ഫോണിനു റേഞ്ച് എത്രമാത്രം ഉണ്ട് എന്നു കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷൻ പരിചയപ്പെടാം. ഒപ്പം റേഞ്ചു കൂട്ടാൻ ടിപ്സും
ഫോണിലേക്കു കോൾ വരുമ്പോൾ സംസാരം വ്യക്തമായി കേൾക്കാൻ റേഞ്ചു തപ്പി നടക്കാറുണ്ടോ? ഫോണിന്റെ റേഞ്ച് ഏതു ഭാഗത്താണു കൂടുതൽ കിട്ടുക എന്നറിയാൻ ഒരു സൂത്രപ്പണി ഉണ്ട്.
റേഞ്ച് കണ്ടുപിടിക്കാം
നിങ്ങളുടെ വീട്ടിൽ എവിടെയാണു റേഞ്ചു കൂടുതൽ കിട്ടുക എന്നറിയാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് നെറ്റ് വെലോസിറ്റി (net velocity). ഈ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം മോർ (More) ഓപ്ഷനിൽ നിന്നു സെറ്റിങ്സ് (Settings) ഓപ്പൺ ചെയ്യുക. അതിലെ അഡ്വാൻസ്ഡ് (Advanced) ഓപ്ഷൻ എനേബിൾ (Enable) ആക്കിയാൽ ആപ്ലിക്കേഷനു മുകളിൽ പല നിറങ്ങളിലുള്ള വൃത്തങ്ങൾ കാണാം. ഇവയിൽ ചില വാല്യൂസ് മാറുന്നുണ്ടാകും.
ഇതിലെ ആർഎസ്ആർപി (RSRP) എന്ന സിഗ്‌നൽ റിസീവ് പവർ ഓപ്ഷൻ പച്ച നിറത്തിലാണെങ്കിൽ മൊബൈൽ സിഗ്‌നൽ ഏറ്റവും നന്നായി ഉണ്ടെന്നു മനസ്സിലാക്കാം. ഓറഞ്ച് ആണെങ്കിൽ കോൾ ബ്രേക്ക് ആകാനുള്ള സാധ്യത ഉണ്ടെന്നും റെഡ് ആണെങ്കിൽ സിഗ്‌നൽ വളരെ മോശമാണ് എന്നും മനസ്സിലാക്കാം. മൊബൈൽ ഇന്റർനെറ്റിന്റെ സ്പീഡും വൈഫൈ സ്പീഡുമൊക്കെ ഇതിൽ ചെക്ക് ചെയ്യാനാകും.
സിഗ്നൽ കൂട്ടാം
∙ ഫോണിന്റെ കവറും ഹാർഡ് കെയ്സും നെറ്റ്‌വർക്ക് ആന്റിന മറയ്ക്കാൻ സാധ്യതയുണ്ട്. ഫോണിനും മൊബൈൽ ടവറിൽ നിന്ന് സിഗ്നൽ വരുന്ന ദിശയ്ക്കും ഇടയിൽ കാര്യമായ തടസ്സങ്ങൾ ഉണ്ടാകാതെയും ശ്രദ്ധിക്കാം. റൂമിനുള്ളിലിരുന്നു ഫോണ്‍ ചെയ്യുമ്പോൾ ജനാലക്ക് അരികിൽ നിൽക്കാം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടുത്ത് ഇരുന്നാലും സിഗ്‌നൽ കുറയാൻ സാധ്യതയുണ്ട്.
∙ സിം കാർഡിന്റെ ചിപ് വരുന്ന ചെമ്പ് ഭാഗങ്ങളിൽ അഴുക്ക് പടരുന്നതു നെറ്റ്‌വർക്ക് തടസപ്പെടുത്തും. സിം കാർഡ് വൃത്തിയുള്ള തുണി കൊണ്ടു തുടച്ചു വീണ്ടുമിട്ടാൽ റേഞ്ചിൽ വ്യത്യാസം വരും.
∙ നിങ്ങൾ ഫോൺ ഉപയോഗിക്കുന്നത് 4G നെറ്റ്‌വർക്ക് ലഭിക്കാത്ത സ്ഥലമാണെങ്കിൽ ഫോണിന്റെ സെറ്റിങ്സിൽ 3G ഒൺലി എന്നതിലേക്ക് മാറേണ്ടതാണ്. ഇങ്ങനെ ചെയ്താൽ 3G നന്നായി ലഭിക്കാൻ സാധ്യതയുണ്ട്.
∙ ഫോണിൽ നെറ്റ്‌വർക്ക് തീരെ കിട്ടാതിരിക്കുന്ന സമയത്ത് ഫോണിന്റെ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഫോണിലേക്കു വരുന്നതും പോകുന്നതുമായ എല്ലാ സിഗ്‌നലുകളും വിച്ഛേദിക്കപ്പെടും. 30 സെക്കൻഡിനു ശേഷം ഫ്ലൈറ്റ് മോഡ് ഓഫ് ചെയ്യുക. ഇങ്ങനെ ചെയ്താൽ നെറ്റ്‍വർക്ക് റിഫ്രഷ് ആയി അൽപം കൂടി വേഗം ലഭിക്കാൻ ഇടയുണ്ട്.
∙ ഫോൺ ഇടയ്ക്ക് റീസ്റ്റാർട്ട് ചെയ്യുന്നതു നെറ്റ്‌വർക്ക് റിഫ്രഷ് ആയി നന്നായി സിഗ്‌നൽ പിടിച്ചെടുക്കുന്നതിനു സഹായകരമാകും.
∙ ഫോണിൽ ചാർജ് കുറയുമ്പോൾ ബാറ്ററി ഉപയോഗം അധികം വേണ്ടി വരുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. സിഗ്‌നൽ ക ണ്ടെത്തുക ബാറ്ററി കൂടുതലായി ഉപയോഗിക്കപ്പെടുന്ന പ്രവർത്തനം ആയതിനാൽ ഈ സമയങ്ങളിൽ നെറ്റ്‌വർക്ക് ലഭ്യതയും കുറയാം. 50 ശതമാനത്തിൽ അധികം ബാറ്ററി ചാർജുള്ളപ്പോൾ നെറ്റ് ഉപയോഗിക്കുന്നതാണു നല്ലത്.
∙ ഈ കാര്യങ്ങളൊക്കെ ചെയ്തിട്ടും ഫോണിൽ നെറ്റ്‌വർക്ക് കിട്ടുന്നില്ല എ ങ്കിൽ ഏതെങ്കിലും നെറ്റ്‍വർക്ക് ബൂസ്റ്റർ വാങ്ങാവുന്നതാണ്. വളരെ വീക്കായ സിഗ്‌നലുകളെ പോലും ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ചു ബൂസ്റ്റ് ചെയ്യാനാകും.
∙ മേൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ത ന്നെ പ്രാവർത്തികമാകുന്നില്ലങ്കിൽ നിങ്ങളുടെ നെറ്റ്‌വർക്ക് പ്രൊവൈഡറിന്റെ കസ്റ്റമർ കെയറിൽ പരാതി നൽകുക. അവർ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം നൽകും.
വിവരങ്ങൾക്ക് കടപ്പാട്:
രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ