Friday 03 April 2020 02:22 PM IST : By സ്വന്തം ലേഖകൻ

തൊടിയിലെ മുരിങ്ങയിൽ നിന്നുള്ള ഇലയും വീട്ടുപറമ്പിൽ കളയായി വളരുന്ന തഴുതാമയും; ആരോഗ്യം തരും ഇലക്കറികൾ

ila

ആരോഗ്യം ആണ് സമ്പത്തെന്നു കൂടെക്കൂടെ പറഞ്ഞാൽ മാത്രം മതിയോ. അതിനു വേണ്ട കാര്യങ്ങൾ ചെയ്യുകയും വേണ്ടേ.. എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലാണ് വീട്ടമ്മയുടെ മിടുക്ക്. അതിന് കാശു കൊടുത്തു സൂപ്പർമാർക്കറ്റിൽ നിന്നു സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട ആവശ്യവുമില്ല. തൊടിയിലെ മുരിങ്ങയിൽ നിന്നുള്ള ഇലയും വീട്ടുപറമ്പിൽ കളയായി വളരുന്ന തഴുതാമയും മതി. ഇലക്കറികൾ നിറയെ വൈറ്റമിനുകളാണെങ്കിൽ അതിനൊപ്പം ചേർക്കാൻ പ്രോട്ടീൻ നിറഞ്ഞ പരിപ്പ് ആയാലോ.. സൂപ്പർ കോമ്പിനേഷൻ തന്നെ. രുചികരവും പോഷകസമൃദ്ധവുമായി രണ്ട് പ്രോട്ടീൻ–വൈറ്റമിൻ കോമ്പിനേഷൻ വിഭവങ്ങളിതാ..

മുരിങ്ങയില കൂട്ടുകറി

1. വറ്റൽമുളക് – നാല്

 ജീരകം – അര ചെറിയ സ്പൂൺ

 തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

2. മുരിങ്ങയില അടർത്തി വൃത്തിയാക്കിയത് – രണ്ടരക്കപ്പ്

3. മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്

4. ചെറുപയർപരിപ്പ് – കാല്‍ കപ്പ്, വേവിച്ചത്

5. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

 കടുക് – അര ചെറിയ സ്പൂൺ

 ഉഴുന്ന് – അര ചെറിയ സ്പൂൺ

 വറ്റൽമുളക് – നാല്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അരച്ചത് അടുപ്പിൽ വച്ചു തിള വരുമ്പോൾ മുരിങ്ങയിലയും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. ഇതിലേക്കു പരിപ്പ് വേവിച്ചതും ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക. 

∙ വെളിച്ചെണ്ണയിൽ കടുകും ഉഴുന്നും വറ്റൽമുളകും താളിച്ചതും കറിയിൽ ചേർത്തിളക്കി വിളമ്പാം.

തഴുതാമയില തോരൻ

1. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്

 ചുവന്നുള്ളി – നാല്

 ജീരകം – മുക്കാൽ ചെറിയ സ്പൂൺ

2. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

3. കടുക് – അര ചെറിയ സ്പൂൺ

 ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ

 വറ്റൽമുളക് – മൂന്ന്

4.    തഴുതാമ ഇല, വൃത്തിയാക്കി ചെറുതായി അരിഞ്ഞത്     – മൂന്നു കപ്പ്

    ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

5.    തുവരപ്പരിപ്പ് – കാല്‍ കപ്പ്, വേവിച്ചത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചതച്ചെടുക്കണം.

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നുപരിപ്പും വറ്റൽമുളകും മൂപ്പിച്ച്, ചതച്ച തേങ്ങാക്കൂട്ടും ചേർത്തു വഴറ്റുക.

∙ ഇതിേലക്കു തഴുതാമയിലയും ഉപ്പും മഞ്ഞൾപ്പൊടിയും  ചേർത്തിളക്കി അടച്ചുവച്ചു ചെറുതീയിൽ വേവിക്കുക.

∙ പരിപ്പു വേവിച്ചതും ചേർത്തിളക്കി ആവി വരുമ്പോൾ വാങ്ങി ഉപയോഗിക്കാം.