Tuesday 22 August 2023 03:46 PM IST

ആയുർവേദ ചികിത്സ കഴിഞ്ഞ് അവർ പറയുന്നു: Extraterrestrial and Ostentation !!!

Baiju Govind

Sub Editor Manorama Traveller

1 ayur

അറബിക്കടലിന്റെ തീരത്ത് മൺസൂൺ മഴ കാണാൻ എത്തിയതാണ് എലേന. കേരളത്തിലേക്കാണെന്നു പറഞ്ഞപ്പോൾ ഇവ്ജിനിയയും കൂടെ കൂടി. മഞ്ഞു പെയ്യുന്ന സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നു മലയാളനാട്ടിൽ വന്നിറങ്ങിയ റഷ്യക്കാരെ വരവേറ്റത് വേനലിന്റെ അവസാന ദിനങ്ങളായിരുന്നു. മഴ കണ്ടിട്ടേ മടങ്ങൂ എന്നുറപ്പിച്ച് കുറച്ചു ദിവസം ആയുർവേദ ചികിത്സ നടത്താൻ അവർ തീരുമാനിച്ചു. മരുന്നു പരിചരണം നടത്താൻ തിരുവനന്തപുരത്തിനു തെക്കു പൂവാറിനു സമീപം ദ് ട്രാവൻകൂർ ഹെറിറ്റേജ് റിസോർട്ടാണ് റഷ്യക്കാരികൾ തിരഞ്ഞെടുത്തത്. മെയ്‌വഴക്കത്തിനു യോഗയും ചർമം തിളങ്ങാൻ ലേപനവും കഴിഞ്ഞപ്പോഴേക്കും മൺസൂൺ മഴ നൃത്തം തുടങ്ങി. കടൽക്കാറ്റിന്റെ ഇരമ്പൽ കേട്ടു റി സോർട്ടിന്റെ മുറ്റത്തിറങ്ങിയ ജപ്പാൻ സ്വദേശി ഹിക്കാരു, മഴ കാണാനിറങ്ങിയ റഷ്യൻ സുന്ദരികളുമായി കൂട്ടുകൂടി. കേരളത്തിന്റെ മൺസൂണിനെ അവർ പുകഴ്ത്തിയത് ഇങ്ങനെ: Extraterrestrial and Ostentation... ‘

2 ayur

അന്യഗ്രഹത്തിലേതു പോലെ’ എ ന്നാണത്രേ ആദ്യത്തെ വാക്കിന്റെ അർഥം. രണ്ടാമത്തെ വാക്ക് കുറച്ചു മാസങ്ങൾക്കു മുൻപ് ഇന്ത്യയാകെ ചർച്ചയായിരുന്നു. ‘ആഡംബരം’ എന്നാണ് Ostentation എന്ന വാക്കിനു വിവക്ഷ (പദസമ്പത്തു പരിചയപ്പെടുത്തിയ ശശി തരൂരിനു നന്ദി). മഴയുടെ ലീലാവിലാസങ്ങൾക്കു പുതിയ നിർവചനം നൽകിയ റഷ്യക്കാർ താമസിച്ച റിസോർട്ടിന്റെ മുൻവശത്തു പുൽമേടയാണ്. മഴ ശമിച്ചപ്പോൾ ശുഭ്രവസ്ത്രധാരിയായി യോഗാ മാസ്റ്റർ അവിടേക്കു വന്നു, അതിഥികൾ നിരന്നു – സൂര്യ നമസ്കാരം, ധ്യാനം... ആയുർവേദ പരിചരണത്തിന്റെ സായാഹ്ന വിഭാഗം ആരംഭിച്ചു.

‘‘മെഡിസിനൽ ടൂറിസത്തിന്റെ അടിസ്ഥാനം വിശ്വാസ്യതയാണ്. ലോകം അംഗീകരിച്ച ചികിത്സാരീതിയാണ് ആ യുർ‌വേദം. തറവാടുകളിൽ താമസിച്ച് ആയുർവേദ പരിചരണം നേടാൻ വിദേശികൾ കേരളത്തിലെത്തുന്നു. നിഷ്ഠകൾ പാലിച്ചുകൊണ്ടുള്ള ചികിത്സയിൽ അവർ തൃപ്തരാണ് ’’ – ട്രാവൻകൂർ ഹെറിറ്റേജ് റിസോർട്ടിന്റെ പ്രത്യേകതകൾ പറഞ്ഞുകൊണ്ട് എംഡി ടി.സി. പോൾ സ്വാഗതം ചെയ്തു. 200 വർഷത്തിലേറെ പഴക്കമുള്ള 29 തറവാടുകൾ വിലയ്ക്കു വാങ്ങി അറബിക്കടലിന്റെ തീരത്ത് പുനസ്ഥാപിച്ച സംരംഭകനാണ് ടി.സി.പോൾ.

3 ayur

ആയുർവേദം ആനന്ദം മണ്ണും മരങ്ങളും മഴയിൽ തളിർക്കുന്ന കർക്കടകം ആയുർവേദ വിധിപ്രകാരം ചികിത്സയുടെ കാലം കൂടിയാണ്. ആറു മാസത്തെ വെയിലിനെ മറികടന്ന ശരീരം മഴയേയും അനുബന്ധ രോഗങ്ങളേയും പ്രതിരോധിക്കാൻ പ്രാപ്തി നേടണം. മരുന്നു ചേരുവയുള്ള കഞ്ഞി കുടിച്ചാണ് മുൻതലമുറ ആരോഗ്യം പുഷ്ടിപ്പെടുത്തിയിരുന്നത്. ആയുർവേദ പരിചരണത്തിന് മഴക്കാലം നല്ലതാണെന്നു ചുരുക്കം. ട്രാവൻകൂർ ഹെറിറ്റേജിലെ ‘ആനന്ദം’ ആയുർവേദ സെന്റർ പിന്തുടരുന്നത് പാരമ്പര്യ രീതികളാണ്. ഡോക്ടർമാരുടെയും ഫിസിഷ്യന്റെയും തെറപിസ്റ്റുകളുടെയും നേതൃത്വത്തിലാണ് പരിചരണം. റിലാക്സേഷൻ പ്രോഗ്രാം, സ്ട്രെസ് റിലീസ്, പഞ്ചകർമ, ബ്യൂട്ടി കെയർ, ഓൾഡ് ഏജ് ഡിസ്ഓർഡർ റിജുവനേഷൻ, സ്പൈൻ ആൻഡ് നെക്ക് കെയർ എന്നിങ്ങനെ ആയുർവേദ പരിചരണത്തെ തരംതിരിച്ചിരിക്കുന്നു. അമിത വണ്ണം നീക്കാനായി ഉദ്വർത്തനവും അഭ്യംഗ ശ്വേതവും നൽകുന്നതിനൊപ്പം നീന്തൽ പരിശീലനവുമുണ്ട്.

4 ayur

‘‘ആയുർവേദം മഴക്കാലത്തിന്റെ മാത്രം ചികിത്സയല്ല. ആയുരാരോഗ്യത്തിന് ആചാര്യന്മാർ തയാറാക്കിയ പരിചരണ രീതിയാണ്. കർക്കടകത്തിലെ ചികിത്സയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിന്റെ ഗുണം തിരിച്ചറിഞ്ഞ വിദേശികളാണ് കേരളത്തിന്റെ തനതു ചികിത്സ തേടിയെത്തുന്നത് – ട്രാവൻകൂർ ഹെറിറ്റേജിന്റെ ആയുർവേദിക് സെന്ററിലെ പരിചണങ്ങളെക്കുറിച്ച് ഡോ. വീണ പറഞ്ഞു തുടങ്ങി. ശിരോധാര, ബോഡി മസാജ്, ഞവരക്കിഴി, ക്ഷീരധാര തുടങ്ങി ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്ന റിലാക്സേഷൻ പ്രോഗ്രാമുകളുണ്ട്. നസ്യം, വമനം, വിരേചനം, തർപ്പണം, ഇലക്കിഴി, അഭ്യംഗം എന്നിവ ഉൾപ്പെടുന്ന പഞ്ചകർമയിലൂടെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും. ബോഡി മസാജ്, ഞവരക്കിഴി, പൊടിക്കിഴി, പിഴിച്ചിൽ എന്നീ പരിചരണങ്ങളിലൂടെ വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നു മുക്തി നേടാം. ‘‘മൂന്നു മുതൽ ഇരുപത്തെട്ടു ദിവസം വരെയുള്ള പാക്കേജുകളായാണ് ആയുർവേദ പരിചരണം. താമസം, ഭക്ഷണം, ചികിത്സ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. പാരമ്പര്യ രീതിയിലുള്ള തറവാടുകളിലാണ് അതിഥികൾ താമസിക്കുന്നത്. ആയുർവേദ റസ്റ്ററന്റുമുണ്ട്. നിരക്കിലെ മിതത്വമാണ് ആകർഷണം’’ റൂംസ് ഡിവിഷൻ മാനേജർ ജോസ് ജി. വർഗീസ് പറഞ്ഞു.

5 ayur

പ്രകൃതിയിലെ വിഭവങ്ങൾ ചെട്ടിനാട്ടിലെ കൊട്ടാരത്തിന്റെ മാതൃകയിലുള്ള ഹാളിലാണ് മൾട്ടി ക്വിസിൻ റസ്റ്ററന്റ് പ്രവർത്തിക്കുന്നത്. എൺപതു പേർക്ക് ഇരിക്കാവുന്ന ‘ഓപ്പൺ ഹൗസ്’ റസ്റ്ററന്റിന്റെ കുശിനിപ്പുര വിഭവസമൃദ്ധം. സമുദ്രോൽപന്നങ്ങളുടെ കലവറയാണ് ഈ അടുക്കള. ശിലാസ്തൂപങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മേൽക്കൂരയിൽ‌ തമിഴ്നാടിന്റെ തനിച്ചന്തം കാണാം. ചെട്ടിനാട്ടിലെ പ്രശസ്തമായ കൊട്ടാരങ്ങളിലൊന്നിന്റെ പുനരാവിഷ്കാരമാണ് ഇത്. കൊത്തുപണിയും അലങ്കാരങ്ങളും വാസ്തുവിദ്യയുടെ കൗതുകമായി മനംകവരുന്നു. ഓപ്പൺ ഹൗസ് റസ്റ്ററന്റിൽ നിന്നു കിഴക്കോട്ടുള്ള ഗോവണി ആരോഗ്യ പരിപാലനത്തിന്റെ ഒന്നാം നിലയിലേക്കുള്ളതാണ്. അവിടെയാണ് ആയുർവേദ റസ്റ്ററന്റ്. ശരീരത്തിനു പോഷകങ്ങളും മനസ്സിന് ഉന്മേഷവും നൽകുന്ന ചേരുവകളാണ് ആയുർവേദ റസ്റ്ററന്റിൽ പാചകത്തിന് ഉപയോഗിക്കുന്നത്. വിഭവങ്ങൾ തിരഞ്ഞെടുക്കുന്നത് ന്യൂട്രിഷന്മാരാണ്. ചീരയും വാഴക്കൂമ്പും ചെമ്പരത്തിപ്പൂവും രുചികരമായ വിഭവങ്ങളായി തീൻമേശയിൽ എത്തുന്നു. വാഴച്ചുണ്ട് പൊരിയൽ, പിണ്ടിത്തോരൻ, ആപ്പിൾ–മാംഗോ സാലഡ്, ഗൂസ്ബറി ജിഞ്ചർ, ചീസ് ആൻഡ് ടൊമാറ്റോ എന്നിങ്ങനെ വിവിധ ഇനം വിഭവങ്ങൾ ഓപ്പൺ ഹൗസ് റസ്റ്ററന്റിലും വിളമ്പാറുണ്ട്.

6 ayur

‘‘ആചാര്യന്മാർ ചൂണ്ടിക്കാട്ടിയ രീതികളിലാണ് പാചകം’’ ഷെഫ് സനീഷ് കുമാർ പറഞ്ഞു. കടൽത്തീരത്തെ തറവാടുകൾ രണ്ടു പതിറ്റാണ്ടു പാരമ്പര്യമുള്ള തറവാടുകൾ, അറബിക്കടലിനെ നോക്കി അന്തിയുറങ്ങാൻ സജ്ജമാക്കിയ മുറികൾ, സമുദ്രനീലിമയിലേക്കു തുറക്കുന്ന ജാലകങ്ങൾ... കടൽ തീരത്തിനരികെ 120 അടി ഉയരമുള്ള കുന്നിൻമുകളിലെ റിസോർട്ടിന് പ്രത്യേകതകൾ ഏറെ. തടിയിൽ നിർമിച്ച അറയും നിരയുമുള്ളതാണ് ഈ തറവാടുകൾ. കസേരയിലും പൂമുഖത്തും അകത്തളത്തിലും പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ചിട്ടുണ്ട്. പ്രീമിയം മാൻഷൻ, പ്രീമിയം സ്വീട് എന്നിങ്ങനെ തരംതിരിച്ച റിസോർട്ടുകളിലെ താമസക്കാർക്കായി വലിയ നീന്തൽക്കുളമുണ്ട്. 16 ഏക്കർ സ്ഥലത്ത് 40 കോട്ടേജുകൾ, ആകെ 90 മുറികൾ. താമസ സ്ഥലത്തേക്ക് ഇലക്ട്രിക് ഓട്ടോറിക്ഷയിലാണ് അതിഥികൾ സഞ്ചരിക്കുന്നത്. ഹെൽത്ത് ക്ലബ്, ബ്യൂട്ടി പാർലർ, ക്യുരിയോ ഷോപ്പ്, ലൈബ്രറി, കുട്ടികളുടെ കളിസ്ഥലം, കോൺഫറൻസ് ഹാൾ എന്നിവയാണ് റിസോർട്ടിലെ മറ്റു സൗകര്യങ്ങൾ. റിസോർട്ടിൽ നിന്നു തെക്കോട്ടുള്ള പാത കടൽത്തീരത്തേക്കാണ്. കുന്നിനു മുകളിൽ നിന്നു ബീച്ചിലേക്ക് ഇറങ്ങാൻ ലിഫ്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തു നിന്നു മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളും ചുവന്ന ചക്രവാളവും ഇവിടുത്തെ സൂര്യാസ്തമയം അതിമനോഹരമാക്കുന്നു .

7 ayur