ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ വർഗീയ ലഹള അധോലോക സംഘങ്ങളിൽ ഭിന്നിപ്പുണ്ടാക്കി. പ്രതികാരം ചെയ്യണമെന്നു ടൈഗർ മെമൻ ആവശ്യപ്പെട്ടു. വിശ്വസ്ഥന്റെ അഭിപ്രായത്തോടു ദാവൂദിന് എതിർപ്പുണ്ടായില്ല. 1993ലെ മുംബൈ സ്ഫോടനം, വർഗീയ കലാപം – രണ്ടും ആസൂത്രണം ചെയ്തു നടപ്പാക്കി.
ഇതു ഡി കമ്പനിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കി. ദാവൂദിന്റെ മറ്റൊരു വിശ്വസ്ഥനായ ഛോട്ടാ രാജൻ തുറന്നടിച്ചു. സാധു ഷെട്ടി, ജസ്പാൽ സിങ്, മോഹൻ കൊടിയൻ എന്നിവർ ഛോട്ടയെ സപ്പോർട്ട് ചെയ്തു. ഡി കമ്പനി രണ്ടായി പിളർന്നു. പിന്നീടുള്ള ദിനങ്ങളിൽ ചോരയിൽ കുതിർന്ന ഗ്യാങ്‌വാറുകൾക്ക് മുംബൈ നഗരം സാക്ഷ്യം വഹിച്ചു.
ഐഎസ്ഐയെ ശത്രുസ്ഥാനത്തു പ്രതിഷ്ഠിച്ച് ഛോട്ടാ രാജൻ ഹിന്ദുത്വ കാർഡ് ഇറക്കി. ‘ഹിന്ദു അധോലോകം’ സൃഷ്ടിക്കാൻ രാഷ്ട്രീയ മണ്ഡലങ്ങളിൽ സമ്മർദം ചെലുത്തി. രാജനുമായി സഖ്യത്തിലേർപ്പെടാൻ യുപിയിലെ ബബ്‌ലു ശ്രീവാസ്തവ തയാറായി. നേരത്തേ മുതൽ ഡി കമ്പനിയുടെ ശത്രുക്കളായ വിനോദ് കുമാർ ശർമ, അരുൺ ഗാവ്‍ലി ഗ്യാങ്ങുകൾ സാഹചര്യം മുതലെടുത്ത് ദാവൂദിനെതിരേ ആഞ്ഞടിച്ചു.
മുംബൈയിലെ അന്നത്തെ ലോക്കൽ ഗൂണ്ടാസംഘമായിരുന്ന അശ്വിൻ നായിക് ഗ്യാങ്ങിന്റെ സഹായത്തോടെ ദാവൂദ് തിരിച്ചടിച്ചു. പൊലീസിലും സംസ്ഥാന സർക്കാരിലുമുള്ള സ്വാധീനം പ്രയോജനപ്പെടുത്തി. ഗാവ്‌ലി ജയിലിലായി. പക്ഷേ, ഛോട്ടാ രാജനെ തടയാൻ അണ്ടർവേൾഡ് ഡോണിനു സാധിച്ചില്ല. ദാവൂദ് പണ്ടു ഛോട്ടാ രാജനെ വിശേഷിപ്പിച്ചിരുന്നത് ‘എന്റെ നവരത്നങ്ങളിലൊന്ന് ’ എന്നായിരുന്നു.
മുംബൈ അധോലോകം ഭരിക്കുന്ന ഡോക്ടർ! അയാളെ അന്വേഷിച്ച് വന്നവരെയെല്ലാം പിന്നെ കണ്ടത് ചരമ കോളത്തിൽ
ദാവൂദിന്റെ ഫിനാൻഷ്യറും വിശ്വസ്തനുമായിരുന്ന ശരത് ഷെട്ടിയെ ഛോട്ടാ രാജൻ സംഘം കൊലപ്പെടുത്തി. മാസ്റ്റർ മൈൻഡ് എന്നു ദാവൂദ് വിശേഷിപ്പിച്ചിരുന്ന ഷോയിബ് ഖാനും കൊല്ലപ്പെട്ടു. ഇവരുടെ വീഴ്ച ഡി കമ്പനിയുടെ ശിരസ്സിനേറ്റ കനത്ത അടിയായി. ഇതിനിടെ മുംബൈ സ്ഫോടനത്തിന്റെ അന്വേഷണം മുറുകി. ദാവൂദിന് മഹാനഗരത്തിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. ഷെയ്ഖ് സാഗർ ബിൻ അബ്ദുള്ള ഹമിൽ അൽഗസ്നി എന്നൊരാളുടെ സ്പോൺസർഷിപ്പിൽ ദാവൂദ് ഒരിക്കൽക്കൂടി ഗൾഫിലേക്ക് പറന്നു. ദുബായ് രാജകുടുംബവുമായി ബന്ധമുള്ളയാളാണ് വീസ സ്പോൺസർ ചെയ്തതെന്ന് ആരോപണം ഉണ്ടായി. ഇന്ത്യ – യുഎഇ ഉടമ്പടി പ്രകാരം കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള കരാർ ഉള്ളതിനാൽ ദാവൂദിന് ഗൾഫിൽ തുടരാനായില്ല. അയാൾ പാക്കിസ്ഥാനിലേക്കു കടന്നു.
ഭാര്യ, മകൻ, നാലു പെൺമക്കൾ എന്നിവരോടൊപ്പമാണ് ദാവൂദ് കറാച്ചിയിലെത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇളയമകൾ മലേറിയ ബാധിച്ച് മരിച്ചെന്നും വാർത്തയുണ്ടായി. ദാവൂദ് കുടുംബ ജീവിതത്തിലേക്കു തിരിഞ്ഞെന്നു കരുതിയവർക്കു തെറ്റി. കറാച്ചിയിൽ പുതിയൊരു അധോലോകം ഉദയം ചെയ്തെന്നും ദാവൂദ് ഇബ്രാഹിം എന്നാണ് തലവന്റെ പേരെന്നും പാക് മാധ്യമങ്ങൾ ലേഖനമെഴുതി. ജോലിയിൽ നിന്നു വിരമിച്ചവരും സർവീസിൽ തുടരുന്നവരുമായ ഐഎസ്ഐ ഉദ്യോഗസ്ഥരാണത്രേ ദാവൂദിനു സഹായം ചെയ്യുന്നത്. പ്രത്യുപകാരമായി പാക്കിസ്ഥാനു വേണ്ടി മുംബൈയിൽ ഡി കമ്പനി ചാരവൃത്തി ചെയ്യുന്നു.
ദാവൂദിന്റെ കഥ പറയുമ്പോൾ പാക് മാധ്യമങ്ങൾ എതിർവശത്ത് മറ്റൊരാളെ പ്രതിഷ്ഠിച്ചിരുന്നു. ലണ്ടനിലിരുന്ന് പാക്കിസ്ഥാനിലെ ‘മുത്താഹിത ക്വാമി മൂവ്മെന്റ് ’ എന്ന രാഷ്ട്രീയ പാർട്ടിയെ നിയന്ത്രിക്കുന്ന അൽത്താഫ് ഹുസൈൻ. പാക്കിസ്ഥാനിലെ ഗോത്രമേഖല മുതൽ പാക് പാർലമെന്റിൽ വരെ സ്വാധീനമുള്ള വ്യക്തിയാണ് അൽത്താഫ്. കള്ളപ്പണക്കേസിൽ നടപടിയെ തുടർന്ന് പാക്കിസ്ഥാനിൽ നിന്നു ലണ്ടനിലേക്കു കടന്ന അൽത്താഫ് അവിടെയിരുന്ന് പാക്കിസ്ഥാനിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ നിയന്ത്രിക്കുന്നു. ‘ഓൾഡ് ഇന്ത്യൻ ഡോൺ’ പാക്കിസ്ഥാനിൽ ശക്തി പ്രകടനം നടത്തുന്നത് അൽത്താഫിനെ ചൊടിപ്പിച്ചുവത്രേ. മാത്രമല്ല, കരിംലാലയെ പോലെ പാക്കിസ്ഥാനിലെ ബിസിനസ് തർക്കങ്ങളിൽ ദാവൂദ് ഒത്തു തീർപ്പുകാരനായി എത്തിയത് അൽത്താഫിനു സഹിച്ചില്ലെന്ന് റിപ്പോർട്ടിന്റെ ക്ലൈമാക്സ്.
ചോർത്തിക്കിട്ടിയ വാർത്തകൾ പാക് മാധ്യമങ്ങൾ ഈ വിധം പൊലിപ്പിച്ചതിനിടെയാണ് ദാവൂദ് കറാച്ചിയിലുണ്ടെന്നു പാക് അധികൃതർ സമ്മതിച്ചത്. തൊട്ടു പിന്നാലെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ഡി കമ്പനി ബോംബെ നഗരത്തെ വിറപ്പിച്ചിരുന്ന എൺപതുകളിൽ ദാവൂദിന്റെ വാക്കുകളെന്നു പറഞ്ഞ് അന്തിപ്പത്രങ്ങൾ അച്ചടിച്ചു നിരത്തിയത് ഈ സാഹചര്യവുമായി കൂട്ടി വായിക്കപ്പെട്ടു: ‘‘ഒരാളുടെ കൂറു സമ്പാദിച്ച് വിശ്വാസം നേടിയെടുക്കൽ, അതാണ് ഭൂമിയിൽ ബുദ്ധിമുട്ടേറിയ ദൗത്യം.’’
(ഒരിക്കൽപ്പോലും പൊലീസിന്റെ വലയിൽ കുരുങ്ങാതെ ദാവൂദ് ഇബ്രാഹിം ഒളിസങ്കേതത്തിൽ തുടരുന്നു. ലോകത്തിന്റെ പല കോണുകളിൽ നിന്ന് അയാളുടെ ലിങ്കുകളെ കുറിച്ച് പുതിയ കഥകൾ പുറത്തു വരുന്നു. ഭീകരബന്ധത്തിന്റെ തെളിവു നിരത്തി ദാവൂദിനെ പിടികൂടാൻ അമേരിക്ക നീക്കം തുടരുന്നു. – പരമ്പര അവസാനിച്ചു)