Wednesday 19 June 2024 04:25 PM IST

ആർത്തവം ഇല്ലാത്ത അവസ്ഥയും, വണ്ണക്കുറവും: നിങ്ങളുടെ കുട്ടിക്കുണ്ടോ ടർണർ സിൻഡ്രം: തെറ്റിദ്ധാരണകൾ അകറ്റാം

Dr MKC Nair, Paediatrician &Psychologist, Former V C, Kerala Health University

wmn343

എന്റെ മകൾക്കു 16 വയസ്സായി. അവൾ വല്ലാതെ മെലിഞ്ഞിരിക്കുന്നു. ഭാരം 38 കിലോഗ്രാം. കാണുന്നവരും ബന്ധുക്കളുമെല്ലാം മെലിഞ്ഞുപോയല്ലോ എന്നു പറയുന്നതു കേൾക്കുന്നതു മോൾക്കും വിഷമമാണ്. രണ്ടു തവണ ഡോക്ടറെ കാണിച്ചു. കാര്യമായ പ്രശ്നമൊന്നുമില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. രക്തത്തിലെ ഹീമോഗ്ലോബിൻ നില 11.6 ആണ്. അത്യാവശ്യം ആഹാരമൊക്കെ കഴിക്കുന്നുണ്ട്. പരീക്ഷയെക്കുറിച്ചു അതിരുകടന്ന ആധിയുണ്ട്. എപ്പോഴും ക്ഷീണമാണ്. വണ്ണം കൂടാൻ എന്താണു ചെയ്യേണ്ടത്. ഇനി എന്തെങ്കിലും രോഗത്തിന്റെ സൂചന ആണോ?

മാധവി, കോഴിക്കോട്

ടീനേജ് പ്രായത്തിലുള്ള കുട്ടികളുെട ഭാരക്കുറവുമായി ബന്ധപ്പെട്ട പ്രശ്നം ഇന്നു വളരെ സാധാരണമായി മാറി. വണ്ണക്കുറവിനെക്കുറിച്ചുള്ള വിഷമവുമായി എത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം അറിയണം. വണ്ണക്കുറവ് കൈകാലുകൾക്ക് അടക്കം മൊത്തം ശരീരത്തിനാണോ അതോ സ്തനത്തിനു വലുപ്പം കുറവാണെന്നതിനാൽ വണ്ണക്കുറവായി തെറ്റിധരിക്കുന്നതാണോ എന്നു പ്രത്യേകിച്ചും മനസ്സിലാക്കണം. മിക്കപ്പോഴും സ്തനവളർച്ച കുറഞ്ഞ കുട്ടികൾക്കും ശരീരത്തിനു ആകെയുള്ള വളർച്ചയുണ്ടാവും അതു വണ്ണക്കുറവല്ല. ചോദ്യത്തിൽ അത്തരം കാര്യങ്ങൾ വ്യക്തമല്ല. എങ്കിലും 38 കിലോഗ്രാം ഭാരം ഉണ്ട് എന്നത് അമിതമായി മെലിഞ്ഞുപോയതിന്റെ സൂചനയല്ല.

ഈ പ്രായത്തിലുള്ള കുട്ടികളുെട വണ്ണക്കുറവിന്റെ പ്രശ്നം ശ്രദ്ധയിൽപ്പെടുമ്പോൾ ഏറ്റവും കരുതൽ ഉണ്ടാകേണ്ടത് മാസമുറയുള്ള കൂട്ടിയോണോ അല്ലയോ എന്നതാണ്. മാസമുറ ഉണ്ടാകാത്തവരാണെങ്കിൽ വളരെ കരുതൽ വേണം. ആ കുട്ടികളിൽ ‘ടർണർ സിൻഡ്രം’ എന്ന രോഗാവസ്ഥ ഇല്ല എന്നു ഉറപ്പാക്കേണ്ടതുണ്ട്.

ടർണർ സിൻഡ്രം

ക്രോമസോം തകരാറുകൊണ്ടുണ്ടാകുന്ന ഒരവസ്ഥയാണിത്. ചെറുതും മെലിഞ്ഞതുമായ ശരീരം ഇതിന്റെ പ്രധാന ലക്ഷണമാണ്. ടർണർ സിൻഡ്രം മൂന്നു സുപ്രധാന ലക്ഷണങ്ങളിലൂെട തിരിച്ചറിയാനവും

∙ കഴുത്തിലെ ചർമം ഇരുവശങ്ങളിലേക്കു വലിഞ്ഞു നിൽക്കുന്നതായി (വെബിങ്) കാണുക

∙ മുലക്കണ്ണുകൾ സ്തനങ്ങളിൽ ഇരുവശങ്ങളിലേക്കുമായി (വൈഡ്‌ലി സെപെറേറ്റഡ്) മാറിനിൽക്കുന്ന രീതിയിൽ കാണുക.

∙ നെഞ്ച് പരന്നായി (ഫ്ലാറ്റ് ചെസ്റ്റ്) കാണുക.

ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ‘ടർണർ സിൻഡ്രം’ ഉറപ്പാക്കി ചികിത്സകൾ ആരംഭിക്കാം.

മാസമുറയുള്ളവരിൽ ഈ അവസ്ഥ സംശയിക്കേണ്ട കാര്യമില്ല. ചോദ്യത്തിൽ മാസമുറയുടെ കാര്യം പരാമർശിക്കാത്തതിനാൽ കുട്ടിക്കു ഈ പ്രശ്നമാവില്ല. ഹീമോഗ്ലോബിൻ അളവും കുറവില്ല. ഏതായാലും വണ്ണം കൂട്ടാനായി സമീകൃതഭക്ഷണം കഴിക്കുന്നു എന്ന് ഉറപ്പു വരുത്താം. ചോറും മീനുമൊക്കെ വേണ്ടത്ര കഴിക്കുന്നു എന്നും ഉറപ്പാക്കണം. പഠിക്കുന്ന കുട്ടിയായതിനാൽ രാവിലെയും വൈകിട്ടുമൊക്കെ പഠിക്കാനിരിക്കുമ്പോൾ കരുപ്പെട്ടി കാപ്പി, നെയ്യ് ചേർത്തു കുടിക്കുന്നതു പഠനത്തിന്റെ ഉന്‍മേഷത്തിനും ശരീരം മെച്ചപ്പെടാനും സഹായിക്കും.

േഡാ. എം. കെ. സി. നായർ

പ്രശസ്ത ശിശുരോഗവിദഗ്ധനും മനശ്ശാസ്ത്രജ്ഞനും ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ

Tags:
  • Manorama Arogyam