Wednesday 14 February 2024 03:21 PM IST : By ഡോ. പട്ടത്തില്‍ ധന്യാ മേനോൻ സൈബർ കുറ്റാന്വേഷണ വിദഗ്ധ, അവൻസോ സൈബർ സെക്യൂരിറ്റി സൊല്യൂഷൻസ്

പണം ആവശ്യപ്പെട്ട് ഫോൺകോൾ വന്നാൽ? വ്യാജമാണോ എന്ന് ഉ‍ടൻ പരിശോധിക്കാം: അഞ്ച് സൂചനകൾ ഇതാ..

502192161

പ്രൊഫൈൽ വ്യാജമായി നിർമിച്ചോ ആർടിഫിഷൽ ഇന്റലിജൻസ് വഴി ശബ്ദമോ വിഡിയോയോ ഉണ്ടാക്കിയോ പണത്തട്ടിപ്പു നടത്തിയാൽ എന്തു ചെയ്യണം?

കോഴിക്കോടു സ്വദേശിയുടെ ഫോണിലേക്ക് ഒന്നിച്ചു ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ വിഡിയോ കോൾ. ഭാര്യ ആശുപത്രിയിലാണ് 40,000 രൂപ അയക്കണം. പണം ട്രാൻസ്ഫർ ചെയ്തു. വീണ്ടും കോൾ. കുറച്ചു കൂടി പണം വേണം. വിഡിയോ കോൾ ആണ്, നേരിൽ കണ്ടാണ് സംസാരിക്കുന്നത് എന്നാലും ഒരു സംശയം. പരാതി നൽകി.  സൈബർ പൊലീസ് ഉടൻ ഇടപെട്ടു. 

നിർമിതബുദ്ധി (ആർടിഫിഷൽ ഇന്റലിജൻസ്)  ഉപയോഗിച്ചു കേരളത്തിലെ ആദ്യ സാമ്പത്തിക തട്ടിപ്പായിരുന്നു അത്. വിഡിയോ കോൾ വ്യാജമായി നിർമിച്ച ഗോവ കേന്ദ്രീകരിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

കുറച്ചു നാൾ മുൻപ് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടുന്ന രീതിയുണ്ടായിരുന്നു. ഇതു പലരും തിരിച്ചറിഞ്ഞതോടെയാണ് സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ മാർഗം ഉപയോഗിച്ചുള്ള തട്ടിപ്പ്. ഇങ്ങനെ സാമ്പത്തിക തട്ടിപ്പു നടന്നാൽ ഉടൻ എന്തു െചയ്യണം?

1. പണം നഷ്ടമായത് റിപ്പോർട്ട് ചെയ്യാൻ വൈകുന്ന ഒാരോ നിമിഷവും തിരികെ ലഭിക്കാനുള്ള വഴി അടയുകയാണ്. അ തുകൊണ്ടു മനസ്സാന്നിദ്ധ്യം നഷ്ടപ്പെടാതെ കാര്യങ്ങള്‍ മുന്നോട്ടു നീക്കുക. മുന്നിൽ രണ്ടു പ്ലാനുകൾ ഉണ്ട്. 

2. പ്ലാൻ എ - 1930 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുക. ഇതു നാഷനൽ സൈബർ ക്രൈം വിഭാഗത്തിന്റെ ടോൾ ഫ്രീ നമ്പരാണ്. ഏതു സംസ്ഥാനത്തു നിന്നാണോ വിളിക്കുന്നത് അവിടുത്തെ പൊലീസ് വിഭാഗത്തിലേക്ക് പരാതി റജിസ്റ്റർ ആകും. അഥവാ ഈ നമ്പറിൽ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ പ്ലാൻ ബി ചെയ്യുക.

3. പ്ലാൻ ബി – www.cybercrime.gov.in എന്ന സൈറ്റിൽ കയറി പരാതിപ്പെടുക. 

4.രണ്ടു പ്ലാനും ചെയ്യുന്നതിനു മുൻപ് ചില രേഖകൾ എടുത്തു വയ്ക്കണം. പരാതിപ്പെടുന്ന സമയത്തു സമയം അനാവശ്യമായി നഷ്ടമാകാതിരിക്കാൻ ആണ് ഈ രേഖകൾ ആദ്യമേ എടുത്തു വയ്ക്കേണ്ടത്

∙ പണം നഷ്ടപ്പെട്ട തീയതി സമയം ∙ പണം ആവശ്യപ്പെട്ട ചാറ്റിന്റെയും പ്രൊഫൈലിന്റെയും സ്ക്രീൻ ഷോട്ട്. വിഡിയോ കോള്‍ റിക്കോര്‍ഡ് ചെയ്യാനാവാത്തതു കൊണ്ട് അത്തരം രേഖകൾ കിട്ടാൻ സാധ്യതയില്ല, എങ്കിലും വിഡി   യോ കോൾ നമ്പരും കോൾ എത്ര നേരം നീണ്ടു എന്നതിന്റെയും സ്ക്രീൻ ഷോട്ട് എടുക്കാം. ∙പണം നൽകിയതിന്റെ ട്രാൻസാക്‌ഷൻ െഎഡി ∙തിരിച്ചറിൽ കാർഡ്. 

5. എത്രയും വേഗം പരാതി നൽകുന്നുവോ അത്രയും വേഗത്തിൽ പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്താനും ട്രാ ൻസാക്‌ഷൻ മരവിപ്പിക്കാനും സാധിക്കും. 

പണം ആവശ്യപ്പെട്ട് ഫോൺകോൾ വന്നാൽ ഉടൻ ചെയ്യാം? 

പരിചയമില്ലാത്ത നമ്പരില്‍ നിന്നു പരിചയമുള്ള വ്യക്തി വിഡിയോ കാൾ ചെയ്യുമ്പോൾ സംസാരത്തിലും മുഖചലനത്തിലും നേരിയ വ്യത്യാസമെങ്കിലും ഉണ്ടെന്നു സംശയം തോന്നിയാൽ  കോൾ ഉടൻ കട്ട് ചെയ്യുക. വിഡിയോ കോൾ വിളിച്ച വ്യക്തിയുടെ നിങ്ങൾ സേവ് ചെയ്ത നമ്പറിലേക്കുക്കു തിരിച്ചു വിളിക്കുക. അതിൽ ലഭിച്ചില്ലെങ്കിൽ പൊതു സുഹൃത്തുക്കളെ വിളിച്ചു വിഡിയോയിൽ പറഞ്ഞ കാര്യങ്ങളുടെ ഉള്ളടക്കം ശരിയാണോ എന്ന് അന്വേഷിക്കുക. 

വ്യാജമാണോ എന്ന് ഉ‍ടൻ പരിശോധിക്കാം: അഞ്ച് സൂചനകൾ

1. പണം ആവശ്യപ്പെടുന്നതിലെ തിരക്കു കൂട്ടൽ. എത്രയും പെട്ടെന്ന് ട്രാൻസ്ഫർ െചയ്യിക്കാനുള്ള മാർഗങ്ങൾ.

2. ചാറ്റിലെ പിഴവുകൾ– ഗ്രാമർ തെറ്റുകൾ.

3. ഭാഷ ഉപയോഗിക്കുന്നതിലെ വ്യത്യാസം – നിങ്ങളും സുഹ‍ൃത്തും തമ്മിലുള്ള പതിവു സംസാരരീതിയിലെ മാറ്റം.

4. പ്രൊഫൈൽ ആരംഭിച്ചിട്ട് അധികമായിട്ടുണ്ടാകില്ല. 

5. പ്രൊഫൈലിലെ ആക്ടിവിറ്റി കുറവായിരിക്കും. 

വ്യാജമാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ ചെയ്യേണ്ട 5 കാര്യങ്ങൾ

1. പ്രൊഫൈലിന്റെ യുആർഎൽ സേവ് ചെയ്യണം. 

2. പ്രൊഫൈലിന്റെയും പണം ആവശ്യപ്പെട്ടതിന്റെയും സ്ക്രീൻ ഷോട്ടുകൾ എടുക്കുക. 

3. പ്രൊഫൈലിനെ കുറിച്ച് സർവീസ് പ്രൊവൈഡറോടു റിപ്പോർട്ട് ചെയ്യുക. 

4. വ്യാജൻ ഇറങ്ങിയിട്ടുണ്ടെന്ന വിവരം നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവരെ അറിയിക്കുക. 

5. www.cybercrime.gov.in ഇതിൽ പരാതിപ്പെടുക.