Saturday 27 April 2024 04:14 PM IST : By രതീഷ് ആർ. മേനോൻ, ടെക്, സോഷ്യൽ മീഡിയവിദഗ്ധൻ

വസ്തു വാങ്ങും മുൻപ് വിശദ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മനസ്സിലാക്കാം; പ്ലോട്ട് വാങ്ങാം കെ സ്മാർട്ടായി

ksmart566

ഒരു വസ്തു (പ്ലോട്ട്) വാങ്ങും മുൻപു തീരപരിപാലന നിയമപരിധി, റെയിൽവേ– എയർപോർട്ട് സോണുകൾ, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റർ പ്ലാനുകൾ തുടങ്ങിയവയിൽ ഉൾപെട്ടതാണോ എന്ന സംശയം മിക്കവർക്കും ഉണ്ടാകും. ഈ വിവരങ്ങൾ അറിയുന്നതിന് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 

മൊബൈല്‍ ഉപയോഗിച്ച് ഏതൊരാൾക്കും ആ പ്ലോട്ട് എന്തെല്ലാം നിയന്ത്രണങ്ങള്‍ ഉള്ളതാണെന്ന് ഇതിലൂടെ നിമിഷങ്ങൾക്കുള്ളിൽ മനസ്സിലാക്കാം. ഈ സേവനം ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് (K Smart) ആപ്പും കെ സ്മാര്‍ട്ട് നോ യുവര്‍ ലാൻഡ് (K Smart- Know your land) എന്ന ആപ്പും എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

പഠിക്കാം പടിപടിയായി

ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൗണ്‍‌ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ആപ് ഓപ്പണാക്കി ക്രിയേറ്റ് അക്കൗണ്ടിലൂടെ നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കണം. 

ഇതിനായി ഒടിപി വെരിഫിക്കേഷ ൻ നടത്തേണ്ടതിനാൽ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പരും കയ്യിൽ ഉണ്ടാകണം. നമ്മുടെ വാട്സാപ് നമ്പറും  ഇമെയില്‍ ഐഡിയും കൂടി നൽകി ശേഷം റജിസ്റ്റര്‍ അമര്‍ത്തിയാല്‍ കെ സ്മാര്‍ട്ടില്‍ നിങ്ങളുടെ അക്കൗണ്ട് റെഡിയായിക്കഴിഞ്ഞു.

അടുത്തതായി കെ സ്മാര്‍ട്ട് നോ യുവര്‍ ലാൻഡ് ആപ്ലിക്കേഷന്‍ ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കുക. ലോഗിനിലെ യൂസര്‍ ടൈപ്പ് എന്നതില്‍ സിറ്റിസണ്‍ എന്നാണു സെലക്ട് ചെയ്യേണ്ടത്. 

അതിനു ശേഷം കെ സ്മാര്‍ട്ടില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്ത് ഒടിപി വെരിഫൈ ചെയ്യുക. ശേഷം വരുന്ന വിൻഡോയിൽ നോ യുവര്‍ ലാൻഡ് എന്നതു സെലക്ട് ചെയ്തു പെര്‍മിഷന്‍ എഗ്രീ ചെയ്താല്‍ ഒരു സാറ്റലൈറ്റ് മാപ് കിട്ടും. അതിൽ നിങ്ങളുടെ അപ്പോഴത്തെ ലൊക്കേഷന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ടാകും. മാപ് സൂം (Zoom) ചെയ്തു നമ്മള്‍ വാങ്ങാനുദ്ദേശിക്കുന്ന, അല്ലെങ്കില്‍ കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കണ്ടുപിടിക്കുക.

മാപ്പിൽ മാർക് ചെയ്യാം

മാപ്പിൽ ടച്ച് ചെയ്ത് (Capture Plot) വസ്തുവിന്റെ അതിരുകൾ കണ്ടെത്തുക. അപ്പോൾ ഒരു ചുവന്ന ചതുരം വരും. നിങ്ങളുടെ വസ്തു ഏകദേശം അതിനുള്ളിൽ വരുംവിധം ആക്കുക. ‘ടിക്’ മാര്‍ക്ക് അമര്‍ത്തിയാല്‍ പേരും പണിയാന്‍ ഉദ്ദേശിക്കുന്ന ബില്‍ഡിങ്ങിന്റെ ഉയരവും രേഖപ്പെടുത്താൻ ആവശ്യപ്പെടും.

അവ എന്റര്‍ ചെയ്തു സബ്മിറ്റ് ബട്ടന്‍ അമര്‍ത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആ സ്ഥലം ലെന്‍സു കൊണ്ടു മാര്‍ക്ക് ചെയ്തതു പോലെയാകും. അതില്‍ ടച്ച് ചെയ്താല്‍ ആ സ്ഥലത്തെ പറ്റിയുള്ള വിശദ വിവരങ്ങള്‍ കാണാം. 

ആ സ്ഥലം ഏതു തദ്ദേശഭരണ സ്ഥാപനത്തിനു കീഴിലാണ്, ഏതു ജില്ല, താലൂക്ക്, വില്ലേജ്, എത്ര വിസ്തീർണം തുടങ്ങിയ വിവരങ്ങൾക്കൊപ്പം പരിസ്ഥിതി / മറ്റു നിയന്ത്രണങ്ങളോ നിബന്ധനകളോ ഉണ്ടോ എന്നും കാണാം. നിയന്ത്രണം ഒന്നും ഇല്ല എങ്കില്‍ No intersecting Features എന്നാകും കാണിക്കുക. നിയന്ത്രണമുള്ള സ്ഥലമാണെങ്കില്‍ ഏതുതരം നിയന്ത്രണമെന്നും കാണിക്കും.

ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുമായുള്ള ദൂരം, ഏത് എയര്‍പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന സ്ഥലം, ആ പ്രദേശങ്ങളില്‍ കെട്ടിടം പണിയാന്‍ പരമാവധി അനുവദിച്ചിരിക്കുന്ന ഉയരം, അഥവാ ഉയരം കൂടിയാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നോ ഒബ്ജഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണോ, റെയില്‍വേ സോണ്‍ ആണോ, റെയില്‍വേയുടെ എന്‍ഒസി ആവശ്യമായി വരുമോ എന്നീ വിവരങ്ങളൊക്കെ  ഇതിലൂടെ മനസ്സിലാക്കാം.