ഐസ് ക്യൂബ് ഇട്ട വെള്ളത്തില്‍ മുഖം ആഴ്ത്തുന്നത് ശരിയോ?
ചില സെലിബ്രിറ്റീസിന്റെ ബ്യൂട്ടി ഹാക് ആണ് ഐസ് ഡിപ്പിങ്. ഒരു ബൗളിൽ വെള്ളമൊഴിച്ച് അതില്‍ ഐസ് ക്യൂബ് ഇട്ടശേഷം ഇതിൽ മുഖം അല്‍പനേരം ആഴ്ത്തി വയ്ക്കുന്നതാണ് ഐസ് ഡിപ്പിങ്. ഇങ്ങനെ ചെയ്താൽ കുറച്ചു സമയത്തേക്ക് ചർമം റിഫ്രഷ് ആയപോലെ തോന്നാം. ചർമത്തിലെ വലിയ സുഷിരങ്ങൾ താൽകാലികമായി ചുരുങ്ങാം.
മേക്കപ്പിനു മുന്നോടിയായുള്ള സ്കിൻ പ്രിപ്പറേഷന്റെ ഭാഗമായി ഐസ് ഡിപ്പിങ് ചെയ്യുന്നത് മേക്കപ്പിനു ഫിനിഷിങ് കിട്ടാൻ സഹായിക്കും. അതല്ലാതെ ദീർഘകാല ഗുണങ്ങളില്ല.
പക്ഷേ, ഇതിന് ചില ദൂഷ്യവശങ്ങളുണ്ട്. എല്ലാവർക്കും യോജിച്ചതല്ല ഐസ് ഡിപ്പിങ്. മൈഗ്രേൻ, സൈനസൈറ്റിസ് എന്നിവയുള്ളവർക്ക് ഐസ് വെള്ളത്തിൽ മുഖം ആ ഴ്‍ത്തുന്നത് ട്രിഗർ ഫാക്ടറാകാം.
മുപ്പതു വയസ്സിനു ശേഷം കൊളാജൻ സപ്ലിമെന്റ് ആവശ്യമാണോ?
ചർമത്തിനു ദൃഢത നൽകുന്ന ഘടകമാണ് കൊളാജൻ. കൊളാജൻ നഷ്ടപ്പെടുമ്പോഴാണു ചർമത്തിനു ചുളിവു വരുന്നതും ചർമം അയഞ്ഞുതൂങ്ങുന്നതും. 25 വയസ്സിനു ശേഷം ഓരോ വർഷവും ഒരു ശതമാനം വീതം കൊളാജൻ നഷ്ടപ്പെടുന്നുണ്ട്. അതിനാൽ ശ്രദ്ധ വേണമെന്നതു ശരിയാണ്. സപ്ലിമെന്റ്സിനെ കുറിച്ചു ചിന്തിക്കും മുൻപ് ആഹാരത്തിലൂടെയും ജീവിതശൈലിയിലൂടെയും കൊളാജൻ ഉൽപാദനം മെച്ചപ്പെടുത്താമോ എന്നു ചിന്തിക്കാം.
ബോൺ ബ്രോത് കൊളാജൻ സമ്പുഷ്ടമാണ്. കോഴിയുടെയും ആടിന്റെയുമൊക്കെ എല്ല് ചെറുതായി നുറുക്കിയതു കൊണ്ടു സൂപ്പുണ്ടാക്കി കുടിക്കാം. ചിക്കൻ, മീൻ എന്നിവ തൊലിയോടെ കഴിക്കാം. മുള്ള് കൂടി കഴിക്കാവുന്ന മീൻ തിരഞ്ഞെടുക്കുന്നതും നല്ലതാണ്. ദിവസവും രണ്ടു മുട്ടവെള്ള കഴിക്കുന്നതു ശീലമാക്കാം. വെജിറ്റേറിയൻസ് ഒമേഗ ത്രീ ഫാറ്റി ആസിഡും വൈറ്റമിൻ സിയും അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക. ബ്രോക്‌ലി, ബെറിപ്പഴങ്ങൾ, വോൾനട്ട്, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ് എന്നിവ.
അൾട്രാവയലറ്റ് രശ്മികൾ ചർമത്തിലേൽക്കുന്നത് കൊളാജൻ നശിപ്പിക്കാം. അതിനാൽ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കണം. വൈറ്റമിന്‍ സി, റെറ്റിനോയ്ഡ് എന്നിവ സ്കിൻ കെയറിൽ ഉൾപ്പെടുത്തുന്നത് പ്രായാധിക്യം തടയാൻ നല്ലതാണ്.
കൊളാജൻ സപ്ലിമെന്റ്സ് കഴിക്കുന്നതുകൊണ്ടു നഷ്ടപ്പെട്ട കൊളാജൻ തിരിച്ചുകിട്ടില്ല. അയഞ്ഞുതൂങ്ങിയ ചർമം ദൃഢതയുള്ളതാക്കാനും കഴിയില്ല. ഓറൽ കൊളാജൻ ചർമത്തിന്റെ തിളക്കത്തിനും തുടിപ്പിനും സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട് : ഡോ. മീര ജെയിംസ്,
കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ബ്യൂ എസ്തെറ്റിക്ക, കൊച്ചി