Tuesday 25 August 2020 02:45 PM IST

‘കുറച്ചൊക്കെ ത്രില്ലും സാഹസികതയും ഇല്ലാതെ പെണ്ണെന്ന ലേബലിൽ ജീവിച്ചു മരിച്ചിട്ട് എന്തുകാര്യം!’; ലിഫ്റ്റ് ചോദിച്ച് രാജ്യം കറങ്ങിയ ഉമ റോയ്, അവിശ്വസിനീയ യാത്രാനുഭവം

Akhila Sreedhar

Sub Editor

uma-royy7565 Photo : Uma Roy

ലിഫ്റ്റ് ചോദിച്ച് കിട്ടുന്ന വണ്ടികളിൽ കയറി, കാണുന്ന ഇടങ്ങളിൽ ഉറങ്ങി ഒരു തൃശൂർകാരി പെൺകുട്ടി ഒറ്റയ്ക്ക് ഇത്ര ദൂരം യാത്ര ചെയ്തെന്നോ? അവിശ്വസനീയമെന്നു തോന്നുന്നെങ്കിൽ ഉമയുടെ യാത്രകൾ അറിയണം...

‘Life is either a daring adventure or nothing’... Helen Keller  

ഒരൊറ്റ രൂപ കയ്യിൽ കരുതാതെ അവശ്യ സാധനങ്ങൾ പായ്ക്ക് ചെയ്ത് വീട്ടിൽ‌ നിന്ന് ഇറങ്ങുമ്പോൾ ഉമ റോയ് എന്ന 21കാരി മലയാളി പെൺകുട്ടിക്കു മുന്നിൽ പുതിയൊരു ലോകം വാതിൽ തുറക്കുകയായിരുന്നു. ‘‘കാഴ്ചകൾ ഏറെയുണ്ട്. നേരിടാൻ ഒട്ടേറെ അനുഭവങ്ങളും വെല്ലുവിളികളും.’’ ഹിച് ഹൈക്കിങ്ങിനായി വീടുവിട്ടിറങ്ങുമ്പോൾ മനസ്സു മുഴുവൻ ഹെലൻ കെല്ലറുടെ വാചകമായിരുന്നു, ‘ജീവിതം ഒന്നുകിൽ ധീരമായ സാഹസികതയാണ്, അല്ലെങ്കിൽ ഒന്നുമില്ല’. എവിടെ പോകുന്നു, എവിടെ താമസിക്കും, എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ചിന്തകളോടു തൽക്കാലം ബൈ പറഞ്ഞ് 2019 സെപ്റ്റംബർ മൂന്നിന് ഉമ യാത്ര തുടങ്ങി. എട്ടു സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശവും കണ്ട് 5000 കിലോമീറ്ററിലധികം യാത്ര ചെയ്തു. യാത്രയിൽ നിന്ന്  കുറച്ചുകാലത്തേക്ക് ചെറിയൊരു ബ്രേക്ക് എടുത്ത് ഇപ്പോൾ അസമിൽ തുടരുന്നു. ലിഫ്റ്റ് ചോദിച്ച് കാണുന്ന വണ്ടികളിൽ കയറി, കിട്ടുന്ന ഇടങ്ങളിൽ ഉറങ്ങി ഒരു തൃശൂർകാരി പെൺകുട്ടി ഒറ്റയ്ക്ക് ഇത്ര ദൂരം യാത്ര ചെയ്തെന്നോ? അവിശ്വസനീയം എന്നാണ് കരുതുന്നതെങ്കിൽ ഉമയുടെ ഈ യാത്രാനുഭവം തീർച്ചയായും അറിയണം.

uma-royy7567

യാത്ര ചെയ്യാം, പണമില്ലാതെയും

കുട്ടിക്കാലം മുതൽ യാത്ര ചെയ്യാൻ വലിയ ഇഷ്ടമായിരുന്നു. കൊച്ചി രാജഗിരി കോളേജിൽ നിന്ന് മാധ്യമപഠനത്തിൽ ബിരുദമെടുത്ത് പുറത്തിറങ്ങിയതു മുതൽ ഒറ്റയ്ക്കൊരു യാത്ര എന്ന സ്വപ്നമായിരുന്നു മനസ്സിൽ. കയ്യിൽ ഒരൊറ്റ രൂപയില്ല. പണമില്ലാതെ എങ്ങനെ യാത്ര പോകാം എന്ന അന്വേഷണം ചെന്നെത്തിയത്, ഹിച് ഹൈക്കിങ്ങിലാണ്. അതായത് ലിഫ്റ്റ് ചോദിച്ച് യാത്ര പോവുക. കേരളത്തിൽ നിന്ന് ഒരു പെൺകുട്ടി ഇങ്ങനെ യാത്ര പോയിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. ചെയ്യാൻ പോകുന്ന സാഹസികതയെ കുറിച്ച് ആകെയുണ്ടായിരുന്ന ഭയം ആരെങ്കിലും ലിഫ്റ്റ് തരുമോ എന്നതായിരുന്നു. വീട്ടിൽ പറഞ്ഞാൽ സമ്മതിക്കില്ലെന്ന് ഉറപ്പായതു കൊണ്ട് പറഞ്ഞില്ല. കൂട്ടുകാരോടു കടം മേടിച്ച് ഇടയ്ക്കിടെ ചെറിയ യാത്രകളൊക്കെ നടത്താറുള്ളതിനാൽ അവർ കാര്യമായ അന്വേഷണത്തിന് വരില്ലെന്ന് ഉറപ്പായിരുന്നു. എന്നെയും അനുജത്തിയെയും ഞങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടാറുണ്ട് അച്ഛനും അമ്മയും. അവർ രണ്ടുപേരും ബംഗ്ലാദേശികളാണ്.

എവിടെ പോകുന്നോ അവിടെ ഒരു വീട് എന്നൊരു ആഗ്രഹം കൂടി മനസ്സിൽ ഉറപ്പിച്ചായിരുന്നു യാത്ര. എനിക്കുവേണ്ടി എവിടെയൊക്കെയോ ആരൊക്കെയോ കാത്തു നിൽക്കുന്നു, എന്നെങ്കിലും ഞാൻ അവരെ കാണാൻ ഒരിക്കൽ കൂടി എത്തും എന്നാണു പ്രതീക്ഷ. ആ ഒരു തോന്നൽ മനസ്സിൽ ഉണ്ടാക്കിയാണ് ഓരോ നാട്ടിൽ നിന്നും ഉള്ള മടക്കം.

തൃശൂരിൽ നിന്നാണ് യാത്രയുടെ തുടക്കം. ഭക്ഷണം, താമസം, ഗതാഗതം ഈ മൂന്ന് ഘടകങ്ങളാണ് ഏതൊരു യാത്രയ്ക്കും വേണ്ട പ്രധാന ഘടകം. എല്ലാവരും പണം സമ്പാദിച്ച് ഫ്രീ ആകുമ്പോഴല്ലേ യാത്ര ചെയ്യുന്നത്, ആ രീതി എന്റെ സ്വഭാവത്തിന് ചേരാത്തതിനാലോ അത്ര കാലം സ്വപ്നസാക്ഷാത്കാരത്തിനായി കാത്തിരിക്കാൻ പറ്റാത്തതിനാലോ വരുന്നത് വരുന്നിടത്തു വച്ച് കാണാം എന്നു കരുതി യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചു.

uma-royy756578

ഒരു ലിഫ്റ്റ് തരുമോ ചേട്ടാ...!

ലിഫ്റ്റ് ചോദിച്ചായിരുന്നു യാത്ര. കേൾക്കുമ്പോൾ എളുപ്പമെന്ന് തോന്നുമെങ്കിലും ലിഫ്റ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ട്രക്ക്, ലോറി, ഓ ട്ടോ, ടൂവീലർ അങ്ങനെ കിട്ടുന്ന വണ്ടിയ്ക്കു കയറിയാണു മുന്നോട്ടു പോയത്. നല്ല ക്ഷമ വേണ്ട ഏർപ്പാടാണ്. ചിലർ ചീത്ത വിളിക്കും. വണ്ടിയിൽ കയറ്റാതെ പോകും, പതിയെ അതൊക്കെ ശീലമായി. ഈ യാത്ര എങ്ങനെ ആവണം  എന്നതിനു പ്ലാനിങ് ഉണ്ടായിരുന്നില്ല. രാത്രി യാത്ര ചെയ്യാറില്ല. ഇരുട്ടും മുൻപ് താമസിക്കാൻ ഒരിടം കണ്ടെത്തും. എവിടെ എത്തുന്നോ അവിടെ കാണുന്ന ഏതെങ്കിലും വീടിന്റെ വാതിലിൽ മുട്ടും. ഞാനിങ്ങനെ ഒരു യാത്രയിലാണ്, ഇന്നിവിടെ താമസിച്ചോട്ടെയെന്ന് അപേക്ഷിക്കും. പലരും വാതിൽ കൊട്ടിയടയ്ക്കും. ചിലർ താമസവും ഭക്ഷണവും തരും. തുടക്കകാലത്തൊക്കെ ഇങ്ങനെയായിരുന്നു താമസം കണ്ടെത്തിയത്. പിന്നീട് റെയിൽവേ സ്റ്റേഷൻ, അമ്പലം, പള്ളി തുടങ്ങി എവിടെ സ്ഥലം കിട്ടുന്നോ അവിടെ ഉറങ്ങാൻ ശീലിച്ചു. ചിലപ്പോഴൊക്കെ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ യാത്രാനുഭവങ്ങളുടെ ഭാഗമായി മാത്രമേ കണ്ടിട്ടുള്ളൂ.

കേരളം ചുറ്റിനടക്കുന്ന സമയത്താണ് ഏറ്റവും രസകരമായ അനുഭവം ഉണ്ടായത്. ഇടുക്കി കാണാനുള്ള യാത്രയ്ക്കിടെ ഒരു ദിനം വൈകിട്ട് തൊടുപുഴ ഇറങ്ങേണ്ടി വന്നു. പല വീടുകളിലും താമസം അന്വേഷിച്ചു. ആരും തന്നെ തന്നില്ല. ആദ്യത്തെ അനുഭവമാണ്. വളരെയേറെ വിഷമം തോന്നി. ഒരു ഗ്രാമപ്രദേശം ആയിരുന്നു. അവിടെ ഒരു പൊട്ടിപൊളിഞ്ഞ വീടിന് മുന്നിലിരുന്ന് കുറേ കരഞ്ഞു. മനസ്സ് ഒന്ന് റെഡി ആയപ്പോൾ വീണ്ടും വാതിലുകളിൽ മുട്ടി. ഇതുകണ്ട നാട്ടുകാർ പൊലീസിനെ വിളിച്ചു. പൊലീസ് വന്ന് കാര്യം അന്വേഷിച്ചു. അവർ എന്നെ കൂട്ടിക്കൊണ്ടുപോയി ഒരു ഹോസ്റ്റലിലാക്കി. അന്ന് രാത്രി അവിടെ നിൽക്കാനുള്ള പണം നൽകിയതും ആ പൊലീസുകാരൻ ആയിരുന്നു. ആ അനുഭവം നൽകിയ ഊർജമാണ് എന്റെ യാത്രയെ മുന്നോട്ട് നയിച്ചത്.

uma-royy7599

താമസം പോലെ തന്നെയായിരുന്നു ഭക്ഷണത്തിന്റെ കാര്യവും. പല ദിവസങ്ങളിലും പട്ടിണി കിടന്നു. ചിലപ്പോൾ ഒരു നേരത്തെ ആഹാരം കിട്ടി.  ഇത്രയൊക്കെ ത്യാഗം സഹിച്ച് എന്തിനാണ് ഈ പെണ്ണ് ഇങ്ങനെ യാത്ര ചെയ്യുന്നത് എന്നു തോന്നുന്നുണ്ടാകും അല്ലേ, അതിന് ഒറ്റ ഉത്തരമേയുള്ളൂ: എന്റെ ജീവിതം വെറുതെ ജീവിച്ച് തീർത്താൽ പോരാ, അതിന്റെ പൂർണതയിൽ ആസ്വദിച്ച് ജീവിക്കണം. എല്ലാ സൗകര്യങ്ങളോടും കൂടി ജീവിക്കുമ്പോൾ നമുക്ക് തോന്നും നാം എല്ലാം തികഞ്ഞവരാണെന്ന്. മനുഷ്യന് ജീവിക്കാൻ മൂന്ന് ഘടകങ്ങളേ വേണ്ടൂ, ഭക്ഷണം, താമസം, വസ്ത്രം ഇതെനിക്ക് നേരിട്ട് മനസ്സിലാക്കി തന്നത് ഈ യാത്രയാണ്.

യാത്രയ്ക്കൊരുങ്ങുന്നു...

തൃശൂർ– കൊല്ലം– ഇടുക്കി– മധുരൈ– രാമേശ്വരം– പോണ്ടിച്ചേരി– ചെന്നൈ–  ബെംഗളൂരു– ചിക്മംഗളൂർ– ഷക്‌ലേഷ്പൂർ – മാഹി – കോഴിക്കോട് – കോയമ്പത്തൂർ – മൈസൂരു – പെനുകൊണ്ട– ഹൈദരാബാദ് – തെലങ്കാന – വാറങ്കൽ– വിശാഖപട്ടണം – വിജയവാഡ – അറുക്കു (ആന്ധ്ര – തെലങ്കാന അവസാനിക്കുന്ന പ്രദേശം) – ഒഡീഷയിലെ പാള്‌വ ഗ്രാമം–  പുരി – കൊണാർക്ക് – ഭുവനേശ്വർ – അസം – നാഗാലാന്റ് (ദിമാപൂർ, കൊഹിമ)– അസം എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള എന്റെ യാത്രയുടെ റൂട്ട്. പ്ലാനിങ് ഇല്ലാതെ കിട്ടുന്ന വണ്ടിയിൽ കയറി യാത്ര ചെയ്തതിനാലാണ് ഇങ്ങനെയൊരു റൂട്ട്. ഇത്ര ദൂരെമൊക്കെ ലിഫ്റ്റടിച്ച് പോകാൻ പറ്റും എന്നു കരുതിയല്ല യാത്രയ്ക്ക് ഇറങ്ങിയത്. പോകാവുന്നിടത്തോളം പോയി തിരിച്ചുവരാം എന്നുകരുതി തന്നെയാണ്. പക്ഷേ, യാത്ര ഒരു ലഹരിയാണ്, അത് ആസ്വദിച്ചു തുടങ്ങിയാൽ  മുന്നിൽ തടസ്സങ്ങളില്ല, അങ്ങനെ പാറിപ്പറന്ന് നടക്കാം. ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള ആശയങ്ങളെ നേരിട്ട് അനുഭവിച്ചറിയാം.

uma-royy7565000

മധുര – രാമേശ്വരം യാത്രയ്ക്കിടെ ഒരു പ്രായമായ അമ്മയെ പരിചയപ്പെട്ടു. അന്നേക്കു രണ്ടു ദിവസമായിരുന്നു ഞാനെന്തെങ്കിലും കഴിച്ചിട്ട്. വല്ലാതെ ക്ഷീണിച്ച് ഒരു വിധത്തിലാണ് ബാഗും താങ്ങിയുള്ള നടപ്പ്. ആ അമ്മയുടെ ബാഗുകൾ മോഷണം പോയിരുന്നു. അതറിഞ്ഞ് ആരൊക്കെയോ കൊടുത്ത ഒരു ബാഗ് മാത്രമാണ് കയ്യിൽ. രാമേശ്വരത്തേക്ക് ആണെന്നു പറഞ്ഞപ്പോൾ ഞാനും ഒപ്പം കൂടി. കുറച്ചുദൂരം നടന്ന് എന്റെ യാത്രാവിശേഷങ്ങളൊക്കെ കേട്ടുകഴിഞ്ഞപ്പോൾ അവരെന്നോട് വല്ലതും കഴിച്ചോ എന്നു ചോദിച്ചു. ശേഷം അവരുടെ കയ്യിലെ കുറച്ച് രൂപ (ഉദ്ദേശം 50 രൂപ) എണ്ണി നോക്കി പറഞ്ഞു, നമുക്കൊരു ചായ കുടിച്ചാലോ? ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് എന്റെ വിശപ്പ് മാറ്റാൻ കാണിച്ച ആ നല്ല മനസ്സുണ്ടല്ലോ അതുപോലെ നിരവധി മുഖങ്ങൾ ഈ യാത്രയ്ക്കിടെ ഞാൻ കണ്ടു. അതൊക്കെയാണ് യാത്രയിൽ നിന്നും കിട്ടുന്ന സന്തോഷവും സമ്പത്തും.

uma-royy7565ybhgygyff

മറക്കാനാവാത്ത അനുഭവങ്ങൾ

അനുഭവങ്ങൾ ജീവിതത്തിലെ വലിയ പാഠങ്ങളാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഒരു പെൺകുട്ടി യാത്രയിൽ നേരിടാവുന്ന നെഗറ്റീവ് അനുഭവങ്ങളിൽ പലതും നേരിടേണ്ടി വന്നിട്ടുണ്ട്. ഒഡീഷയിലെ പുരിയിൽ വച്ചാണ് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം. യാത്രയ്ക്കിടെ വഴിയിൽ വച്ച് എന്നെ പോലെ ഹിച് ഹൈക്കിങ് നടത്തുന്ന ഒരു പയ്യനെ പരിചയപ്പെട്ടു. കുറച്ചുദൂരം ഞങ്ങൾ ഒരുമിച്ചായിരുന്നു യാത്ര. പുരിയിലെത്തിയപ്പോൾ നേരം ഇരുട്ടി. ടെന്റ് അടിക്കാനുള്ള സാധനങ്ങളുണ്ട്. സുരക്ഷിതം എന്നു തോന്നിയ ഒരിടത്ത് ഞങ്ങൾ ടെന്റ് അടിക്കാൻ തുടങ്ങിയപ്പോൾ മധ്യവയസ്കനായ ഒരാൾ കടന്നുവന്നു. അവിടെ ടെന്റ് അടിച്ച് താമസിച്ചാൽ പൊലീസ് വന്ന് പൊളിക്കുമെന്നും താമസിക്കാൻ ഇടം ഇല്ലാഞ്ഞിട്ടാണെങ്കിൽ അയാൾ സഹായിക്കാമെന്നും  പറഞ്ഞു. ഞങ്ങൾ സാധനങ്ങളൊക്കെ എടുത്ത് അയാളെ പിന്തുടർന്നു. ഒരു ഹോട്ടലിലാണ് എത്തിയത്. അവിടെയാണ് അയാൾ താമസിക്കുന്നതെന്നു പറഞ്ഞു. ഞങ്ങൾ മൂന്നുപേരും റൂമിൽ കയറി. കട്ടിലിൽ അയാളും എന്റെ സുഹൃത്തും കിടന്നു. ഞാൻ നിലത്തും. അന്നു പകൽ നടത്തിയ യാത്രയുടെ ക്ഷീണം മുഴുവൻ ഇറക്കിവയ്ക്കാനുതകുന്ന സുന്ദരമായ ഉറക്കത്തിലേക്ക്... അയാളെന്നെ കയറിപ്പിടിക്കാൻ തുടങ്ങിയെന്ന് തോന്നിയ നിമിഷം ഞാൻ ഞെട്ടിയുണർന്നു. അയാൾ ഒന്നും അറിയാത്ത പോലെ പെരുമാറി. പുലർച്ചെ മൂന്നു മണിയാകുന്നേയുള്ളൂ. ഞാനും സുഹൃത്തും അപ്പോൾ തന്നെ അവിടെ നിന്നിറങ്ങി. യാത്രയ്ക്കിടെ ഉണ്ടായ ഏറ്റവും മോശം അനുഭവം അതായിരുന്നു.

uma-royy7522

കാഴ്ചകൾ കാണുക എന്നതിലുപരി മനുഷ്യരെ അറിയാനും സംസ്കാരങ്ങൾ ആസ്വദിക്കാനുമാണ് ശ്രമിക്കാറുള്ളത്. പ്രകൃതിയൊരുക്കിയ കാഴ്ചകൾ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരം നാഗാലാൻഡിൽ സുക്കുവാലി (Dzukou valley) എന്ന സ്ഥലമാണ്. ഉൾനാടൻ ഗ്രാമങ്ങളൊക്കെയും അത്രമേൽ സുന്ദരമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഓരോ 100 അടി പിന്നിടുമ്പോഴും ലോകം മാറിക്കൊണ്ടിരിക്കുന്നുണ്ട്. ആവശ്യവും ആഗ്രഹവും തമ്മിലുള്ള വേർതിരിവിന്റെ അതിർത്തിരേഖ ഈ യാത്ര എനിക്ക് മനസ്സിലാക്കി തന്നു. ഭക്ഷണവും താമസവും വസ്ത്രവുമല്ലാതെ ബാക്കിയെല്ലാം ആഗ്രഹങ്ങളുടെ ഗണത്തിലാണ്. ഇവ മൂന്നും ഉണ്ടെങ്കിൽ ആസ്വദിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാം. കുറച്ചൊക്കെ ത്രില്ലും സാഹസികതയും ഇല്ലാതെ പെണ്ണ് എന്ന ലേബലിൽ ജീവിച്ച് മരിച്ചിട്ട് എന്തുകാര്യം!

uma-royy7565888
Tags:
  • Travel Stories
  • Manorama Traveller
  • Travel India