Friday 13 December 2024 03:03 PM IST : By സ്വന്തം ലേഖകൻ

‘സങ്കടത്തോടെ പടിയിറങ്ങിയ ആ വീട്’: പുതിയ വീട് വയ്ക്കുന്നില്ലേ എന്ന ചോദ്യങ്ങൾ: ദിവ്യ എസ് അയ്യര്‍ പറയുന്നു

online Master page2

വീടുകളെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം മനസ്സ് സെക്രട്ടറിയേറ്റിനു പിന്നിലെ ആ വീട്ടുമുറ്റത്തേക്കെത്തും! നഗരത്തിനു നടുവിലാണെങ്കിലും തിരക്കുകളൊന്നും തനിക്കുള്ളതല്ല എന്ന മട്ടിൽ ഒതുങ്ങി നിൽക്കുന്ന ചെറിയൊരു വീട്. വഴിയിലേക്കിറങ്ങിയാൽ കൊടിവെച്ച കാറുകളും നേതാക്കൻമാരും. ചെറിയ മതിൽക്കെട്ട് കടന്നാൽ പിന്നെ ബഹളങ്ങളില്ലാത്ത വേറൊരു ലോകം. അവിടെയായിരുന്നു എന്റെ കുട്ടിക്കാലം. എന്നും സ്കൂൾവിട്ടു വരുമ്പോൾ ഞങ്ങളെയും കാത്ത് കോലായിൽ മുത്തച്ഛൻ നിൽക്കുന്നുണ്ടാകും. മുണ്ടിന്റെ മടിക്കിഴിക്കുള്ളിൽ ഞങ്ങൾക്കു തരാനുള്ള നാര ങ്ങാ മിഠായിയോ ജാം കേക്കോ എന്തെങ്കിലും കാണും.വീട്ടോർമകളിൽ ഇതിലും മിഴിവുള്ളൊരു ചിത്രം വേറെയില്ല!

കെട്ടിടങ്ങളും മിണ്ടും പറയും, കിനാവ് കാണും

കെട്ടിടങ്ങൾ നിർജീവവസ്തുക്കളല്ല! സന്തോഷിപ്പിക്കാനും ആശ്വാസം പകരാനും സ്വപ്നം കാണിക്കാനുമൊക്കെ അവയ്ക്കു കഴിയും. നേരനുഭവങ്ങളിലൂടെ ബോധ്യമായ കാര്യമാണിത്. വെല്ലൂർ മെഡിക്കൽ കോളജിൽ എംബിബിഎസിനു പഠിക്കുമ്പോൾ അവിടത്തെ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നിലായിരുന്നു എന്റെ മുറി. മനുഷ്യരുടെ വേദനകൾ കണ്ട് മനസ്സ് മരവിക്കുന്ന സമയം. വൈകിട്ട് ഹോസ്റ്റലിലെത്തി കുളി കഴിഞ്ഞ് മുറിയോടു ചേർന്നുള്ള ബാൽക്കണിയിൽ നിൽക്കും. പൂന്തോട്ടങ്ങൾക്കിടയിലായി കരിങ്കല്ലു കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങൾ. മനോഹരമായൊരു കുളം. അതിനു ചുറ്റും പൂത്തുലഞ്ഞ ചെമ്പകമരങ്ങൾ. സുഗന്ധവുമായെത്തുന്ന കുളിർകാറ്റിനൊപ്പം മൃദുലതയും മനസ്സിൽ ചേക്കേറും. ബാൽക്കണിയിൽ നിന്നും നിലം വരെയെത്തുന്ന മുടിയുള്ള റപുൺസേൽ രാജകുമാരിയായി ഞാൻ മാറും. മനസ്സ് ശാന്തമാകും.

online Master page

ഇടങ്ങൾ സചേതനമാകണം

വെല്ലൂരിൽ നിന്ന് ഹൈദരാബാദ്, മസൂറി, ഡൽഹി... വീടുകളെക്കാൾ ഹോസ്റ്റൽ മുറികളിലായിരുന്നു ജീവിതം! ജോലി ലഭിച്ചതിനു ശേഷം അത് ഓഫിസ് മുറികളിലായി. എവിടെയായാലും എനിക്കൊപ്പം ചേതനയുള്ള എന്തെങ്കിലും ഉണ്ടാകണം. എങ്കിലേ ഉണർവ് തോന്നൂ. ചെടികളെ കൂടെക്കൂട്ടുകയാണ് ഇതിനു കണ്ടുപിടിച്ച ഉപായം. ഇതുവരെയുള്ള എല്ലാ ഓഫിസ് മുറികളിലും ഇഷ്ടംപോലെ ചെടികളുണ്ടായിരുന്നു. ഇപ്പോഴുള്ള വഴുതക്കാട്ടെ വിഴിഞ്ഞം തുറമുഖ ഓഫിസും ചെടികളാൽ നിറഞ്ഞു. പരിപാടികൾക്ക് പോകുമ്പോൾ സമ്മാനമായി ചെടികൾ തരും. ഞാനത് സന്തോഷത്തോടെ വാങ്ങും.

ജീവന്റെ ഓർമപ്പെടുത്തലുകൾ ചുറ്റിലും ഉണ്ടാകണം എന്നതിനാലാകാം ‘അർബൻ മിനിമലിസം’ എനിക്ക് ഇഷ്ടമല്ല. സംസ്കാരത്തിന്റെയും കലകളുടെയുമൊക്കെ അംശങ്ങൾ ചുറ്റുമുണ്ടാകണം. അപ്പോഴേ നമ്മുടെ സ്വത്വം ശരിയായി പ്രതിഫലിക്കൂ. ‘അന്തരീക്ഷം കുറച്ച് ആലങ്കാരികമാകാം’ എന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ നരച്ച നിറമുള്ള ചുമരുകൾ പെട്ടെന്ന് മടുക്കും. ഉന്മേഷവും ഊർജവും പകരുന്ന നിറങ്ങളാണ് ഇഷ്ടം.

മണ്ണിൽ ചവിട്ടണം, ജാലകം തുറന്നിടണം

മണ്ണിൽ ചവിട്ടി നടക്കാൻ പാകത്തിനൊരു മുറ്റം! ഏറെ ഇഷ്ടമാണത്. പത്തനംതിട്ടയിൽ കലക്ടറായിരിക്കേ പഴയൊരു ബംഗ്ലാവിലായിരുന്നു താമസം. വലിയ മുറ്റമായിരുന്നു ആ വീടിന്റെ ഐശ്വര്യം. വൈകുന്നേരങ്ങളിൽ മഴയുണ്ടെങ്കിൽ പോലും ഞാ നും മകൻ മൽഹാറും കൂടി മുറ്റത്തുകൂടി ഓടിക്കളിക്കും. അവനന്ന് രണ്ടു വയസാണ് പ്രായം. മുറ്റം ടൈൽ ഇട്ട് മനോഹരമാക്കാം എന്നൊരു നിർദേശം ഇടയ്ക്ക് വന്നു. അതിന്റെ ആവശ്യമില്ല എന്നു പറയാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

വീടിനുള്ളിൽ എനിക്ക് ഏറ്റവും ഇഷ്ടം ജനാലകളാണ്. എത്ര ജനാലയുണ്ടോ വീട് അത്രയും നന്നാകും. നമ്മുടെ ഇഷ്ടമനുസരിച്ച് ഒരു പാളിയോ രണ്ടു പാളിയോ ആയി തുറക്കാവുന്ന ജനാലകളോടാണ് കൂടുതലിഷ്ടം. പത്തനംതിട്ടയിൽ താമസിച്ച വീടിന്റെ പുറംചുമരുകൾ വടിവൊത്ത ചതുരാകൃതിയിൽ ആയിരുന്നില്ല. നല്ല ഒഴുക്കുള്ള ‘കർവ്ഡ്’ ആകൃതിയിലായിരുന്നു ചുമരുകൾ. അതേ വളവോടെ എങ്ങനെ ജനൽ നിർമിച്ചു എന്ന് ഞാൻ കുറേ ആലോചിച്ചിട്ടുണ്ട്. വളരെ കൂർത്ത ‘ഷാർപ് എഡ്ജ്’ രീതിയിലാണ് പുതിയ വീടുകളുടെ ചുമരും വാതിലുകളുമെല്ലാം. ഇവയോട് അടുത്തിടപഴകാൻ ചെറിയൊരു പേടി തോന്നും.

മൽഹാറിന്റെ മുറി എന്റെയും പ്രിയമാം ഇടം

‘ആത്മബന്ധമുള്ള ഒരിടം.’ വീട്ടിൽ അങ്ങനെയൊരിടം എല്ലാവർക്കും ഉണ്ടാകണം. സുഖവും സൗകര്യവുമൊന്നുമല്ല, അതിനപ്പുറം ‘ഭദ്രത’ തോന്നുന്ന ഒരിടം. ഒന്നിനെയും ഭയക്കാതെ, ഒരു ചിന്തയും അലട്ടാതെ അവിടെയിരിക്കാൻ കഴിയണം. പാൽക്കുളങ്ങരയിലെ കുടുംബ വീട്ടിലെ ബാത്റൂമും അതിനോടു ചേർന്ന ഡ്രസ്സിങ് ഏരിയയും ആയിരുന്നു എനിക്കേറ്റവും പ്രിയങ്കരം.

ശബരീനാഥന്റെ ശാസ്തമംഗലത്തെ വീട്ടിലാണ് ഇപ്പോൾ താമസം. ജി. കാർത്തികേയൻ പണികഴിപ്പിച്ച വീടാണിത്. മൽഹാറിന്റെ മുറിയിൽ മാത്രം അടുത്തിടെ ചില മാറ്റങ്ങൾ വരുത്തി. ചുമരിന്റെ നിറം, കർട്ടൻ, ഫർണിച്ചർ... ഇവയിലെല്ലാം അവന്റെ ഇഷ്ടങ്ങളാണ് പിന്തുടർന്നത്. ഒരു ഭിത്തി മുഴുവൻ ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ ഒട്ടിച്ചിരിക്കുകയാണ്. സീലിങ്ങിൽ പല നിറത്തിലുള്ള തോരണങ്ങൾ, കളർ ബൾബുകൾ... എല്ലാം തമ്മിൽ പൊരുത്തമൊന്നുമില്ല. ഇപ്പോൾ ഇവിടമാണ് എന്റെയും പ്രിയമാം ഇടം.

ഭൂമിയുടെ അവകാശിയല്ല ഞാൻ

‘പുതിയ വീട് വയ്ക്കുന്നില്ലേ’ എന്നു പലരും ചോദിക്കാറുണ്ട്. അങ്ങനെയൊരു താൽപര്യം മനസ്സിലില്ല എന്നതാണ് വാസ്തവം. കാരണം തേടിയാൽ മനസ്സ് സെക്രട്ടറിയേറ്റിനു പിന്നിലെ ആ വീട്ടുമുറ്റത്തേക്കു തന്നെയെത്തും. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും നിറച്ച ബാഗുമായി ഒരു പത്തു വയസ്സുകാരി ആ വാടകവീടിന്റെ പടിയിറങ്ങുന്ന നേരം. എത്ര ശ്രമിച്ചിട്ടും തേങ്ങൽ അടക്കാനാകുന്നില്ല. ഒരു ഓണക്കാലമായിരുന്നു അത്. സ്വയം ആശ്വസിപ്പിക്കാനായി അവൾ മനസ്സിലിങ്ങനെ പറഞ്ഞുÐ ‘സാമ്രാജ്യാധിപതിയായിരുന്ന മഹാബലിത്തമ്പുരാൻ എല്ലാം ഉപേക്ഷിച്ച് പോയില്ലേ? പിന്നെ നീ വിഷമിക്കുന്നതെന്തിനാ?’ അറിഞ്ഞോ അറിയാതെയോ ആ പൊരുൾ മനസ്സിൽ പതിഞ്ഞുപോയി. ഭൂമിയുടെ ഒരു ഭാഗം എന്റേതായി പേരെഴുതി സൂക്ഷിക്കുന്നതിൽ അർഥമൊന്നുമില്ല.