Saturday 07 August 2021 05:28 PM IST : By സ്വന്തം ലേഖകൻ

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വാങ്ങലും ഇടവേളകൾ പാലിക്കാതെയുള്ള മരുന്നു വിഴുങ്ങലും അപകടത്തിലേക്കുള്ള വാതിൽ: ഡോക്ടറുടെ കുറിപ്പ് വായിക്കാം...

med343

വളരെ അത്യാവശ്യത്തിനും ഏറ്റവും സുരക്ഷിതവുമായിമാത്രം ഉപയോഗിക്കുവാനുള്ളതാണ് മരുന്ന്. അത്യാവശ്യമില്ലാതെ ഉപയോഗിക്കുകയോ നിർദ്ദേശിക്കപ്പെടാതെ ഉപയോഗിക്കുകയോ അമിതമായി ഉപയോഗിക്കുകയോ ചെയ്യുന്നതെല്ലാം ദുരുപയോഗത്തിന്റെ "ലിസ്റ്റി"ൽപെടും. ഇത്തരത്തിലുള്ള ഉപയോഗംകാരണം ശരിയായ പ്രയോജനം ലഭിക്കാതിരിക്കുകയോ ദോഷങ്ങൾ ഉണ്ടാകുകയോ അർഹതയുള്ള ഒരാളിന് അത്യാവശ്യത്തിന് പോലും ഉപയോഗിക്കുന്നതിനായി മരുന്ന് ലഭ്യമല്ലാതാകുകയോ ചെയ്യാം.

വേദനാസംഹാരികളും ചുമയ്ക്കുള്ള സിറപ്പുകളും ഉറക്കമുണ്ടാക്കുന്ന മരുന്നുകളും മയക്കമുണ്ടാക്കുന്നവയും അലർജിക്കുള്ളവയും ശ്വാസംമുട്ടിനുള്ള മരുന്നുകളും തുടങ്ങി ആൻറിബയോട്ടിക്കുകൾ വരെ ഈ ലിസ്റ്റിൽ പെടുന്നുണ്ട് എന്നത് ഭയത്തോടെയാണ് വിലയിരുത്തേണ്ടത്.

ഒരാളിന്റെ വേദന ശമിക്കുന്നതിനായി ഡോക്ടർ നിർദ്ദേശിച്ച മരുന്ന് "വേദനയ്ക്ക് സൂപ്പർ"എന്ന രീതിയിൽ ഡോക്ടർ പോലുമറിയാതെ വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നവരും ചിലപ്പോൾ മറ്റുള്ളവർക്ക്കൂടി രഹസ്യമായി ഈ മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നവരുണ്ട്. ചില മരുന്നുകളുടെ പാർശ്വഫലങ്ങൾപോലും ചിലർ സന്തോഷത്തോടെ ഉപയോഗപ്പെടുത്തുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.അത് പാർശ്വഫലമാണെന്ന് തിരിച്ചറിയാത്തവരും കാണും.പാർശ്വഫലമായി വണ്ണം കൂട്ടുന്ന മരുന്നുകളും മയക്കമുണ്ടാക്കുന്നവയും ഈ വിധത്തിൽ അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്നവരുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ഉറക്കക്കുറവ് കാരണം രക്തസമ്മർദ്ദം കൂടിയാൽ താൽക്കാലികമായി മാത്രമേ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മരുന്ന് ഉപയോഗിക്കേണ്ടിവരികയുള്ളൂ.ഇത്തരം രോഗികളിൽ വളരെ വേഗത്തിൽ ഉറക്കക്കുറവ് പരിഹരിക്കുവാനും പ്രഷറിന്റെ മരുന്ന് നിർത്തുവാനും സാധിക്കും. ഒരു ഡോക്ടറുടെ കർശനമായ നിർദ്ദേശവും വിലയിരുത്തലും ഈക്കാര്യത്തിൽ ഉണ്ടായിരിക്കുകയും വേണം. എന്നാൽ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല.

ഒരു ആൻറിഅലർജിക് മരുന്ന് അലർജിയുള്ള ഒരാൾക്ക് ഡോക്ടർ നിർദ്ദേശിക്കുന്നതും അതുപയോഗിക്കുന്നവർക്ക് അലർജി രോഗം കുറയുന്നതുമാണ് ചികിത്സ. എന്നാൽ അതിന്റെ പാർശ്വഫലമായുണ്ടാകുന്ന മയക്കം കിട്ടുവാനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെയും "അലർജിക്കുള്ളൊരു ഗുളിക കഴിച്ചാൽ സുഖമായി കിടന്നുറങ്ങാം" എന്ന് വിചാരിച്ചുപയോഗിക്കുന്നതിനെ മരുന്നിന്റെ ദുരുപയോഗമായിട്ടാണ് പരിഗണിക്കേണ്ടത്.

ചെറുതോ വലുതോ ആയ എന്ത് വേദന വന്നാലും ഉടൻതന്നെ വേദനാസംഹാരികൾ കഴിക്കുന്നവരും ആവശ്യത്തിനും അനാവശ്യത്തിനും പനിഗുളികകൾ കഴിക്കുന്നവരും ഇപ്രകാരം മരുന്ന് ദുരുപയോഗം ചെയ്യുന്നവരാണ്. ത്വക് രോഗങ്ങളിൽ പണ്ടെങ്ങോ ഡോക്ടർ നിർദ്ദേശിച്ച സ്റ്റിറോയ്ഡ് മരുന്നുകൾ തോന്നുമ്പോഴൊക്കെ പുരട്ടുന്നവർ ഒട്ടുംതന്നെ കുറവല്ല. ചിലപ്പോൾ വീട്ടിലെ മറ്റാർക്കെങ്കിലുമോ സുഹൃത്തിനോവേണ്ടി ഡോക്ടർ കുറിച്ച മരുന്നുമാകാം അത്.

പല മരുന്നുകളുടെയും പാർശ്വഫലങ്ങൾ പരിശോധിച്ചാൽ അത്യാവശ്യത്തിനുപോലും അവ ഉപയോഗിക്കാൻ മടിക്കുമെന്നതാണ് സത്യം. ഒരു പ്രത്യേക രോഗാവസ്ഥയിൽ വിവിധങ്ങളായ കാര്യങ്ങൾ മനസ്സിലാക്കി ഒരു ഡോക്ടർതന്നെ മരുന്ന് നിർദ്ദേശിക്കുമ്പോൾ മാത്രമാണ് അത് സുരക്ഷിതമാകുന്നത്. എന്നിട്ടാണ് അല്പജ്ഞാനത്തിന്റേയും മറ്റൊരാളിനുണ്ടായ അനുഭവത്തിന്റേയും തനിക്കുതന്നെ മുൻപുണ്ടായ സുഖത്തിന്റേയും പേരുപറഞ്ഞ് "പ്രിസ്ക്രിപ്ഷൻ"ഇല്ലാത്ത മരുന്നു വാങ്ങൽ നടത്തുന്നത്.

ആജീവനാന്തം മരുന്ന് കഴിക്കാൻ വിധിക്കപ്പെട്ടവർ എത്രനാൾ ഒരേമരുന്ന് മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ ഉപയോഗിക്കാമെന്ന് ഡോക്ടറോട് അന്വേഷിക്കണം. സ്ഥിരമായി കഴിക്കുന്നത് കാരണമുണ്ടാകാവുന്ന ലക്ഷണങ്ങളും രോഗാവസ്ഥകളും ചോദിച്ചു മനസ്സിലാക്കി വെയ്ക്കണം. മരുന്ന് കഴിക്കേണ്ട ഇടവേളകളും എത്ര ദിവസം വരെ കഴിക്കണമെന്നതും കൃത്യമായി അന്വേഷിക്കാതെ ഉപയോഗിച്ചത് കാരണം പല ആൻറിബയോട്ടിക്കുകളും ഇപ്പോൾ ഉപയോഗപ്പെടാത്തവരുണ്ട്. ശരിയായ ഇടവേള പാലിക്കാതെ കഴിക്കുന്ന "പനി ഗുളിക" കാരണം കരൾ സംബന്ധമായ രോഗമുണ്ടാകാമെന്ന നിർദ്ദേശം പലരും പാലിക്കപ്പെടുന്നില്ലെന്നതും സ്ഥിരം കാണുന്ന കാഴ്ചയാണ്.

മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് രോഗികളെ ശരിയായി ബോദ്ധ്യപ്പെടുത്തിയാൽ അവ ശ്രദ്ധിക്കുവാനും യഥാസമയം ഡോക്ടറെ ബോദ്ധ്യപ്പെടുത്തുവാനും രോഗികൾക്ക് കഴിയും. എന്നാൽ അതിനുള്ള ബോധവൽക്കരണങ്ങൾ വളരെ കുറച്ചു മാത്രമേ ഉണ്ടാകുന്നുള്ളൂ.

ഒരു മരുന്ന് കഴിക്കുന്നത് കാരണം അസിഡിറ്റി ഉണ്ടാകുമെങ്കിൽ അത് മുൻകൂട്ടി മനസ്സിലാക്കി അസിഡിറ്റി ഒഴിവാക്കുവാനുള്ള ഭക്ഷണ കാര്യങ്ങൾ കുറെയൊക്കെ പാലിക്കുവാൻ ഡോക്ടർ നിർദ്ദേശിച്ചാൽ രോഗികൾ ശ്രമിക്കും. എന്നാൽ അസിഡിറ്റിയ്ക്കുള്ള മരുന്ന് കഴിക്കുന്നവർക്ക് പോലും "മരുന്ന് കഴിച്ചാൽ എന്തും കഴിക്കാം" എന്ന് മാത്രമേ അറിയാവൂ. അതല്ലാതെ തൽക്കാലം മരുന്ന് കഴിച്ച് രോഗത്തേയും ക്രമേണ ഭക്ഷണം ക്രമീകരിച്ച് രോഗ വർദ്ധനവിനേയും ഒഴിവാക്കുവാനുള്ള ബോധവൽക്കരണം സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റൊരു ശ്രദ്ധയുമില്ലാതെ രോഗിക്ക് മരുന്ന് തുടരേണ്ടിവരികയും ക്രമേണ മരുന്ന് ഒഴിവാക്കാനാകാത്ത അവസ്ഥ വരികയും മരുന്ന് കഴിച്ചാലും പ്രയോജനമില്ലാതാകുകയും വർദ്ധിച്ച രോഗവും മരുന്നിന്റെ അമിതഉപയോഗവും കാരണം "കൂനിന്മേൽ കുരു" എന്ന പോലെ മറ്റു രോഗങ്ങൾകൂടി ഉണ്ടാകുകയും ചെയ്യുമെന്നതാണ് ഇപ്പോൾ കാണുന്നത്.

കോവിഡ് വേട്ടയാടാൻ തുടങ്ങിയനാൾ മുതൽ ഏറ്റവും ചർച്ചാവിഷയമായിട്ടുള്ള കാര്യമാണ് അമിതമരുന്നുപയോഗം കൊണ്ടുള്ള പ്രശ്നങ്ങൾ. ഈ സാഹചര്യത്തിലെങ്കിലും "അത്യാവശ്യത്തിന് മരുന്ന്, അതും ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം" എന്ന എന്ന രീതിയാണ് നല്ലതെന്ന് മനസ്സിലാക്കുക. അല്ലാതെ "തോന്നുന്ന എല്ലാ വൈഷമ്യങ്ങൾക്കും കാണുന്ന മരുന്ന് " വാങ്ങി ഉപയോഗിച്ച് സ്വയം ചികിത്സകനാകുന്ന മനോഭാവം നമുക്കങ്ങ് നിർത്താം. നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാത്തതും ഏറ്റവും വിലപ്പെട്ടതുമാണ് ആരോഗ്യമെന്ന തിരിച്ചറിവിന് പ്രാധാന്യം നൽകാം.

ആയുർവേദ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഇല്ലെന്നും അതുകൊണ്ട് ഏറ്റവും സുരക്ഷിതമായി അവ ഉപയോഗിക്കാമെന്നും കരുതുന്നവരുണ്ട്. എന്നാൽ രോഗാവസ്ഥയ്ക്കും രോഗികളുടെ ആരോഗ്യത്തിനുമനുസരിച്ച് ഒരേ അസുഖത്തിനുതന്നെ വിവിധങ്ങളായിട്ടുള്ള ഔഷധയോഗങ്ങൾ പറഞ്ഞുവെച്ചിട്ടുള്ള ശാസ്ത്രമാണ് ആയുർവേദം. അതിനെക്കുറിച്ച് വളരെ കൃത്യമായി അറിവുള്ള ഒരാൾ രോഗിക്ക് മരുന്ന് നിർദ്ദേശിക്കുമ്പോൾ മാത്രമാണ് പാർശ്വഫലങ്ങൾ കുറവായിരിക്കുന്നത്.

ആയുർവേദ ഔഷധങ്ങൾ പലതും ആർക്കും ഉപയോഗിക്കാമെന്ന അവസ്ഥയുണ്ടായത് ആയുർവേദൗഷധങ്ങൾ സസ്യങ്ങളാൽ നിർമ്മിതമാണ് എന്ന പേരിലാണ്. എന്നാൽ അത് പൂർണമായും ശരിയല്ല. ഔഷധങ്ങളുടെ ചെറിയൊരു വിഭാഗം മാത്രമാണ് സസ്യഭാഗങ്ങൾ കൊണ്ട് നിർമ്മിക്കപ്പെടുന്നത്. ആധുനികവൈദ്യത്തിലുപയോഗിക്കുന്ന മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോൾ സൈഡ് എഫക്റ്റ് കുറവാണെങ്കിൽ പോലും ആയുർവേദ ഔഷധങ്ങൾക്കും പാർശ്വഫലങ്ങളുണ്ട്. ചികിത്സ ശരിയായി ഉപയോഗിക്കുന്ന അവസരങ്ങളിൽ മാത്രമാണ് അതിൻറെ പാർശ്വഫലവും കുറയ്ക്കുവാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ആയുർവേദ ഔഷധശാലകളിൽനിന്നും ആയുർവേദ ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ വാങ്ങി ഉപയോഗിക്കുന്ന അരിഷ്ടങ്ങളും തൈലങ്ങളും ഗുളികകളും അതുപോലെ പരസ്യമായി റോഡരികിൽ നിർമ്മിക്കുന്ന വ്യാജമരുന്നുകളും കേട്ടറിഞ്ഞ് വാങ്ങുന്നവയും ഉപയോഗിക്കുവാൻ ശ്രമിക്കരുത്.

ഡോ. ഷർമദ് ഖാൻ

സീനിയർ മെഡി. ഒാഫിസർ

ഗവ. ആയുർവേദ ഡിസ്പെൻസറി

നേമം

Tags:
  • Manorama Arogyam
  • Health Tips