Wednesday 27 March 2024 01:14 PM IST : By Anjaly Thomas

മരണമില്ലാത്ത മരങ്ങളും സെന്റ് ഡേവിഡിന്റെ കൈപ്പത്തിയും ഗുഹയും; സമർഖണ്ഡിലെ കാഴ്ചകൾ

hazarat-davud-cave-samarkhand-cover

സമർഖണ്ഡിൽ തുടങ്ങുന്ന നിരപ്പല്ലാത്ത ആ പാത, 50 കിലോമീറ്റർ അപ്പുറത്ത് ഉർഗുട്ടിലേക്കു നീളുന്നതായിരുന്നു. പശുക്കളും ആടുകളും അലയുന്ന തെരുവുകള്‍ കടന്ന്, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ആളുകളെ മറികടന്ന് ഞങ്ങൾ നീങ്ങി. തെരുവോരങ്ങളിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുടെ ശബ്ദം മുഴങ്ങി കേട്ടിരുന്നു. ഏത് ഉസ്ബക്കിസ്ഥാനിയുടേയും ജീവിതത്തിലെ ഒരു സാധാരണ ദിനം, പുഞ്ചിരിയോടെ ഞാൻ ഓർത്തു. എന്നാൽ, ഉർഗുട് അടുക്കുന്തോറും പരമ്പരാഗത വേഷങ്ങൾ നവീന വസ്ത്രങ്ങൾക്ക് വഴിമാറുന്നതു കണ്ടു.

hazarat-davud-cave-samarkhand-handicraft-stall

സെറാ‍വ്‌ഷാൻ മലനിരകളുടെ ചുവട്ടിലുള്ള ചെറിയ നഗരമാണ് ഉർഗുട്. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലുള്ള സ്ഥലം കഷ്കദാരിയ പ്രവിശ്യയുടെ അതിർത്തിക്കു സമീപമാണ്. മനോഹരമായ കരകൗശല വസ്തുക്കളുടെയും ശബ്ദമുഖരിതമായ ചന്തയുടെയും സമർഖണ്ഡ് പ്രവിശ്യയിലെ വലിയ മോസ്ക്കിന്റെയും പേരിൽ പ്രസിദ്ധമാണ് ഈ നഗരം. എന്നാൽ ഞാനവിടെ എത്തിയത് ഇവയ്ക്കു മാത്രമായല്ല! ആയിരം വർഷം പഴക്കമുള്ള വൃക്ഷങ്ങളും ക്രൈസ്തവ, ഇസ്‌ലാം, ജൂത മതവിശ്വാസികൾ ഒരുപോലെ ആദരിക്കുന്ന സെന്റ് ഡേവിഡിന്റെ ഗുഹയും... സമർഖണ്ഡിലെ ചില കാഴ്ചകൾ

പയ്യന് പ്രായം 600

ഉർഗുട് മാർക്കറ്റിൽ നിന്ന് മൂന്നു കിലോമീറ്റർ മാറി സഞ്ചാരികൾക്കിടയിൽ പ്രശസ്തമാകാത്ത ഉദ്യാനമുണ്ട്. അൻപതോളം പഴക്കമേറിയ പ്ലെയിൻ വൃക്ഷങ്ങൾ വളരുന്നതാണ് ചോർ ചിനോർ (നാല് പ്ലെയിൻ മരങ്ങൾ എന്നർഥം) എന്ന ഈ തോട്ടം. (സികമോർ എന്നുകൂടി അറിയപ്പെടുന്ന, ഇലപൊഴിക്കുന്ന മരങ്ങളാണ് പ്ലെയിൻ മരങ്ങൾ) മാന്ത്രികതയും കാൽപനികതയും ഒത്തുചേരുന്ന ഇടമാണ് ഇവിടം.

hazarat-davud-cave-samarkhand-trees-stream

അസാധാരണ സികമോർ വൃക്ഷങ്ങളാണ് ചോർ ചിനോറിന്റെ വിശേഷത. അതിലെ ഏറ്റവും മുതിർന്ന മരത്തിന് പ്രായം 1160, ഏറ്റവും പയ്യന് 600 ഉം, ചോർചിനോർ ഉദ്യാനവുമായി ബന്ധപ്പെട്ട് പല കഥകളുമുണ്ട്, അത് സ്വാഭാവികമാണ്. ഏറെ വിശുദ്ധവും ആദരണീയവുമായ സ്ഥലത്തിന് ഒന്നിലേറെ ഐതിഹ്യങ്ങളുണ്ടാകുക പതിവാണല്ലോ.

ചോർചിനോർ പാർക്കിൽ സുരക്ഷാ ജീവനക്കാരനായും വഴികാട്ടിയായും ഇരട്ടവേഷമിടുന്ന വൃദ്ധൻ കഥ പറഞ്ഞു തുടങ്ങി, ധീരനായ ഒരാൾ ദുഷ്ടാത്മാക്കളുടെ മാന്ത്രികക്കല്ല് തട്ടിയെടുത്ത് ഇവിടെ സ്ഥാപിച്ചു. നാഴികക്കല്ലു പോലെ തോന്നിക്കുന്ന ആ ശില നിലത്തു വച്ചതോടെ അവിടെ നിന്ന് നുരഞ്ഞ് പതഞ്ഞ് വെള്ളമൊഴുകാൻ തുടങ്ങി. തുടർന്ന് ആ ധീരനായകൻ അവിടെ സികമോർ മരങ്ങളുടെ നാല് കമ്പുകൾ വച്ചു പിടിപ്പിച്ചു. നാലു പക്ഷികൾ നൽകിയവയാണ് ആ കമ്പുകൾ. ആ കമ്പുകൾ വളർന്ന് പന്തലിക്കുകയും അതൊരു വിശുദ്ധ ഉദ്യാനമായി മാറുകയും ചെയ്തു.

ധ്യാനകേന്ദ്രം, വിശ്രമസ്ഥലം, ശാരീരികവും ആത്മീയവുമായ സാന്ത്വനങ്ങളേകുന്ന ഇടം അങ്ങനെ പലർക്കും പലതാണ് ഈ ഉദ്യാനം. വിശുദ്ധസ്ഥലമായി ആദരിക്കുന്ന ചോർചിനോറിൽ 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിച്ച, നീല താഴികക്കുടമുള്ള മോസ്ക് കാണാം. കൂടാതെ അനുസ്മരണാർഥം സ്ഥാപിച്ച കൊട്ടിലും ഒട്ടേറെ ശവകുടീരങ്ങളുമുണ്ട് അവിടെ. അവയെല്ലാം രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ള ആയിരക്കണക്കിന് തീർഥാടകരെ വർഷം തോറും അവിടെത്തിക്കുന്നു.

എന്റെ മുൻപേ വന്നുപോയ ആയിരക്കണക്കിനു സഞ്ചാരികളെപ്പോലെ ഞാനും അരുവിയിൽ നിന്ന് ഒരു കുപ്പി പുണ്യജലം മുക്കി എടുത്തു. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ഞാൻ സമാഹരിച്ച വെള്ളത്തിന്റെ ശേഖരത്തിലേക്ക് ഒരു എൻട്രി കൂടി. അൽപദൂരത്തിനിടെ അരുവി നയനമനോഹരമായ ഒരു കുളത്തിലേക്ക് വളർന്നു. അവിടെനിന്ന് അത് പുഴയായി ഒഴുകിത്തുടങ്ങുന്നു. അതിനു സമീപത്ത് അൽപനേരമിരുന്ന് ഞാൻ ഏകാന്തതയിലേക്ക് ഉൾവലിഞ്ഞു.

മരത്തിലൊരു പാഠശാല

hazarat-davud-cave-samarkhand-treeschool

ട്രീ സ്കൂൾ എന്ന അദ്ഭുതമാണ് ഇവിടത്തെ മറ്റൊരു വിശേഷത. അതിനെ പ്രകൃതിയുടെ അദ്ഭുതമായാണ് പ്രദേശവാസികൾ കണക്കാക്കുന്നത്. അകം പൊള്ളയായ കൂറ്റൻ പ്ലെയ്ൻ വൃക്ഷമാണ് ട്രീ സ്കൂൾ, അതിനുള്ളിൽ ഒരു മ്യൂസിയം പ്രവർത്തിക്കുന്നു. ഇവിടെ സൂഫിസം പഠനത്തിന് എത്തിയിരുന്ന കുട്ടികൾ ഒരുമിച്ചു കൂടുന്ന സ്ഥലമായിരുന്നു അത് തലമുറകളായി. ‌പകൽ മുഴുവൻ തുറന്നു കിടക്കുന്ന അതിന്റെ കവാടം കൊത്തുപണികളോടുകൂടിയതാണ്. എന്നിരുന്നാലും ആ സികാമോർ വൃക്ഷം ജീവനോടെ നിൽക്കുന്നതും ഇപ്പോഴും വളരുന്നതുമാണ്. വൃക്ഷമൂലമാണ് ട്രീ സ്കൂളിന്റെ മച്ച്, ഗുഹാസമാനമായ ഉൾവശം പൂർണമായും ഭൂമിക്കടിയിലാണ്, ചില ഭാഗത്ത് ഇഷ്ടികകളുപയോഗിച്ച് ബലപ്പെടുത്തിയിട്ടുമുണ്ട്്.

ട്രീ സ്കൂളിലെത്തുമ്പോൾ ഭാഗ്യവശാൽ അവിടം ഒഴിഞ്ഞു കിടക്കുകയായിരുന്നു. പുരാതന സൂഫികളെപ്പോലെ അവിടെയിരുന്ന് ഏകാന്തമായി സ്വയം തിരിച്ചറിവിനായി ശ്രമിച്ചു. ചോർ ചെനോർ ഉദ്യാനത്തിന്റെ മാന്ത്രിക പ്രഭാവം ആസ്വദിക്കാൻ അതിനെക്കാൾ നല്ല മാർഗമില്ല.

ആത്മീയമായ ശുദ്ധീകരണത്തിനു ശേഷം ഹസരത്ത് ദൗദിന്റെ ഗുഹയിലേക്ക് (കേവ് ഒഫ് സെന്റ് ഡേവിഡ് അല്ലെങ്കിൽ ദാവൂദ്) സഞ്ചരിച്ചു. അര മണിക്കൂർ യാത്ര ചെയ്താണ് അക്സയി ഗ്രാമത്തിലെത്തിയത്.

ഹസരത്ത് ദൗദും ഡേവിഡിന്റെ കയ്യും

hazarat-davud-cave-samarkhand-steps-to-cave

മലമുകളിലെവിടെയോ ആണ് ഈ വിശുദ്ധ ഗുഹ, ഡ്രൈവർ എന്നോട് പറഞ്ഞു. ‘മുകളിലേക്ക് കയറാൻ 1303 പടികളുണ്ട്’, ആദരവോടെയാണ് അയാളതു പറഞ്ഞത്. ‘അതു കയറാൻ സാധിച്ചാൽ നിങ്ങൾ ഏറെ അനുഗ്രഹിക്കപ്പെട്ടവരാകും. ഞാൻ തകുലുക്കിയെങ്കിലും എനിക്കതിൽ ഉറപ്പൊന്നുമുണ്ടായിരുന്നില്ല. അനുഗ്രഹം അത്യാവശ്യമാണെങ്കിലും പടി കയറാനുള്ള കരുത്ത് ശേഷിക്കുന്നുവോ എന്ന ശങ്ക മനസ്സിലുണ്ട്. ശക്തമായ വെയിലും ചൂടും മാത്രമല്ല, ഞാൻ നിന്നിടത്ത് നിന്നു നോക്കുമ്പോൾ ആ മലയ്ക്ക് യഥാർഥത്തിലുള്ളതിനേക്കാൾ ഉയരം തോന്നുകയും ചെയ്തു. നടന്നു കയറാനുള്ള മടി കണ്ടപ്പോൾ കുതിരപ്പുറത്തു പോകാമെന്നു ഡ്രൈവർ നിർ‌ദേശിച്ചു.

മറ്റു വഴികളില്ലാത്തതിനാൽ മെലിഞ്ഞവനെങ്കിലും ഉത്സാഹത്തോടെ നടന്ന ചെറുപ്പക്കാരൻ നിയന്ത്രിക്കുന്ന ചാര നിറത്തിലുള്ള കുതിരയെ വാടകയ്ക്ക് എടുത്തു. സാവധാനം കയറ്റം കയറിത്തുടങ്ങി. താഴ്‌വരയെ നൂറുകണക്കിനു മീറ്റർ താഴേക്കു പിൻതള്ളിക്കൊണ്ട് ഉയരങ്ങളിലേക്കെത്തുമ്പോൾ ഭയവും അസ്വസ്ഥതകളും ക്രമേണ കൗതുകത്തിനും ആശ്ചര്യത്തിനും വഴിമാറി. എന്റെയുള്ളിലെ ഭയം തിരിച്ചറിഞ്ഞ കുതിര ഒരുതവണപോലും കാലിടറാതെ ഏറെ ശ്രദ്ധയോടെയാണ് കയറ്റം കയറിയത്.

hazarat-davud-cave-samarkhand-horse-ride-to-cave

കുതിരപ്പുറത്ത് നിന്ന് താഴെ ഇറങ്ങിയപ്പോഴാണ് അടുത്ത വെല്ലുവിളി, 300 പടികളിറങ്ങണം ഗുഹയ്ക്കകത്ത് എത്താൻ. 300 പടി ഇറങ്ങണം, അത്രതന്നെ കയറണം... ഞാൻ കണക്കുകൂട്ടി. അസാധ്യം. അപ്പോഴാണ് പ്രദേശവാസികളായ ഏതാനും കുട്ടികളും അവരുടെ രക്ഷിതാക്കളും കൂടി അവിടേക്കെത്തിയത്. അവർ താഴ്‌വരയിൽ നിന്ന് നടന്നു കയറി വന്നവരാണ്. ആ കുട്ടികൾ ഓടി വന്ന് എന്റെ കയ്യിൽ പിടിച്ചു. അവർക്കൊപ്പം അകത്തേക്ക് ഇറങ്ങാൻ നിഷ്കളങ്കമായി വിളിച്ചു. എനിക്കതു നിരസിക്കാനായില്ല.

hazarat-davud-cave-samarkhand-posing-with-local-travellers

മനോഹരമായ പ്രകൃതി ദൃശ്യങ്ങളും തണുത്ത കാറ്റും ആസ്വദിച്ച്, മെല്ലെ ആ താഴ്‌വരയുടെ ഹൃദയത്തിലേക്ക് ഞങ്ങൾ ഇറങ്ങി. പെട്ടന്ന് ഒരു പാറക്കെട്ടിനു മുന്നിൽ പടികൾ അവസാനിച്ചു. ഏറെ അകലമിട്ട് ഉറപ്പിച്ചിരിക്കുന്ന കുറേ കരിങ്കല്ലുകളിൽ ചവിട്ടിക്കയറി മുകളിൽ ഗുഹാമുഖത്ത് എത്തി. ഇതിലെന്തായിരുന്നു ഇത്ര വിഷമം എന്നു ചിന്തിച്ചുകൊണാണ്ട് ഗുഹയ്ക്കകത്തേക്ക് ഇറങ്ങിയത്. പെട്ടന്ന് കട്ടപിടിച്ച ഇരുട്ടിലേക്ക് കാൽ കുത്തിയതും എവിടെനിന്നൊക്കെയോ വെള്ളത്തുള്ളികൾ തലയിലേക്കു പതിച്ചു. അവിടെ നിശ്ശബ്ദത ആവശ്യപ്പെടുന്ന എന്തോ ഉണ്ടായിരുന്നു.

അങ്ങേയറ്റത്ത് അൽപ്പം വിസ്താരമുള്ള സ്ഥലത്തേക്ക് തുറക്കുന്ന ഇടങ്ങിയ ഗുഹയിലേക്ക് നൂഴ്ന്നിറങ്ങി. അവിടെ ഫൊട്ടോഗ്രഫി പാടില്ല. ചെറിയ മഞ്ഞ വെളിച്ചം മാത്രം മിന്നുന്ന ഗുഹയിൽ എവിടെയോ ജലം തുള്ളികളായി ഇറ്റി വീഴുന്ന ശബ്ദം. അതിനെ പിൻതുടരാൻ ഒരുങ്ങവേ ഇരുട്ടിൽ ആരോ വിളിച്ചു പറഞ്ഞു, ‘വരൂ, ഡേവിഡിന്റെ കരങ്ങൾ കാട്ടിത്തരാം.’

ഹസരത്ത് ദൗദ് അല്ലെങ്കിൽ സെന്റ് ഡേവിഡിന്റെ ഗുഹ എന്ന ഈ ഗുഹ ക്രൈസ്തവർക്കും ജൂതൻമാർക്കും മുസ്‌ലിമിനും ഒരുപോലെ വിശുദ്ധമാണ്. ഈ മൂന്ന് ലോകമതങ്ങളും ആദരിക്കുന്ന മഹാനാണ് വിശുദ്ധ ഡേവിഡ് അഥവാ ഹസരത് ദൗദ് എന്ന് എനിക്ക് അറിയാമായിരുന്നു. ഒട്ടേറെ നിഗൂഢതകളാലും ഐതിഹ്യങ്ങളാലും ആവരണം ചെയ്തതാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് ഡ്രൈവർ പറഞ്ഞത് ഞാനോർത്തു. ആ കഥകളിലേക്കൊന്നും അയാൾ കടന്നില്ലെങ്കിലും ഡേവിഡിന് പ്രചനങ്ങൾക്കും സുഖപ്പെടുത്താനുമുള്ള ശക്തിയുണ്ടെന്ന് വ്യക്തം. മുസ്‌ലിം വിശ്വാസമനുസരിച്ച് ഏഷ്യയിലേക്ക് മതപ്രചരണത്തിനാണ് ദൈവം ദൗദിനെ അയച്ചത്. തന്റെ പ്രവർത്തനങ്ങൾക്കിടയിൽ അഗ്നി ആരാധകരമായ സൊരാസ്ട്രിയൻമാരുടെ കോപത്തിന് ഇരയായ ദൗദിന് ദൂരേക്ക് മാറേണ്ടി വന്നു. അദ്ദേഹം മലകളിലേക്ക് പലായനം ചെയ്തു. കൈകൊണ്ട് ഇരുമ്പ് ഉരുക്കാനുള്ള കരുത്താർജിച്ചിരുന്ന ദൗദ് പാറക്കെട്ടില്ലെ കല്ലുകൾ ഇളക്കി മാറ്റി ഗുഹയുണ്ടാക്കുകയും അതിൽ അഭയം പ്രാപിക്കുകയും ചെയ്തു.

hazarat-davud-cave-samarkhand-davids-palm

ആ മനുഷ്യൻ എന്നെ ഇടുങ്ങിയ ഗുഹയുടെ അറ്റത്തേക്കു കൂട്ടിക്കൊണ്ടുപോയി. മൊബൈൽ ഫോൺ ഓണാക്കി ടോർച്ച് തെളിച്ച് ഡേവിഡിന്റെ കൈ അടയാളം എന്നു പറഞ്ഞ ഇടം കാട്ടിത്തന്നു. ‘അവിടെ തൊട്ടുകൊണ്ട് എന്ത് പ്രാർഥിച്ചാലും അത് സാധിച്ചിരിക്കും.’ അദ്ദേഹം പറഞ്ഞു.

യഥാർഥ കൈയെക്കാൾ വലുപ്പമുള്ള ആ അടയാളത്തിൽ തൊട്ടുകൊണ്ട് ഞാൻ ഒരു കാര്യമേ പ്രാർഥിച്ചുള്ളു, ഗുഹയിൽ നിന്നു പുറത്തിറങ്ങുമ്പോൾ, എന്നെ ഇങ്ങോട്ടു കൊണ്ടുവന്ന ആ കുതിരക്കാരൻ അവിടെത്തന്നെ നിൽക്കുന്നുണ്ടാകണേ എന്ന്.

അതേ! അയാൾ അവിടെത്തന്നെ ഉണ്ടായിരുന്നു.