പണം കൈമാറാനുള്ള ഒരു കോഡ് മാത്രമാണു ക്യുആർ കോഡ് എന്നാണു പലരുടെയും വിശ്വാസം. എന്നാൽ രഹസ്യമായി സന്ദേശങ്ങൾ കൈമാറാനും ക്യുആർ കോഡ് ഉപയോഗിക്കാമെന്നു കേട്ടാലോ. അത് എങ്ങനെയെന്നു നോക്കാം.
പഠിക്കാം പടിപടിയായി
ക്യുആർ കോഡ് ക്രിയേറ്റ് ചെയ്യാനുള്ള qrcode–monkey.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ യുആർഎൽ, ടെക്സ്റ്റ്, ഇമെയിൽ, ഫോൺ എന്നു തുടങ്ങി കുറേ ഓപ്ഷനുകൾ കാണാം. ഇതിലെ ടെക്സ്റ്റ് (Text) ഓപ്ഷനിൽ ക്ലിക് ചെയ്യുക.
നിങ്ങളുടെ സന്ദേശം രേഖപ്പെടുത്തേണ്ട ഭാഗത്ത് (Your text) ക്യുആർ കോഡിലൂടെ എന്തു വിവരമാണോ നിങ്ങൾ കൈമാറാൻ ഉദ്ദേശിക്കുന്നത്, ആ സന്ദേശം ടൈപ് ചെയ്യണം. ഏതു ഭാഷയിൽ വേണമെങ്കിലും സന്ദേശം ടൈപ് ചെയ്യാം. ഈ ഓപ്ഷനു താഴെയായി സെറ്റ് കളർ (Set colour), ആഡ് ലോഗോ ഇമേജ് (Add logo image), കസ്റ്റമൈസ് ഡിസൈൻ (Customise design) എന്നീ ഓപ്ഷനുകളും കാണാം.
സാധാരണയായി കറുപ്പും വെളുപ്പും നിറത്തിലുള്ള ക്യുആർ കോഡ് ആണല്ലോ കാണുന്നത്. ഇതിനു പകരം ഏതു നിറം വേണമെങ്കിലും ഉപയോഗിക്കാനുള്ള ഓപ്ഷനാണു സെറ്റ് കളർ. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു ചിത്രവും ലോഗോ ആയി ഉപയോഗിക്കാനുള്ള ഓപ്ഷനാണ് ആഡ് ലോഗോ ഇ മേജ്. ക്യുആർ കോഡിലെ കറുപ്പു കുത്തുകളുടെ ആകൃതിയും വലുപ്പവുമൊക്കെ മാറ്റാനുള്ള ഓപ്ഷനാണു കസ്റ്റമൈസ് ഡിസൈൻ.
കണ്ടു വരുത്താം മാറ്റം
ഈ ഓപ്ഷനുകളിൽ ഓരോന്നിലും മാറ്റങ്ങൾ വരുത്തുന്നത് അനുസരിച്ച് നിങ്ങളുണ്ടാക്കുന്ന ക്യു ആർ കോഡിൽ എന്തൊക്കെ മാറ്റം വരും എന്നറിയാൻ ഏറ്റവും താഴെയുള്ള പ്രിവ്യൂ റിഫ്രഷ് ചെയ്താൽ മതി. എല്ലാ ഓപ്ഷനുകളും നൽകിയ ശേഷം ക്രിയേറ്റ് ക്യുആർ കോഡ് എന്ന ബട്ടണിൽ അമർത്താം. നിങ്ങൾ തയാറാക്കിയ ക്യുആർ കോഡിൽ വീണ്ടും മാറ്റങ്ങൾ വരുത്തണമെങ്കിൽ മുകളിലെ ഓപ്ഷനുകളിലേക്കു പോയാൽ മതി. ഇവയെല്ലാം നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു സെറ്റ് ചെയ്ത ശേഷം പ്രിവ്യൂ കണ്ടു ബോധ്യപ്പെട്ടാൽ അടുത്ത സ്റ്റെപ്പിലേക്കു കടക്കാം.
ഡൗൺലോഡ് പിഎൻജി (Download PNG) എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ നിങ്ങൾ തയാറാക്കിയ ക്യുആർ കോഡ് ഡൗൺലോഡ് ആകും. ഈ ഇമേജ് വാട്സാപ് വഴിയോ മറ്റോ ആർക്കു വേണമെങ്കിലും അയയ്ക്കാം.
സിംപിളായി റീഡ് ചെയ്യാം
നിങ്ങൾ അയച്ചു നൽകിയ ക്യുആർ കോഡിലെ സന്ദേശം എന്താണെന്നു വായിക്കാൻ പഠിക്കാം. ഇതിനായി അയച്ചു കിട്ടിയ ഇമേജ് ഫയൽ ഫോണിലേക്കു ഡൗൺലോഡ് ചെയ്തു സേവ് ചെയ്യണം.
ഇനി ഗൂഗിൾ സെർച് വിൻഡോയിലെ ഇമേജ് സെർച് ഓ പ്ഷൻ വഴി ക്യുആർ കോഡ് അപ്‌ലോഡ് ചെയ്യാം. കോഡ് സ്കാൻ ചെയ്യുന്നതിനൊപ്പം ഒളിച്ചിരിക്കുന്ന സന്ദേശവും താഴെ ഓപ്പണായി വരുന്നതു കാണാം. രഹസ്യ മെസേജുകൾ മാത്രമല്ല, വെബ്സൈറ്റ് ലിങ്കുകളോ അക്കൗണ്ട് വിവരങ്ങളോ ഒക്കെ ഇത്തരത്തിൽ ക്യുആർ കോഡ് വഴി കൈമാറാം.