ആഹാരവും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ ഇന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്തു തന്നെയാണെങ്കിലും സംശുദ്ധമായ ആഹാരത്തിന് കാൻസർ പ്രതിരോധത്തിൽ പ്രധാന റോളുണ്ട് എന്നു പറയാതെ വയ്യ. കാൻസറിനെ തടയുന്നതിനായി ആഹാരത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ഒാർമിപ്പിക്കുകയാണ് വിദഗ്ധ കാൻസർ ചികിത്സകർ.
പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക
വിവിധ വർണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ശീലമാക്കുക. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങൾ ശരീരത്തിനു ലഭിക്കും. പച്ചക്കറികളിൽ നാരുകൾ ധാരാളമുള്ളതിനാൽ അതു കാൻസർ പ്രതിരോധത്തിനുതകും. കാൻസറിനു കാരണമാകുന്നതും ശരീരത്തിൽ കാണുന്നതുമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആന്റി ഓക്സിഡന്റുകൾ പച്ചക്കറികളിലും പഴങ്ങളിലും ധാരാളമുണ്ട്. മാമ്പഴം, ചക്കപ്പഴം, നെല്ലിക്ക, പപ്പായ, വാഴപ്പഴം, സപ്പോട്ട, കൈതച്ചക്ക, പേരയ്ക്ക തുടങ്ങി നമ്മുടെ നാട്ടിൽ സുലഭമായ പഴങ്ങൾ ഉപയോഗിക്കാം. തക്കാളി , കാരറ്റ്, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, കോവയ്ക്ക, ചീര , മുരിങ്ങയില തുടങ്ങി വിവിധയിനം ഇലക്കറികളും പച്ചക്കറികളും ആകെയുള്ള ഭക്ഷണത്തിന്റെ പകുതിയെങ്കിലും ഉണ്ടാകണം. ഇവയൊക്കെ നന്നായി കഴുകി കീടനാശിനി വിമുക്തമാണെന്ന് ഉറപ്പുവരുത്താൻ മറക്കേണ്ട. വീട്ടിൽ ചെറിയ പച്ചക്കറിത്തോട്ടം ഉണ്ടാക്കി കീടനാശിനി വിമുക്തമായ പച്ചക്കറി ലഭ്യമാക്കുക.
മാംസഭക്ഷണം കുറയ്ക്കുക
ഏത് ആഹാരവും മിതമായി കഴിക്കാം. ദിവസേന കഴിക്കുമ്പോഴാണ് മാംസം പോലുള്ള ആഹാരം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയ ചുവന്ന മാംസം എന്നിവ കഴിയുന്നത്ര കുറയ്ക്കുക. ഇവയിൽ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയതിനാൽ അതു വൻകുടൽ കാൻസറിന്റെ സാധ്യത വർധിപ്പിക്കും . ഇതു ധാരാളമായി കഴിക്കുന്നതു മൂലമുള്ള അമിതവണ്ണവും കാൻസറിലേക്കു നയിക്കും. ചിക്കൻ, മത്സ്യം, മുട്ട വെള്ള, പയറുവർഗങ്ങൾ എന്നിവ മാംസത്തിനു പകരമായി ഉപയോഗിക്കാം. ഇവയൊക്കെ കൊഴുപ്പു കുറച്ചു പാചകം ചെയ്യണമെന്നുമാത്രം. ബേക്കൺ, ഹാം മുതലായ സംസ്കരിച്ച മാംസവും ഉയർന്ന ഊഷ്മാവിൽ പാകം ചെയ്യുന്ന ഗ്രിൽ , ബാർബിക്യൂ മാംസവും കാൻസർ ഉണ്ടാക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് ഇതു പോലെയുള്ള വിഭവങ്ങൾ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം കഴിക്കുക .
ഫാസ്റ്റ് ഫൂഡ് ഒഴിവാക്കാം
നാരുകൾ ഒട്ടുമില്ലാത്ത പൊറോട്ടയും മൈദയുടെ മറ്റു വിഭവങ്ങളും പോഷകസമൃദ്ധമല്ല. തന്നെയുമല്ല അതു ദഹിക്കാനും പ്രയാസമാണ്. ഇതോടൊപ്പം ഉയർന്ന ഊഷ്മാവിൽ ആവർത്തിച്ചു തിളപ്പിച്ച എണ്ണയിൽ അജിനോമോട്ടോയും വർണവസ്തുക്കളുമൊക്കെ പുരട്ടി പൊരിച്ചെടുക്കുന്ന കോഴിയും ആരോഗ്യകരമായ ഭക്ഷണശീലമല്ല. വല്ലപ്പോഴും പൊറോട്ടയും ചിക്കനും കഴിക്കാം. എന്നാൽ നിത്യഭക്ഷണമാക്കുന്നതു നന്നല്ല. ചിക്കൻ മാത്രമല്ല ബീഫ് ഫ്രൈയും മട്ടൻഫ്രൈയുമൊക്കെ അമിതമായി കഴിക്കുന്നത് അനാരോഗ്യത്തിനിടയാക്കും.
എണ്ണയിൽ വറുത്തവ നന്നല്ല
ആഹാരത്തിലൂടെ അകത്തുചെല്ലുന്ന കൊഴുപ്പ് എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയും നന്ന്. ഉപ്പേരി, വറുത്ത മീൻ, വറുത്ത ഇറച്ചി, മുട്ടയുടെ മഞ്ഞക്കരു, പൊറോട്ട, ചിലയിനം ബേക്കറി പലഹാരങ്ങൾ ഇവ അമിതമായി കഴിച്ചാൽ ശരീരത്തിലെ കൊഴുപ്പു കൂടി അതിലൂടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവിൽ വ്യത്യാസം വരാനിടയാകുന്നു. അങ്ങനെ ഹോർമോണിന്റെ അസന്തുലിതാവസ്ഥയുണ്ടാകുകയും സ്തനാർബുദം , എൻഡോമെട്രിയൽ കാൻസർ തുടങ്ങിയവയ്ക്കു കാരണമാകുകയും ചെയ്യുന്നു. ഇവയെല്ലാം വളരെ കുറഞ്ഞ അളവിൽ വല്ലപ്പോഴും മാത്രമേ കഴിക്കാവൂ.
ഉപ്പിലിട്ടവ കുറയ്ക്കുക
അച്ചാറുകൾ കൂടുതലായി ഉപയോഗിക്കുന്നവരിൽ നടത്തിയ പഠനങ്ങളിൽ ഇത് ആമാശയം, കുടൽ എന്നിവിടങ്ങളിലെ കാൻസർ സാധ്യത വർധിപ്പിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഉപ്പിട്ടുണക്കിയ മത്സ്യവും അമിതമായി കഴിക്കരുത്.
തയാറാക്കിയത്
∙ ഡോ. അജു മാത്യു സീനിയർ കൺസൽറ്റന്റ് മെഡിക്കൽ ഒാങ്കോളജിസ്‌റ്റ്
എറണാകുളം മെഡിക്കൽ സെന്റർ,
കൊച്ചി
∙ ഡോ. അമൃത ടി. എസ്.
കമ്യൂണിറ്റി കാൻസർ സ്പെഷലിസ്‌റ്റ് ,
കൊച്ചി