിടുക. പരുക്കൻ ടവൽ ഉപയോഗിച്ച് മുടി തുവർത്തരുത്. സാറ്റിൻ തലയണകളുപയോഗിക്കുക. യാത്രയിൽ മുടി അഴിച്ചിടാതിരിക്കുക.

Tags:
  • Spotlight