Saturday 21 November 2020 04:47 PM IST : By സ്വന്തം ലേഖകൻ

ഇന്തുപ്പും ഡാഷ് ഡയറ്റും: അമിത ബിപി കുറയ്ക്കാൻ ഇവ സഹായിക്കുമോ?

bpsalt4324

പ്രമേഹവും പഞ്ചസാരയും പോലെ ഏവർക്കുമറിയാവുന്ന ബന്ധമാണ് ഉപ്പും ബിപിയും തമ്മിലുള്ളത്. സാധാരണ ആരോഗ്യമുള്ള ഒരാൾക്ക് പ്രതിദിനം ആറു മുതൽ എട്ടു ഗ്രാം വരെ (ഒരു ടീസ്പൂൺ) ഉപ്പ് ദിവസേന ഉപയോഗിക്കാം. എന്നാൽ ബിപി ഉയർന്നു നിൽക്കുന്നവർ ദിവസം രണ്ടു ഗ്രാം (കാൽ ടീസ്പൂൺ) ഉപ്പു മാത്രമേ ഉപയോഗിക്കാവൂ. ചെറിയതോതിലുള്ള സോഡിയത്തിന്റെ നിയന്ത്രണം പോലും രക്തസമ്മർദം 6 മുതൽ 10 മി.മീ മെർക്കുറി വരെ കുറയ്ക്കും. ഉപ്പു കുറയ്ക്കാനായി ചോറിലും കഞ്ഞിയിലുമൊക്കെ ഉപ്പൊഴിച്ചു കഴിക്കുന്ന ശീലം മാത്രം ഉപേക്ഷിച്ചാൽ പോര. മറിച്ച് സോഡിയം ധാരാളമുള്ള പപ്പടം, അച്ചാറിനങ്ങൾ, ഉണക്കമീൻ, സോസുകൾ, ചൈനീസ് ഭക്ഷണവിഭവങ്ങൾ എന്നിവയും ഒഴിവാക്കണം. ടിന്നിലടച്ച ഭക്ഷണവും കുറയ്ക്കുക.

ഇന്തുപ്പ് നല്ലതോ?

ഇന്തുപ്പിൽ സോഡിയം ക്ലോറൈഡിനു പകരം പൊട്ടാസ്യം ക്ലോറൈഡാണുള്ളത്. അതുകൊണ്ട് ബിപി കൂടുതലുള്ളവർക്കും മിതമായ അളവിൽ ഇന്തുപ്പ് ഉപയോഗിക്കാം. ഇന്തുപ്പ് ഉപയോഗിക്കുന്നതിനു മുമ്പ് വൃക്ക തകരാറുകളൊന്നുമില്ലെന്ന് ഉറപ്പാക്കണം. അതുപോലെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടുന്ന ചില മരുന്നുകളുടെ ഉപയോഗവും ഒഴിവാക്കണം. ഡോക്ടറുടെ നിർദേശാനുസരണം ഇന്തുപ്പ് ഉപയോഗിച്ചു തുടങ്ങുന്നതാണ് നല്ലത്.

ഉപ്പു കുറയ്ക്കുന്നതിനൊപ്പം ഡാഷ് ഡയറ്റും

രക്താതിമർദം കുറയ്ക്കാനായി ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ട മാത്ൃകാഭക്ഷണക്രമമാണ് ഡാഷ് ഡയറ്റ്. പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പുകുറഞ്ഞ പാൽ ഉൽപന്നങ്ങൾ, തവിടു കളയാത്ത ധാന്യങ്ങൾ, മീൻ, കോഴിയുടെയും താറാവിന്റെയും ഇറച്ചി, അണ്ടിപ്പരിപ്പ് ഇവയാണ് ഡാഷ്ഡയറ്റിൽ നിർദേശിക്കപ്പെട്ട വിഭവങ്ങൾ. എട്ട് ആഴ്ചകളോളം ആരോഗ്യകരമായ ഈ ഭക്ഷണരീതി സ്വീകരിച്ചാൽ തന്നെ രക്തസമ്മർദം ഫലപ്രദമായി കുറയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡാഷ് ഡയറ്റിനൊപ്പം ഉപ്പുപയോഗം കുറയ്ക്കുക കൂടി ചെയ്താൽ കൂടുതൽ ഫലം കിട്ടും.

ഒഴിവാക്കേണ്ടത്

∙ കൃത്രിമഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക. വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണവിഭവങ്ങളിലേക്കു മടങ്ങുകയും ചെയ്യണം. കാരണം ടിന്നിലടച്ചു വരുന്ന ഭക്ഷണസാധനങ്ങളിം വിപണിയിൽ ലഭ്യമായ റെഡി ടു ഈറ്റ് സാധനങ്ങളിലും സോഡിയത്തിന്റെ അളവു കൂടുതലായിരിക്കും. ഹാം ബർഗിലും ചിപ്സിലും പേസ്ട്രിയിലുമൊക്കെയുള്ള ഉപ്പിന്റെ അളവും കൂടുതലാണ്. കഫീൻ കൂടുതലായുള്ള കാപ്പി, കോള, തുടങ്ങിയ പാനീയങ്ങളും രക്തസമ്മർദം ഉയർത്തും.

∙ വറുത്ത പലഹാരങ്ങളും ചിപ്സും ബേക്കറി സാധനങ്ങളും. ബേക്കറി സാധനങ്ങളിൽ സോഡിയം ബൈ കാർബണേറ്റ് (ബേക്കിങ് പൗഡർ) ചേർക്കാറുണ്ട്. ഇത് സോഡിയം അളവു കൂട്ടും. ∙ ചൈനീസ് ഭക്ഷണം. ഇവയിൽ രുചികൂട്ടാൻ ചേർക്കുന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (അജിനോമോട്ടോ) സോഡിയത്തിന്റെ അളവു കൂട്ടും. ∙ മൈദ ചേർന്ന ഭക്ഷണം നാരുകൾ കുറഞ്ഞതായതിനാൽ ഒഴിവാക്കാം. ഉണക്കമീനും ഉപ്പു ചേർത്തു വറുത്ത അണ്ടിപ്പരിപ്പും കഴിക്കരുത്. ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു എന്നിവയിൽ പൂരിതകൊഴുപ്പ് ധാരാളമുണ്ട്, ഒഴിവാക്കുക. ∙ തോടുള്ള മത്സ്യങ്ങളായ ചെമ്മീൻ, കക്കായിറച്ചി എന്നിവയും ബിപി കൂടുതലുള്ളവർക്ക് നല്ലതല്ല.

Tags:
  • Manorama Arogyam
  • Diet Tips