Friday 01 May 2020 04:17 PM IST : By സ്വന്തം ലേഖകൻ

നാലുമണി ആഘോഷമാക്കാൻ ഏത്തപ്പഴം കൊണ്ടു രണ്ടു സൂപ്പർ സ്നാക്സ്

banana

ഏത്തപ്പഴം നിറയെ പോഷകങ്ങളാണത്രേ.. കുട്ടികൾക്കു പെട്ടെന്ന് എനർജി പകർന്നു നൽകാൻ ഏത്തപ്പഴം ഏറെ ഗുണം ചെയ്യുമെന്നു പഠനങ്ങൾ. ഏത്തപ്പഴം കൊണ്ടു തയാറാക്കാം ആരെയും കൊതിപ്പിക്കുന്ന രണ്ടു സ്നാക്കുകൾ.

 ക്രൻചി ബനാനാ റോൾ

1. നെയ്യ് – ഒരു വലിയ സ്പൂൺ

2. നേന്ത്രപ്പഴം – നാല്, കഷണങ്ങളാക്കിയത്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

 കശുവണ്ടിപ്പരിപ്പ് നുറുക്ക് – രണ്ടു വലിയ സ്പൂൺ

 ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ

 ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

 പഞ്ചസാര – പാകത്തിന്

4. മൈദ – അരക്കപ്പ്

  വെള്ളം – പാകത്തിന്

5. കോൺഫ്ളേക്ക്സ് – അരക്കപ്പ്

 റൊട്ടിപ്പൊടി – ഒരു കപ്പ്

6. എണ്ണ – വറുക്കാൻ പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പാനിൽ നെയ്യ് ചൂടാക്കി നേന്ത്രപ്പഴം മുറിച്ചതു ചേർത്തു നന്നായി വഴറ്റി ഉടച്ചെടുക്കുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.

∙ ഈ മിശ്രിതത്തിൽ നിന്ന് അല്പാല്പം വീതം എടുത്തു നീളത്തിൽ റോൾ പോലെ ഉരുട്ടിയെടുക്കുക.

∙ ഓരോ റോളും മൈദ വെള്ളം ചേർത്തു കലക്കിയതിൽ മുക്കി കോൺഫ്ളേക്ക്സിലും റൊട്ടിപ്പൊടിയിലും പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.

 ഏത്തപ്പഴം ഹൽവ

1. ഏത്തപ്പഴം – ഒരു കിലോ

2. പഞ്ചസാര – അരക്കിലോ

വെള്ളം – അരക്കപ്പ്

3. ചെറുനാരങ്ങാനീര് – കാൽ കപ്പ്

4. മൈദ – നാലു ചെറിയ സ്പൂൺ, അരക്കപ്പ് വെള്ളത്തിൽ കലക്കിയത്

5. നെയ്യ് – ഒരു കപ്പ്

6. ഏലയ്ക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ

7. കശുവണ്ടിപ്പരിപ്പ് നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഏത്തപ്പഴം പുഴുങ്ങി നാരും അരിയും കളഞ്ഞ് അരച്ചെടുക്കുക. പഞ്ചസാര വെള്ളം ചേർത്ത് ഉരുക്കി അ രിച്ചെടുക്കണം.

∙ ഇതിൽ ചെറുനാരങ്ങാനീരും ചേർത്ത് അടുപ്പത്തു വച്ചിളക്കി കുറുകി വരുമ്പോൾ ഏത്തപ്പഴം പുഴുങ്ങി അരച്ചതു ചേർത്തു തുടരെയിളക്കുക. തിളയ്ക്കുമ്പോൾ വെള്ളത്തിൽ കലക്കിയ മൈദ അരിച്ചൊഴിച്ച്, അടിക്കു പിടിക്കാതെ തുടരെയിളക്കി, അൽപാൽപം വീതം നെയ്യ് ചേർത്തു കുറുകുമ്പോൾ ഏലയ്ക്ക പൊടിച്ചതു ചേർത്തിളക്കുക.

∙ കശുവണ്ടിപ്പരിപ്പിന്റെ പകുതിയും ചേർത്തിളക്കി നന്നായി മുറുകുമ്പോൾ വാങ്ങി നെയ്മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ചു ബാക്കിയുള്ള കശുവണ്ടിപ്പരിപ്പു മുകളിൽ വിതറുക.

∙ ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.