Thursday 16 November 2023 04:35 PM IST : By സ്വന്തം ലേഖകൻ

കൊച്ചിയിലെ കന്യാസ്ത്രീ മഠത്തിൽ ജോലി, രോഗിയായ ഭർത്താവ് വീട്ടിൽ തനിച്ച്; ഉമ്മൻചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ സതിയമ്മയുടെ ജീവിതം ഇങ്ങനെ..

sathiyamma-job778

കോട്ടയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് ചാനൽ ക്യാമറയ്ക്കു മുന്നിൽ ഉമ്മൻചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞതിനു താൽക്കാലിക ജോലിയിൽ നിന്നു പുറത്താക്കപ്പെട്ട സതിയമ്മ നിത്യവൃത്തിക്കായി എറണാകുളത്ത് ഒരു കന്യാസ്ത്രീ മഠത്തിൽ ജോലിക്കു പോകുന്നു. മാസത്തിലൊരിക്കലാണു വീട്ടിലെത്തുന്നത്. രോഗിയായ ഭർത്താവ് രാധാകൃഷ്ണൻ വീട്ടിൽ തനിച്ചാണ്. കുടുംബം പുലർത്താനും ചികിത്സാ ചെലവുകൾക്കുമായാണ് വീട്ടിൽ നിന്ന് അകലെയുള്ള സ്ഥലത്തെ ജോലി സ്വീകരിച്ചത്.

കൈതേപ്പാലം മൃഗാശുപത്രിയിൽ 11 വർഷം സ്വീപ്പറായിരുന്നു പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ.സതിയമ്മ (52). 8,000 രൂപയായിരുന്നു മാസവേതനം. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ പങ്കെടുത്തതും സതിയമ്മ ചാനൽ ക്യാമറകൾക്കു മുന്നിൽ പറഞ്ഞിരുന്നു. ചാണ്ടി ഉമ്മനു വോട്ട് ചെയ്യുമെന്നും പറഞ്ഞിരുന്നു. ചാനൽ ഇതു സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് സതിയമ്മയെ പിരിച്ചുവിട്ടത്.

മറ്റൊരാളിന്റെ പേരിൽ ജോലി ചെയ്തതായി കാണിച്ച് ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈസ്റ്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ നിന്നു സതിയമ്മയ്ക്കു ജാമ്യം ലഭിച്ചിരുന്നു.

Tags:
  • Spotlight