Tuesday 26 December 2023 12:08 PM IST : By സ്വന്തം ലേഖകൻ

ഡീപ് ഫേക്കിനെ പേടിക്കണോ... സ്വകാര്യ ചിത്രങ്ങൾ, വിഡിയോ ഇവ ഇന്റർനെറ്റിൽ പ്രചരിച്ചാൽ എങ്ങനെ തടയാം?

deep-fake-alert

ഡീപ് ഫേക്കിനെ പേടിക്കണോ... സ്വകാര്യ ചിത്രങ്ങൾ, വിഡിയോ ഇവ ഇന്റർനെറ്റിൽ പ്രചരിച്ചാൽ എങ്ങനെ തടയാം?സ്വകാര്യ ചിത്രങ്ങൾ, വിഡിയോ ഇവ ഇന്റർനെറ്റിൽ പ്രചരിച്ചാൽ എങ്ങനെ തടയാം?

പുഷ്പ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ നായിക രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ ഇന്റര്‍നെറ്റില്‍ വന്നതും അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും എല്ലാവരും അറിഞ്ഞു കാണുമല്ലോ ? സാറ എന്ന സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ വിഡിയോ ആണു ഡീപ് ഫേക്ക് ടെക്നോളജിയിലൂടെ, ഇത് ഒറിജിനൽ അല്ലേ എന്നു രശ്മികയുടെ സ്വന്തം അമ്മയ്ക്കു പോലും സംശയം തോന്നിപ്പിക്കും വിധമാക്കി മാറ്റി ചിലര്‍ ഇന്റര്‍നെറ്റിലിട്ടു.

അൽപം ടെക് പരിചയമുള്ള ആര്‍ക്കും ഈസിയായി ചെയ്യാവുന്ന ഒരു വിദ്യയായി ഡീപ് ഫേക്ക് മാറിയെന്നും എ ല്ലാവരും കരുതലോടെ ഇരിക്കണമെന്നും മുൻപേ നമ്മൾ പറഞ്ഞിട്ടുള്ളതാണ്. നാളെ ഇത്തരത്തില്‍ നിങ്ങളുടെ തന്നെ ഫേക്ക് വിഡിയോയോ (ഒറിജിനല്‍ തന്നെയോ) ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യപ്പെട്ടാല്‍ എങ്ങനെ റിമൂവാക്കാം എന്ന് അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.

പഠിക്കാം പടിപടിയായി

ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ടിക്ടോക്കും പോണ്‍ വെബ്സൈറ്റായ പോണ്‍ ഹബുമടക്കം കുറേയധികം പ്ലാറ്റ്ഫോമുകളും ചേര്‍ന്ന് Stop Non Consensual intimate image Abuse എന്ന പ്ലാറ്റ്ഫോം തുടങ്ങിയിട്ടുണ്ട്. https://stopncii.org/ എന്ന ലിങ്കിലൂടെ ഇ തില്‍ പ്രവേശിക്കാം.

സൈറ്റ് ഓപ്പണായാൽ ക്രിയേറ്റ് യുവര്‍ കേസ് (Create Your Case) എന്ന ടാബ് വഴി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട നിങ്ങളുടെ സ്വകാര്യ ഫോട്ടോ/ വീഡിയോയുടെ ഒരു ഫയല്‍ അപ്‌ലോഡ് ചെയ്യാം. ഇതിനൊപ്പം കുറച്ചു വിവരങ്ങളും നൽകണം. ഈ അപേക്ഷ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ആ ഫയലുകൾ ഇന്റര്‍നെറ്റില്‍ നിന്നു റിമൂവ് ആക്കി അതിന്റെ വിവരങ്ങള്‍ നിങ്ങള്‍ക്കു കൈമാറും.

ഈ വെബ്സൈറ്റ് വഴി അപ്‍‌ലോഡ് ചെയ്യുന്ന നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന ഫയല്‍ ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുമെന്ന പേടി വേണ്ട. നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണത്തിനു കീഴിലാണ് ഈ പ്ലാറ്റ് ഫോം എന്നതിനാൽ സുരക്ഷ ഉറപ്പാണ്.

ലൈറ്റായി പേ ചെയ്യാം

കയ്യിൽ ഒരു പൈസയുമില്ലാതെ കടയിൽ ചെന്നു സാധനം വാങ്ങി യുപിഐ ആപ്പ് വഴി പേയ്മെന്റ് നല്‍കുമ്പോഴാകും ബാങ്ക് സെര്‍വര്‍ ഡൗണ്‍ ആണെന്ന് അറിയുക. ഇനി ഈ അ വസ്ഥ നേരിടേണ്ടി വരാതിരിക്കാനുള്ള ലൈറ്റായ മാർഗമാണു യുപിഐ ലൈറ്റ്. ഫോണ്‍ പേ പോലെയുള്ള ആപ്ലിക്കേഷനുകളില്‍ ഹോം സ്ക്രീനിലും മറ്റുള്ളവയുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ടച്ച് ചെയ്താലും ഓപ്പണായി വരുന്ന പേജിൽ യുപിഐ ലൈറ്റ് ആക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. അതു സെലക്ട് ചെയ്താല്‍ വാലറ്റിലേക്ക് എന്നതുപോലെ തുക ആഡ് (Add) ചെയ്യാം. പരമാവധി രണ്ടായിരം രൂപയാണ് ഇതിൽ ആഡ് ചെയ്യാനാകുക.

ഇനി ഷോപ്പിങ്ങിനു ശേഷം കടകളിലെ യുപിഐ കോഡ് സ്കാന്‍ ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുന്ന ഭാഗത്തു യുപിഐ ലൈറ്റ് തിരഞ്ഞെടുത്തു പേയ്മെന്റ് നടത്താം. ഇവിടെ പിന്‍ നമ്പർ രേഖപ്പെടുത്തേണ്ട ആവശ്യവുമില്ല. ഇത്തരത്തില്‍ 500 രൂപ വരെയുള്ള ഇടപാടുകൾ  നടത്താം. ദിവസം പരമാവധി 4000 രൂപ വരെയും.

വിവരങ്ങൾക്ക് കടപ്പാട്:
രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ