Saturday 10 April 2021 11:36 AM IST : By സ്വന്തം ലേഖകൻ

ഇനി പാമ്പിനെ പേടിക്കേണ്ട, പിടികൂടാൻ മൊബൈൽ ആപ്പ് ഉണ്ട്; ‘സർപ്പ ആപ്പ്’ ഇൻസ്റ്റാൾ ചെയ്യാൻ വനം വകുപ്പിന്റെ നിർദേശം

sarpa-appbggff

വേനൽ കടുത്തതോടെ വീട്ടിലും പരിസരങ്ങളിലും പാമ്പുകൾ എത്താൻ സാധ്യത കൂടി. പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സമീപത്തുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ‘സർപ്പ ആപ്പ്’ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് വനം വകുപ്പ്.

പാമ്പുകളെ കാണുകയാണെങ്കിൽ ഫോട്ടോ എടുത്ത് ഈ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്താൽ സമീപത്തുള്ള അംഗീകൃത റെസ്‌ക്യു ടീമിന് ഈ മെസേജ് ലഭിക്കുകയും ഉടൻ അവർ സ്ഥലത്ത് വന്നു പാമ്പിനെ പിടിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.

ഒരു മണിക്കൂറിനുള്ളിൽ റെസ്‌ക്യു ടീം നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് മെസേജ് എത്തും. അംഗീകരിക്കപ്പെട്ട പാമ്പു പിടിത്തക്കാർ അതാതു മേഖലയിലെ 25 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ ചുറ്റളവിൽ പാമ്പ് പിടിക്കാനെത്തണം.

പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായാണ് വനംവകുപ്പ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പാമ്പുപിടിത്തത്തിൽ വനപാലകർക്കും പൊതുജനങ്ങൾക്കും വനംവകുപ്പ് പരിശീലനം നൽകിയിരുന്നു. പരിശീലനം ലഭിച്ചവർക്ക് പാമ്പുപിടിത്തത്തിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.