Monday 21 September 2020 03:18 PM IST

തിരുത്താൻ ശ്രമിക്കേണ്ട, ഒാർമയുണ്ടോ എന്നു ചോദിച്ചു കൊണ്ടിരിക്കരുത്: മറവിരോഗികളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

alzmed34

അൽസ്ഹൈമേഴ്സ് രോഗിയെ പരിചരിക്കുന്നത് സാധാരണ കിടപ്പുരോഗികളെ പരിചരിക്കുന്നതു പോലെയല്ല. രോഗിയുടെ പിടിവാശികൾക്കും വിചിത്രമായ പെരുമാറ്റത്തിനും ഇടയിൽ പെട്ട് രോഗിയെ എങ്ങനെ പരിചരിക്കണമെന്നറിയാതെ വിഷമിച്ചുപോകാം. പാഠപുസ്തകങ്ങളിൽ എഴുതിവച്ചിരിക്കുന്ന പരിചരണ രീതികളേക്കാളും ഫലം ചെയ്യുന്നത് നമ്മുടെ പ്രായോഗിക പരിചയത്തിൽ നിന്നുള്ള ടിപ്സുകളാണ്. ശരിയായ രീതിയിൽ ഇടപഴകുകയും പരിചരിക്കുകയും ചെയ്താൽ രോഗം അടുത്തഘട്ടത്തിലേക്ക് പോകുന്നത് ഒരു പരിധിവരെ തടയാനാകും.

മറവിരോഗികളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

∙ തിരുത്താൻ ശ്രമിക്കരുത്

രോഗി ചിലപ്പോൾ സാധനങ്ങൾ എവിടെയെങ്കിലും മറന്നുവയ്ക്കാം. എന്നിട്ട് ആരെങ്കിലും അത് എടുത്തുകൊണ്ടുപോയി എന്നാകും പിന്നീട് പറയുക. ഇത്തരം സാഹചര്യത്തിൽ സത്യം അതല്ലെങ്കിലും തിരുത്താനോ തർക്കിക്കാതിരിക്കാനോ പോകാതിരിക്കുക. വെറും മറവി ആണെന്ന് ആവർത്തിച്ചു പറയുമ്പോൾ രോഗിയുടെ മനസ്സിൽ അത് ആഴത്തിൽ മുറിവുകളുണ്ടാക്കാം.

രോഗത്തെ അറിയുക, രോഗിയേയും

∙ രോഗിയെ പരിചരിക്കുന്നവർ അൽസ്ഹൈമേഴ്സ് രോഗത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. തന്മാത്ര സിനിമയിലെ മോഹൻലാലിനെ പോലെ ആയിരിക്കില്ല എല്ലാ രോഗികളും. ഒാരോരുത്തരും ഒന്നിനൊന്നു വ്യത്യസ്തരായിരിക്കും. ഒരു നല്ല ശുശ്രൂഷകൻ തന്റേ രോഗിയുടെ രോഗസ്വഭാവത്തെ കൃത്യമായി പഠിച്ചിരിക്കണം. രോഗി അടുത്തനിമിഷം എങ്ങനെയാകും പെരുമാറുകയെന്നു ധാരണയുണ്ടാകണം. അതായത് രോഗിക്കുവേണ്ടി പ്രവർത്തിക്കേണ്ടത് രോഗിയെ പരിചരിക്കുന്നയാളുടെ തലച്ചോറാണ്.

വാശികളിൽ ശ്രദ്ധ തിരിച്ചുവിടാം

∙ മറവിരോഗികൾ പലപ്പോഴും കൊച്ചുകുട്ടികളുടെതുപോലെ പെരുമാറാം. അത്തരം പിടിവാശികളെയും സ്വഭാവവൈകല്യങ്ങളെയും തിരുത്താനോ അവരോട് ദേഷ്യപ്പെടാനോ പോകരുത്. പകരം രോഗിയുടെ മൂഡ് വ്യതിയാനങ്ങൾ മനസ്സിലാക്കി മറ്റെന്തെങ്കിലും താൽപര്യമുള്ള കാര്യങ്ങളിലേക്ക് മൂഡ് തിരിച്ചുവിടാൻ (Diversion Therapy) ശ്രദ്ധിക്കുക. ഉദാഹരണത്തിന് ചില രോഗികൾ ചീത്തവാക്കുകൾ പറയുകയോ മോശമായ പ്രവൃത്തികൾ കാണിക്കുകയോ ചെയ്യാം. ആ സമയത്ത് രോഗിക്ക് താൽപര്യമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് ശ്രദ്ധ തിരിച്ചുവിടാം.

സാമൂഹികമായ ഇടപെടലിനു സാഹചര്യം ഒരുക്കുക

മറവിരോഗിക്ക് എന്തിനാണ് സാമൂഹിക സമ്പർക്കം എന്നു തോന്നാം. പക്ഷേ, അത്തരം ഇടപെടലുകൾ കംപ്യൂട്ടർ റീഫ്രഷ് ചെയ്യുന്നതുപോലെ രോഗിയുടെ മനസ്സിനെ റീഫ്രഷ് ചെയ്യും. രോഗത്തിന്റെ അടുത്തഘട്ടത്തിലേക്ക് വേഗം പോകാതെ സഹായിക്കും. ഡയറി എഴുതിയിരുന്നവരാണെങ്കിൽ തുടർന്നും ഡയറി എഴുതിപ്പിക്കുക. ചിലപ്പോൾ വെറുതെ കുത്തിവരയ്ക്കുകയാകാം, സാരമില്ല. പസിൽസ്, കളറിങ് എന്നിവയിൽ താൽപര്യമുള്ളവരെക്കൊണ്ട് അത്തരം ആക്ടിവിറ്റികൾ ചെയ്യിപ്പിക്കാം. മറവിരോഗികൾക്കായുള്ള ഡേ–കെയർ കേന്ദ്രങ്ങളിൽ ഇത്തരം രോഗികൾക്കുള്ള പ്രത്യേകം ആക്റ്റിവിറ്റികളും തെറപികളുമെല്ലാം നൽകും. സാമൂഹിക സമ്പർക്കം മാത്രമല്ല രോഗിയെ പരിചരിക്കുന്നവർക്ക് പകൽ അൽപം വിശ്രമവും ലഭിക്കും.

ഇഷ്ടഭക്ഷണം നൽകാം

∙ രോഗിക്ക് ഇഷ്ടമുള്ള ഭക്ഷണം നന്നായി പാകപ്പെടുത്തി നല്ല രീതിയിൽ വിളമ്പി നൽകുക. ദിവസവും കൃത്യസമയത്ത്, പ്രത്യേകം ഒരു സ്ഥലത്ത് തന്നെ നൽകി ശീലിപ്പിക്കുക. ചിലർ ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലേ കഴിക്കാൻ പോലും കൂട്ടാക്കൂ. അതുകൊണ്ട് രോഗിയുടെ ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കുക. ചില രോഗികൾക്ക് ഭക്ഷണം ചവച്ചിറക്കാൻ ബുദ്ധിമുട്ടായിരിക്കും. അവർക്ക് ഇറക്കാൻ എളുപ്പമുള്ള ലഘുവായ ഭക്ഷണം നൽകാം.

വീട് ഡിമൻഷ്യ/ അൽസ്ഹൈമേഴ്സ് ഫ്രണ്ട്‌ലി ആക്കുക

രോഗി താമസിക്കുന്ന മുറിക്ക് കതകില്ലാത്തതാണ് നല്ലത്. അല്ലെങ്കിൽ പുറമേ നിന്നു മാത്രം കുറ്റിയിടുന്ന പോലുള്ള സംവിധാനമാക്കുക. ചിലപ്പോൾ രോഗികൾ കതകു കുറ്റിയിട്ടാൽ തുറക്കേണ്ടത് എങ്ങനെയാണെന്നു മറന്നുപോകും. കഴിയുമെങ്കിൽ ടോയ്‌ലറ്റ്, അടുക്കള, ഊണുമുറി എന്നിവ ലേബൽ ചെയ്യുക. രോഗിയുടെ മുറിയിൽ ഫർണീച്ചറുകൾ കുറച്ചാൽ തട്ടിത്തടഞ്ഞു വീഴാതിരിക്കും.

അടുത്തുള്ളവർ അറിയട്ടെ

∙ ഫ്ളാറ്റ് അല്ലെങ്കിൽ വില്ല ആണെങ്കിൽ തൊട്ടടുത്തു താമസിക്കുന്ന ആൾ രോഗിയുള്ള കാര്യം അറിഞ്ഞിരിക്കണം. വാച്ചമാനെ ഫോട്ടോ സഹിതം വിശദാംശങ്ങൾ അറിയിക്കുക. ജിപിഎസ് സംവിധാനമുള്ള വാച്ച് ധരിപ്പിക്കുന്നതോ പേരും വിശദാംശങ്ങളും ഉള്ള ടാഗ് ധരിപ്പിക്കുന്നതോ നല്ലത്. രോഗി പുറത്തേക്കിറങ്ങി പോയാലും കണ്ടെത്താൻ ഇവയൊക്കെ സഹായിക്കും.

സന്ദർശകർ ശ്രദ്ധിക്കാൻ

∙ മറവി രോഗിയെ സന്ദർശിക്കുന്നവർ പാലിക്കേണ്ട ചില മര്യാദകളുണ്ട്. പലരും ചോദിച്ചു കേൾക്കാറുണ്ട്, ‘ഞാൻ ആരാണെന്നു മനസ്സിലായോ, ഒന്നോർത്തുനോക്കൂ’ എന്ന് . രോഗിക്ക് ഇതു വലിയ മാനസികപിരിമുറുക്കം സൃഷ്ടിക്കും. എത്ര ശ്രമിച്ചാലും മറന്നുപോയ കാര്യങ്ങൾ ഒാർത്തെടുക്കാനാവില്ല. ഇങ്ങനെ പിരിമുറുക്കം സൃഷ്ടിക്കുന്നതിനു പകരം ‘ഞാൻ ഇന്നയാളാണ് ’ എന്നു സ്വയം പരിചയപ്പെടുത്തി സംസാരിക്കുക. പഴയ കാര്യങ്ങൾ അങ്ങോട്ടു പറഞ്ഞ് സംസാരത്തിൽ പങ്കാളിയാക്കുക.

അയഞ്ഞവസ്ത്രം നല്ലത്

∙ അയഞ്ഞതും രോഗിക്ക് ധരിക്കാൻ ഇഷ്ടമുള്ളതുമായ വസ്ത്രങ്ങൾ ധരിപ്പിക്കുക. ഒരുപാട് കുടുക്കുകൾ ഉള്ള വേഷത്തെക്കാളും ധരിക്കാനും ധരിപ്പിക്കാനും നല്ലത് സിപ്പറോ വെൽക്രോയോ ഉള്ള വേഷമാണ്. ചില രോഗികൾക്ക് ഒാഫിസിൽ പോകുന്ന ഒാർമയാകും. അവർ വീട്ടിലും ഫോർമൽ വേഷങ്ങൾ ധരിക്കാം. ഉടൻ അതു മാറ്റാൻ പറഞ്ഞു വാശി പിടിക്കരുത്. പിന്നീട് മറ്റെന്തെങ്കിലും കാര്യം പറഞ്ഞ് ശ്രദ്ധ തിരിച്ച് വേഷം മാറ്റാം.

∙ പുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ മാത്രം വച്ച് രോഗിയെ പരിചരിക്കാനാവില്ല. രോഗിയെ സൂക്‌ഷ്മമായി നിരീക്ഷിക്കുക. രോഗിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ, വ്യക്തികൾ എല്ലാം അറിഞ്ഞുവയ്ക്കുക. ഒാരോ പ്രവൃത്തി ചെയ്യിപ്പിക്കാനും പരിചരിക്കുന്നവരുടെ ഭാഗത്തുനിന്നുള്ള ശ്രമം കൂടി വേണം. ഉദാഹരണത്തിന് ടോയ്‌ലറ്റിൽ കൊണ്ടിരുത്തിയാലും വയറ്റിൽ നിന്നും പോകണമെന്നില്ല. ടാപ്പ് തുറന്നിടുകയോ കാലിൽ വെള്ളമൊഴിച്ചു കൊടുക്കുകയോ പോലുള്ള സ്റ്റിമുലസ് നൽകി ചെയ്യിപ്പിക്കണം. മറ്റൊന്ന്, എല്ലാ കാര്യങ്ങളും പറഞ്ഞു ചെയ്യിപ്പിക്കുകയാണ്. ഉദാഹരണത്തിന് ഭക്ഷണം എടുത്തുവച്ച് ‘ഭക്ഷണം കഴിക്ക്’ എന്നു പറഞ്ഞ് കഴിപ്പിക്കുക.

രോഗിയുടെ പെരുമാറ്റങ്ങളെ സഹാനുഭൂതിയോടെ കാണുക. തലച്ചോറിൽ നിന്നും ഒാർമയുടെ ഒാരോ കണങ്ങളും മാഞ്ഞുപോകുമ്പോൾ രോഗിക്കു സ്ഥലകാലബോധം പോലും നഷ്ടമാകാം. അതൊന്നും രോഗി അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ലെന്നു മനസ്സിലാക്കുക. സ്നേഹപൂർണമായ പരിചരണം നൽകി കൂടെനിൽക്കുക. അത്രയേ നമുക്കു ചെയ്യാനാകൂ.

വിവരങ്ങൾക്ക് കടപ്പാട്

പോൾ ഡേവിസ്

സോഷ്യൽ വർക്കർ, പ്രൊജക്റ്റ് മാനേജർ

എആർഡിഎസ്ഐ

കൊച്ചി

മിക്കവാറും മറവിരോഗികളും 24 മണിക്കൂറും ഉണർന്നിരിക്കും. അത്രയും സമയം ഇമപൂട്ടാതെ രോഗിയെ പരിചരിക്കുക മനുഷ്യസാധ്യമല്ല.

Tags:
  • Manorama Arogyam
  • Health Tips