ഫിഫ ലോകകപ്പ് 2022 ശ്രദ്ധേയമായത് പിന്നണിയിലെ ഒരുക്കങ്ങളുടെ മികവും പരിസ്ഥിതിസൗഹാർദപരതയും കൊണ്ടുകൂടിയാണ്. ലോകകപ്പ് കാണാനെത്തുന്നവർക്കു താമസിക്കാൻ നിർമിച്ച കണ്ടെയ്നർ ഹോമുകൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിച്ചു നിർമിക്കുന്ന കണ്ടെയ്നർ ഹോമുകൾ തികച്ചും ചെലവ് കുറവും എളുപ്പം നിർമിക്കാവുന്നതും റീസൈക്കിൾ ചെയ്യാവുന്നതുമാണ്. കൊച്ചിയിലെ ഡിസൈനിങ് കമ്പനിയായ രഞ്ജിത് പുത്തൻപുരയിൽ അസോഷ്യേറ്റ്സ് ഭാവിയിലെ നിർമിതി എന്ന നിലയിൽ പൊതുജനത്തിന് കണ്ട് മനസ്സിലാക്കാൻ ഒരു മോഡൽ കണ്ടെയ്നർ ഹോം അവരുടെ ഓഫിസിനോടു ചേർന്ന് നിർമിച്ചു.
20 അടി നീളവും എട്ട് അടി വീതം വീതിയും ഉയരവുമുള്ള കണ്ടെയ്നറാണ് ഇവിടെ നിർമാണത്തിന് ഉപയോഗിച്ചത്. 40 അടി നീളമുള്ള കണ്ടെയ്നറും ലഭിക്കുമെങ്കിലും അത് പ്ലോട്ടിൽ എത്തിക്കാനുള്ള പ്രയാസം മൂലം പ്രചാരം കുറവാണ്. കണ്ടെയ്നറുകൾ പല ഗുണനിലവാരത്തിലുള്ളവയുണ്ട്. തുളകളും തുരുമ്പുമെല്ലാം ഏറ്റവും കുറഞ്ഞത് നോക്കി തിരഞ്ഞെടുക്കാം. കണ്ടെയ്നറിന്റെ അടിഭാഗത്തെ പ്ലൈവുഡും കേടുപാടുകൾ കുറവായതാകണം. 20 അടി കണ്ടെയ്നറിന് ഒന്നര ലക്ഷത്തോടടുത്ത് വിലവരും.

നിലം നിരപ്പാക്കി ഇഷ്ടികയും കോൺക്രീറ്റുമുപയോഗിച്ച് രണ്ട് അടി ഉയരമുള്ള ആറ് തൂണുകൾ നിർമിച്ചതാണ് ആദ്യഘട്ടം. ഈ തൂണുകളിലാണ് ക്രെയിൻ ഉപയോഗിച്ച് കണ്ടെയ്നർ ഇറക്കിവയ്ക്കുന്നത്. ഇവിടെ മുൻവശത്ത് 20 അടി നീളത്തിലും എട്ട് അടി വീതിയിലും മെറ്റൽഷീറ്റ് കൊണ്ടുള്ള ഒരു ഡെക്ക് കൂട്ടിച്ചേർത്തു. തുളയടയ്ക്കലും പാച്ച് വർക്കുകളും തീർത്തശേഷം ജനൽ, വാതിൽ, വെന്റിലേറ്ററുകൾ എന്നിവയ്ക്കുള്ള ഭാഗങ്ങൾ മുറിച്ചെടുത്തു. മെറ്റൽ സ്ക്വയർട്യൂബ് വെൽഡ് ചെയ്തു പിടിപ്പിച്ച് അതിലേക്കാണ് ജനലും വാതിലും പിടിപ്പിച്ചത്. ഇവിടെ അലുമിനിയം പൗഡർ കോട്ടഡ് ജനലുകളാണ് ഉപയോഗിച്ചതെങ്കിലും തടി ഉൾപ്പെടെ സാധാരണ വീടുകളിൽ ഉപയോഗിക്കാവുന്ന ഏതു മെറ്റീരിയലും ജനലിനും വാതിലിനും ഉപയോഗിക്കാം. മെറ്റൽ ഷീറ്റ് കൊണ്ടുതന്നെ സൺഷേഡും നിർമിച്ചു.
പ്ലൈവുഡ് കൊണ്ട് രണ്ട് ചതുരശ്രയടിയുടെ ഫ്രെയിമുകൾ ഭിത്തിയിലും സീലിങ്ങിലും നിർമിച്ച് അതിൽ ഗ്ലാസ്സ് വൂൾ ഒട്ടിക്കുകയാണ് അടുത്ത ഘട്ടം. ഇലക്ട്രിക്കൽ വയറുകൾ ആവശ്യമായ സ്ഥലങ്ങളിലേക്കു കടത്തിവിടാനുള്ള ഇടം കൂടിയാണിത്. അതിനു മുകളിൽ ജിപ്സം ഷീറ്റോ പ്ലൈവുഡോ സ്ക്രൂ ചെയ്തു പിടിപ്പിച്ച് ഭിത്തിയും സീലിങ്ങും പൂർത്തിയാക്കാം.
കണ്ടെയ്നർ ഇഷ്ടികത്തൂണിനു മുകളിൽ വയ്ക്കുമ്പോൾ അടിയിൽ കിട്ടുന്ന വിടവിലൂടെ ബാത്റൂമിലേക്കുള്ള പൈപ്പുകൾ കടത്തിവിടാം. ബാത്റൂം ഭിത്തിയിലും നിലത്തും പതിവുപോലെ ടൈൽ പതിക്കാം.
ലിവിങ് ഏരിയ, ബെഡ് ഏരിയ, രണ്ടിനുമിടയിൽ ഒരു ബാത്റൂമും പാൻട്രിയും ഇത്രയാണ് ഇവിടത്തെ സൗകര്യങ്ങൾ. ബെഡ് ഏരിയയിൽ നിന്ന് കാന്റിലിവർ മാതൃകയിൽ ഒരു ബാൽക്കണിക്കും ഇടം കിട്ടി. കണ്ടെയ്നറിന്റെ വാതിലുകൾ ഉപയോഗിച്ചാണ് ബാൽക്കണിയുടെ നിർമാണം. അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയായി.
PROJECT FACTS
DESIGNER : Renjit Puthenpurayil, Renjit Puthenpurayil Associates, Kochi
E Mail : renjithputhenpurayil@gmail.com