‘എനിക്ക് ഈ ലോകം മുഴുവൻ ചുറ്റിക്കാണണം. ഞാനെന്റെ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുകയാണ്. മനസ്സ് ആഗ്രഹിക്കുന്നിടത്തേക്കാണ് ഓരോ യാത്രയും. അതിലൊന്ന് മാത്രമാണ് ഇന്തൊനീഷ്യൻ യാത്ര. യാത്രകൾ കൃത്യമായി പ്ലാൻ ചെയ്ത് മാത്രമേ നടത്താറുള്ളൂ. സത്യത്തില്‍ ഇന്തൊനീഷ്യൻ യാത്രയുടെ പ്ലാൻ രണ്ട് വർഷമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ സംസാരിക്കുന്നതിലും സ്പീഡിൽ ഓടുന്നുണ്ട് എന്റെ മനസ്സും ചിന്തകളും. ഒരു യാത്ര കഴിഞ്ഞ് വന്ന ഉടനെ അടുത്തതിനെ കുറിച്ച് ആലോചിക്കാറുണ്ട്. സമയവും സാമ്പത്തികവും ഒത്തുവരുമ്പോഴാണ് ഓരോ യാത്രയും പ്രാവർത്തികമാകുന്നത്. ഫിറ്റ്നസ് അടിസ്ഥാനമാക്കിയായിരുന്നു ബാലിയിലേക്കുള്ള യാത്ര. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ബാലി സമ്മാനിച്ചത് മറക്കാനാവാത്ത കാഴ്ചകളും അനുഭവങ്ങളുമാണ്...പ്രേക്ഷകരുടെ പ്രിയങ്കരി രഞ്ജിനി ഹരിദാസ് കൂട്ടുകാരോടൊപ്പം നടത്തിയ ഇന്തൊനീഷ്യൻ യാത്രയുടെ വിശേഷങ്ങൾ മനോരമ ട്രാവലറുമായി പങ്കുവയ്ക്കുകയാണ്.
എന്തുകൊണ്ട് ബാലി
ബാലി ഒരു ഹണിമൂൺ ഡെസ്റ്റിനേഷൻ എന്ന നിലയിലാണ് പൊതുവെ അറിയപ്പെടുന്നത്. ബിഗ് ബോസ് പരിപാടിയിൽ പങ്കെടുക്കുന്ന സമയം തൊട്ടേ അർച്ചനയും ഞാനും ഒരു ട്രിപ്പ് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ആദ്യം മുതലേ ഞങ്ങൾ പോകാൻ ഉറപ്പിച്ച സ്ഥലമാണ് ബാലി. തണുപ്പുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ചില ബുദ്ധിമുട്ടുകൾ കാരണം പൊതുവെ തെരഞ്ഞെടുക്കാറില്ല. കടൽത്തീരങ്ങളോടാണ് ഏറെ പ്രിയം. വെറുതെ കാഴ്ച കാണുക എന്നതിലുപരി പോകുന്ന സ്ഥലത്തെ സംസ്കാരം, ചരിത്രം, ഭക്ഷണം ഇവയെല്ലാം ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്. ഒൻപത് ദിവസത്തെ യാത്രയായിരുന്നു ഇന്തോനീഷ്യ ട്രിപ്പ്. അർച്ചനയെ കൂടാതെ മറ്റൊരു ആത്മാർഥ സുഹൃത്ത് മാധവിയും ഈ യാത്രയിൽ കൂടെയുണ്ടായിരുന്നു. ഇന്തൊനീഷ്യയിൽ 17000 ത്തോളം ചെറിയ ദ്വീപുകളുണ്ട്. ദൈവങ്ങളുടെ ദ്വീപ് എന്നാണ് ബാലി അറിയപ്പെടുന്നത്. കൊച്ചിയിൽ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. നേരെ മലേഷ്യയിലെ കോലാലംപൂർ, അവിടെ നിന്ന് ഡെൻപസർ ശേഷം ഉലുവാട്ടു. എയർപോർട്ടിൽ നിന്ന് നേരെ പോയത് ഒംനിയ ഡേ ക്ലബ്ബിലേക്കായിരുന്നു. മറക്കാനാവാത്ത ഒരു പകൽ, പൊസറ്റീവ് വൈബ്സ് മാത്രം നിറഞ്ഞു നിൽക്കുന്ന ഇടം അതാണ് ഒംനിയ ഡേ ക്ലബ്.
കുരങ്ങന്മാരുടെ പിറകേ...
ബാലിയിലെ പ്രശസ്തമായ ക്ഷേത്രമാണ് ഉലുവാട്ടു. ബീച്ചിന് അടുത്തുള്ള ഒരു ക്ലിഫിലാണ് ഉലുവാട്ടു ക്ഷേത്രം. അവിടേയ്ക്ക് കടക്കും മുമ്പേ സരോംഗ് എന്ന പരമ്പരാഗത വസ്ത്രം ധരിക്കണം. പോകുന്ന വഴി ഒരു ഭാഗം മുഴുവൻ കാടാണ്. ചുറ്റും കുരങ്ങന്മാർ വിലസി നടക്കുന്നു. ഞങ്ങൾ കാഴ്ചയൊക്കെ കണ്ട് ആസ്വദിച്ച് നടക്കുമ്പോൾ പെട്ടെന്ന് അർച്ചനയുടെ ശബ്ദം, തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി. അർച്ചനയുടെ ഫോൺ ഒരു കുരങ്ങൻ കരസ്ഥമാക്കി കടന്നു കളഞ്ഞു. വൈൽഡ് ലൈഫ് ഏരിയ ആണെന്ന് പോലും നോക്കാതെ അർച്ചന ഫോണിന് പുറകെ ഓടി. ഈ രംഗങ്ങളെല്ലാം വീഡിയോ വീഡിയോ എടുത്ത് നിൽക്കുമ്പോഴാണ് എന്റെ തൊട്ടടുത്ത് നിന്ന കുരങ്ങൻ എന്റെ ഫോണും തട്ടിയെടുത്ത് ഓടിയത്. കുരങ്ങനു പിറകെ നടന്ന് അവസാനം ഒരു വിധം ഞാനെന്റെ ഫോൺ തിരിച്ചെടുത്തു. പ്രൊട്ടക്ഷൻ ഗ്ലാസും ബാക്ക് കവറുമെല്ലാം നല്ല വെടിപ്പായി കുരങ്ങൻ ഊരിയെടുത്തിരുന്നു. നല്ല ട്രെയിനിങ് കിട്ടിയ കുരങ്ങന്മാരാണെന്ന് തോന്നുന്നു. അവിടുത്തെ ഒരു ഗൈഡിന് കുറച്ച് പണം കൊടുക്കേണ്ടി വന്നു അർച്ചനയുടെ ഫോൺ വീണ്ടെടുക്കാൻ. ഈ യാത്രയിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അത്.
കെച്ചക് നൃത്തവും രാമായണവും
ഉലുവാട്ടു ക്ഷേത്രത്തിനോട് ചേർന്ന ക്ലിഫിൽ നിന്ന് മനോഹരമായ സൂര്യാസ്തമയം കാണാം. ഈ അസ്തമ സമയത്താണ് ക്ലിഫിലെ ഒരു ഭാഗത്ത് കെച്ചക് നൃത്തം നടക്കുന്നത്. ഒരുപാട് പേർക്ക് ചുറ്റിലും ഇരിക്കാവുന്ന രീതിയിൽ ക്രമീകരിച്ച ഇരിപ്പിടങ്ങൾ. കുരങ്ങനുമായുള്ള യുദ്ധം കഴിഞ്ഞാണ് ഡാൻസ് കാണാനായി പോകുന്നത്. ഒരു തരം വായ്ത്താരി ഈണത്തിൽ ചൊല്ലി പ്രത്യേക തരം ചുവടുകൾ വച്ചുള്ള കെച്ചക് നൃത്തം കാണേണ്ട കാഴ്ച തന്നെയാണ്. നമ്മുടെ രാമായണ കഥയാണ് ഈ നൃത്ത രൂപത്തിന്റെ ഇതിവൃത്തം.
മൗണ്ട് ബാടുർ എന്ന പർവതത്തിലേക്ക് നടത്തിയ ട്രെക്കിങ്ങാണ് മറക്കാനാവാത്ത മറ്റൊരു അനുഭവം. പുലർച്ചെ ഒന്നര മണിയ്ക്ക് എണീറ്റ് യാത്ര തുടങ്ങി. മൂന്നുമണിയോടെയാണ് ട്രെക്കിങ് സ്പോട്ടിൽ എത്തുന്നത്. പിന്നെ നടത്തമാണ്. സൂര്യോദയം കാണുക എന്നതായിരുന്നു ഉദ്ദേശ്യം. ‘സൂര്യൻ ഉണർന്ന് ഒന്നു ഫ്രഷൊക്കെ ആയി’ വന്ന സമയമായെന്നു മാത്രം ഞങ്ങൾ അവിടെ എത്തിയപ്പോൾ.
ഉബുദ് നഗരത്തിൽ നിന്ന് ഉദ്ദേശം രണ്ട് കിലോമീറ്റർ വടക്കോട്ട് യാത്ര ചെയ്താൽ ഒരു വെള്ളച്ചാട്ടത്തിന് അടുത്തെത്താം. ഈ വെള്ളച്ചാട്ടം തട്ടുതട്ടായാണ് നിലകൊള്ളുന്നത്. അഞ്ച് മീറ്റർ ഉയരം താഴെ വെള്ളം, പത്ത് മീറ്റർ ഉയരം താഴെ വെള്ളം, പതിനഞ്ച് മീറ്റർ ഉയരം താഴെ വെള്ളം...എന്ന രീതിയിൽ. ഇതിൽ ഓരോ ഉയരത്തിൽ നിന്നും സഞ്ചാരികൾക്ക് താഴേക്ക് ചാടാനുള്ള ഓപ്ഷനുണ്ട്. അഞ്ചും പത്തും വരെ ഞാൻ ചാടി. പതിനഞ്ച് മീറ്റർ ഉയരത്ത് നിന്ന് താഴേക്ക് ചാടാൻ ഞാൻ ഓക്കെ പറഞ്ഞെങ്കിലും ഗൈഡ് പിന്മാറിക്കൊള്ളാൻ പറഞ്ഞു. അത്രയധികം അപകടമായിരുന്നു ആ ചാട്ടം.
ഇനിയും ബാക്കിയാകുന്ന ഒത്തിരി യാത്രകളുണ്ട്. ഓരോന്നോരോന്നായി കണ്ട് തീർക്കണം. എന്നിട്ട് ജീവിതത്തിൽ ഒരിക്കൽ ആരുമില്ലാതെ ഒറ്റപ്പെടുന്ന ഒരു സമയം വരുമ്പോൾ കെനിയയിലേക്ക് യാത്ര പോകണം. ബാക്കിക്കാലം അവിടെ.