Wednesday 17 January 2024 05:14 PM IST : By സ്വന്തം ലേഖകൻ

ഇ-സെക്സും വെർച്വൽ ലൈംഗികതയും കേരളത്തിന്റെ ലൈംഗികാരോഗ്യം തകർക്കുകയാണോ?

sex46456

പോൺ വിഡിയോ അഡിക്‌ഷൻ എന്നതിനപ്പുറം ഇ-സെക്സും വെർച്വൽ ലൈംഗികതയും കേരളത്തിന്റെ ലൈംഗികാരോഗ്യം തകർക്കുകയാണോ? പ്രമുഖ മനോരോഗ വിദഗ്ധർ പങ്കെടുക്കുന്ന അന്വേഷണം. വിശകലനങ്ങളും

കോളജ് അധ്യാപകനാണു ഭർത്താവ്. ഭാര്യ സാധാരണ വീട്ടമ്മയും. വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷം. മൂന്നര വയസ്സുള്ള ഒരു മകളുണ്ട്. കിടപ്പറയിലെ ഭർത്താവിന്റെ പല ലൈംഗിക പരീക്ഷണങ്ങളിലും ഭാര്യക്കു താൽപര്യം ഇല്ലായിരുന്നു. ആധുനിക ജീവിതാസ്വാദനത്തിന്റെ രീതികളെക്കുറിച്ചു നാട്ടിൻപുറത്തുകാരിയായ ഭാര്യയുെട അറിവില്ലായ്മയെക്കുറിച്ചുള്ള, ബുദ്ധിജീവിയായ ഭർത്താവിന്റെ പരിഹാസത്തിനു മുന്നി ൽ‌ പലതിനും ഭാര്യ സമ്മതം നൽകി. പോ ൺ വിഡിയോയിൽ കാണുന്നതൊക്കെ അവരുടെ കിടപ്പറയിൽ ഭർത്താവു നടപ്പാക്കി. ഓൺലൈൻവഴി മറ്റൊരു നഗരത്തിലുള്ള ദമ്പതികളുമായി വേഴ്ചാരംഗം പരസ്പരം ലൈവായി പങ്കുവയ്ക്കുകവരെ ചെയ്തു. ഒടുവിൽ കൊച്ചിയിൽ നടന്ന ‘കപ്പിൾ മീറ്റ്’ സുഹൃത്തുക്കളുടെ കൂട്ടായ്മയാണെന്നു തെറ്റിധരിപ്പിച്ചാണ് ഭാര്യയെ കൂട്ടിക്കൊണ്ടുപോയത്. അവിടെ നടക്കുന്നതു പങ്കാളികളെ സെക്സിനായി പരസ്പരം വച്ചുമാറുന്ന ‘പാർട്ണർ സ്വാപ്പിങ്’ ആണെന്നു തിരിച്ചറിഞ്ഞതോടെ ഭാര്യ അയാളുടെ ജീവിത്തിൽ നിന്നും ഇറങ്ങിപ്പോയി.

∙ ∙ ∙

28 വയസുള്ള അശ്വിൻ ഡോക്ടറുടെ അടുത്ത് എത്തുന്നതു വിവാഹമോചനത്തിന്റെ വക്കിലാണ്. മറ്റു സ്ത്രീകളുമായി തുടർച്ചയായി ഭർത്താവു നടത്തുന്ന സെക്സ് ചാറ്റുകൾ ഭാര്യ ലേഖയ്ക്കു കണ്ടു സഹിക്കാവുന്നതിലും അപ്പുറമായി. അശ്വിൻ വീടും കുടുംബവും നന്നായി നോക്കും. എല്ലാ കാര്യങ്ങളിലും ഭാര്യയെ സഹായിക്കും. ഉത്തരവാദിത്തം കുറവില്ല. എന്നാൽ ഈ ഓൺലൈൻ സെക്സ് ചാറ്റുകൾ അവരുടെ ദാമ്പത്യത്തെ വല്ലാതെ ഉലച്ചു. ഒടുവിൽ ലേഖയുെട അടുത്ത കൂട്ടുകാരികൾ വരെ അശ്വിൻ അയയ്ക്കുന്ന ചാറ്റ് മെസേജുകളെക്കുറിച്ചു പരാതി പറഞ്ഞു തുടങ്ങി. ഓരോ തവണയും താക്കീതും സങ്കടവും വഴക്കും മിണ്ടാതിരിക്കലും മാപ്പു പറയലും കഴിഞ്ഞിട്ടും ഇതേ പെരുമാറ്റം നിയന്ത്രണമില്ലാതെ ആവർത്തിച്ചപ്പോൾ ലേഖ കുഴങ്ങി.

അവൾക്കു തിരിച്ചു പോയി നിൽക്കാ ൻ ഉറപ്പുള്ള ഒരു കുടുംബം പോലുമില്ല, ഈ അരക്ഷിതാവസ്ഥ അവളെ ഭയപ്പെടുത്തി. എന്നാലും  ഈ അഭിമാനമില്ലാത്ത അവസ്ഥയിൽ ഇനി ജീവിക്കാൻ വ യ്യ എന്നു പലതവണ ചിന്തിച്ചു. ഓരോ ത വണ പ്രശ്നമുണ്ടാകുമ്പോഴും അവൻ കാലുപിടിച്ചു, ഇനി ആവർത്തിക്കില്ല എ ന്നു പറഞ്ഞു. എന്നാല്‍ സ്വയം നിയന്ത്രണമില്ലാത്ത ഒരവസ്ഥ തനിക്കുണ്ടെന്നകാര്യം അശ്വിനെ തന്നെ അസ്വസ്ഥനാക്കി. വിവഹം വേർപിരിയൽ എന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് കൗൺസലിങ്/ചികിത്സ എന്ന ആശയം സുഹൃത്തുക്കൾ പറഞ്ഞത്. തന്റെ ജീവിതത്തിലെ അവസാന പ്രതീക്ഷ എന്നാണ് ലേഖ നിറകണ്ണകളോടെ ഡോക്ടറോടു പറഞ്ഞത്.

∙ ∙ ∙

45 വയസുള്ള വീട്ടമ്മ. ഭർത്താവ് മരിച്ചിട്ടു മൂന്നു വർഷമായി. വിവാഹം കഴിഞ്ഞ മകളാണ് മടിച്ചു മടിച്ചാണെങ്കിലും അ മ്മയേയും കൊണ്ടു ഡോക്ടറെ കാണാനെത്തിയത്. അമ്മയുെട അമിതമായ പോൺ മൂവി കാണലും ഓൺലൈൻ സെക്സുമായിരുന്നു കാരണം. ഭർത്താവു മരിച്ച സ്ത്രീ എന്ന നിലയിൽ ഇത്തരം വിഡിയോകൾ കാണുന്നതും സ്വയംഭോഗത്തിലൂെട സംതൃപ്തി തേടുന്നതും അപകടകരമായി ഡോക്ടർക്കു തോന്നിയില്ല. എന്നാൽ ഈ കാലയളവിനിടയിൽ പരിചയപ്പെട്ട തന്റെ ഒരു പഴയ സുഹൃത്തുമായി സെക്സ് ചാറ്റും വിഡിയോ സെക്സുമൊക്കെ പതിവായി. അതു നിയന്ത്രിക്കാനാകാത്തതിൽ അതീവ കുറ്റബോധം അവർ പ്രകടിപ്പിച്ചു. മാത്രമല്ല ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ പോൺ താൽപര്യം വളർന്നു. ഓൺലൈൻ ലൈംഗികതയുെട പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയതോടെ അമ്മയ്ക്കു വന്നു ചേർന്ന സ്വഭാവ വൈകല്യങ്ങൾ മകൾക്കു വ്യക്തമായിരുന്നു. മരുന്നു ചികിത്സയും തെറ പ്പിയുമൊക്കെ പുരോഗമിച്ചതോടെ ആ വീട്ടമ്മ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുകയാണ്.

കെണികളൊരുക്കി ഓൺലൈൻ

ഇന്റർനെറ്റും ഓൺലൈനും ഉയർത്തിയ വലിയ ഭീഷണി പോൺ വിഡിയോയ്ക്ക് അടിമപ്പെടുക, എന്നതു തന്നെയാണ്. ഇതിനു തടയിടാൻ നൂറുകണക്കിനു പോൺ സൈറ്റുകളെ സർ

ക്കാർ തന്നെ രാജ്യത്തു നിരോധിച്ചു.

എന്നാൽ കോവിഡ് കാലത്തും അതിനു ശേഷവുമായി ഡിജിറ്റൽ യുഗത്തിലേക്ക് എടുത്തുചാട്ടം നടത്തിയപ്പോൾ പാർശഫലമെന്ന വണ്ണം കുതിച്ചു കയറിയ മേഖലയാണ് ഇÐസെക്സ് (ഇലക്ട്രോണിക്സ് സെക്സ്) എന്ന പൊതു നാമത്തിൽ വിളിക്കാവുന്ന ഡിജിറ്റൽ ഓൺലൈൻ സൈബർ ‍ലൈംഗികത.

ആദ്യം പരമാർശിച്ച മൂന്നു അനുഭവങ്ങൾ, വെറും സാംപിൾ മാത്രം. ഇത്തരത്തിലുള്ള ഒട്ടെറ ചികിത്സാനുഭവങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള സൈക്യാട്രിസ്റ്റുകൾക്കും സൈക്കോളജിസ്റ്റുകൾക്കും ഒക്കെ പറയാനുണ്ട്. അശ്ലീല വിഡിയോകൾ കാണുന്നതിനപ്പുറം ആധുനിക ഡിജിറ്റൽ യുഗത്തിൽ ലൈംഗികാസ്വാദനമെന്ന പേരിൽ ഓൺലൈൻ ലൈംഗിക വൈകൃതങ്ങൾ വ്യാപകമാകുന്നതായി കൊച്ചിയിലെ സെക്‌ഷ്വൽ മെഡിസിൻ സ്പെഷലിസ്റ്റായ ഡോ. എസ്. ഡി. സിങ് പറയുന്നു.

പുരുഷൻ മാത്രമല്ല

സെക്സിനേയും അതിന്റെ ആസ്വാദനത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ പരിശുദ്ധിയിലും പങ്കാളിയോടുള്ള വിശ്വാസ്യതയിലുമൊക്കെ കാര്യമായ ഉലച്ചിൽ സംഭവിച്ചിട്ടുണ്ട്. ‘പ്ലഷർ സീക്കിങ് ബിഹേവിയർ’ എന്ന ആസ്വാദന തൽപരതയുെട എരിതീയിൽ പെട്രോൾ ഒഴിക്കുന്ന അവസ്ഥയാണ് സൈബർ ലോ കം തുറന്നു വച്ചത്.

പലരും യഥാർഥ ലൈംഗികതയിൽ നിന്നു പോലും അകന്നു പോയി. അതു അനിവാര്യമല്ലെന്നുപോലും ചിന്തിച്ചു തുടങ്ങി. മസ്തിഷ്ക പ്രവർത്തനത്തിന്റെ പ്രത്യേകതകൊണ്ടുതന്നെ സ്ത്രീയേക്കാൾ ‘കാഴ്ചകളിൽ’ കൂടുതൽ അ ഭിരമിക്കുന്ന പുരുഷൻ തന്നെയാണ് സൈബർ ലൈംഗിക കാഴ്ചകളിൽ മുഴുകുന്നത്. എന്നാൽ പോൺ കാഴ്ചയ്ക്കപ്പുറം, ലൈവ് വിഡിയോ ചാറ്റും, വിദൂര നിയന്ത്രിത സെക്സ് ടോയ്സുമൊക്കെ ലഭ്യമായതോടെ സൈബർ ലൈംഗികത പ്രയോഗിക ലൈംഗികതയുെട പകരക്കാരനായി മാറിത്തുടങ്ങിയിരിക്കുന്നു. ഈ തലത്തിലേക്കെത്തുമ്പോൾ ഇÐസെക്സ് രംഗത്തു സ്ത്രീകളും കാര്യമായി അഭിരമിച്ചു തുടങ്ങി.

പോൺ എന്തുകൊണ്ട് ?

ലൈംഗിക ഉത്തേജനത്തിനു ശാരീരികവും മാനസികവുമായ ഉത്തേജനങ്ങൾ ഒരുപോലെ അനിവാര്യമാണ്. മാനസികോത്തേജനം മികച്ച നിലയിൽ ഉണ്ടാകാൻ ലൈംഗിക ഭാവനകൾ ആവശ്യമാണ്. ഇത്തരം ലൈംഗിക ഭാവനകളെ ഉത്തേജിപ്പിക്കുവാൻ പണ്ടുമുതലേ വിവിധ മാർഗങ്ങൾ (erotic materials) ഉപയോഗിച്ചിരുന്നു. കാഴ്ചയും കേൾവിയും ഒത്തൊരുമിച്ചു ലൈംഗിക ഭാവനകൾ മെനയാൻ പോൺ വിഡിയോകൾ സഹായിക്കും. അതുകൊണ്ടാണ് അവ ഇത്ര പ്രചാരം നേടിയത്. പോൺ വിഡിയോകൾ വിവേചനത്തോടെ, ഉത്തരവാദിത്വത്തോടെ അതിരുവിടാതെ ഉപയോഗിച്ചാൽ അപകടമില്ല. ലൈംഗികസുഖത്തിനും സംതൃപ്തിയ്ക്കും അവ സഹായിക്കാം. പക്ഷേ, അമിതമായതും വിവേ ചനം ഇല്ലാതെയും ഉപയോഗിച്ചാൽ പ ല ലൈംഗിക പ്രശ്നങ്ങളും രൂപപ്പെടും. ബന്ധങ്ങളിൽ വിള്ളലും രൂപപ്പെടും.

മിക്ക പോൺ വിഡിയോകളും സ്ത്രീകൾക്കു മാന്യതയോ ബഹുമാനമോ കൊടുക്കാത്ത രീതിയിലും നിന്ദിക്കുന്ന തരത്തിലുമൊക്കെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് പുരുഷൻമാരിൽ സ്ത്രീയേയും ലൈംഗികതയേയും കുറിച്ചു തീർത്തും വികലമായ കാഴ്ചപ്പാടുകൾ ഉണ്ടാക്കാൻ കാരണമാകുമെന്നു തിരുവനന്തപുരത്തെ സീനിയർ സെക്‌ഷ്വൽ മെഡിസിൻ കൺസൽറ്റന്റായ ഡോ. എ. ചക്രവർത്തി പറയുന്നു.

ശരിയായ രീതിയിലുള്ള മുന്നൊരുക്കം (ഫോർ പ്ലേ) ഇല്ലാതെ നടക്കുന്ന ലൈംഗിക ക്രിയകൾക്കു കൂടുതൽ സമയവും പ്രാധാന്യവും ഇത്തരം വിഡിയോകളിൽ നൽകുന്നതു കാഴ്ചക്കാരിൽ തെറ്റിധാരണ ഉണ്ടാക്കാറുണ്ട്. ഇത്തരം രീതി യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നവർ ഏറെയുണ്ട്. ഫലമോ, ലൈംഗിക ബന്ധം സംതൃപ്തമല്ലാത്തതും സുഖകരമല്ലാത്തതും ആയി മാറും. ക്രമേണ നേരിട്ടുള്ള ലൈംഗികതയിൽനിന്നും അവർ പിൻമാറും. അതോടെ ദാമ്പത്യജീവിതത്തിന്റെ ആണിക്കല്ലിളകും.

വെർച്വൽ സെക്സ്

ഏതു പ്രായത്തിലുള്ളവർക്കും എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും ലൈംഗിക ആസ്വാദനത്തിന്റെ വാതിലുകൾ ഇന്നു തുറക്കാം. അത്രമാത്രം സ്വാതന്ത്ര്യമാണ് ഡിജിറ്റൽ യുഗം പകർന്നു നൽകിയത്. ആരാണെന്നു പോലും പറയാതെ വോയ്സ് ചാറ്റുകളായോ വിഡിയോ ചാറ്റായോ ഒക്കെ ലൈംഗിക ഉത്തേജനത്തിനു വേണ്ടിയുള്ള സെക്‌ഷ്വൽ ഫാന്റസികൾ ലഭിക്കുന്നു. ഇതു ശീലിക്കുന്ന പലർക്കും ഭയത്താലോ അജ്ഞതയാലോ ശരിയായ മാനസിക ഉത്തേജ നം (sexual stimulation) ലഭിക്കാത്തതിനാലോ യഥാർഥ ലൈംഗികതയിൽ താൽപര്യം കുറയുന്നു. ക്രമേണ നിത്യജീവിത്തതിലെ യഥാർഥ സെക്സ് ഒഴിവാക്കുന്നു. അതു ക്രമേണ പങ്കാളിയുമായുള്ള ലൈംഗിക ജീവിതപ്രശ്നമാവുകയും കലഹങ്ങളിലേക്കും വേർപിരിയലിലേക്കും വരെ എത്തുന്നു.

കുട്ടികളും കൗമാരക്കാരുമൊക്കെ പോൺവിഡിയോകളേക്കാളും സമൂഹമാധ്യമങ്ങളോ വിവിധ ഡേറ്റിങ് ആപ്പുകളോ വഴി വെർച്വൽ ലൈംഗികപ്രവൃത്തികളുെട ഇരകളായി മാറുന്ന സംഭവങ്ങളും വിരളമല്ല. അപരിചിതരുമായി രൂപപ്പെടുന്ന ഇത്തരം വെർച്വൽ ബന്ധങ്ങൾ പിന്നീടു നേരിട്ടുള്ള ലൈംഗികതയുെട ഇരകളയി രൂപപ്പെടാനും കാരണമാകാമെന്നു ഡോ. എ. ചക്രവർത്തി പറയുന്നു.

മനോവൈകല്യങ്ങളുെട തുടർച്ച

ഡിജിറ്റൽ മീഡിയയുടെ ഉപയോഗം വ്യാപകമായതും പലപ്പോഴും പങ്കാളി കൂടെ ഇല്ലാത്ത സാഹചര്യങ്ങളുമാണ് വെർച്വൽ സെക്സ് ദാമ്പത്യജീവിതങ്ങളിലേക്കു കൂടുതലായി കടന്നു വരാൻ കാര ണമായത്. ഈ അനുകൂല ഘടകങ്ങൾ ഇല്ലെങ്കിൽ പോലും ഒരാളുെട പ്രകൃതമോ അനുബന്ധ മാനസികാരോഗ്യ പ്രശ്നങ്ങളോ ഇത്തരം വെർച്വൽ ലൈംഗികതയിലേക്കു നയിക്കാമെന്നു കോഴിക്കോട് മെഡിക്കൽ കോളജിലെ മനോരോഗവിഭാഗം അസോ. പ്രഫസർ ഡോ. വർഷ വിദ്യാധരൻ പറയുന്നു.

വിഷാദം, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, വ്യക്തിത്വ വൈകല്യങ്ങൾ, ഒബ്സെഷനുകൾ,മനോനിയന്ത്രണത്തിെല അപാകതകൾ തുടങ്ങിയവയുള്ളവർ വളരെ പെട്ടെന്നു ഡിജിറ്റൽ ലൈംഗികതയ്ക്ക വശംവദരാകും. ചിലർ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നുള്ള ഒ ളിച്ചോട്ടമായി ഈ മേഖലയിൽ എത്തിപ്പെടാറുണ്ട്.

പ്രശ്നങ്ങൾ അറിയാം

പോൺ അഡിക്‌ഷൻ, െവർച്വൽ സെക്സ് അഡിക്‌ഷൻ ഇവയിലൂെട കടന്നു പോകുന്നവർക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

∙ തകരുന്ന വ്യക്തി ബന്ധങ്ങൾ, മറ്റുള്ളവരുമായി നേരിട്ടു ബന്ധം സ്ഥാപിക്കാനുള്ള കഴിവില്ലായ്മ.

∙ആരോഗ്യപരമായ സ്ത്രീബന്ധങ്ങൾ നഷ്ടപ്പെടുന്നു. ദാമ്പത്യം തകരുന്നു.

∙സ്വയം വിലയില്ലായ്മ, തകരുന്ന ആ ത്മവിശ്വാസവും. കുറ്റബോധവും രൂപപ്പെടാം.

∙ആവർത്തിക്കപ്പെടുന്ന ചീത്ത ശീലങ്ങൾ കൂടുതൽ മോശം പെരുമാറ്റങ്ങൾ ശീലമാക്കാൻ കാരണമാക്കുന്നു.

∙വിദ്യാർഥികളിൽ പഠന നിലവാരം തകരുന്നു.

∙ സ്ത്രീകളിൽ ഇത്തരം പ്രവണതകൾ കൂടുതൽ അപക്വമായ പെരുമാറ്റങ്ങളിലേക്കു നയിക്കുന്നു. ജീവിതത്തോടു വിരക്തി, അരക്ഷിതബോധം, പലവിധത്തിൽ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത– ഇവയൊക്കെ സംഭവിക്കുന്നു.

∙ വിഷാദം, ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയവയ്ക്ക് ഇരയാകേണ്ടിവരുന്നു.

പ്രതിരോധം തീർക്കാം

നമ്മുടെ സ്വകാര്യ സമയങ്ങളിൽ ഡിജിറ്റൽ മീഡിയയുടെ കടന്നുകയറ്റം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധം.

∙ പങ്കാളിക്കു താല്പര്യമില്ലാത്ത ഓൺലൈൻ ലൈംഗിക താൽപര്യങ്ങൾ വച്ചു പുലര്‍ത്താതിരിക്കുക.

∙ യഥാർഥ ലോകത്തു നേരിട്ടു കാണുകയും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തികളോടു മാത്രം വെർചൽ ലോകത്തും സംസാരിക്കുക.

അപരിചിതരോട് ഓൺലൈൻ വഴി സംസാരിക്കുന്ന ശീലം ഒഴിവാക്കുക.

∙ മാനസികമായ അസ്വാസ്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന സമയത്തു അതിൽ നിന്നു രക്ഷപ്പെടാൻ ഇ–സെകസ് ഉപയോഗപ്പെടുത്താതിരിക്കുക.

ഇത്തരം പ്രവണതകൾ തടയാനുള്ള ഏറ്റവും നല്ല മാർഗം ചെറുപ്പത്തിലെ അക്കാദമിക് പഠനത്തോടൊപ്പം ശരിയായ രീതിയിലുള്ള ലൈംഗികവിദ്യാഭ്യാസവും നൽകുകയാണ്. അതിർവരമ്പുകളേയും അപകടങ്ങളേയും കുറിച്ചു ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ സാക്ഷരത, വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ നൽകുക. തുടക്കത്തിലേതന്നെ സ്വയം തിരിച്ചറിയാനുള്ള അവബോധം നേടുക. പങ്കാളികൾക്കിടയിൽ ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചർച്ചകളും അനിവാര്യമാണ്. സെക്സുമായി ബന്ധപ്പെട്ടവ അശ്ലീലമാണെന്നും ഗോപ്യമായി സൂക്ഷിക്കേണ്ടതുമാണെന്നുമുള്ള ധാരണ മാറ്റേണ്ടതുണ്ട്. വിദഗ്ധസഹായം തേടാനും മടിക്കരുത്.

ചികിത്സ എങ്ങനെ?

മറ്റേതൊരു അഡിക്‌ഷനിലുമെന്നതുപോലെ ഇ–സെക്സ് അഡിക്‌ഷനിലും പ്രശ്നം എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചാണ് ചികിത്സ മരുന്നു കൊണ്ടു വേണോ തെറപ്പികൾ കൊണ്ടു വേണോ എന്നു തീരുമാനിക്കുന്നത്. ഇതിലേക്കു നയിക്കുന്ന മാനസിക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോയെന്നും വിലയിരുത്തണം. കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറപ്പി, സിസ്റ്റമാറ്റിക് ഡീസെൻസിറ്റൈസേഷൻ തുടങ്ങിയ പലതരത്തിലുള്ള മനഃശാസ്ത്ര ചികിത്സകളും പലതരത്തിലുള്ള മരുന്നുകളും ഇതിൽ ഉപയോഗപ്പെടുത്തേണ്ടി വരും.

ദാമ്പത്യ ജീവിതത്തിലെ ലൈംഗികതയെ ഇതു പ്രതികൂലമായി ബാധിച്ചാൽ പങ്കാളികൾ പരസ്പരമുള്ള ലൈംഗികേതരമായ മാനസിക അടുപ്പം മെച്ചപ്പെടുത്താൻ പടിപടിയായി ശ്രമിക്കേണ്ടതുണ്ട്. അതിനു ശേഷമാവണം ലൈംഗികതയിലെ അടുപ്പത്തിനുള്ള നടപടികൾ തുടങ്ങുക. ഈ രംഗത്തെ വിദഗ്ധനായ ഒരു ഡോക്ടർക്കോ സെക്സോളജിസ്റ്റിനോ ഇക്കാര്യത്തിൽ സഹായിക്കാനാവും.

വിവരങ്ങൾക്ക് കടപ്പാട് 

ഡോ. എസ്. ഡി. സിങ്

സീനിയർ സൈക്യാട്രിസ്റ്റ്,

സെക്‌ഷ്വൽ മെഡിസിൻ സ്പെഷലിസ്റ്റ്, സുധീന്ദ്ര മെഡിക്കൽ മിഷൻ

ഹോസ്പിറ്റൽ, കൊച്ചി

ഡോ. എ. ചക്രവർത്തി

സീനിയർ കൺ‌സൽറ്റന്റ് ഇൻ റിപ്രോഡക്റ്റീവ് & സെക്‌ഷ്വൽ മെഡിസിൻ,

തിരുവനന്തപുരം

ഡോ. വർഷ വിദ്യാധരൻ

അസോ. പ്രഫസർ,

ഡിപാർട്മെന്റ് ഓഫ് സൈക്യാട്രി,

മെഡിക്കൽ കോളജ്,

കോഴിക്കോട്

Tags:
  • Manorama Arogyam