Monday 11 December 2023 12:16 PM IST

‘ഇനി സുരേന്ദ്രനെ ഞങ്ങൾ അടുത്തിരുത്തില്ല’: കളിയാക്കലുകൾ, കുത്തുവാക്കുകൾ... 4–ാം ക്ലാസിൽ പഠിത്തം നിർത്തി തയ്യലിന്: ഇന്ദ്രൻസിന്റെ ജീവിതം

Santhosh Sisupal

Senior Sub Editor

indrans99765 ഫോട്ടോ: ശ്യാം ബാബു

അഭിനയത്തികവിന്റെ ഉന്നതങ്ങളിലും നൻമയും വിശുദ്ധിയും കൈവിടാത്ത അസാധാരണമായ ജീവിതം– ആരോഗ്യം, മനസ്സ്, അനുഭവം–  67–ാം വയസ്സിൽ ഇന്ദ്രൻസ് പറയുന്നു...

സസ്യാഹാരം, സൂക്ഷ്മശരീരം

സാംബശിവന്റെ കഥാപ്രസംഗം വലിയ ഇഷ്ടമായിരുന്നു. ഏതു പറമ്പിൽ  കഥയുണ്ടെങ്കിലും കേൾക്കാൻ പോകും. അങ്ങനെ പലതവണ കേട്ട കഥയാണ് ‘അയിഷ’. സ്വന്തം മകളോടു പോലും, നിന്നെ ഞാൻ വെട്ടി അരിഞ്ഞു കടയിൽ കെട്ടിത്തൂക്കുമെന്നു പറയുന്ന ഇറച്ചി വെട്ടുകാരനായ കഥാപാത്രം മനസ്സിൽ ഇങ്ങനെ വാളോങ്ങി നിൽപ്പുണ്ട്. അപ്പൊ അതൊക്കെ കഴിക്കുന്നവർക്കും അതുപോലുള്ള മനസ്സായിരിക്കും എന്നായിരുന്നു എന്റെ വിചാരം. ഇറച്ചിക്കടയുടെ അടുത്തുകൂടി പോകുമ്പോൾ അവിടേയ്ക്കു നോക്കാതെ ഓടിയാണു പോകുക. വലിയ മീൻ കഴിക്കാത്തതും ഇതൊക്കെ ഓർമ വന്നിട്ടാണ്.

ആഹാരം കഴിക്കുന്നതിനു കൃത്യസമയവും ചിട്ടയും ഉണ്ട്. സെറ്റിൽ  ഇടയ്ക്കു ബിസ്ക്കറ്റും ചായയും കൊണ്ടുവന്നാലും ഞാൻ അങ്ങനെ കഴിക്കത്തില്ല. ഇടവേളകളിൽ ഒന്നും കഴിക്കാതെ ഇരിക്കുന്നതുകൊണ്ടു രാത്രിയാകുമ്പോൾ നന്നായി വിശക്കും. അപ്പോൾ ശരിക്കു കഞ്ഞിയൊക്കെ കുടിച്ചിട്ടു സുഖമായി കിടന്നുറങ്ങും.

ദോശയും ഇഡ‌്ലിയും ചോറും പുളിശ്ശേരിയുമൊക്കെ തന്നെയാണ് ഏറ്റവും ഇഷ്ടം. മാങ്ങ ചേർത്ത ഒഴിച്ചു കൂട്ടാനുള്ള ചില കറികൾ അമ്മയുടെ സ്പെഷലുകൾ ആയിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ഭാര്യ ശാന്തയും അമ്മയും ഒക്കെ ഒരുപാടു കാലം ഒരുമിച്ചായിരുന്നതിനാൽ അതെല്ലാം രുചിയോടെ വച്ചുണ്ടാക്കാൻ ശാന്തയ്ക്കും അറിയാം.

പണ്ട്, മെലിഞ്ഞ ശരീരം ഒന്നു മെച്ചപ്പെടുത്തി സിനിമയിലെ നായകന്മാരെ പോലെയൊക്കെ ആകണമെന്നു വിചാരിക്കുമായിരുന്നു. അങ്ങനെ ജിമ്മിൽ ഒക്കെ പോയിട്ടുണ്ട്. പക്ഷേ ശരീരം തേഞ്ഞതല്ലാതെ എങ്ങും പെരുകിയില്ല. അങ്ങനെ അതു മതിയാക്കി. അന്നു ജിമ്മിലെ മാഷ് പറഞ്ഞുതന്ന ചില വ്യായാമങ്ങൾ ഒക്കെ ഇപ്പോഴും ഞാൻ ചെയ്യുന്നുണ്ട്. ഏതായാലും ഇതുവരെ കാര്യമായ ഒരു അസുഖവും വന്നിട്ടില്ല. ‘ഉടൽ’ സിനിമയിൽ ചിത്രീകരണത്തിലുടനീളം അടികൊള്ളുകയായിരുന്നു. ഈ ചെറിയ ശരീരം കൊണ്ട് ഇത്രയുമൊക്കെ ചെയ്യാമെന്നു സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിസാറാണ് കാട്ടിത്തന്നത്.

സ്വപ്നങ്ങളുടെ നിറം

സ്വപ്നം കണ്ടിരുന്ന സിനിമ വലുതായിരുന്നു. മനസ്സിൽ സങ്കൽപിച്ചതു വലിയ വലിയ നടന്മാരും അവരുടെ വലിയ കഥാപാത്രങ്ങളുമായിരുന്നു. വലിയ നിരാശ ഉണ്ടായിരുന്നത് അവിടേക്ക് എത്താനുള്ള ശരീരവും ശബ്ദവും ഒന്നുമല്ല എന്റേത് എന്ന തിരിച്ചറിവാണ്. അതെന്നെ ആധി പിടിപ്പിച്ചു. കുട്ടിക്കാലത്തു നാടകത്തിൽ, തുടങ്ങുമ്പോൾ തന്നെ കൂട്ടുകാർ എന്റെ രൂപം കണക്കാക്കിയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു തരുമായിരുന്നു. വേലക്കാരൻ, അത്തർ കച്ചവടക്കാരൻ തുടങ്ങിയവ. അതെനിക്ക് ഇഷ്ടവുമായിരുന്നു. എങ്കിലും സിനിമയുടെ അരികുപറ്റി നടക്കാൻ പറ്റുമെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. ഈ കാലമത്രയും എങ്ങനെയോ ആഗ്രഹിച്ച കഥാപാത്രങ്ങളെ കിട്ടി.അതൊക്കെ ചെയ്യാനുള്ള ഒരു കരുത്ത്, കാലം മനസ്സിൽ നിറച്ചു തന്നു എന്നു തോന്നിയിട്ടുണ്ട്.

മറ്റുള്ളവരുടെ കളിയാക്കലുകളൊന്നും വിഷമങ്ങളേയല്ല. എന്റെ കഥാപാത്രങ്ങളുെട അംഗീകാരമാണത്. വിഷമിപ്പിച്ചവരുണ്ടാവും, അവരോടുപോലും വെറുപ്പു തോന്നാറില്ല. സാഹചര്യങ്ങളാവും അങ്ങനെ പറയിച്ചത് എന്നു ചിന്തിക്കുമ്പോൾ എനിക്കും ആശ്വാസമാണ്.

ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നെങ്കിലും കുട്ടിക്കാലം നിറമുള്ളതായിരുന്നു. ഇന്നിപ്പോ കൂടുതൽ കിട്ടുന്നതുകൊണ്ടായിരിക്കും കിട്ടിയതു കുറവായിരുന്നു എന്നു ചിന്തിക്കുന്നത്. ഉച്ചയ്ക്ക് ഉപ്പുമാവു കിട്ടുന്നതുകൊണ്ടു മുടങ്ങാതെ സ്കൂളിൽ പോയിരുന്നതും, മാറാൻ തുണിയില്ലാത്തതുകൊണ്ട് ആഴ്ച മുഴുവൻ ഒരേ വസ്ത്രം ധരിച്ചു പോകുമ്പോൾ ക്ലാസിൽ കുട്ടികൾ ‘ഇനി സുരേന്ദ്രനെ അടുത്തിരുത്തില്ല’ എന്നു പറഞ്ഞതും മഴക്കാലത്തു രാത്രിയിലുറങ്ങാൻ ഒറ്റമുറിയിൽ വെള്ളം വീഴാത്ത ഇടം പിടിക്കാൻ ഏഴു സഹോദരങ്ങൾ മത്സരിച്ചതും, എന്തെങ്കിലും ഒരു വരുമാനമാകട്ടെന്നു കരുതി നാലാം ക്ലാസിൽ പഠിത്തം നിർത്തി തയ്യലിനു വിട്ടതും... ആ കുട്ടിക്കാലത്തെ കുറിച്ചു പറയുമ്പോൾ കേൾക്കുന്നവർക്കു നല്ല വിഷമം തോന്നും. എന്നാൽ അത് അനുഭവിക്കുന്ന കാലത്ത് അങ്ങനെ തോന്നിയിട്ടില്ല. അന്നതു സ്വാതന്ത്ര്യമായിരുന്നു. നമ്മുടെ കുട്ടിക്കാലത്തു നമ്മൾ അനുഭവിച്ച ജീവിതം ഇന്നത്തെ കുട്ടികൾക്കു കെട്ടുകഥപോലെ തോന്നാം. ‘‘ചുമ്മാ മൂപ്പിലാൻ വെറുതെ തള്ളുവാ..’’ എന്നായിരിക്കും കരുതുക.  

Tags:
  • Movies