Wednesday 01 November 2023 02:07 PM IST : By സ്വന്തം ലേഖകൻ

‘വിശ്വാസത്തിൽ നിന്ന് പിന്മാറാൻ ഭാര്യയും മക്കളും തയാറായില്ല; ഇത് സമൂഹത്തോടുള്ള വൈരാഗ്യം വർധിപ്പിച്ചു’; ഡൊമിനിക് മാർട്ടിന്റെ മൊഴി

hhgfmartin8776v

കടുത്ത മാനസിക സമ്മർദം മൂലമാണ് കളമശേരി സ്ഫോടനത്തിന് പിന്നാലെ കൊടകര ഭാഗത്തേക്ക് പോയതെന്ന് പ്രതി ഡൊമിനിക് മാർട്ടിന്റെ മൊഴി. മാനസിക സമ്മർദം മൂലം വാഹനമെടുത്ത് ഓടിച്ച് പോവുകയായിരുന്നു. ഭാര്യയും മക്കളുമുൾപ്പടെ പിൻമാറാൻ തയാറാകാതിരുന്നത് യഹോവയുടെ സാക്ഷികളോടുള്ള വൈരാഗ്യം വർധിപ്പിച്ചുവെന്നും പ്രതി മൊഴി നൽകി. ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനായി പൊലീസ് ഇന്ന് സി.ജെ.എം കോടതിയിൽ അപേക്ഷ നൽകും.

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ ഡോമിനിക് മാർട്ടിൻ എന്തുകൊണ്ട് കൊടകരയ്ക്ക് പോയി എന്ന സംശയം നിലനിന്നിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഉണ്ടായ കടുത്ത മാനസിക സമ്മർദംമൂലം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു എന്നാണ് ഡൊമിനിക് മാർട്ടിൻ പൊലീസിന് നൽകിയ മൊഴി. വാഹനം എടുത്ത് ലക്ഷ്യമില്ലാതെ ഓടിച്ച് പോവുകയായിരുന്നു. ശാന്തനായതോടെ വിഡിയോ ചിത്രീകരിച്ച ശേഷം പൊലീസിൽ കീഴടങ്ങി. യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തിൽ നിന്ന് പിൻമാറാൻ ഭാര്യയും മക്കളുമുൾപ്പടെ  തയാറാകാതിരുന്നത് ആ സമൂഹത്തോടുള്ള വൈരാഗ്യം വർധിപ്പിച്ചുവെന്നും പ്രതി മൊഴി നൽകി. 

സ്ഫോടനത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് സർക്യൂട്ട് വാങ്ങിയത് കൊച്ചിയിലെ രണ്ട് കടകളിൽനിന്നാണ്. കുട്ടികളുടെ പ്രൊജക്ടിനെന്നു കടയിൽ പറഞ്ഞ് രണ്ട് സർക്യൂട്ട് വാങ്ങി. ബോംബ് സ്ഫോടനത്തിനായി  ഡൊമനിക്ക് മാര്‍ട്ടിന്‍ ശേഖരിച്ച ഉപകരണങ്ങളടക്കം നിര്‍ണായക തെളിവുകള്‍ അത്താണിയിലെ പ്രതിയുടെ വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെടുത്തിരുന്നു. 

വീടിന്റെ ടെറസായിരുന്നു ഡൊമനിക്കിന്റെ ബോംബ് പരീക്ഷണകേന്ദ്രം. ആറരമണിക്കൂർ നീണ്ട തെളിവെടുപ്പിൽ ഇക്കാര്യങ്ങൾ അന്വേഷണസംഘം പുനരാവിഷ്കരിക്കുകയാണ് ചെയ്തത്. തിരിച്ചറിയൽ പരേഡിന് ശേഷം മാർട്ടിനെ കസ്റ്റഡിയിൽ ലഭിക്കാനായി അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം.

Tags:
  • Spotlight