Wednesday 06 March 2024 11:00 AM IST : By സ്വന്തം ലേഖകൻ

‘ഹോട്സ്പോട്ടും വൈഫൈയും എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ തുറന്നിടരുത്’; സൈബർ സുരക്ഷയെ കുറിച്ച് അറിയാം

mobile-pghoomm754

‘എന്റെ ഫെയ്സ്ബുക് ആരോ ഹാക്ക് ചെയ്തു...’, ‘ഇന്നലെ വരെ ഒരു കുഴപ്പവുമില്ലാതിരുന്ന ഫോണിൽ ഇന്നു രാവിലെ ഒരുപാട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു...’ സൈബർ സെല്ലിൽ ഏറ്റവും കൂടുതൽ എത്തുന്ന പരാതികൾ ഇത്തരത്തിലുള്ളവയാണ്. സൈബർ സുരക്ഷ മുൻനിർത്തി ആലപ്പുഴ ജില്ലാ സൈബർ സെല്ലിന്റെ സഹകരണത്തോടെ മലയാള മനോരമ സ്ത്രീകൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് നയിച്ച സെൽ സബ് ഇൻസ്പെക്ടർ ഡി. സജികുമാറാണു ഫോൺ സംബന്ധിച്ച പ്രശ്നങ്ങളും അവയെ തടയാനുള്ള വഴികളും പങ്കുവച്ചത്. 

സാമൂഹിക മാധ്യമത്തിലെ അക്കൗണ്ട്, അല്ലെങ്കിൽ ഫോൺ തന്നെയും ദൂരെ എവിടെയോ ഇരുന്നു നിയന്ത്രണത്തിൽ വയ്ക്കുന്ന ഹാക്കിങ് സംഭവങ്ങൾ ഇപ്പോൾ കൂടുകയാണ്. എന്നാൽ ഫോണിനു പാറ്റേണും വിരലടയാളവും ഒക്കെ ലോക്കായി വയ്ക്കുന്ന നമ്മൾ ഫോണിലെ സോഫ്റ്റ്‌വെയറിനു കൂടി ലോക്ക് ഇട്ടാൽ ഈ ഹാക്കിങ്ങുകളിൽ നിന്നു രക്ഷപ്പെടാമെന്നും അദ്ദേഹം പറയുന്നു.

ഹാക്കിങ് തടയാം

മൊബൈൽ ഫോണിലെ സോഫ്റ്റ്‌വെയറിന്റെ സുരക്ഷ ഫോണുമായി ബന്ധിപ്പിച്ച ഇ മെയിലിലെ പാസ്‌വേഡ് ആണ്. ഇ മെയിലിലൂടെ ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും ഫോണിലെ വിവരങ്ങൾ ശേഖരിക്കാനുമാകും. സുരക്ഷ ഉറപ്പാക്കാൻ ടു ഫാക്ടർ ഓതന്റിക്കേഷൻ ചെയ്യണം. ഇതേപോലെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ടു ഫാക്ടർ ഓതന്റിക്കേഷൻ ചെയ്യുന്നതോടെ ഹാക്ക് ചെയ്യപ്പെടുന്നതും ഒഴിവാക്കാനാകും.

ഹോട്സ്പോട്ട് ആവശ്യത്തിനു മാത്രം

ഫോണിലെ ഹോട്സ്പോട്ടും വീട്ടിലെ വൈഫൈയും എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ തുറന്നിടരുത്. ഈ ഇന്റർനെറ്റ് ബന്ധം ഉപയോഗിച്ച് ആരെങ്കിലും സൈബർ കുറ്റകൃത്യം ചെയ്താൽ അന്വേഷണം ഇന്റർനെറ്റ് ഉടമയുടെ അടുത്തെത്തും.

മൊബൈൽ നഷ്ടപ്പെട്ടോ, പേടിക്കേണ്ട

മൊബൈൽ കളഞ്ഞു പോയെന്നു ബോധ്യപ്പെട്ടാൽ ഉടൻ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകണം. തുടർന്നു കേന്ദ്ര സർക്കാരിന്റെ www.ceir.gov.in എന്ന വെബ്സൈറ്റിൽ പരാതി റജിസ്റ്റർ ചെയ്യാം. ഇതിലൂടെ ഫോണിന്റെ ഐഎംഇഐ നമ്പർ ബ്ലോക്ക് ആകും. പിന്നീട് ഈ ഫോൺ ആരെങ്കിലും ഉപയോഗിച്ചാൽ അറിയാനാകും.

ക്രെഡിറ്റ് കാർഡ് സൂക്ഷിക്കാം

ക്രെഡിറ്റ് കാർഡ് കൃത്യമായി കാർഡ് ഉടമയുടെ കയ്യിൽ എത്തിക്കാതെ കുറിയർ ജീവനക്കാർ തന്നെ തട്ടിപ്പു നടത്തുന്ന സംഭവങ്ങളുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു രാജ്യാന്തര ഇടപാടുകൾ നടത്താൻ കാർഡ് നമ്പറും സിവിവിയും മതി. അതിനാൽ ക്രെഡിറ്റ് കാർഡുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.

ടോൾഫ്രീ നമ്പർ–1930

ബാങ്ക് അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടാൽ 1930 എന്ന കേന്ദ്ര ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടണം. ഇവിടെ എല്ലാ ബാങ്കുകളുടെയും നോഡൽ ഓഫിസർമാർ ഉള്ളതിനാൽ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിൽ നിന്നു പിൻവലിച്ചിട്ടില്ലെങ്കിൽ തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.ഇതിനു പുറമേ 112 (എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം) എന്ന നമ്പറിലും ബന്ധപ്പെടാം.

വീട്ടിൽ മൊബൈൽ ഫോൺ കുത്തനെ വയ്ക്കരുത്, കാരണം..

മൊബൈൽ ഫോൺ കുത്തനെ നിർത്താനുള്ള പല ഫാൻസി സ്റ്റാൻഡുകളും ലഭ്യമാണ്. പക്ഷേ ഫോൺ മേശപ്പുറത്തു ‘കിടത്തുന്നതാണ്’ നല്ലത്. കാരണം, നിങ്ങൾ ഡൗൺലോഡ് ചെയ്ത ഒരു സുപ്രഭാതം സന്ദേശത്തിന്റെ മറവിൽ പോലും ഫോൺ ക്യാമറ വഴി ദൃശ്യങ്ങൾ ചോർത്തിയെടുക്കുന്ന വില്ലൻ ലിങ്ക് ഉണ്ടാകാം.

ആലപ്പുഴ സ്വദേശിയുടെ കിടപ്പറ രഹസ്യങ്ങൾ ഓഫിസിൽ ചിലർക്കിടയിൽ പ്രചരിച്ചത് അവരെ തകർത്തു, സൈബർ സെല്ലിനെ അമ്പരപ്പിച്ചു. അന്വേഷണത്തിൽ ഒരു സഹപ്രവർത്തകൻ അറസ്റ്റിലായി. ഇയാൾ അയച്ച ആശംസാ സന്ദേശം തുറന്നു നോക്കിയപ്പോൾ ഒരു ലിങ്ക് ഓപ്പൺ ആയി. എന്നും ജോലി കഴിഞ്ഞു തിരിച്ചെത്തി മുറിയിലെ കൊളുത്തിൽ തൂക്കിയിടുന്ന ബാഗിലെ സ്വന്തം ഫോണിന്റെ ക്യാമറ അവരറിയാതെ വില്ലനു രംഗങ്ങൾ ചോർത്തി നൽകുകയായിരുന്നു!

ഫോൺ കുത്തനെ വയ്ക്കാതെ കിടത്തി വച്ചിരുന്നെങ്കിൽ സീലിങ് ദൃശ്യം മാത്രമേ ലഭ്യമാകുമായിരുന്നുള്ളൂ. മൊബൈൽ ഫോണിലെ ക്യാമറ ഏതൊക്കെ ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നുണ്ടെന്നു നമുക്കറിയില്ല.

ആശംസയും സൂക്ഷിക്കുക

ഫോർവേഡ് ചെയ്തു വരുന്ന ആശംസാ ചിത്രങ്ങളിലൂടെ ഒളിപ്പിച്ചു കടത്തുന്ന ലിങ്കുകളുണ്ടെന്നു മനസ്സിലായല്ലോ. ഈ ചിത്രം കാണാനെന്ന പേരിൽ ചില അനുമതികൾ തേടുന്നെങ്കിൽ, അപ്പോൾ മനസ്സിലാക്കുക, സംഗതി അപകടമാണ്.

+91 ഇല്ലെങ്കിൽ സൂക്ഷിക്കുക

പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള വിഡിയോ കോൾ എടുക്കരുത്. അപ്പുറത്തുള്ളയാൾ നിങ്ങളുടെ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയേക്കാം. രാത്രി വിദേശ നമ്പറുകളിൽ നിന്നു വരുന്ന കോളുകൾ എടുക്കരുത്. +91 ഇന്ത്യയുടെ കോഡ് ആണ്. മറ്റേതു കോഡ് ആണെങ്കിലും എടുക്കരുത്, അഥവാ എടുക്കുകയാണെങ്കിൽ ക്യാമറ മറയ്ക്കുക.

വായ്പ ആപ് ആപ്പാണ്

ബാങ്കിലെത്തി അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകുന്നു ബുദ്ധിമുട്ടാണെന്നു കണക്കാക്കിയാണു മിക്കവരും ലോൺ ആപ്പുകൾക്കു പിറകേ പോകുന്നത്. ഇവ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോൺടാക്ട്സ്, ഗാലറിയിലെ വിവരങ്ങൾ എടുക്കാൻ അനുമതി തേടും. അനുവദിച്ചാൽ തീർന്നു. ഇതുപയോഗിച്ചാകും പിന്നീട് ഭീഷണിപ്പെടുത്തുക.

വീട്ടിലിരുന്നു ജോലി

സമൂഹമാധ്യമങ്ങളിൽ കാണുന്ന ഈ ലിങ്കിൽ കയറി ജോലി ചെയ്യുന്ന വീട്ടമ്മമാർ കൂടുതലാണ്. ആദ്യം പ്രതിഫലം നൽകുമെങ്കിലും പിന്നീടു പറ്റിക്കും.

ഹോട്സ്പോട്ട് ആവശ്യത്തിനു മാത്രം

ഫോണിലെ ഹോട്സ്പോട്ടും വീട്ടിലെ വൈഫൈയും എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ തുറന്നിടരുത്. ഇത് ഉപയോഗിച്ച് ആരെങ്കിലും സൈബർ കുറ്റകൃത്യം ചെയ്താൽ അന്വേഷണം ഇന്റർനെറ്റ് ഉടമയുടെ അടുത്താകും എത്തുക.

പണം വന്നാലും പരാതിപ്പെടണം

ബാങ്ക് അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടാൽ മാത്രമല്ല, നമ്മളറിയാതെ അക്കൗണ്ടിലേക്കു പണം വന്നാലും പരാതിപ്പെടണം. മറ്റാരെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമാകും നമ്മളുടെ അക്കൗണ്ടിലേക്കു വരുന്നത്. തട്ടിപ്പു കേസ് പിന്തുടർന്നെത്തിയാൽ പ്രതിസ്ഥാനത്ത് അക്കൗണ്ട് ഉടമയാകും ഉണ്ടാകുക.