Tuesday 30 January 2024 02:39 PM IST : By സ്വന്തം ലേഖകൻ

ബെൽറ്റ് കെട്ടിയിട്ടും മരുന്നു പുരട്ടിയിട്ടും കാര്യമില്ല: കുടവയർ മാത്രമായി കുറയ്ക്കാൻ വഴി തേടുന്നവർ അറിയാൻ

kudavayare324

മുപ്പതു വയസ്സു കഴിഞ്ഞവരിൽ കുടവയറില്ലാത്തവർ നമ്മുെട നാട്ടില്‍ ചുരുക്കമാണ്. ഇക്കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ഏകദേശം ഒരു പോലെയാണ്. കുട്ടികളുടെ ഇടയിലും കുടവയറന്മാർ ധാരാളമുണ്ട്. ഇത്തിരി കുടവയർ ആഢ്യത്വത്തിന്റെ ലക്ഷണമാണെന്നു കരുതുന്നവരുമുണ്ട്. എന്നാൽ കുടവയർ തീർത്തും ഒരു ആരോഗ്യപ്രശ്നമാണ്, ഒരുപിടി രോഗങ്ങളിലേക്കുള്ള വാതിലാണ്.

പുറമെ കാണുന്ന കുടവയർ അധികവും വയറിലെ ചർമത്തിനടിയിൽ കൊഴുപ്പ് (സബ്ക്യൂട്ടേനിയസ് ഫാറ്റ്) അടിഞ്ഞു കൂടിയിരിക്കുന്നതാണ്. ഇതോടൊപ്പം വയറിനുള്ളിൽ ആന്തരികാവയവങ്ങളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് (വിസറൽ ഫാറ്റ്) കൂടുതൽ അപകടകാരി.

കുടവയർ വന്നാൽ ?

കുടവയർ ശരീരത്തിന്റെ ഭാഗമായി മാറിയാൽ ഓരോരുത്തർക്കും പ്രായമനുസരിച്ചു പ്രശ്നങ്ങളും വ്യത്യസ്തമാണ്.

∙ കുട്ടികളുടെ പ്രധാന പ്രശ്നം കൂട്ടുകാർ കളിയാക്കുന്നു; കുടവയറാ എന്നു വിളിക്കുന്നു; അവരോടൊപ്പം ഓടാനും ചാടാനും കഴിയുന്നില്ല; കളിക്കുമ്പോൾ പെട്ടെന്നു തന്നെ ക്ഷീണിക്കുന്നു; കിതപ്പ് അനുഭവപ്പെടുന്നു ഇതൊക്കെയാണ്.

∙ കുറച്ചുകൂടി മുതിർന്ന് കൗമാരത്തിലെത്തുമ്പോൾ ഇതൊരു സൗന്ദര്യ പ്രശ്നമാണ്. സ്ലിം ബ്യൂട്ടി ആകണം, സഹപാഠികളുടെ സ്നേഹവും ആദരവും
പിടിച്ചു പറ്റണം,  പെൺകുട്ടികൾക്ക് ആൺകുട്ടികളുടെ പ്രശംസയും ശ്രദ്ധയും കിട്ടണം. ഇതൊന്നും കുടവയറുണ്ടെങ്കിൽ കിട്ടില്ല.

∙ യുവാക്കളുടെയും യുവതികളുടെയും പ്രശ്നം പാകത്തിനുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ കിട്ടുന്നില്ല എന്നതാവും. കുടവയർ വസ്ത്രങ്ങളിൽ ഒളിപ്പിക്കാനുള്ള വ്യഗ്രതയും അവ തിരഞ്ഞെടുക്കുമ്പോൾ കാണാം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനുള്ള ആത്മവിശ്വാസം കുറയുന്നു, മോഡലിങ്ങിലോ ആങ്കറിങ്ങിലോ സിനിമയിലോ അവസരങ്ങൾ നഷ്ടപ്പെടുന്നു തുടങ്ങിയവയാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്നം

∙ മുതിർന്നവരാണ് ഇതൊരു ആരോഗ്യ പ്രശ്നമാണെന്നു തിരിച്ചറിഞ്ഞ് പരിഹാരം തേടുന്നത്. അസിഡിറ്റി, പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ തുടങ്ങിയവയാണ് കുറേപ്പേരുടെ പ്രശ്നം. പിത്താശയക്കല്ല്, ആമാശയ രോഗങ്ങൾ, ഉറക്ക തടസ്സം (Obstructive sleep), കൊളസ്ട്രോൾ കൂടുക തുടങ്ങിയവയാണ് ചില കുടവയറന്മാരെ ഡോക്ടറുടെ അടുത്തെത്തിക്കുന്നത്.

∙ പ്രായമായവരിൽ വയറ് താഴോട്ടു ഇറങ്ങി ഒരു ഏപ്രൺ പോലെ തൂങ്ങിക്കിടക്കും. വയറിനുള്ളിലെ ആന്തരികാവയവങ്ങളെ സംരക്ഷിക്കുന്ന ഒമന്റം (Omentum) ഉള്ളിലൊരു പാളിപോലെ പോലെ കട്ടിയായി തൂങ്ങിക്കിടക്കുന്നതുകാണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

വിവിധ കാരണങ്ങളാലാണ് കുടവയർ ഉണ്ടാകുന്നത്. പലരും യഥാർഥ കാരണങ്ങളെയല്ല സ്വന്തം കുടവയറിനു കാരണമായി കരുതിരിക്കുക. കാരണം ശരിയായി മനസ്സിലാക്കിയാൽ കുടവയർ കുറയ്ക്കാൻ മാത്രമല്ല ഇതുവരെ കുടവയർ വന്നിട്ടില്ലാത്തവർക്ക് അതു തടയുകയും ചെയ്യാം.

പാരമ്പര്യമായി കുടവയർ ?

പലരും കുടവയർ പാരമ്പര്യമായി കിട്ടിയതാണെന്നാണ് പറയുക. എന്റെ അച്ഛനും അപ്പൂപ്പനും ഒക്കെ കുടവയറന്മാരായിരുന്നു, അതുകൊണ്ടാണ് എനിക്കും, എന്നു പറയാറുണ്ട്. ഇതു ശരിയല്ല. കുടുംബത്തിലെ ആഹാരശീലമായിരിക്കും യഥാർത്ഥ കാരണം. അന്നജ പ്രധാനമായ ആഹാരമാണ് പണ്ടു മുതൽ നമ്മുടെ ശീലം. നെൽകൃഷി ഉണ്ടായിരുന്ന കാലത്ത് വീട്ടിൽ വേണ്ടത്ര അരിയുണ്ട് എന്നുള്ളതു കൊണ്ടു തന്നെ അത് ചോറായും കഞ്ഞിയായും മൂന്നോ നാലോ നേരം കഴിക്കുമായിരുന്നു. പലരും അതിപ്പോഴും തുടരുന്നു. പക്ഷേ ഒന്നോർക്കണം, അന്ന് കൃഷിപ്പണി മുതൽ വീട്ടുജോലികൾ വരെ കായികാദ്ധ്വാനമുള്ള പണിയായിരുന്നു. ഇപ്പോൾ അതെല്ലാം യന്ത്രങ്ങളല്ലേ ചെയ്യുന്നത്. അപ്പോള്‍ ആഹാരക്രമവും അതനുസരിച്ചു മാറ്റണ്ടേ? മാറ്റാത്തവർക്കു കുടവയർ വരാം.

ആഹാരരീതി മാറ്റാം

മൂന്നോ നാലോ നേരം ധാന്യങ്ങൾ അതായത് അരി, ഗോതമ്പ്, ഓട്സ് തുടങ്ങിയവയും കിഴങ്ങുകളും യഥേഷ്ടം കഴിച്ചുകൊണ്ടിരുന്നാൽ ചെറുപ്പത്തിൽത്തന്നെ കുടവയർ വരും.

ധാന്യങ്ങൾ രണ്ടുനേരമാക്കി പരിമിതപ്പെടുത്തുക. ഒരുനേരം പയറുവർഗങ്ങളോ ഇലക്കറിക്കളോ പച്ചക്കറികളോ (സാലഡ്) പഴങ്ങളോ കഴിക്കാം. ധാന്യങ്ങളുടെ അളവു കുറച്ച് അവയോടൊപ്പം പ്രോട്ടീൻ കൂടുതലുള്ള പയറുവർഗങ്ങളോ മത്സ്യമോ മുട്ടയോ മാംസമോ കഴിക്കാം. ആകെ നോക്കുമ്പോൾ ഊർജ്ജം കുറഞ്ഞ (Low calorie) ഭക്ഷണം ശീലമാക്കുന്നതാണ് കുടവയർ
കുറയ്ക്കാൻ നല്ലത്.

വ്യായാമക്കുറവ്

ഒരിടത്തിരുന്നു ചെയ്യാവുന്ന ജോലികളാണ് കുടവറുള്ളവരിലധികവും ചെയ്യുന്നത്. ജോലി സംബന്ധമായ ശാരീരികാദ്ധ്വാനം തീരെയില്ല. വീട്ടിൽ നിന്നു നോക്കിയാൽ കാണാവുന്ന കടയിൽ നിന്നു പാൽ വാങ്ങാൻ സ്കൂട്ടറിൽ പോകുന്നവരുണ്ട്. തീരെ നടക്കാതെയും ശരീരമനങ്ങാതെയും സുഖിച്ചു ജീവിക്കുന്നവർ പിന്നീടു വയറിന്റെ ഭാരം ചുമക്കേണ്ടി വരും. വാഹനം അൽപം അകലെ സുരക്ഷിതമായി  പാർക്കു ചെയ്തു, നടക്കാൻ ബോധപൂർവം അവസരമുണ്ടാക്കുന്നതുപോലെയുള്ള കാര്യങ്ങൾ ആയാസരഹിതമായി വ്യായാമം ലഭിക്കാൻ സഹായിക്കും.

ജോലിയുടെ സ്വഭാവം

ഒരാളുെട തൊഴിലും കുടവയറും തമ്മിൽ നല്ല ബന്ധമുണ്ട്. കായികാദ്ധ്വാനം തീരെയില്ലാത്ത ഓഫീസ് ജോലിയോ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരോ ആണെങ്കിൽ മണിക്കൂറുകളോളം ഒരിടത്തു തന്നെ ഇരുന്നു പണിചെയ്യുന്നതു കൊണ്ട് കുടവയർ സാധ്യത കൂടും. ശരീരഭാരം കൂടുകയും ആനുപാതികമല്ലാതെ വയർ വല്ലാതെ കൂടുകയും ചെയ്യുമ്പോഴാണ് ചികിത്സ ആവശ്യമാണെന്നു പലരും മനസ്സിലാക്കുന്നത്.

ഇത്തരക്കാർ ഓരോ മണിക്കൂറിലും അഞ്ചുമിനിറ്റു സമയം എഴുന്നേറ്റു നടക്കുകയോ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുകയോ വേണം. ജോലിക്കിടയിൽ എണ്ണയിൽ വറുത്ത ലഘുഭക്ഷണം കൂടി ഉണ്ടെങ്കിൽ കുടവയറുണ്ടാകാനുള്ള സാധ്യത ഇരട്ടിയാകും. മേശയ്ക്കടിയിൽ സൈക്കിൾ പെഡൽ പോലെ ഇടയ്ക്കിടെ ചവിട്ടാനുള്ള ലഘുയന്ത്രങ്ങൾ പിടിപ്പിക്കുന്ന ശീലം ചില ഓഫീസുകളിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറിലൊരിക്കൽ അലാം ബെൽ വച്ച് സുംബാ ഡാൻസ് പോലെയുള്ള വ്യായാമം ചെയ്യിക്കാൻ സർക്കാർ ആലോചിക്കുന്നതായി കേട്ടു. നടപ്പിലാക്കാനായാൽ വളരെ നല്ലത്.

പ്രസവശേഷം കുടവയർ

നാട്ടിൽ പരമ്പരാഗതമായി തുടരുന്ന ഗർഭകാല പരിചരണവും പ്രസവ ുശ്രൂഷയും സ്ത്രീകളിൽ പൊണ്ണത്തടിയും കുടവയറും ഉണ്ടാകാൻ കാരണമാകാറുണ്ട്. ഗർഭകാലത്ത് സ്ട്രെച്ചു ചെയ്തിരിക്കുന്ന വയറിലെ പേശികൾ പ്രസവത്തോടുകൂടി അയഞ്ഞു തൂങ്ങിയ അവസ്ഥയിലാകും. പ്രസവം കഴിഞ്ഞ് രണ്ടാഴ്ച മുതൽ ലഘുവ്യായാമങ്ങളും ആറാഴ്ച മുതൽ സാധാരണ വ്യയാമങ്ങളും ചെയ്യണം. അല്ലെങ്കിൽ വയറിലെ പേശികൾ സ്ഥിരമായി ദൃഢത നഷ്ടപ്പെട്ട് അയഞ്ഞു കിടക്കും. ഇത് സ്ഥിരമായ നടുവേദനയ്ക്കു കാരണാകാം.

ഉറക്കം കുറഞ്ഞാലും

ദിവസവും 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം എല്ലാവർക്കും ആവശ്യമാണ്. ഉറക്കം കുറഞ്ഞാൽ ശരീരഭാരവും കുടവയറും കൂടാൻ സാധ്യതയുണ്ട്. ശരീരഭാരം ക്രമീകരിച്ചു വയ്ക്കുന്നതിൽ ഒരു പ്രധാന പങ്കു നല്ല ഉറക്കശീലങ്ങൾ ഉൾപ്പെട്ട ‘സ്ലീപ് ഹൈജീൻ’ നിര്‍വഹിക്കുന്നു. എത്ര മണിക്കൂർ ഉറങ്ങിയാലും രാവിലെ കൃത്യ സമയത്തു ഉണരുകയും കൃത്യതയോടെ നിത്യകർമ്മങ്ങളിൽ ഏർപ്പെടുകയും ചെയ്യണം. ഹോർമോണുകളുടെയും തലച്ചോറിലെ ചില രാസവസ്തുക്കളുടെയും ശരിയായ പ്രവർത്തനത്തിന് ഇത് വളരെ ആവശ്യമാണ്.

മരുന്നു മുതൽ പിരിമുറുക്കം വരെ

സ്റ്റിറോയ്ഡ് മരുന്നുകൾ, മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ചിലതരം മരുന്നുകൾ തുടങ്ങിയവ വിശപ്പു വർധിപ്പിക്കുകയും കുടവയറുണ്ടാക്കുകയും ചെയ്യും. അതു പോലെ അമിതമായ പിരിമുറുക്കത്തിന്റെ ഫലമായി ഉണ്ടാകുന്ന സ്ട്രെസ് ബെല്ലി, ഹോർമോൺ തകരാറുകൾ കൊണ്ട് ഉണ്ടാകുന്ന കുടവയർ എന്നിവയും നമ്മുടെ നാട്ടിൽ സാധാരണമാണ്. മദ്യപാനവും പുകവലിയും കുടവയറിനു കാരണമാകുന്നതായി കണ്ടിട്ടുണ്ട്.

കുടവയർ കുറച്ചേ പറ്റൂ...

കുടവയർ എന്തിനു കുറയ്ക്കണമെന്നു ചോദിച്ചാൽ അതിനു നൂറുകണക്കിനു ഉത്തരം പറയാം. ശാസ്ത്രീയമായ ഒരു കാരണം മാത്രം ഇവിടെ പറയാം. ആയിരത്തിലധികം കുടവയറന്മാരെ പത്തു വർഷം നിരീക്ഷിച്ചു പ്രസിദ്ധീകരിച്ച ഒരു ചൈനീസ് പഠനം പറയുന്നത് ഇതിൽ പകുതിയോളം പേരും ഈ കാലയളവിൽ പ്രമേഹബാധിതരായി എന്നാണ്. 2020 മേയിൽ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനം കുടവയറും പ്രമേഹവും തമ്മിൽ നേരിട്ടു ബന്ധമുണ്ട് എന്നതിനു തെളിവാണ്.

വയർ മാത്രം കുറയ്ക്കാൻ കഴിഞ്ഞെങ്കിൽ എന്നു മോഹിച്ചു സ്പോട് റിഡക്‌ഷൻ പരസ്യങ്ങളിൽ വീഴുന്നവർ ഏറെയാണ്. ശസ്ത്രക്രിയാ മാർഗ ങ്ങളിലൂെടയല്ലാതെ തെളിയിക്കപ്പെട്ട ഒരു വഴിയും അതിനു നിലവിലില്ല. വയർ കുറയ്ക്കാൻ നിലവിൽ സാധ്യമായ വഴി ഇനി പറയാം.

∙ ഭക്ഷണരീതി മാറ്റണം. വെള്ളം ആവശ്യത്തിനു കുടിക്കണം. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കണം. ധാന്യങ്ങളുടെ അളവു കുറയ്ക്കണം. ഒന്നോ രണ്ടോ നേരം മാത്രമേ ധാന്യങ്ങൾ കഴിക്കാൻ പാടുള്ളൂ.

∙ ദിവസവും കൃത്യമായി 30 മിനിറ്റെങ്കിലും എയ്റോബിക് വ്യായാമം ചെയ്യണം. വയറു മാത്രം കുറയ്ക്കാനുള്ള പല കുറുക്കുവഴികളും പലരും ശ്രമിക്കാറുണ്ട്. ഫലം കിട്ടാനുള്ള സാധ്യത കുറവാണ്. വയറിലെ പേശികൾ ദൃഢപ്പെടുത്താനുള്ള വ്യായാമം ഒരു ഡോക്ടറുടെ ഉപദേശമനുസിരിച്ചു ചെയ്യുക. ആകെ ശരീരഭാരം കുറയുന്നതനുസരിച്ച് ആനുപാതികമായി കുടവയറും കുറയും.

∙ നന്നായി ഉറങ്ങുക.

∙ സ്ട്രെസ് ഇല്ലാത്ത ജീവിതശൈലി സ്വീകരിക്കുക.

പരസ്യങ്ങളിൽ കാണുന്ന ബെൽറ്റുകളും ലേപനങ്ങളും മറ്റും ഫലം തരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് വയർ കുറയ്ക്കാൻ കുറുക്കുവഴികൾ തേടാതെ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുക.  പുറമെയുള്ള അഭംഗി കുറയ്ക്കാൻ Liposuction, Lypectomy തുടങ്ങിയ പ്ലാസ്റ്റിക് സർജറികൾ തൽക്കാലം സഹായിച്ചേക്കാം. പക്ഷേ, ആന്തരികാവയവങ്ങളിലെ കൊഴുപ്പു കുറയ്ക്കാൻ ഭക്ഷണ നിയന്ത്രണവും വ്യായാമം കൊണ്ടു മാത്രമേ കഴിയൂ

ഡോ. വി. കെ. ശ്രീകല

റിട്ട. പ്രഫസർ ഓഫ്

ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ,

മെഡിക്കൽ കോളജ്

തിരുവനന്തപുരം

Tags:
  • Fitness Tips
  • Manorama Arogyam