Wednesday 31 August 2022 02:40 PM IST : By സ്വന്തം ലേഖകൻ

‘എന്തു ചെയ്യാനാ...രാത്രി ഉറക്കമില്ല’: സുഖമായുറങ്ങാൻ 10 വഴികൾ

Couple sleeping and hugging on the bed in bedroom

സുഖനിദ്ര ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശരിയായ ഉറക്കം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ശാരീരിക മാനസിക ഉന്മേഷവും സുഖവും ഓർമശക്തിയും ശ്രദ്ധയും പ്രദാനം ചെയ്യുന്നു. ഇന്ന് ഉറക്കക്കുറവ് ഒരുപാട് സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ശാരീരികവും മാനസികവുമായ ഒട്ടനവധി അസ്വസ്ഥതകൾ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. പതിവായി ഉറക്കക്കുറവ് നേരിട്ടാൽ അത് ക്രമേണ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

മതിയായ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന നിർദേശങ്ങളിൽ ചിലത്.

1. രാത്രി ഭക്ഷണം അധികം വൈകാതെ, മിതമായ അളവിൽ, എരിവും പുളിയും ഉപ്പും കുറച്ച് ശീലിക്കാം.

2. കിടക്കുന്നതിന് അര മണിക്കൂർ മുൻപ് മൊബൈ ൽ, ടിവി എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം.

3. ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് മാനസിക സമ്മർദം വർധിക്കുന്ന സീരിയൽ, സിനിമ എന്നിവ കാണുന്നത് ഒഴിവാക്കുക.

4. പകലുറക്കം ഒഴിവാക്കുക. വേനൽക്കാലത്ത് ഉച്ചയ്ക്ക് അൽപം വിശ്രമം ആകാം.

5. ചായ, കാപ്പി പോലുള്ള പാനീയങ്ങൾ രാത്രിയിൽ ഒഴിവാക്കി ചൂടുപാൽ സേവിക്കാവുന്നതാണ്.

6. തലയിൽ എണ്ണ തേച്ച് കുളിക്കണം.

7. മാനസിക സമ്മർദം ഉണ്ടാക്കുന്ന ചിന്തകൾ ഒഴിവാക്കി മനസ്സ് സ്വസ്ഥമാക്കി ഉറങ്ങാൻ കിടക്കുക

8. കാൽപാദങ്ങളിൽ രാത്രി കിടക്കാൻനേരം ഏതെങ്കിലും എണ്ണകൾ പുരട്ടിയോ അല്ലാതെയോ മസാജ് ചെയ്യുന്നത് ഉറക്കം ലഭിക്കാൻ നല്ലതാണ്.

9. ഉറക്കക്കുറവുള്ളവർക്ക് തലയിൽ തുങ്കദ്രുമാദി, ആറുകാലാദി എണ്ണകളും ദേഹത്ത് പിണ്ഡതൈലം, ലാക്ഷാദി പോലുള്ള എണ്ണകളും ഉപയോഗിക്കാം. ഓരോരുത്തരുടെയും ദേഹപ്രകൃതിക്ക് ഇണങ്ങുന്നതാണോയെന്നു ഡോക്ടറെ കണ്ട് ഉറപ്പു വരുത്തണം.

10. വിഷ്ണുക്രാന്തി പാലിൽ അരച്ച് കുടിക്കുന്നതും അശ്വഗന്ധ ചൂർണം അല്ലെങ്കിൽ ശംഖുപുഷ്പ ചൂർണം പാലിൽ കലക്കി രാത്രി കിടക്കുന്നതിനു മുൻപായി സേവിക്കാവുന്നതാണ്. ഇതും ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കുക