Wednesday 26 July 2023 02:31 PM IST : By സ്വന്തം ലേഖകൻ

‘അരുതെന്നു പറഞ്ഞിട്ടും ദാസേട്ടൻ ആ വാർത്ത പ്രഖ്യാപിച്ചു, വാത്സല്യത്തോടെ എന്റെ നെറ്റിയിൽ ഉമ്മ വച്ചു’: ചിത്ര

ks-chithra-award രാംനാഥ് കോവിന്ദിൽ നിന്നു പത്മഭൂഷന്‍ ഏറ്റുവാങ്ങുന്നു

മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ആദ്യമെന്നെ തേടിയെത്തുന്നത് 1985 ലാണ്. സിനിമയിൽ പാടിത്തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു. ചില പാട്ടുകളൊക്കെ ആൾക്കാർ മൂളിത്തുടങ്ങി. ഓരോ വർഷവും പാട്ടുകളുടെ എണ്ണവും കൂടുന്നുണ്ടായിരുന്നു. 1985ന്റെ തുടക്കത്തിൽ തന്നെ എനിക്കു ചില നല്ല പാട്ടുകൾ കിട്ടിത്തുടങ്ങി. അവ പെട്ടെന്നു ഹിറ്റാകുകയും ചെയ്തു.

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ...’ എന്ന പാട്ടിന്റെ റിക്കോർഡിങ് കഴിഞ്ഞ് ഒരു നല്ല പാട്ടു പാടിയ സംതൃപ്തിയിൽ ഞാൻ ഇരിക്കുമ്പോൾ ഫാസിൽ സർ പറഞ്ഞു, ‘ഇപ്പോൾ ഒരു കാർ വരും, അതിലാരാണെന്നറിയാമോ? ഞാൻ ചോദിച്ചു, ‘ആരാ?’

ഫാസിൽ സർ പറഞ്ഞു, ‘വാണി ‍ജയറാം.’

വാണിയമ്മയെ നേരിട്ടു കാണാന്‍ പോകുന്നതിന്‍റെ വല്ലാത്ത സന്തോഷത്തിലും ത്രില്ലിലുമായ ആ നിമിഷം ഫാസില്‍ വീണ്ടും പറഞ്ഞു, ‘വാണി ജയറാം വരുന്നതെന്തിനാണെന്നറിയാമോ? ചിത്ര പാടിയ പാട്ടുകളെല്ലാം മാറ്റി പാടാൻ.’

ഞാനൊന്നു പേടിച്ചു. സത്യത്തിൽ ഫാസിൽ സർ എന്നെ പറ്റിക്കാൻ പറഞ്ഞതായിരുന്നു അത്. ആ വർഷമാണ് എനിക്കാദ്യമായി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നത്. മൂന്നു പാട്ടുകളുടെ പേരിലായിരുന്നു അവാർഡ്. ആയിരം കണ്ണുമായ്...(നോക്കെത്താ ദൂരത്ത് കണ്ണും നട്ട്), ഒരേ സ്വരം... ഒരേ നിറം (എന്റെ കാണാക്കുയിൽ) പൂമാനമേ...(നിറക്കൂട്ട്).

തൊട്ടടുത്ത വർഷം നഖക്ഷതങ്ങളിലെ മഞ്ഞൾപ്രസാദവും എന്ന പാട്ടിലൂടെ വീണ്ടും അവാർഡ് ലഭിച്ചു. 1985 മുതൽ 1995 വരെ തുടർച്ചയായി പതിനൊന്നു വർഷം മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് എനിക്കായിരുന്നു.

1986ൽ സിന്ധുഭൈരവിയിലെ ‘പാടറിയേൻ പടിപ്പറിയേൻ...’ എന്ന പാട്ടിലൂടെയായിരുന്നു മികച്ച ഗായികയ്ക്കുള്ള ആദ്യ ദേശീയ അവാർഡ്. അന്നു ഞാൻ ദാസേട്ടന്റെയൊപ്പം ഗൾഫിൽ സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കുകയാണ്. അവിടെ വന്ന ആരോ ആണ് ആദ്യം പറയുന്നത്, ‘ചിത്രയാണ് ഈ വർഷത്തെ മികച്ച ഗായിക, റേഡിയോ വാർത്തയിൽ കേട്ടു’ എന്ന്. ഞാൻ വിശ്വസിച്ചില്ല. ജഗ്ജിത് സിങ്ങിന്റെ ഭാര്യ ചിത്രാസിങ്ങിനാകും അവാര്‍ഡെന്നു ഞാൻ തീർത്തു പറഞ്ഞു. ദാസേട്ടൻ തിരുത്തി, ‘അല്ല, അതു ചിത്ര തന്നെയായിരിക്കും. ഞാനിത് ഇപ്പോൾത്തന്നെ സ്റ്റേജില്‍ പ്രഖ്യാപിക്കാൻ പോകുകയാണ്.’

ഞാൻ അരുതെന്നു പറഞ്ഞിട്ടും ദാസേട്ടൻ അവാർഡ് വാർത്ത അവിടെവച്ചു പ്രഖ്യാപിച്ചു. സദസ്സ് കയ്യടിച്ചു. ദാസേട്ടൻ വേദിയിൽ വച്ചു വാത്സല്യത്തോടെ എന്റെ നെറ്റിയിൽ ഉമ്മ വച്ചു. പിന്നീട് അഞ്ചു തവണ കൂടി ദേശീയ പുരസ്കാരം ലഭിച്ചു.

2005ൽ പത്മശ്രീയും 2021ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചതും നന്ദിയോെട മാത്രമേ ഒാര്‍ക്കാനാകൂ. ഇപ്പോഴും ഏത് അവാർഡ് വാർത്ത കേൾക്കുമ്പോഴും എനിക്കു സന്തോഷമാണ്. എെന്‍റ പാട്ടു ജനങ്ങള്‍ അംഗീകരിക്കുന്നതിന്‍റെ തെളിവാണത്. എന്നെയതു കൂടുതൽ എളിമയുള്ളവളാക്കുന്നു.