Saturday 04 April 2020 04:23 PM IST : By വനിത പാചകം

ചോക്‌ലെറ്റ് കഴിച്ചാൽ മുഖത്തു കാര, ഏത്തപ്പഴം കഴിച്ചാൽ വണ്ണം വയ്ക്കും; ഒഴിവാക്കാം ഭക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ!

choco-ban221

എല്ലാ വിവരങ്ങളും നമുക്കിപ്പോൾ വിരൽത്തുമ്പിൽ ലഭ്യമാണ്. സമൂഹമാധ്യമങ്ങളുടെയും ഇന്റർനെറ്റിന്റെയും അതിപ്രസരം മൂലം  പലപ്പോഴും ശരിയായ വിവരങ്ങൾക്കൊപ്പം തെറ്റിദ്ധാരണകളും കടന്നുകൂടുന്നു. പ്രത്യേകിച്ചു ഭക്ഷണകാര്യങ്ങളിൽ. വെളിച്ചെണ്ണ നല്ലതാണെന്നു ചിലർ പറയുമ്പോൾ അടുത്ത മെസ്സേജ് വരുന്നു അതു ചീത്തയാണെന്ന്. പഠനങ്ങളും മറുപഠനങ്ങളും നടത്തി മെസ്സേജുകൾ കുമിഞ്ഞു കൂടുമ്പോൾ വെട്ടിലാകുന്നതു പാവം ജനങ്ങൾ. 

ഭക്ഷണത്തെക്കുറിച്ചുള്ള ഇത്തരം തെറ്റായ ധാരണകൾക്കാണ് Food fallacy എന്നു പറയുന്നത്. പണ്ട് അറിവ് ഇല്ലാത്തതായിരുന്നു അസുഖങ്ങളുടെയും പോഷകാഹാരക്കുറവിന്റെയും കാരണം. പക്ഷേ, ഈ ഇന്റർനറ്റ് യുഗത്തിൽ തെറ്റായ അറിവുകളാണ് പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരം ഫൂഡ് ഫാലസികളും അതിന്റെ സത്യാവസ്ഥകളെയും കുറിച്ചു സംസാരിക്കുന്നു ന്യൂഡൽഹിയിൽ നിന്നു പ്രശസ്ത ന്യൂട്രീഷനിസ്റ്റ് & കൾനറി എക്സ്പേർട്ട് രേണു തോമസ്.

നെയ്യ് ആരോഗ്യത്തിന് ഹാനികരം: പഴമക്കാരുടെ super food ആയിരുന്നു നെയ്യ്. കാലം പോയപ്പോൾ ദോഷകരം എന്നു മുദ്ര കുത്തി നാം നെയ്യ് മാറ്റി വച്ചു. പക്ഷേ, പുതിയ പഠനങ്ങൾ അനുസരിച്ച്, നെയ്യിൽ ധാരാളം ആന്റിഓക്സിഡന്റുകൾ, ലിനോലീക് ആസിഡ്, ഫാറ്റ് സോലുബിൾ വൈറ്റമിനുകളായ വൈറ്റമിൻ എ, ഇ, ഡി.. എന്നിവയെല്ലാമുണ്ട്. അതുകൊണ്ട് ഇനി ധൈര്യമായിട്ട് ചോറിലും പരിപ്പിലുമെല്ലാം നെയ്യ് ചേർത്തോളൂ... 

പഞ്ചസാരയോ തേനോ? : പഞ്ചസാര ആയാലും തേൻ ആയാലും ശരീരത്തിലെത്തുമ്പോൾ ഗ്ലൂക്കോസും ഫ്രക്ടോസുമായാണ് മാറുന്നത്. പക്ഷേ, തേനിൽ ഇതു കൂടാതെ മറ്റ് 20 ഓളം ഷുഗറുകളുണ്ട്. കൂടാതെ ഡെക്സ്ട്രിൻ എന്ന സ്റ്റാർച്ചുള്ള നാരും. ഇവ ദഹിപ്പിക്കാൻ ശരീരം അല്പം കൂടുതൽ അധ്വാനിക്കേണ്ടി വരുന്നതു മൂലം കുറച്ചു കാലറി മാത്രമേ ശരീരത്തിൽ അടിഞ്ഞു കൂടുകയുള്ളൂ. മാത്രമല്ല, തേനിൽ അനേകം ലവണങ്ങളും ഉണ്ട്. തേൻ ശേഖരിക്കാൻ തേനീച്ച ചെടികൾ തോറും പറന്നു നടക്കുമ്പോൾ അവയ്ക്കു ലഭിക്കുന്ന ലവണങ്ങൾ. ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ച് zinc, selenium, vitamins എന്നിവയുണ്ടാകും. കൂടാതെ തേൻ കേടാകാത്തതു കൊണ്ട്, അവയിൽ പ്രിസർവേറ്റീവുകളും മറ്റു മായങ്ങളും ചേർക്കുന്നതും കുറയും. പക്ഷേ, എല്ലാ മധുരങ്ങളെയും പോലെ തേനും കുറച്ചു മാത്രം ഉപയോഗിക്കുക. ചായയിലെ മധുരത്തിനു പഞ്ചസാരയ്ക്കു പകരം തേൻ ഉപയോഗിച്ചോളൂ.. 

പാലും മീനും വിരുദ്ധാഹാരം: മീനും പാലും ഒരുമിച്ചു കഴിക്കുന്നതും മീൻ കഴിച്ച ശേഷം പാൽ കുടിക്കുന്നതും ദോഷമാണെന്ന് പലരും വിശ്വസിക്കുന്നു. ഭക്ഷ്യവിഷബാധയ്ക്കും വെള്ളപ്പാണ്ട് ഉണ്ടാകാനും കാരണമാകും എന്നാണ് പലരും കരുതുന്നത്. എന്നാൽ ഇതിനു ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല. പല രാജ്യങ്ങളിലും സീഫൂഡും പാലും സർവസാധാരണമായ കോമ്പിനേഷനാണ്. 

വെളിച്ചെണ്ണ, നല്ലതോ ചീത്തയോ? : ഒരു തലമുറ തന്നെ വെളിച്ചെണ്ണയെ തള്ളിപ്പറഞ്ഞു. കൊളസ്ട്രോളും ഹാർട്ട് അറ്റാക്കും ഉണ്ടാക്കുമെന്നു പറഞ്ഞു മാറ്റി നിർത്തിയ വെളിച്ചെണ്ണ അത്ര കുഴപ്പക്കാരനല്ലെന്നു കാലം തെളിയിക്കുകയും ചെയ്തു. പാശ്ചാത്യർ അവരുടെ പ്രാതലിനുള്ള ധാന്യങ്ങളിലും ആരോഗ്യപാനീയങ്ങളിലും സ്പൂൺ കണക്കിനു വെളിച്ചെണ്ണ ചേർക്കുമ്പോൾ നമ്മൾ പേടി കാരണം ഇതിനെ മാറ്റിനിർത്തി. 

മുലപ്പാലിൽ അടങ്ങിയിരിക്കുന്ന അതേ ഘടനയിലുള്ള medium chain triglyceride ആണ് വെളിച്ചെണ്ണയിലും ഉള്ളത്. കൊഴുപ്പ് ഉരുക്കാനും വിശപ്പടക്കാനും വെളിച്ചെണ്ണയ്ക്കു കഴിവുണ്ട്. അതിൽ അടങ്ങിയിട്ടുള്ള ലോറിക് ആസിഡ് ആണ് ഇതിനു കാരണം. കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ഉള്ളതു മൂലം വെളിച്ചെണ്ണ കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു മെല്ലേ മാത്രമേ കൂടുകയുള്ളൂ. Anti depressant ആയും സ്ത്രീകളിൽ യീസ്റ്റ് ഇൻഫെക്‌ഷൻ പ്രതിരോധിക്കാനും വെളിച്ചെണ്ണയ്ക്കു സാധിക്കും. 

ചോക്‌ലെറ്റ് കഴിച്ചാൽ മുഖത്തു കാര: പുതിയ പഠനങ്ങൾ അനുസരിച്ച് ചോക്‌ലെറ്റ് കഴിക്കുന്നതു തലച്ചോറിൽ Serotoninന്റെ പ്രവർത്തനത്തെ ഉയർത്തുമെന്നു പറയുന്നു. സെറാട്ടോണിൻ മനസ്സിനു ശാന്തതയും സ്ഥിരതയും നൽകുമത്രേ. മുഖക്കാരയുടെ പ്രധാന കാരണം മാനസിക സമ്മര്‍ദമാണെന്നു പറയുന്നു. അപ്പോൾ പിന്നെ സെറാട്ടോണിൻ ഉൽപാദിപ്പിച്ചു മനസ്സിനു ശാന്തത നൽകുന്ന ചോക്‌ലെറ്റ് കഴിച്ചാൽ മുഖക്കാര കുറയുകയല്ലേ ചെയ്യുന്നത്. അപ്പോൾ മുഖക്കാര ഉണ്ടാകുന്നതിന് നിങ്ങൾ കഴിക്കുന്ന വറുത്ത ഭക്ഷണങ്ങളിലെ എണ്ണയെ കുറ്റം പറയൂ.. ചോക്‌ലെറ്റിനെ വെറുതെ വിടൂ.. 

ഏത്തപ്പഴം കഴിച്ചാൽ വണ്ണം വയ്ക്കും: ഒരു ഏത്തപ്പഴത്തിൽ ആപ്പിളിനെക്കാളും ഓറഞ്ചിനെക്കാളും കാർബോഹൈഡ്രേറ്റ് ഉണ്ടെന്നു പറയുന്നു. ഇടത്തരം ഏത്തപ്പഴത്തിൽ 60 കാലറിയുള്ളപ്പോൾ ഓറഞ്ചിലും ആപ്പിളിലും 50 കാലറിയുണ്ട്. കൊഴുപ്പു വളരെക്കുറവാണെന്നതിനാൽ ദോഷത്തെക്കാളേറെ ഗുണമാണ് ചെയ്യുന്നത്. കൂടാതെ പെട്ടെന്ന് ഉണർവുണ്ടാകാനുള്ള പോഷകങ്ങളും ഇതിലുണ്ട്. രക്തസമ്മർദം കുറയ്ക്കാനുള്ള പൊട്ടാസ്യം, തലച്ചോറിന്റെ ക്ഷീണം മാറ്റാനുള്ള വൈറ്റമിൻ ബി–6, നാര്, കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് തുടങ്ങി ഏറെ ഗുണകരമായ ഘടകങ്ങൾ ഏത്തപ്പഴത്തിലുണ്ട്. വയറിലെ അസ്വസ്ഥതകൾക്കും ഏത്തപ്പഴം സൂപ്പർ പരിഹാരം. 

പച്ചക്കറികൾ വേവിക്കുമ്പോൾ പോഷകങ്ങൾ മുഴുവൻ നഷ്ടപെടുന്നു: പച്ചക്കറികൾ തിളപ്പിക്കുമ്പോൾ വെള്ളത്തിൽ അലിയുന്ന ചില വൈറ്റമിനുകളിൽ ചെറിയൊരു കുറവു വരുമെങ്കിലും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്, മിനറലുകൾ എന്നിവയിൽ ഒട്ടും കുറവു വരുന്നില്ല. പഠനങ്ങൾ അനുസരിച്ച് ചില പച്ചക്കറികൾ വേവിക്കുന്നത് അവയുടെ ഗുണം കൂട്ടുമത്രേ. തക്കാളിയിലെ ലൈകോപീൻ, കാരറ്റിലെ ബീറ്റാകരോട്ടീൻ എന്നിവയുടെ അളവു വേവിക്കുമ്പോൾ കൂടുന്നു. ചില പച്ചക്കറികളിലുള്ള കയ്പുള്ള ആൽക്കലോയിഡുകൾ നിർവീര്യമാക്കാനും വേവിക്കുന്നതു സഹായിക്കും. അതുെകാണ്ടു വേവിച്ചാലും ഇല്ലെങ്കിലും പച്ചക്കറികൾ സൂപ്പർ. 

മുട്ടമഞ്ഞ ആരോഗ്യത്തിന് ഹാനികരം: മുട്ടവെള്ള കൊണ്ടുള്ള എഗ്ഗ്‌വൈറ്റ് ഓംലെറ്റ് ആരോഗ്യഭക്ഷണങ്ങളുടെ ലിസ്റ്റിൽ തിളങ്ങുന്നുണ്ട്. പക്ഷേ, മാറ്റി വയ്ക്കുന്ന മുട്ടമഞ്ഞയിലൂടെ നിങ്ങൾ വേണ്ടെന്നു വയ്ക്കുന്നത്, മുട്ടയുടെ ഏറ്റവും നല്ല പോഷകങ്ങളാണ്. Vitamin A, D, E, K, Z എന്നിവയും Omega 3 fats ഉം മാത്രമല്ല, Folate ഉം Vitamin B-12ഉം ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. ഇതുകൂടാതെ മുട്ടമഞ്ഞയിലാണ് മുട്ടയുടെ ആന്റിഓക്സിഡന്റുകളെല്ലാം തന്നെ. ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ 20 ശതമാനമാണ് ഭക്ഷണത്തിൽ നിന്നു ലഭിക്കേണ്ടത്. ബാക്കി 80 ശതമാനം ശരീരത്തിൽ തന്നെ ഉൽപാദിപ്പിക്കപ്പെടുന്നു. അതുകൊണ്ടു കൊളസ്ട്രോൾ അടങ്ങിയ മുട്ടമഞ്ഞ മാറ്റിവയ്ക്കും മുമ്പ് ഇവ ശരീരത്തിന് ആവശ്യമാണെന്നു മനസ്സിലാക്കുക. ദിവസം ഒരു മുട്ട ധൈര്യമായി കഴിക്കുകയും ചെയ്യാം. 

മാർജറിൻ or വെണ്ണ: വെണ്ണയിലും മാർജറിനിലും ഒരേ അളവിലാണ് കാലറി. Saturated fat അഥവാ പൂരിത കൊഴുപ്പിന്റെ അളവ് വെണ്ണയിൽ അല്പം കൂടുതലാണ്. പക്ഷേ, പാൽപ്പാട കടഞ്ഞുണ്ടാക്കുന്ന വെണ്ണ കഴിക്കുന്നത് പല  പോഷകങ്ങളും ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കും. 

അതേസമയം മാർജറിനിൽ ട്രാൻസ്ഫാറ്റുകൾ കൂടുതലാണ്. മാർജറിൻ കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത മൂന്നു മടങ്ങായി വർദ്ധിപ്പിക്കും, മുലപ്പാലിന്റെ ഗുണം കുറയ്ക്കും. പ്രതിരോധശേഷിയും ഇൻസുലിൻ റെസ്പോൺസും കുറയ്ക്കും. ഇതിനെല്ലാം പുറമെ മാർജറിനിൽ ഒരു തന്മാത്ര കൂടി ചേർന്നാൽ അവ പ്ലാസ്റ്റിക് ആയി മാറും. ഇനി ഉറപ്പിച്ചു പറയാം, വെണ്ണ മാർജറിനെക്കാൾ ആയിരം മടങ്ങു നല്ലതാണെന്ന്.

Tags:
  • Pachakam