Tuesday 05 October 2021 04:07 PM IST : By സ്വന്തം ലേഖകൻ

മുഖത്തിനും മുടിക്കും മാത്രം ട്രീറ്റ്മെന്റ് മതിയോ? പാദങ്ങൾ തിളങ്ങട്ടെ, പെഡിക്യൂർ ഇനി വീട്ടില്‍ ചെയ്യാം

pedicutreeee

മുഖത്തിനും മുടിക്കും മാത്രം ട്രീറ്റ്മെന്റ് മതിയോ? കാലുകളും കൈകളും കൂടി മനോഹരമാക്കിയാലേ പൂർണ്ണമായും സുന്ദരിയാകൂ... കാലുകൾക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ, മാനിക്യൂർ എന്നിവ സാധാരണ പാർലറുകളിൽ പോയാണ് നാം ചെയ്യുക. എന്നാൽ അധികം പണച്ചിലവില്ലാതെ വീട്ടിൽ തന്നെ ഇവ ചെയ്യാം.

ആദ്യം കാലിൽ ഉള്ള പഴയ നെയിൽ പോളീഷ് റിമൂവർ ഉപയോഗിച്ചു കളഞ്ഞ ശേഷം കാൽ വൃത്തിയാക്കുക. ഇതിനുശേഷം നഖം ആകൃതിയിൽ മുറിയ്ക്കുക. മുറിയ്ക്കുമ്പോൾ അഗ്രത്തിലുള്ള നഖങ്ങൾ ഒത്തിരി ആഴത്തിൽ മുറിയ്ക്കാതെ ശ്രദ്ധിക്കുക. ഇതിനു ശേഷം എടുത്തു വച്ചിരിക്കുന്ന ചൂട് വെള്ളത്തിലേക്ക് കണങ്കാലുകൾ ഇറക്കി വയ്ക്കുക. ഈ വെള്ളത്തിൽ ഷാമ്പൂ ചേർക്കാം. ഇതിലേയ്ക്ക് ലേശം ഉപ്പു ചേർക്കാം, കാലിനു മൃദുത്വം കിട്ടാൻ ഇത് സഹായിക്കും. 

കൂടാതെ ഒരു നാരങ്ങയുടെ നീര് വെള്ളത്തിൽ ഒഴിക്കുക. ഒപ്പം കുറച്ചു വെളിച്ചെണ്ണയും ഒഴിച്ചു കാലുകൾ 20 മിനിറ്റോളം വെള്ളത്തിൽ അനക്കാതെ വയ്ക്കാം. പിന്നീട് വെള്ളത്തിൽ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവൽ കൊണ്ടു കാലു നന്നായി തുടച്ചെടുക്കുക. കാൽ ഉണങ്ങിയ ശേഷം ഏതെങ്കിലും ഒരു ക്രീം കൊണ്ടു നന്നായി മസാജ് ചെയ്ത് കൊടുക്കുക, തുടർന്നു പ്യൂമിസ് കല്ല് കൊണ്ടു കാലിലുള്ള നശിച്ച സെല്ലുകളെ നീക്കം ചെയ്യണം. കല്ലു കാലിൽ നന്നായി സ്ക്രബ്ബ്‌ ചെയ്താൽ മതിയാകും. 

തുടർന്നു ക്യൂട്ടിക്കിൾ റിമൂവർ ഉപയോഗിച്ചു നഖത്തിനിടയും വൃത്തിയാക്കണം. ഇതിനു ശേഷം കാലുകൾ തുടച്ചു ഒരു സ്ക്രബ്ബർ ഇട്ടു നന്നായി മസാജ് ചെയ്യുക. വൃത്തത്തിലാണ് ഇത് കാലിൽ തേയ്‌ക്കേണ്ടത്, കണങ്കാലുകൾ വരെ ഇതു ചെയ്യണം. ശേഷം കാൽ തുടച്ചു  വൃത്തിയാക്കുക. 

അടുത്തതായി മോടിപിടിപ്പിക്കലാണ്. അതിനായി കാലുകൾ നന്നായി മസാജ് ചെയ്യാം. ആൽമണ്ട് ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു 10 മിനിറ്റു കാൽ മുഴുവൻ നന്നായി മസാജ് ചെയ്യുക. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം  കാലിൽ തേച്ചു പിടിപ്പിച്ച ശേഷം നഖങ്ങളിൽ പുതിയ നെയിൽ പോളീഷ് ഇടാം. 

Tags:
  • Glam Up
  • Beauty Tips