Thursday 06 August 2020 11:37 AM IST

ഞാൻ കാണാതെ അറിഞ്ഞവരാണ് എന്റെ പ്രചോദനം' ; കാഴ്ച്ചയുടെ പരിമിതികൾക്കപ്പുറം ആദ്യ ശ്രമത്തിൽ സിവിൽ സർവീസിൽ 804ആം റാങ്ക് നേടിയ ഗോകുൽ എസ് വിജയകഥ പറയുന്നു

Shyama

Sub Editor

blind gokul 2

തിരുവനന്തപുരം തിരുമല സ്വദേശി ഗോകുലിന്റെ സിവിൽ സർവീസ് നേട്ടത്തിന് ഇരട്ടി മധുരമാണ്. യാതൊരു തരത്തിലും ഉള്ള കോച്ചിംങ്ങുകൾ ഇല്ലാതെ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് കൈപ്പിടിയിൽ എന്നത് ആദ്യത്തേത്. ഇതിനായി നിലവിലുള്ള റിസർച്ചിന് തടസം വന്നില്ല എന്നത് രണ്ടാമത്തേത്. ന്യൂറോൺ തകരാറുകൾ കാരണം കാഴ്ച്ചയില്ലാതെയാണ് ഗോകുൽ ജനിച്ചത്. പരിമിധികൾക്ക് മുന്നിൽ മുട്ടുമടക്കി ശീലമില്ലാത്ത ഈ മിടുക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കാര്യവട്ടം ക്യാമ്പസിൽ നിന്ന് പി. എച്ച്. ഡി. ചെയ്യുന്നതിനിടയിക്കാണ് സിവിൽ സർവീസ് നേട്ടം സ്വന്തമാക്കിയത്.

"ഞാൻ പി. എച്ച്. ഡി. തുടങ്ങിയിട്ട് പത്ത് മാസം ആകുന്നതേയുള്ളു. സിവിൽ സർവീസ് മോഹം വരുന്നത് 2018ലാണ്. കൃത്യമായി പറഞ്ഞാൽ കേരളത്തിലെ ആദ്യത്തെ വെള്ളപ്പൊക്കം ഉണ്ടായ സമയത്ത്. അന്ന് യുവതലമുറയിൽ പെട്ട കുറേ ഐഎഎസ്സ് ഓഫീസേഴ്സിനെ ശ്രദ്ധിച്ചിരുന്നു. അവരുടെയൊക്കെ പ്രവർത്തി കാരണം എത്രത്തോളം ആളുകളെ സ്വാധീക്കാൻ പറ്റുന്നുണ്ട്, ആളുകളുടെ മനോഭാവത്തിൽ വരെ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നു എന്നതൊക്കെ എന്നിൽ വളരെയധികം പ്രഭാവമുണ്ടാക്കിയിട്ടുണ്ട്. അങ്ങനെയാണ് ഇതേക്കുറിച്ച് ഗൗരവമായി തന്നെ ചിന്തിക്കുന്നത്. ഒരു കോച്ചിംങ്ങിനും പോയിട്ടില്ല, ഇംഗ്ലീഷിൽ റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നതിനൊപ്പമാണ് സിവിൽ സർവീസ് തയ്യാറെടുപ്പും നടന്നത്.

ഇതേവരെ പഠനത്തിൽ നിന്ന് ബ്രേക്ക്‌ എടുത്തിട്ടില്ല. എന്റെ സ്ട്രാറ്റജിക്ക് അങ്ങനെ പ്രതേകിച്ചൊരു ഘടനയൊന്നുമില്ല, അതാരും ഫോളോ ചെയ്യണം എന്നും പറയാൻ പറ്റില്ല. കമ്പ്യൂട്ടറിൽ സ്ക്രീൻ റീഡിങ്ങ് ടെക്നോളജി എന്നൊരു സോഫ്റ്റ്‌വെയർ വച്ചായിരുന്നു വായന മുഴുവൻ. ഒരുവിധം എല്ലാ ഭാഷകളിലും അത് ആയി വരുന്നു... ഫോണിൽ പോലും നമുക്ക് കിട്ടുന്ന ഫയലുകൾ അത് വഴി വായിക്കാം. നിങ്ങൾ ഗൂഗിൾ മാപ് തരുന്ന നിർദ്ദേശം കേട്ടിട്ടില്ലേ... ഏതാണ്ട് അതുപോലെ നമുക്ക് വായിച്ചു കേൾക്കാം. ഞാൻ ഓൺലൈൻ ആയി കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നുണ്ട് അതിനൊക്കെ എന്നെ സഹായിക്കുന്നത് ഈ ടെക്നോളജിയാണ്.

സമയം കണ്ടെത്തി പഠിക്കുക എന്നതായിരുന്നു രീതി

ടൈം ടേബിൾ വച്ചുള്ള കൃത്യമായ പഠനമൊന്നുമായിരുന്നില്ല. എനിക്ക് സമയം കിട്ടുമ്പോ അത്രയും വായിക്കും. ഓപ്ഷണൽ വിഷയം മലയാളമായിരുന്നു. അതിന്റെ ക്ലാസ്സിന് ചേർന്നെങ്കിലും മുഴുവനാക്കിയില്ല, സ്വന്തമായിട്ടുള്ള വായന തന്നെയാണ് ഏറെയും. അതുപോലെ മോക്ക് ടെസ്റ്റുകൾ ഒന്നും തന്നെ എഴുതി നോക്കിയിട്ടില്ല. അതിന്റെ പ്രധാനകാരണം എനിക്ക് അത് ചെയ്യാൻ പറ്റിയിരുന്നില്ല എന്നത് തന്നെയാണ്. പ്രിലിംസ്‌ കഴിഞ്ഞ് കിട്ടിയ രണ്ടര മാസത്തിൽ അതിനുള്ള സമയമില്ലായിരുന്നു. കാരണം റിസർച്ച് ഒരുവശത്ത് നടക്കുന്നു...2017ലാണ് ജെആർഎഫ് കിട്ടിയത്. അതിന് രണ്ട് വർഷമാണ് വാലിഡിറ്റി, അതുകൊണ്ട് 2019ൽ എന്തായാലും ചേർന്നേ പറ്റൂ.

പരീക്ഷ എന്തെന്നറിയാൻ വേണ്ടിയാണ് അത്തവണ പ്രിലിംസ്‌ എഴുതി നോക്കിയത്. ഈ വർഷം കോച്ചിങ്ങിനോക്കെ പോയിട്ട് നന്നായി എഴുതാം എന്ന് കരുതിയിരിക്കുമ്പോഴാണ് റാങ്ക് കിട്ടിയത്.

പബ്ലിക് സ്പീകിംങ്ങിൽ കമ്പമുള്ളതുകൊണ്ട് ഡിഗ്രി മുതലേ യു. പി. എസ്. സിയുടെ സിലബസ് വായിക്കുന്ന ശീലമുണ്ടായിരുന്നു. സ്കൂൾ തലം തൊട്ടേ ഡിബേറ്റുകളിലൊക്ക പങ്കെടുക്കും. പത്രവായന പ്ലസ്ടു മുതൽക്കേ കൃത്യമായുണ്ട്. സമയമില്ലെങ്കിലും അതിന് വേണ്ടി സമയം കണ്ടെത്തി വായിക്കും. ഇവരുടെ സിലബസിൽ പറയുന്ന എല്ലാ ടെസ്റ്റുകളും ഞാൻ വായിച്ചിട്ടുണ്ട്. ഒരു കൺവെൻഷനൽ രീതിയിലായിരുന്നില്ല എന്ന് മാത്രം.

രണ്ട് കാര്യങ്ങളാണ് ഇന്റർവ്യൂവിന് പ്രധാനമായി നോക്കുന്നത്. ഒന്ന് നമ്മുടെ അനാലിസിസ് അഥവാ വിശകലനമികവ് രണ്ട് ഡിസിഷൻ മേക്കിങ്ങ്. എന്നോട് ചോദിച്ച ഒരു ചോദ്യം കേരളത്തിലെ ലോക്കൽ പഞ്ചായത്ത് രാജ് ഭയങ്കര വിജയമാണ്, അതിന്റെ രഹസ്യം എന്താണെന്നായിരുന്നു... വിദ്യാസമ്പന്നരായ അമ്മമാരാണ് അതിലെ പ്രധാനഘടകം എന്ന് പറഞ്ഞാണ് ഞാൻ തുടങ്ങിയത്. ഹോബികളെ കുറിച്ചും ഒക്കെ ചോദ്യങ്ങൾ ഉണ്ടായി. 'കാലാവസ്ഥമാറ്റങ്ങളുടെ അഡ്വക്കസി'യായിരുന്നു എന്റെ ഹോബി, അതുമായി ബന്ധപ്പെട്ട ഒന്ന് രണ്ട് എൻജിഓകളിലും ഞാൻ പ്രവർത്തിക്കുന്നുണ്ട്. പിഎച്ച്ഡിയുടെ വിഷയവും അതുമായി ബന്ധപ്പെട്ടതാണ്.

എനിക്ക് പറയാനുള്ളത്

എനിക്ക് പലപ്പോഴും സെൽഫ് ഡൗട്ട് ഉണ്ടായിട്ടുണ്ട്. ഇത്തരം ഒരു ജോലിയിൽ കയറിയാൽ അത് പരിമിതികൾക്കുള്ളിൽ നിന്ന് അത്രയും നന്നായി ചെയ്യാൻ പറ്റുമോ എന്നൊക്ക... പക്ഷേ, ഇതിന്റെയൊക്കെ സൊല്യൂഷൻ ആലോചിച്ചാൽ വളരെ എളുപ്പമാണ്. ഒന്നിൽ നിന്നും മാറ്റിനിർത്താതെ എല്ലാവരെയും ഉൾക്കൊള്ളാൻ പാകത്തിനുള്ള മാറ്റങ്ങൾ എളുപ്പം വരുത്താം. ഒരു ഉദാഹരണം പറഞ്ഞാൽ ഒരു ഓഫീസ് പണിയുമ്പോൾ വീൽ ചെയർ കൂടി കയറുന്ന പാകത്തിന് അത് പണിയാൻ യാതൊരു ബുദ്ധിമുട്ടുമില്ല. ഞാൻ എന്നൊരു വ്യക്തി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാൻ തയ്യാറായാൽ സമൂഹം നമ്മളെ സ്വീകരിക്കുന്ന തരത്തിലേക്ക് വളരെ സ്വാഭാവികമായി മാറും. പഠിക്കുന്ന സമയം തൊട്ടേ വളരെ ആക്റ്റീവ് ആയിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ എനിക്കറിയാം യുവതലമുറയ്ക്ക് ഇത്തരത്തിലുള്ളൊരു അക്‌സെപ്റ്റൻസ് വളരെ കൂടുതലാണ്. എനിക്ക് വേണ്ടി പരീക്ഷ എഴുതാൻ സ്ക്രൈബ് ആയിരുന്ന രണ്ട് സുഹൃത്തുക്കളും- സിദ്ധാർഥും അരുന്ധതിയും...അവർ സ്വയം പരീക്ഷ എഴുതുന്ന പോലെയുള്ള ഉത്സാഹതോടെയാണ് സപ്പോർട്ട് ചെയ്തത്.

എന്റെ ആഗ്രഹം ഐഎഎസ് അല്ലെങ്കിൽ ഐഎഫ്എസ് എടുക്കാനാണ്. സർവീസ് അലോക്കേഷൻ വന്നാലേ അത് അറിയൂ. അതല്ല കിട്ടുന്നതെങ്കിൽ ഒന്നൂടെ നന്നായി പരിശീലിച്ചിട്ട് പരീക്ഷ എഴുതണം എന്നാണ്. അച്ഛൻ സുരേഷ് കുമാർ ജി. ഓ. എൻസിസി ഡിറക്ടറേറ്റിൽ ആണ്. അമ്മ ശോഭ കോട്ടൺ ഹിൽ സ്കൂളിൽ ടീച്ചർ ആണ്. അച്ഛനും അമ്മയും തന്നെയാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഒരു ഡിപ്രെഷൻ ഘട്ടത്തിൽ തന്നെ ഉടക്കി നിൽക്കാതെ എന്റെ കുഞ്ഞിനെ എങ്ങനെ എംപവർ ചെയ്യാം എന്നവർ ചിന്തിച്ചു തുടങ്ങിയതാണ് ഏറ്റവും വലിയ വഴിത്തിരിവ്. എന്തും ചെയ്തു നോക്കൂ ഞങ്ങൾ ഒപ്പമുണ്ട് എന്നാണ് അവരുടെ രീതി. കോളേജിലെ എല്ലാ സുഹൃത്തുക്കളും അധ്യാപകരുമായും നല്ല അടുപ്പമുണ്ട്.

പ്രിലിംസ്‌ കഴിഞ്ഞ് എന്താ ചെയ്യേണ്ടത് എന്നറിയാതെ നിന്നപ്പോ എനിക്ക് പരിചയമുള്ള വിനീത് സർ ആണ് മോട്ടിവേഷൻ തന്നത്. അതുപോലെ പരിശീലനത്തിനൊന്നും പോയിരുന്നില്ലെങ്കിലും ഫോർച്യൂൺ അക്കാദമിയിലെ ഫാക്കൽറ്റിയിലുള്ള ചിലർ ഇന്റർവ്യൂവിന്റെ സമയത്ത് എന്നെ സഹായിച്ചിരുന്നു. അതൊക്ക വളരെ പോസിറ്റീവ് ആയൊരു പ്രചോദനം തന്നെയാണ്....

Tags:
  • Spotlight