Friday 23 November 2018 09:13 AM IST

പാൽമണം മാറാത്ത കുരുന്നിനെ മാറോട്ചേർത്ത് വീണ്ടും ഗോദയിലേക്ക്; കേരളത്തിന്റെ ‘സൂപ്പർമോം’ ചാന്ദ്നി

Binsha Muhammed

chandni

‘അടിതടയും ബലം പിടുത്തവുമൊക്കെ ഇനി മതിയാക്കുന്നതല്ലേ നല്ലത്. പഴയ പെണ്ണല്ല നീ... ഇപ്പൊ ഒരു കുഞ്ഞിന്റെ അമ്മയാണ്...ഇനി അതിനേം നോക്കി വീട്ടിലിരുന്നാൽ പോരേ... നിർബന്ധമാണെങ്കിൽ, വല്ല പി എസ് എസി ടെസ്റ്റിനും പഠിക്കാൻ നോക്ക്’– റെസ്ലിംഗ് എന്ന് തികച്ച് പറയാനറിയാത്ത കാരണവൻമാരുടെ കമാൻഡ് കേട്ട് ചാന്ദ്നി ഒന്ന് ഇരുത്തി ചിരിച്ചതേ ഉള്ളൂ. ഇതൊക്കെ എത്രയോ കേട്ടിരിക്കുന്നു അതാണ് ലൈൻ.

ഗോദയിൽ പിച്ച വച്ചപ്പോൾ കേട്ടു തുടങ്ങിയതാണ് ഇജ്ജാതി ഉപദേശങ്ങൾ. ‘പെൺകുട്ട്യോൾക്ക് പറ്റിയ പണിയാണോ ഈ അടിപിടി?’ എന്നതായിരുന്നു ആദ്യത്തെ ‘രാജശാസനം.’ കല്യാണം ആയപ്പോൾ ഉപദേശങ്ങളെ അഭിപ്രായമാക്കി മയപ്പെടുത്തി. ‘ കല്യാണം കഴിഞ്ഞാൽ പെൺകുട്ട്യോള്ടെ ലോകം ഭർത്താവും കുടുംബവുമൊക്കെയാ...’ പക്ഷേ അവിടം കൊണ്ടൊന്നും മേൽപ്പറഞ്ഞ ‘അടിതടയ്ക്ക്’ ഫുൾസ്റ്റോപ്പിടാൻ നമ്മുടെ കഥാനായിക ഒരുക്കമല്ലായിരുന്നു.

അയ്യോ.. ഞാൻ മേരി സ്വീറ്റിയല്ല, സ്വീറ്റ് രാജി! പ്രവാസി വീട്ടമ്മയ്ക്ക് ഡബ്സ്മാഷ് പൊല്ലാപ്പായി

ഉപ്പ മരിച്ചു, 13 വയസ്സിൽ തൊഴിൽ തേടിയിറങ്ങി, പകൽ പഠിച്ചും രാത്രി പണിയെടുത്തും കുടുംബം പോറ്റി! ആരും അറിയാത്ത ‘രുദ്രന്റെ’ ജീവിത കഥ

റെസ്ലിംഗ്, ജൂഡോ എന്നീ എന്ന കായികയിനങ്ങളുടെ പേറ്റന്റ് മൊത്തമായും ചില്ലറയായും ഏറ്റെടുത്തിരിക്കുന്ന പഞ്ചാബി പെണ്ണുങ്ങളുടേയും കരുത്തിന്റേയും മെയ്‍വഴക്കത്തിന്റേയും റാണിമാരായി വിരാജിക്കുന്ന ഹരിയാനക്കാരുടേയും നാട്ടിൽ കേരളത്തിന്റെ ഭാഗധേയം നിർണയിക്കുകയാണ് ഈ കണ്ണൂർ ഇരിട്ടി സ്വദേശി. നേട്ടങ്ങൾ കോർത്ത മുത്തുമാലയിൽ സംസ്ഥാന സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ലഭിച്ച വെള്ളി ചേർത്തു വയ്ക്കുമ്പോഴും ചാന്ദ്നിയുടെ സ്വപ്നങ്ങൾക്ക് ഇന്നും ഫൈനൽ വിസിൽ മുഴങ്ങിയിട്ടില്ല. റെസ്ലിംഗിൽ രാജ്യത്തിനായി ഒരു സ്വർണം ചൂടാൻ കൊതിക്കുന്നവൾ, പൊലീസ് കുപ്പായമണിയാൻ സ്വപ്നങ്ങൾ നെയ്യ്യുന്നവൾ...എല്ലാത്തിനും മേലെ ഒന്നര വയസുകാരി മകൾ ശ്രിയയുടെ ശോഭനമായ ഭാവി സ്വപ്നം കാണുന്ന അമ്മ. കേരളത്തിന്റെ ‘സൂപ്പർ മോം’ കഥ പറയുകയാണ്, പിന്നിട്ട വഴികൾ...ചേർത്തു വച്ച സ്വപ്നങ്ങൾ...ജീവിത ലക്ഷ്യങ്ങൾ..വനിത ഓൺലൈനോട്.

സ്വപ്നങ്ങളിലേക്ക് ആ വിസിൽ മുഴക്കം

chandini-3

‘സ്പോർട്സിനോടുള്ള നമ്മുടെ പെണ്ണുങ്ങളുടെ മനോഭാവം മാറി വരുന്നതേയുള്ളൂ. താരങ്ങൾ എല്ലായിടത്തുമുണ്ട് എന്നാൽ അവരിൽ എത്ര പേർ മുഖ്യധാരയിലേക്ക് കടന്നു വരുന്നു എന്നതാണ് ചോദ്യം. ഇനി അഥവാ വന്നാൽ തന്നെ വല്ല ഓട്ടമോ ചാട്ടമോ ഒരു കൈ നോക്കാം എന്നതാണ് പലരുടേയും ലൈൻ. എന്റെ കേരളത്തിലെ പെണ്ണുങ്ങളേ.... നിങ്ങൾക്ക് മനക്കരുത്തുണ്ടോ? കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറാണോ? എങ്കിൽ കണ്ണും പൂട്ടി റിങ്ങിലേക്കിറങ്ങിക്കോളൂ.’– അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും ചാന്ദ്നിയുടെ ആമുഖം.

എട്ടാം ക്ലാസിൽ വച്ചാണ് ആദ്യമായി ഇടികൊടുക്കാനും കൊള്ളാനും തീരുമാനിക്കുന്നത്. മലയാളി പെണ്ണുങ്ങൾ അത്ര കണ്ട് കൈവയ്ക്കാത്ത ഇനമായതു കൊണ്ട് കേരളത്തിലെ ഞങ്ങളെ പോലുള്ള റെസ്ലിംഗ് തുടക്കക്കാരികളുടെ ഭാഗധേയം വളരെ വലുതായിരുന്നു. ഞാൻ പറഞ്ഞല്ലോ...പെണ്ണുങ്ങളെ കുടുംബം നടത്താൻ മാത്രമേ കൊള്ളാവൂ എന്ന് കരുതുന്ന യാഥാസ്ഥിതികരുടെ ലോകത്ത് ഈ പരിപാടിയുമായി മുന്നോട്ട് പോകുകയെന്നത് കഷ്ടമായിരുന്നു ഭായ്...പക്ഷേ എന്റെ വീട്ടുകാർ, എല്ലാത്തിനും മേലെ എന്നെ ഉശിരുള്ള പെണ്ണാക്കി മാറ്റിയ പരിശീലക ജാസ്മിൻ ജോർജ്ജ് എന്നിവർ ഈ കണ്ണൂരുകാരിയെ റെസ്ലിംഗ് താരമാക്കി മാറ്റി. എന്റെ വീട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരം ഗുസ്തിക്കാരി.

chandini-4

പുതിയ ആകാശം...പുതിയ സ്വപ്നങ്ങൾ

കേരളം ആതിഥേയത്വം വഹിച്ച 35–ാമത് ദേശീയ ഗെയിംസിലെ പ്രകടനമാണ് മനസു വച്ചാൽ നമ്മളെക്കൊണ്ടും ചിലതൊക്കെ നടക്കും എന്ന ആത്മവിശ്വാസം നൽകുന്നത്. 2015ൽ കണ്ണൂരിൽ നടന്ന കോംപറ്റീഷനിൽ കിട്ടിയ അഞ്ചാം സ്ഥാനം ഒരു തുടക്കക്കാരിയെന്ന നിലയിൽ വലിയ പ്രചോദനമാണ് നൽകിയത്. 2010 മുതൽ 2015 വരെ സംസ്ഥാന സീനിയർ ജൂനിയർ മത്സരങ്ങളിൽ സ്വർണം ചേർത്തു വയ്ക്കാൻ എനിക്കായി. 2012ൽ പൂനെയിൽ നടന്ന ജൂഡോ നാഷണൽ ചാമ്പ്യൻഷിപ്പിൽ ലഭിച്ച വെള്ളി ദേശീയ തലത്തിൽ നാട്ടിൻപുറത്തുകാരിയായ എനിക്ക് പുതിയൊരു മേൽവിലാസമാണ് നൽകിയത്. ഇപ്പോഴിതാ സംസ്ഥാന സീനിയര് റെസ്ലിംഗിൽ 62 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേട്ടം. കഴിവും പ്രതിഭയും മാറ്റുരച്ചു നോക്കിയ അങ്ങനെ എത്രയോ മത്സരവേദികൾ. കരിയറിന്റെ കണക്കു പുസ്തകത്തിൽ ജയപരാജയ കണക്കുകള്‍ ഏറെയുണ്ടായി. എങ്കിലും സമൂഹം കൽപ്പിച്ചു കൊടുത്തിട്ടുള്ള പെണ്ണെന്ന പുറം ചട്ടയ്ക്കു പുറത്തു നിന്നും മുക്തയായ എന്നിലെ ഗുസ്തിക്കാരി ഏറെ ദൂരം മുന്നോട്ടു പോയി. പുതിയ സ്വപ്നങ്ങളും പുതിയ ആകാശവും തേടി...

chandni-1

വിമർശനങ്ങള്‍ക്ക് നേരെ ആ ‘പഞ്ച്’

നമുക്ക് കുറേ മുൻവിധികളുണ്ട്. റെസ്ലിംഗെന്നാൽ പഞ്ചാബി, ഹരിയാന പെണ്ണുങ്ങൾക്കു മാത്രമുള്ളതാണെന്ന തരത്തിലുള്ള കമന്റുകൾ ഞാൻ കുറേ കേട്ടിട്ടുണ്ട്. അവരുടെ ഒരിടി കൊണ്ടാൽ മതി തീർന്നു പോകുമെന്ന തരത്തിലുള്ള അരസികൻ കമന്റുകൾ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുമുണ്ട്. അവരുടെ കഠിനാദ്ധ്വാനത്തേയും കായിക മികവിനേയും കുറച്ചു കാണുന്നില്ല. പക്ഷേ കേരളത്തിലെ പെണ്ണുങ്ങൾക്ക് ഇതൊന്നും പറ്റിയ പണിയല്ല എന്നു പറയുന്നവർ വേറെ പണിയില്ലാത്തവരാണ്. പഞ്ചാബിയോ...ബംഗാളിയോ...ആരുമാകട്ടെ എന്റെ മുന്നിൽ കിട്ടിയാൽ‌ അടിച്ചിടാൻ കഴിയുമെന്ന ആത്മ വിശ്വാസം എനിക്കുണ്ട്. ഒരു കൈ നോക്കുന്നോ?– ചാന്ദ്നിയുടെ മുഖത്ത് ചിരി.

ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി!

സൂപ്പർ ലേഡി അല്ല സൂപ്പർ മോം

വിദ്യാർത്ഥിയായി ഭാര്യയായി...ദേ ഇപ്പോ അമ്മയും ജീവിതം സമ്മാനിച്ച പല മുഖങ്ങൾക്കിടയിലും റെസ്ലിംഗ് എന്ന എന്റെ ജീവശ്വാസം നിന്നു പോകുമോ എന്ന് പേടിയുണ്ടായിരുന്നു. പക്ഷേ അതിനെയെല്ലാം സധൈര്യം നേരിട്ടു. എല്ലാത്തിനും നന്ദി പറയേണ്ടത് എന്റെ നല്ല പാതി ഷബിനോടാണ്. ഒമാനിൽ ഒരു ഷോപ്പിൽ വർക്ക് ചെയ്യുകയാണ് കക്ഷി. അന്നു തൊട്ടിന്നു വരെ എന്റെ സ്വപ്നങ്ങൾ എന്നത് ആ മനുഷ്യനും വ്രതമാണ്. വിമർശകരുടെ വായടപ്പിക്കാൻ അദ്ദേഹമൊരാൾ മാത്രം മതിയായിരുന്നു.

chandni-2

പക്ഷേ ഇങ്ങനെയൊക്കെയാണങ്കിലും അമ്മയെന്ന വികാരത്തിനു മുന്നിൽ ആ ദൗർബല്യത്തിനു മുന്നില്‍ ഞാൻ വല്ലാതെ അടിപ്പെട്ടു പോകുകയാണ്. നിങ്ങൾക്കറിയോ...എന്റെ ഒന്നരവയസുകാരി മകളെ വീട്ടിലാക്കിയാണ് ഞാനിപ്പോ ജൂ‍ഡോ നാഷണൽസിനു വേണ്ടിയുള്ള ക്യാമ്പിൽ പങ്കെടുക്കുന്നത്. ആലോചിക്കുമ്പോൾ വലിയ വിഷമം തോന്നും. പക്ഷേ പോകാനേറെ ദൂരമുണ്ടെന്ന് ഓർക്കുമ്പോൾ ചില നേരത്ത് സ്വപ്നങ്ങൾ അലിഞ്ഞില്ലാതാകും. പക്ഷേ മകളെ പിരിഞ്ഞുള്ള പരിശീലന നാളുകൾ അവ സമ്മാനിക്കുന്ന വേദനിക്കുന്ന വേദനകൾ പിന്നേയും തികട്ടി തികട്ടി വരും എന്ത് ചെയ്യാൻ ഞാനൊരമ്മ കൂടിയല്ലേ...

മലർത്തിയടിക്കണം സ്വന്തം ശരീരത്തെ

അമ്മയായ ശേഷവും ശരീരം പാകപ്പെടുത്തി റെസ്ലിംഗിൽ തുടരാൻ എങ്ങനെ കഴിയുന്നൂ എന്നതാണ് പലർക്കും അറിയേണ്ടത്. തുറന്നു പറയട്ടേ...നമ്മൾ ആദ്യം മലർത്തിയടിക്കേണ്ടത് നമ്മുടെ ശരീരത്തെ തന്നെയാണ്. പച്ച മലയാളത്തിൽ പറഞ്ഞാൽ വരച്ച വരയിൽ നിർത്തണം. പ്രസവ ശേഷം സൂപ്പർ താരങ്ങളെ പോലെ ഡയറ്റീഷ്യനെ കാണാനോ കൂണും കോൺഫ്ലക്സും മാത്രം നിന്ന് തടി കുറയ്ക്കാനോ ഞാൻ നിന്നു കൊടുത്തില്ല. സാധാരണ വീട്ടമ്മമാർ കഴിക്കുന്ന ചോറും കറികളും മാത്രം തന്നെയാണ് ഞാൻ കഴിച്ചിരുന്നത്. പിന്നെ ശരീരം വരുതിക്കു നിർത്തുന്നതിലാണ് ഞാൻ വിജയിച്ചത്. എല്ലാത്തിനും നന്ദി പറയേണ്ടത് എന്റെ പരിശീലക ജാസ്മിൻ ജോർജ്ജിനോടാണ്. അത്ര മാത്രം പ്രചോദനവും പിന്തുണയുമാണ് മാഡം എനിക്ക് നൽകിയിട്ടുള്ളത്. മറ്റൊരു തരത്തിൽ എന്റെ വിജയങ്ങളുടെ രഹസ്യവും അവരാണ്.

jasmin ചാന്ദിനി പരിശീലക ജാസ്മിൻ ജോർജിനൊപ്പം

പൊലീസ് എന്ന സ്വപ്നം ബാക്കി

ഒരു ജോലി വാങ്ങണം...കുടുംബത്തെ നന്നായി നോക്കണം, മകൾ ശ്രീയയെ നന്നായി പഠിപ്പിക്കണം അതാണ് ഇന്ന് എനിക്കുള്ള സ്വപ്നം. ഒരു പൊലീസുകാരിയകണമെന്നതാണ് എന്റെ സ്വപ്നം. പക്ഷേ സ്പോർട്സ് ക്വോട്ടയിൽ ജോലി പരിഗണിക്കുമ്പോള്‍ റെസ്ലിംഗുകാരെ അവർ മൈൻഡ് ചെയ്യാറേയില്ല. എനിക്കുറപ്പുണ്ട് എന്നെങ്കിലും ഒരു നാൾ നമ്മുടെ സ്വപ്നവും പൂവണിയും. ഞാനുമൊരു സര്‍ക്കാർ ജോലിക്കാരിയാകും. ഞാനീ കഷ്ടപ്പെട്ടതൊന്നും വെറുതെയാകില്ല എനിക്കുറപ്പുണ്ട്.–ചാന്ദ്നി പറഞ്ഞു നിർത്തി.

എല്ലും തോലുമായി പത്തു വയസ്സുകാരൻ, ഭാരം എട്ടുകിലോ മാത്രം; പട്ടിണി യെമനിലെ കണ്ണീർക്കാഴ്ച

‘മരിക്കും വരെ ഒരു സങ്കടം മാത്രം ബാക്കി നിൽക്കും’; കണ്ണീരണിയിച്ച് ഇഷാന്റെ കുറിപ്പ്


കല്യാണത്തിനു മുമ്പേ ഫസ്റ്റ് നൈറ്റ്; ഈ സേവ് ദ് ഡേറ്റ് വിഡിയോ അതുക്കും മേലെ–വിഡിയോ

ആർത്തവം കാരണം മാറ്റി താമസിപ്പിച്ചു; ഓല ഷെഡിൽ തെങ്ങ് വീണ് ബാലിക മരിച്ചു; ദാരുണം

ആരതിയെ കാണ്മാനില്ല, 'പ്രണയശിക്ഷ'യിൽ നീറി എഡ്‌വിൻ; ഭാര്യയെ കടത്തിക്കൊണ്ടുപോയത് പൊലീസ്!