Friday 17 June 2022 04:33 PM IST : By സ്വന്തം ലേഖകൻ

തടികൊണ്ടുള്ള ഇരിപ്പിടവും രാസലായനികളും ചർമപ്രശ്നങ്ങളുണ്ടാക്കാം; കുട്ടികളുടെ പോട്ടി ട്രെയിനിങ്ങിൽ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

csed3 ഇൻസെറ്റിൽ ഡോ. സജികുമാർ ജെ.

കുട്ടികളുടെ ടോയ്‌ലറ്റ് പരിശീലനം ശൈശവത്തിലെ ഒരു വലിയ കാൽവെയ്പ്പാണ്. മാതാപിതാക്കൾ ധാരാളം സമയവും ക്ഷമയും ഇതിനുവേണ്ടി ചെലവഴിക്കേണ്ടിവരും. . ശരിയായി ടോയ്‌ലറ്റ് ശീലങ്ങൾ പരിശീലിക്കുന്നത് കുട്ടികളുടെ പ്രായത്തേക്കാൾ കൂടുതൽ അവരുടെ ശാരീരികവും മാനസികവും പെരുമാറ്റപരവുമായ വളർച്ചയെ ആശ്രയിച്ചിരിക്കുന്നു. പല കുട്ടികളും 18-നും 24-നും മാസം പ്രായത്തിൽ ടോയ്‌ലറ്റ് പരിശീലനത്തിന് തയ്യാറാകുമ്പോൽ ചില കുറുമ്പന്മാർ 3 വയസ്സ് വരെ ടോയ്‌ലറ്റിലേക്ക് അടുക്കുകയേയില്ല..

മാതാപിതാക്കളുടെ ആവേശത്തിന് പകരം കുട്ടിയുടെ പ്രചോദനം ആണ് ഈ പ്രക്രിയയെ നയിക്കണ്ടത്. ടോയ്‌ലറ്റ് പരിശീലനം കുട്ടിയുടെ ബുദ്ധിയുമായോ സ്വഭാവവുമായോ കൂട്ടിക്കെട്ടാതിരിക്കാൻ ശ്രമിക്കുക. കൂടാതെ തെറ്റുകൾ അനിവാര്യമാണെന്നും ഈ പ്രക്രിയയിൽ ശിക്ഷയ്ക്ക് ഒരു പങ്കുമില്ലെന്നും ഓർമ്മിക്കുക. കുറച്ച് മാസത്തേക്ക് എങ്കിലും മാതാപിതാക്കൾക്ക് സമയവും ഊർജവും വിനിയോഗിക്കാൻ കഴിയുമ്പോൾ ടോയ്ലറ്റ് പരിശീലനം ആസൂത്രണം ചെയ്യുക. ഒരു കൊച്ചുകുട്ടിയെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കുന്നത് ഒറ്റരാത്രികൊണ്ട് ചെയ്യാവുന്ന കാര്യമല്ല. ഇത് പലപ്പോഴും 3 മുതൽ 6 മാസം വരെ എടുക്കും.

ടോയ്‌ലറ്റ് പരിശീലനം എങ്ങനെ?

കുട്ടികളെ ടോയ്‌ലറ്റ് പരിശീലിപ്പിക്കാൻ രണ്ടു തരം പോട്ടികൾ ലഭ്യമാണ്. ടോയ്‌ലറ്റ്ലേക്ക് ഒഴിക്കാൻ കഴിയുന്ന, കുട്ടികൾക്ക് ഇരിക്കാൻ പാകത്തിനുള്ള പാത്രം പോലെയുള്ള ഒരു ഇരിപ്പിടം. രണ്ടാമത്തേത് ടോയ്‌ലറ്റ് സീറ്റിനു മുകളിൽ വയ്ക്കാവുന്ന കുട്ടിക്ക് ഇരിക്കാൻ വലുപ്പത്തിനുള്ള ഒരു പാത്രം.അത് കുട്ടിക്ക് കൂടുതൽ സുരക്ഷിതത്വവും, വീഴുമോ എന്ന ഭയം തോന്നാതിരിക്കുകയും ചെയ്യും. ടോയ്‌ലറ്റ് സീറ്റുകൾ സാധാരണയായി രണ്ട് തരം വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പോളിസ്റ്റൈറൈൻ എന്നറിയപ്പെടുന്ന ഒരു തരം തെർമോപ്ലാസ്റ്റിക് ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ടോയ്‌ലറ്റ് സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. വിലകുറഞ്ഞതും സാധാരണമായതുമായ ടോയ്‌ലറ്റ് സീറ്റ് മരവും പ്ലാസ്റ്റിക്കും ചേർന്നതാണ്.

കുട്ടിയെ ടോയ്ലറ്റ് പരിശീലിപ്പിക്കുമ്പോൾ സ്ഥിരത പുലർത്തുകയും എല്ലാ ദിവസവും ഒരേ ടോയ്‌ലറ്റിങ് ദിനചര്യ പിന്തുടരുകയും ചെയ്യേണ്ടത് പ്രധാനമാണ്. പോട്ടിയിൽ ഇരുത്തുന്നതിനുമുൻ‌പ് കുഞ്ഞിനെ ഒരു കളിപ്പാട്ടമെന്നൊന്നും അതിൽ ഇരുത്തി പോട്ടി പേടി മാറ്റാൻ സഹായിക്കണം. കുഞ്ഞിന്റെ നാപ്പി മാറ്റുമ്പോൾ, മുഷിഞ്ഞ നാപ്പികൾ പോട്ടിയിൽ ഇടുക - ഇത് കുഞ്ഞിനെ പോട്ടി എന്തിനുവേണ്ടിയാണെന്ന് മനസ്സിലാക്കാൻ സഹായിക്കും.കുഞ്ഞ് സാധാരണയായി മലമൂത്രവിസർജ്ജനം നടത്തുന്ന ഏകദേശ സമയം എല്ലാം അമ്മമാർക്കും അറിയാമായിരിക്കുമല്ലോ. ആ സമയത്തോടെ അടുപ്പിച്ചു വേണം കുഞ്ഞിനെ ആദ്യമായി പോട്ടിയിൽ ഇരുത്തുവാൻ. കുഞ്ഞ് പോട്ടി ഉപയോഗിച്ച് കഴിഞ്ഞാൽ കുഞ്ഞിനെ കൈയടിച്ചതും ഉമ്മ കൊടുത്തും ധാരാളം പ്രോത്സാഹിപ്പിക്കണം. കുട്ടി ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിവരുമെന്ന സൂചനകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ മറ്റെല്ലാ ജോലിയും ഉപേക്ഷിച്ചു അവിടെ എത്തുക. എപ്പോൾ പോകണമെന്ന് നിങ്ങളെ അറിയിച്ചതിനു കുട്ടിയെ പ്രശംസിക്കാൻ മറക്കണ്ടാ.

കുട്ടി പോട്ടിയിൽ അല്ലാതെ മലമൂത്രവിസർജ്ജനം ചെയ്യുകയാണെങ്കിൽ വഴക്കുപറയാതെ വേണം കുഞ്ഞിനെ വൃത്തിയാക്കാൻ. കുട്ടി പോട്ടി ഉപയോഗിക്കാൻ ശരിയായി പഠിച്ച ശേഷം സ്വന്തമായി കഴുകി വൃത്തിയാകാൻ പരിശീലിപ്പിക്കുക. മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കാൻ പഠിപ്പിക്കുക പ്രത്യേകിച്ച് പെൺകുട്ടികളെ. അഴിക്കാൻ പ്രയാസമുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. വയർ ഒഴിഞ്ഞില്ലെങ്കിൽ പോലും ടോയ്‌ലറ്റ് ഉപയോഗിക്കാനുള്ള കുട്ടിയുടെ എല്ലാ ശ്രമങ്ങളെയും അഭിനന്ദിക്കുക. പോട്ടിയിൽ അല്ലാതെ അവർക്കു ചിലപ്പോൾ വയർ ഒഴിയാം എന്ന് ഓർക്കുക. അപ്പോൾ അവരെ വഴക്കു പറയാതിരിക്കുകയോ നിരാശ പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യുക എന്നത് പ്രധാനമാണ്.

ടോയ്‌ലറ്റിലെ ഇരിപ്പ് രോഗമാകുമ്പോൾ

ടോയ്‌ലറ്റിലെ ഇരിപ്പിടവുമായുള്ള സമ്പർക്കത്തിൽ നിന്ന് പിൻതുടകളിൽ ഉണ്ടാകുന്ന ചർമ്മ രോഗമാണ് ടോയ്‌ലറ്റ് സീറ്റ് ഡെർമറ്റൈറ്റിസ്. ടോയ്‌ലറ്റുകളിൽ ഉപയോഗിക്കുന്ന കഠിനമായ കെമിക്കൽ ശുചീകരണ ലായനികളോടുള്ള അലർജി മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. തടികൊണ്ടുള്ള ഇരിപ്പിടം ഉപയോഗിക്കുന്നതിലൂടെയും ഇതുണ്ടാകാം. രോഗം വരാതെ നോക്കാൻ എളുപ്പമാണ്. തടികൊണ്ടുള്ള ഇരിപ്പിടത്തിനു പകരം പ്ലാസ്റ്റിക് ഇരിപ്പിടം ഉപയോഗിക്കുകയും വളരെ മൃദുവായ ശുചീകരണ ലായനികൾ ഉപയോഗിക്കുകയും വേണം. ഫിനോൾ അല്ലെങ്കിൽ ഫോർമാൽഡിഹൈഡ് പോലുള്ള പദാർത്ഥങ്ങൾ അടങ്ങിയ ലായനികൾക്കു പകരം ആൽക്കഹോൾ, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ഉപയോഗിക്കുക.

ഡോ. സജികുമാർ ജെ.

ശിശുരോഗ വിദഗ്ധൻ

പരബ്രഹ്മ സ്പെഷാലിറ്റി ഹോസ്പിറ്റൽ, ഒാച്ചിറ

Tags:
  • Daily Life
  • Manorama Arogyam
  • Kids Health Tips