Tuesday 23 April 2024 04:46 PM IST : By Deepthi Philips

മൺചട്ടി നോൺസ്റ്റിക് പാത്രമാക്കി മാറ്റാൻ എളുപ്പവഴികൾ!

clay papt

മൺചട്ടികളിൽ പാകം ചെയ്യുന്നതിന്റെ രുചിയും മണവും ഒന്നു വേറെ തന്നെയാണ്. എന്നാൽ മൺചട്ടികൾ പലരും വാങ്ങാൻ മടിക്കുന്നതിന്റെ കാരണം അതു മയക്കിയെടുക്കാനുള്ള ബുദ്ധിമുട്ടാണ്. വളരെ എളുപ്പത്തിൽ ഇൻസ്റ്റന്റ് ആയി നാലു രീതിയിൽ മൺചട്ടികൾ മയക്കിയെടുക്കാൻ പറ്റും.
എങ്ങനെ എന്നു നോക്കിയാലോ..

1.മൺചട്ടിയെടുത്ത് അതിൽ നിറയെ വെള്ളം ഒഴിച്ച് മൂന്ന് ടേബിൾ സ്പൂൺ ചായപ്പൊടി ഇട്ടുകൊടുക്കുക. ഇത് നന്നായി തിളച്ച് പകുതിയാകുന്ന വരെ ചെറിയ തീയിൽ വച്ചുകൊടുക്കണം. തീ ഒരുപാട് കൂട്ടി വയ്ക്കരുത്. പകുതി വറ്റിക്കഴിഞ്ഞാൽതീ ഓഫ് ചെയ്യാം. അതിനുശേഷം ഇത് ചൂടാറാനായിട്ട് മാറ്റിവയ്ക്കുക നന്നായി ചൂടാറിയതിനു ശേഷം ഈ വെള്ളം കളഞ്ഞിട്ട് കടലപ്പൊടി വച്ച് ചട്ടി കഴുകിയെടുക്കാം. ശേഷം ഒരു തുണി വെച്ച് തുടച്ച്, കുറച്ചു വെളിച്ചെണ്ണ അകത്തും പുറത്തും തേച്ചുകൊടുക്കാം. ഈ രീതിയിൽ ചട്ടി പെട്ടെന്ന് തന്നെ മയക്കിയെടുക്കാം.

2.അടുത്ത രീതിയിൽ ചട്ടി അടുപ്പത്ത് വച്ചതിനുശേഷം അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക, അതിനുശേഷം ഉള്ളിയിട്ട് നന്നായി വഴറ്റിയെടുക്കുക. മീഡിയം സൈസിലുള്ള സവാള വേണം എടുക്കാൻ. നന്നായി ബ്രൗൺ കളർ ആകുന്നവരെ വഴറ്റിയ ശേഷം തീ ഓഫ് ചെയ്യാം. ചൂടാറിയശേഷം ഇത് കളഞ്ഞിട്ട് കടലപ്പൊടി വച്ച് ചട്ടി നന്നായി കഴുകിയെടുക്കാം തുടച്ചതിനു ശേഷം എണ്ണ തേച്ചു വയ്ക്കാം.

3.അടുത്ത രീതിയിൽ ഒരു ചട്ടിയിൽ കുറച്ചു വെള്ളം ഒഴിച്ചതിന് ശേഷം അതിലേക്ക് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കാം. ഇത് നന്നായി തിളച്ച് പകുതി ആകുന്നവരെ വറ്റിക്കുക. പകുതി ആയി കഴിഞ്ഞാൽ ഇതും ചൂടാറാനായിട്ട് മാറ്റിവെച്ച്, ചൂടാറിയതിനു ശേഷം കളഞ്ഞിട്ട് ചട്ടി കടലപ്പൊടി വച്ചു നന്നായി കഴുകിയെടുത്ത് എണ്ണ തേച്ചു വയ്ക്കാം.

4.അടുത്തതായി ചട്ടി അടുപ്പത്തുവച്ചതിനുശേഷം അതിലേക്ക് തേങ്ങാപ്പാൽ ഒഴിക്കുക ഇത് ഏതാണ്ട് വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാം. നന്നായി വറ്റി കഴിഞ്ഞാൽ ഇതും കളഞ്ഞതിനുശേഷം കടലപ്പൊടി വച്ച് ചട്ടി കഴുകി തുടച്ച് എണ്ണ തേച്ചു വയ്ക്കാം.

Tags:
  • Pachakam