Wednesday 27 March 2024 02:15 PM IST

gregrtyhrtju

Asha Thomas

Senior Sub Editor, Manorama Arogyam

arathy34

ഒരു ബൈക്ക് അപകടത്തിൽ പരുക്കുപറ്റി ആശുപത്രിയിലെത്തിയ ആരതിയോട് ഡോക്ടർ പറഞ്ഞത് നട്ടെല്ലിനു ഗുരുതരമായ പരുക്കുണ്ട്. ശരീരം തളർന്നുപോയേക്കാം– വേഗം മെഡി. കോളജിലേക്കു കൊണ്ടുപൊയ്ക്കോളൂ എന്നാണ്. നട്ടെല്ലിനു ബെൽറ്റിട്ട് അനങ്ങാതെ മാസങ്ങൾ കിടന്നശേഷം വീട്ടിലേക്കു പോയപ്പോഴും ഡോക്ടർ കർശനമായി പറഞ്ഞു– രണ്ടു വർഷത്തേക്ക് കനപ്പെട്ട പണിയൊന്നും ചെയ്യരുത്. ഒരു ബക്കറ്റ് വെള്ളം പോലും എടുത്തുയർത്തരുത് എന്ന്. നിസ്സഹായമായ ആ കിടപ്പിൽ നിന്ന് പുഷ്പം പോലെ ഭാരം ഉയർത്തി മസിൽ പെരുപ്പിച്ച് നിൽക്കുന്ന സോഷ്യൽ മീഡിയ വൈറൽ സ്റ്റാർ ആയ ബോഡി ബിൽഡർ ആരതി കൃഷ്ണയിലേക്കുള്ള യാത്ര ഒരു ത്രില്ലർ സിനിമയെ പോലും വെല്ലുന്നത്ര ട്വിസ്റ്റുകൾ നിറഞ്ഞതാണ്.

പത്തനംതിട്ട അടൂരിനടുത്ത് കൈതപ്പറമ്പാണ് ആരതിയുട നാട്. അമ്മ വസന്തകുമാരി അഗ്രികൾച്ചർ കോ. ഒാപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥ. അച്ഛൻ ബാലകൃഷ്ണപിള്ള കെഎസ്ആർടിസി ഡ്രൈവർ. ബൈക്കോടിക്കലിൽ ഹരം മൂത്ത് അച്ഛൻ അറിയാതെ ബൈക്കിൽ നാടുചുറ്റുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരം മെഡി. കോളജിൽ ബൽറ്റിട്ടു മാസങ്ങളോളം കിടന്നു. പണ്ടുമുതലേ അച്ഛൻ മിണ്ടാറില്ല. അപകടം കൂടി സംഭവിച്ചതോടെ കുറ്റപ്പെടുത്തലുകളും വഴക്കും കൂടുതലായി. അമ്മയായിരുന്നു ആകെയുള്ള പിന്തുണ.

അപകടം പറ്റുന്നതിനു മുൻപു തന്നെ നട്ടെല്ലിലെ ഡിസ്കുകൾ തള്ളുന്നതിന് പത്തനംതിട്ടയിലെ ഡോ. ബിനോയിയുടെ കീഴിൽ ചികിത്സയിലായിരുന്നു. മെഡി. കോളജിലായിരുന്ന സമയത്ത് ഡോ. ബിനോയിക്ക് റിപ്പോർട്ടുകളെല്ലാം മെസേജ് അയച്ചു കൊടുത്തു. അതുകണ്ട് ഡോക്ടർ കാണാൻ വന്നു. വെറുതെ ബെൽറ്റിട്ടു കിടക്കാതെ നട്ടെല്ലിനു ബലം കൊടുക്കാനുള്ള വ്യായാമങ്ങൾ ചെയ്യാൻ ഡോക്ടറാണ് നിർദേശിച്ചത്.

ഫിറ്റ്നസ് ട്രെയിനിങ് ഹരമാകുന്നു

മെഡി. കോളജിൽ നിന്നു ഡിസ്ചാർജ് ആയപ്പോൾ ഡോക്ടറുടെ അടുത്തുപോയി ഫിസിയോതെറപ്പി ആരംഭിച്ചു. കനപ്പെട്ട വ്യായാമങ്ങൾ ചെയ്യരുത് എന്നാണല്ലൊ പറഞ്ഞത്. പണ്ടുമുതലേ ചെയ്യരുത് എന്നു പറയുന്ന കാര്യങ്ങളെല്ലാം ഒന്നു പരീക്ഷിച്ചു നോക്കുന്നതാണ് ആരതിയുടെ സ്വഭാവം. അതുകൊണ്ട് ഫിസിയോതെറപ്പിയുടെ ഭാഗമായി നിർദേശിച്ച വർക് ഔട്ടുകൾക്കൊപ്പം സ്വന്തമായി ചില വ്യായാമങ്ങൾ കൂടി ചെയ്തുതുടങ്ങി. യു ട്യൂബിൽ നോക്കിയാണ് ആ വ്യായാമങ്ങളൊക്കെ പഠിച്ചത്.

കിണറ്റിലെ വെള്ളം കോരുന്ന കപ്പിയും അച്ഛന്റെ റബർ കടയിൽ ഭാരം തൂക്കുന്ന കട്ടിയും വച്ച് വെയിറ്റ് ലിഫ്റ്റിങ്ങും ചെയ്തു. കട്ടിയുടെ ഭാരം പോരാ എന്നായപ്പോൾ ജിമ്മിൽ ചേർന്നു. ആരതിക്ക് ബോഡി ബിൽഡിങ് വെറും തോന്നലായിരുന്നില്ല . ഒരു ഹരമായിരുന്നു. പക്ഷേ, വീട്ടിൽ മറ്റാർക്കും അത് ഉൾക്കൊള്ളാനായില്ല. അന്നൊക്കെ ദിവസം മുഴുവൻ ജിം വർക് ഔട്ട് എന്നതായിരുന്നു അവസ്ഥ. എട്ടു മണിക്കൂർ വരെ വർക് ഔട്ട് നീളും. 2021 മുതൽ പൂർണമായും ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിച്ചു തുടങ്ങി. 

സാമ്പത്തികമായും മാനസികമായും പിന്തുണയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലും ഒട്ടേറെ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കി ആരതി. 2022 ൽ ബിബിഎകെ മിസ് പത്തനംതിട്ട ( സ്പോർട്സ് ഫിസിക്ക് ) ആയിരുന്നു. അതേവർഷം തന്നെ ബിബിഎകെ മിസ് കേരള മത്സരത്തിൽ മോഡൽ ഫ്ിസിക്ക് റണ്ണർ അപ് ആയി. 2022 ൽ എൻപിസി സംഘടിപ്പിച്ച മിസ് കേരള മത്സരത്തിൽ (ബിക്കിനി വിഭാഗം) പങ്കെടുത്തു വിജയിച്ചു. 2023 ൽ മിസ് തൃശൂർ (ബോഡിബിൽഡിങ് ) ആയി.

2023 ലാണ് ആരതിയുടെ ഒരു വർക് ഔട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അവിടുന്നങ്ങോട്ട് ആരതി എന്ന ബോഡിബിൽഡറുടെ സുവർണനാളുകളായിരുന്നു. ഉത്ഘാടനങ്ങൾ, പരസ്യചിത്രീകരണം, ആഘോഷങ്ങളിൽ അതിഥിയായി പങ്കെടുക്കൽ...

arathy34324

കരുത്തുറ്റ ശരീരത്തിനുള്ള ഡയറ്റ് ഇങ്ങനെ

ലക്ഷ്യത്തിന് അനുസരിച്ച് ശരീരം പെരുപ്പിക്കണം എങ്കിൽ കൃത്യമായ ഡയറ്റ് ഫൂഡ് തന്നെ കഴിക്കണം എന്നു പറയുന്നു ആരതി. പരിശീലനത്തിന്റെ സമയത്ത് ഒരു ദിവസം ഏഴു മീലോളം കഴിക്കും. രാവിലെ പ്രോട്ടീൻ. പിന്നെ ഒാട്സ്, ആറു മുട്ട, പീനട്ട് ബട്ടർ, മാതളം. പിന്നെ വേയ് പ്രോട്ടീൻ (പാലിൽ നിന്നുണ്ടാക്കുന്ന ഒരു പ്രോട്ടീൻ), മധുരക്കിഴങ്ങ്. ഒരുനേരം 100 ഗ്രാം ചോറും 200 ഗ്രാം ചിക്കനും പച്ചക്കറികളും. വർക് ഔട്ടിനു ശേഷം വേയ് പ്രോട്ടീൻ കഴിക്കും. പിന്നീട് ചിക്കൻ, വെജിറ്റബിൾ സലാഡ്, പൈനാപ്പിൾ.

മത്സരം അടുക്കാറാകുമ്പോഴേക്കും കാർബോഹൈഡ്രേറ്റ് ഭക്ഷണം കുറശ്ശേ ഒഴിവാക്കും. മത്സരത്തിനടുത്തുള്ള ആഴ്ച പൂർണമായും കാർബോഹൈഡ്രേറ്ര് ഒഴിവാക്കും. സോഡിയവും ഒഴിവാക്കണം. അതുകൊണ്ട് മുട്ടയും ഉപ്പും കുറയ്ക്കും.

വെള്ളത്തിന്റെ അളവും കുറയ്ക്കും. മത്സരത്തിനു 36 മണിക്കൂർ മുതൽ വെള്ളം തൊടില്ല. മത്സരത്തിന്റെ തലേന്നു രാത്രി തൊട്ട് കാർബോഹൈഡ്രേറ്റ് കഴിച്ചുതുടങ്ങും. എളുപ്പം ദഹിക്കുന്ന സിംപിൾ കാർബോഹൈഡ്രേറ്റ് ആണു കഴിക്കുക. എന്നിട്ടു പ്രോട്ടീൻ കുറയ്ക്കും. കാർബോഹൈഡ്രേറ്റ് കൂടുതൽ കഴിക്കും. ഇത്രനാളും കാർബ് കി്ട്ടാതെ കൊതിച്ചിരിക്കുന്ന ശരീരത്തിലേക്ക് കാർബോഹൈഡ്രേറ്റ് എത്തുമ്പോൾ ശരീരം അതിനെ പെട്ടെന്നു സ്വീകരിക്കും. ഇങ്ങനെ കാർബ് കഴിച്ചിട്ട് പുഷ് അപ്പും ഡംബൽ എക്സർസൈസും ഒക്കെ ചെയ്യുമ്പോൾ പേശികൾ തെളിഞ്ഞുവരും. കയ്യിലെയും മറ്റും ഒാരോ ഫൈബറായി തെളിമയോടെ ദൃശ്യമാകും.

ബോഡിബിൽഡിങ് ടഫ് ആണ്

കഠിനമായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് ആരതി. ‘‘ നാഷനൽ ലെവലിലുള്ള മത്സരങ്ങളിൽ പങ്കെടുത്തു വിജയിക്കണമെങ്കിൽ കൃത്യമായ പരിശീലനം വേണം. നല്ല രീതിയിൽ ഡയറ്റ് നോക്കണം. അതിനു നല്ല പരിശീലകർ വേണം. മത്സരത്തിന്റെ ഒാരോ ഘട്ടത്തിലും അനുയോജ്യമായ വേഷം വേണം. ഇതെല്ലാം പണച്ചെലവുള്ള കാര്യങ്ങളാണ്. നല്ലൊരു സ്പോൺസറെ കിട്ടിയാൽ ഇതെല്ലാം മാനേജ് ചെയ്തുപോകാം. പക്ഷേ, സ്പോൺസറെ കണ്ടുപിടിക്കുക പ്രയാസകരമാണ്.

പ്രത്യേകിച്ച്, സ്ത്രീകൾക്ക് ഈ ഫീൽഡിൽ പിടിച്ചുനിൽക്കാൻ നല്ല ബുദ്ധിമുട്ടാണ്. ചൂഷണത്തിനുള്ള സാധ്യതകൾ ഈ മേഖലയിൽ ഏറെയാണ്. നമ്മൾ ഒരു ശിൽപം കൊത്തിയെടുക്കുംപോലെ ശരീരത്തെ രൂപപ്പെടുത്തി കൊണ്ടുവരുന്നു. അതിനെയാണ് ഒരു സ്േറ്റജിൽ പ്രദർശിപ്പിക്കുന്നത്. അതു നമുക്കൊരു സൗന്ദര്യാനുഭവമാണ്. പക്ഷേ, മറ്റുള്ളവർ അതിനെ ലൈംഗികതയുടെ ഒരു കോണിലൂടെയാകും കാണുന്നത്. ഇവൾക്ക് ഇത്രയും പേരുടെ മുൻപിൽ ശരീരം പ്രദർശിപ്പിക്കാമെങ്കിൽ പിന്നെ എന്താ അഡ്ജസ്റ്റ്മെന്റിനു തയാറായാൽ എന്നാണു പലരുടെയും ചിന്ത.

arathy333

ആണായി മാറുമോ?

പെൺകുട്ടികൾ ബോഡിബിൽഡിങ്ങിലേക്കു പോയാൽ ആണിനെ പോലെയാകും എന്നൊക്കെ തെറ്റിധാരണകളുണ്ട്. ശരിയായ രീതിയിൽ പരിശീലനം നടത്തിയാൽ അങ്ങനെയൊരു പ്രശ്നമില്ല. പക്ഷേ, ആരുടെയടുത്തു പരിശീലനം നടത്തുന്നു എന്നതു പ്രധാനമാണ്. പലർക്കും പെൺകുട്ടികളെ ബോഡിബിൽഡിങ് ചെയ്യിപ്പിക്കാനറിയില്ല. വർക് ഔട്ട് രീതി തന്നെ പുരുഷനിലും സ്ത്രീയിലും വ്യത്യസ്തമാണ്. അതു മനസ്സിലാക്കാതെ പേശീഭാരം കൂട്ടാനും ശക്തി വർധിപ്പിക്കാനും ടെസ്േറ്റാസ്റ്റിറോൺ ഹോർമോൺ കഴിപ്പിക്കാൻ ചിലർ ശ്രമിക്കും.

ഞാൻ ഇന്നേവരെ ടെസ്േറ്റാസ്റ്റിറോൺ എടുത്തിട്ടില്ല. ടെസ്േറ്റാസ്റ്റിറോൺ എടുത്താൽ ശരീരം മസ്കുലർ ആവും. സ്ത്രൈണത കുറയും. ശരീരത്തിൽ പുരുഷന്മാരുടേതിനു സമാനമായ ചില മാറ്റങ്ങൾ വരും. ഇതൊന്നും തിരുത്താനാകില്ല പിന്നീട്. വലിയ മത്സരങ്ങളിലൊക്കെ പങ്കെടുക്കുമ്പോൾ ഹോർമോൺ എടുത്തിട്ടുണ്ടോ എന്നൊന്നും അവിടെയാരും ചോദിക്കാറില്ല. നമ്മുടെ ശരീരം എങ്ങനെയാണ് എന്നേ നോക്കുകയുള്ളൂ. അതുകൊണ്ട് കൂടുതൽ മസിൽ മാസിനു വേണ്ടി ചിലർ ഹോർമോൺ കഴിക്കാറുണ്ട്.

ഇങ്ങനെ സപ്ലിമെന്റു കഴിക്കുന്നവരിൽ ടെസ്േറ്റാസ്റ്റിറോൺ അളവു കൂടുന്നതുകൊണ്ട് സ്ത്രൈണ ഭാവങ്ങളൊക്കെ മാറിക്കൊണ്ടിരിക്കും. ഹോർമോൺ അസന്തുലിതാവസ്ഥ പോലെ ഒട്ടേറെ പ്രശ്നങ്ങൾ വരാം. ശരീരത്തിൽ രോമവളർച്ച വർധിക്കും. ആർത്തവം വരാതിരിക്കാം. ആർത്തവസമയത്ത് വൈകാരികമായി ഒട്ടേറെ പ്രശ്നങ്ങൾ വരും. വിഷാദം പോലുള്ളവ കൂടുതലായി അനുഭവപ്പെടാം.

ബോഡിബിൽഡേഴ്സിന് ആവശ്യമായ ചില ബൂസ്റ്ററുകളുണ്ട്– സപ്ലിമെന്റുകൾ. ചില പോഷകങ്ങൾ സ്വാഭാവികമായി തന്നെ നമ്മുടെ ശരീരം നിർമിക്കുന്നുണ്ട്. പക്ഷേ, ബോഡിബിൽഡിങ് ചെയ്യുന്നവരിൽ ആ അളവിൽ ലഭിച്ചാൽ പോരാ. പുറത്തുനിന്നു സപ്ലിമെന്റു ചെയ്യണം. ഉദാഹരണത്തിന്, നല്ല രീതിയിൽ വർക് ഔട്ട് ചെയ്യുന്നതുകൊണ്ട് സന്ധികൾക്കു പ്രശ്നം വരാം. അതു കുറയ്ക്കാൻ ഗ്ലൂക്കോസമീൻ പോലുള്ള സപ്ലിമെന്റുകൾ വേണ്ടിവരും. നല്ല കൊഴുപ്പു വേണം–അതിനു ഫിഷ് ഒായിൽ കഴിക്കും. പ്രോട്ടീൻ പൗഡറും വൈറ്റമിൻ ഡി സപ്ലിമെന്റും എടുക്കും. പ്രോട്ടീനൊക്കെ വലിയ അളവിൽ കഴിക്കുന്നതുകൊണ്ട് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ ഡൈജസ്റ്റീവ് എൻസൈമുകൾ കഴിക്കും. അശ്വഗന്ധ, ശിലാജിത് പോലുള്ള നാച്ചുറൽ ഹെർബ്സ് കഴിക്കാറുണ്ട്.

പരുക്കുകൾ പുത്തരിയല്ല

പരിശീലനത്തിനിടയിൽ പരുക്കുകൾ പുത്തരിയല്ല. ഡോക്ടറെ കാണാൻ പോയാൽ വിശ്രമം എടുക്കാൻ പറയും. അതുകൊണ്ട് വേദന സഹിച്ചു പരിശീലനം ചെയ്യും. വേദന അസഹ്യമാകുമ്പോൾ മാത്രം പൂർണവിശ്രമം എടുക്കാതെ വേദനയുള്ള ഭാഗത്തിനു വിശ്രമം നൽകി മറ്റു ഭാഗങ്ങൾക്കു വ്യായാമം ചെയ്യും. പിന്നെ റീഹാബ് വ്യായാമങ്ങൾ ചെയ്യും. വർക് ഔട്ട് തുടങ്ങും മുൻപേ തോളിനൊക്കെ റീഹാബ് വ്യായാമം ചെയ്യും. ’’

സ്വപ്നത്തിലേക്ക് നടന്നുകയറി

നിലവിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല. ഗോഡ്ഫാദർമാരില്ലാതെ ഈ ഫീൽഡിൽ മുന്നോട്ടുപോകാൻ പ്രയാസമാണ്. വളരെയേറെ കഷ്ടപ്പെട്ട് പരിശീലിച്ച് ഡയറ്റും നോക്കി നല്ലൊരു തുക ചെലവാക്കി മത്സരത്തിൽ പങ്കെടുത്തു വിജയിച്ചാൽ കിട്ടുന്ന സമ്മാനത്തുക കൂടിപ്പോയാൽ 5000 രൂപയാണ്. തന്നെയുമല്ല, മറ്റുള്ള ബോഡിബിൽഡേഴ്സിൽ നിന്നും എന്നെ വ്യത്യസ്തയാക്കുന്നത് എന്റെ സ്ത്രൈണതയുള്ള ലുക്ക് ആണ്. കൂടുതൽ കഠിനമായ ബോഡിബിൽഡിങ് പരിശീലനത്തിലേക്കു പോയി അതില്ലാതെയാക്കാൻ താൽപര്യമില്ല.

ഇപ്പോഴുള്ള ശരീരഭാരം അങ്ങനെ തന്നെ നിലനിർത്തിപോകുന്നു. പ്രോട്ടീൻ ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. പക്ഷേ, വേയ് പ്രോട്ടീനിന്റെ അളവു കുറച്ചു. സാധാരണ ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നുണ്ട്. ആരോഗ്യകരമായ ഫാറ്റ് ശരീരത്തിലുണ്ടെങ്കിലേ സ്ത്രീയുടേതായ ജൈവധർമങ്ങളൊക്കെ സാധ്യമാകൂ. അതുകൊണ്ട് അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നു. ‘‘ആരതി പറയുന്നു.

‘‘ഒരു ബക്കറ്റ് വെള്ളം പോലും ഉയർത്തരുതെന്നു താക്കീതു തന്ന  ഡോക്ടർ എന്റെ ബോഡിബിൽഡിങ് വിഡിയോ കണ്ടിട്ട് മെസേജ് അയച്ചു– ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ എന്ന്. സഹായം തേടിചെന്ന അവസരങ്ങളിൽ പരിഗണിക്കാതിരുന്നവരേക്കാൾ ഉയരങ്ങളിലെത്തി. എന്റെ നേട്ടങ്ങളിൽ ഇന്ന് അച്ഛനും അമ്മയും സഹോദരിയും അഭിമാനിക്കുന്നു. ഇതിൽ കൂടുതലേന്തു വേണം...?’ ’ ആരതിയുടെ കണ്ണിൽ അഭിമാനത്തിളക്കം.