Saturday 20 August 2022 10:57 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ XXL സൈസ് L ആക്കണോ?, ഒരാഴ്ചയ്ക്കുള്ളിൽ വണ്ണം കുറയണോ?’: അബദ്ധത്തിൽ ചാടും മുമ്പ് അറിയണം ഇക്കാര്യങ്ങൾ

mistake-weight-loss

ഒരാഴ്ചയ്ക്കുള്ളിൽ വണ്ണം കുറയണോ ഈ ജ്യൂസ് കുടിച്ചാൽ മതി.’

‘നിങ്ങളുടെ XXL സൈസ് L ആക്കണോ? യെസ് എന്നു ടൈപ്പു ചെയ്യൂ, കോഴ്സ് അയയ്ക്കാം.’

‘ഈ അഞ്ചു വ്യായാമങ്ങൾ ഒരു മാസം ചെയ്താൽ മതി വയർ ഇല്ലാതെയാകും.’

സോഷ്യൽമീഡിയയിലെ ഇത്തരം മോഹന വാഗ്ദാനങ്ങൾ കണ്ടിട്ടില്ലേ. നമ്മുടെ പ്രായോഗിക ബുദ്ധിയെ ഒരു നിമിഷം ഇല്ലാതാക്കിക്കളയും ഇത്. പരസ്യവാചകങ്ങൾക്കൊപ്പം അമിതവണ്ണമുള്ളയാൾ മെലിഞ്ഞതിന്റെ ഫോട്ടോയും ഉണ്ടാകും.

ഇത്തരം പ്രലോഭനങ്ങളിൽ അകപ്പെട്ടും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്താലും പലരും തടി കുറയ്ക്കാനുള്ള അശാസ്ത്രീയ മരുന്നുകൾ കഴിക്കാറുണ്ട്. പെട്ടെന്നൊരു ദിവസം കഠിന വ്യായാമം ചെയ്തു തുടങ്ങുക, ശരിയല്ലാത്ത ഡയറ്റ് പിന്തുടരുക. ഇങ്ങനെ കണ്ണുംപൂട്ടിയുള്ള അമിതാവേശം ആരോഗ്യത്തെ ഇല്ലാതാക്കിക്കളയാം.

നമ്മൾ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കണക്കുകൾ ഉ ണ്ട്. ആഗോള മരണനിരക്കിന്റെ പ്രധാനകാരണങ്ങളിൽ അ ഞ്ചാം സ്ഥാനം അമിതവണ്ണത്തിനാണ്. ലോകത്താകമാനം അഞ്ചു വയസ്സിൽ താഴെയുള്ള നാല് കോടി കുട്ടികൾ അമിതവണ്ണമുള്ളവരാണ്. കേരളമുൾപ്പെടുന്ന ചില സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ അമിതവണ്ണക്കാരിൽ കൂടുതൽ സ്ത്രീകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കേണ്ടത് ആരോഗ്യസംരക്ഷണത്തിന് ഒഴിവാക്കാനാകാത്ത കാര്യമാണ്.

എന്തുകൊണ്ട് അമിതവണ്ണം?

∙ അമിതവണ്ണത്തിന് പ്രായഭേദമില്ലെങ്കിലും പുരുഷന്മാർക്ക് 29 വയസ്സിനും 35 വയസ്സിനുമിടയിലും സ്ത്രീകൾക്ക് 45നും 49 വയസ്സിനും ഇടയിലാണ് ശരീരഭാരം വർധിക്കുന്നത്. ആർത്താവാരംഭം, ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം ഇവ സ്ത്രീകളിൽ ശരീരഭാരം വർധിപ്പിക്കാം.

∙ ഇരുന്ന് ജോലി ചെയ്യുക, വ്യായാമമില്ലായ്മ, തെറ്റായ ഭ ക്ഷണക്രമം, ഊർജം കൂടുതലുള്ള ഭക്ഷണം അമിതമാകുക, പായ്ക്കറ്റ് ഭക്ഷണം, കൃത്രിമ ശീതളപാനീയങ്ങൾ എന്നിവ അമിതമാകുക ഇവ അപകടമാണ്.

∙ ഉത്കണ്ഠ, വിഷാദം, നിരാശ തുടങ്ങിയ വൈകാരിക അ സ്വസ്ഥതകളുള്ളവർ അമിതമായി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകാം. അമിതമായി ഭക്ഷണം കുട്ടികൾക്ക് കൊടുത്തു ശീലിപ്പിക്കുന്നത് ഗുണത്തേക്കാളേറേ ദോഷമാണ് വരുത്തി വയ്ക്കുന്നത്.

∙ അപസ്മാരത്തിനും രക്താതിമർദത്തിനും മറ്റും കഴിക്കുന്ന ചില മരുന്നുകൾ, സ്റ്റിറോയിഡുകളുടെ ദീർഘകാല ഉപയോഗം എന്നിവ അമിതവണ്ണത്തിനു കാരണമാകാം. കുഷിങ് സിൻഡ്രം, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം, ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയ വ്യാധികളും അമിതവണ്ണത്തിനു കാരണമാകുന്നുണ്ട്.

∙ മാതാപിതാക്കളിൽ ഒരാൾക്ക് അമിതവണ്ണമുണ്ടെങ്കിൽ അവരുടെ കുട്ടികളിൽ 50 ശതമാനം പേർക്കും അമിതവണ്ണമുണ്ടാകാം. രണ്ടുപേരും അമിതവണ്ണമുള്ളവരാണെങ്കിൽ 80 ശതമാനം സാധ്യതയുണ്ട്.

ഉണ്ടാകാം ഈ പ്രശ്നങ്ങൾ

അമിതവണ്ണമുള്ളവർക്ക് രക്തത്തിലെ കോർട്ടിസോളിന്റെയും ഇൻസുലിന്റെയും അളവ് കൂടിയും ഗ്രോത് ഹോർമോണിന്റെ അളവ് കുറഞ്ഞുമിരിക്കും. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ, പിത്തസഞ്ചിയുമായി ബ ന്ധപ്പെട്ട രോഗങ്ങൾ, കൊളസ്ട്രോൾ, ഗൗട്ട്, ഉറക്കത്തിൽ ശ്വാസതടസ്സം, ചില കാൻസറുകൾ എന്നിവ അമിതവണ്ണം മൂലം ഉണ്ടാകാവുന്ന സങ്കീർണതകളാണ്.

ഉദരഭാഗത്ത് കൊഴുപ്പടി‍ഞ്ഞ് ഉണ്ടാകുന്ന അമിതവണ്ണത്തെ ആൻഡ്രോയ്ഡ് തരമെന്നും (Apple shaped Obesity) ഇടുപ്പിലും തുടകളിലും നിതംബഭാഗത്തും അമിതമായി കൊഴുപ്പടിഞ്ഞുണ്ടാകുന്നതിനെ ഗൈനോയ്ഡ് തരമെന്നു (Pear shaped Obesity) മാണ് വിളിക്കുന്നത്. ആൻഡ്രോയ്ഡ് തരക്കാർക്കാണ് സങ്കീർണത കൂടുതൽ ഉണ്ടാകുന്നത്.

അമിതവണ്ണം ആയുർവേദത്തിൽ

ആരോഗ്യം നിലനിൽക്കുന്നത് വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനം മൂലമാണെന്ന് ആയുർവേദം പറയുന്നു. അമിതവണ്ണത്തിലാകട്ടെ ഈ മൂന്നിന്റെ ഗുണങ്ങൾക്കും കേടു (ദുഷ്ടി) സംഭവിക്കുന്നു.

അമിതവണ്ണത്തിനൊപ്പം ആലസ്യം, അമിതമായ ഉറക്കം എന്നിവ കഫദോഷത്തെ സൂചിപ്പിക്കുന്നു. അമിതമായ വിശപ്പ്, ദാഹം, വിയർപ്പിന്റെ ആധിക്യം, ശരീരത്തിന് ദുർഗന്ധം എന്നിവയാണ് ഉള്ളതെങ്കിൽ പിത്തദോഷലക്ഷണങ്ങളാണ്. ഭക്ഷണം ദഹിക്കാൻ ശരീരം തന്നെ ഉൽപാദിപ്പിക്കുന്ന ചൂട് (ജഠരാഗ്നി) കൂടിയും കുറ‍ഞ്ഞുമിരിക്കുക,ശരീരാവയവങ്ങളിൽ ക്രമാതീതമായി കൊഴുപ്പടിയുക എന്നീ ലക്ഷണങ്ങൾ വാതദോഷത്തിന്റേതാണ്.

രോഗകാരണങ്ങളെ പ്രതിരോധിക്കുന്നതും ചികിത്സയുടെ ഭാഗം തന്നെയാണ്. കടു, തിക്ത, കഷായ രസപ്രധാനമായ ആഹാരങ്ങൾ ശീലിക്കുന്നതാണ് അമിതവണ്ണക്കാർക്ക് നല്ലത്. പാവയ്ക്ക, ചുരയ്ക്ക, പടവലം, കുമ്പളങ്ങ, വഴുതനങ്ങ, മുരിങ്ങ, കാബേജ്, കോളിഫ്‌ളവർ, ചെറുപയർ, മുതിര,കുരുമുളക്, തിപ്പലി, മുളയരി, വരക്, ചോളം, യവം, മലർ, നെല്ലിക്ക, ആട്ടിൻപാൽ എന്നിവ കഴിക്കുന്നത് വണ്ണം കുറയ്ക്കും. ചുക്കും മല്ലിയും ഇട്ട് തിളപ്പിച്ചതോ, കരിങ്ങാലിയും വേങ്ങയുമിട്ട് തിളപ്പിച്ചതോ ആയ ഇളം ചൂടുവെള്ളം കുടിക്കാൻ ഉപയോഗിക്കാം

അമിതവണ്ണം പരിഹരിക്കാൻ പഞ്ചകർമ ചികിത്സയാണ് ആയുർവേദം പറയുന്നത്. ഔഷധപൊടികൾ ശരീരത്തി ൽ തേച്ചു പിടിപ്പിച്ചു തിരുമ്മുന്ന ഉദ്വർത്തന ചികിത്സ, വയറിളക്കുക, ഛർദിപ്പിക്കുക, രക്തമോക്ഷം, നസ്യം എന്നിവയെല്ലാം പഞ്ചകർമങ്ങളാണ്.

യവലോഹചൂർണം, വോഷാദിഗുഗ്ഗലു,വിളംഗാദി ചൂർണം, ഖദിരാരിഷ്ടം തുടങ്ങിയവ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകളാണ്. എന്നാൽ ഇതൊക്കെയും വൈദ്യനിർദേശപ്രകാരം മാത്രം സേവിക്കേണ്ടവയാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. വിനുരാജ് എസ്.അസോഷ്യേറ്റ് ‌പ്രഫസർ,
ഗവൺമെന്റ് ആയുർവേദ കോളജ്, കണ്ണൂർ

ഡോ. ആനി എ. പുളിക്കൽ
കൺസൽറ്റന്റ്
എൻഡോക്രൈനോളജിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ, കൊച്ചി