Thursday 09 January 2025 04:04 PM IST

വിശ്വസിച്ചേ തീരൂ... ഈ വീട് പൂർത്തിയാക്കിയത് 14 ലക്ഷത്തിന് : വെല്ലുവിളി നിറഞ്ഞ 6.82 സെന്റിൽ സ്വപ്നഭവനം

Sunitha Nair

Sr. Subeditor, Vanitha veedu

online Master page

ഭാഗം വച്ചപ്പോൾ കിട്ടിയ പ്ലോട്ടിൽ വീട് വയ്ക്കാനായി ഒത്തിരി ശ്രമിച്ചെങ്കിലും നടന്നില്ല. നീളം കൂടി വീതി കുറഞ്ഞ പ്ലോട്ട് തന്നെയായിരുന്നു വില്ലൻ. ഒടുവിലാണ് വീട്ടുകാർ എൻജിനീയർ പോൾ ജേക്കബിനടുത്തെത്തുന്നതും ഈ വീട് യാഥാർഥ്യമാകുന്നതും. ഒരു പ്ലോട്ടിനെ രണ്ടായി ഭാഗിച്ചപ്പോൾ കിട്ടിയ പകുതിയിലാണ് വീടിരിക്കുന്നത്. അങ്ങനെ ജോൺസണു വേണ്ടി 6.82 സെന്റിൽ 675 ചതുരശ്രയടിയിൽ പണിത വീടാണിത്.

പ്ലോട്ട്

പ്ലോട്ടിന്റെ ഏറ്റവും വീതി കൂടിയ ഭാഗമായ 4.54 മീറ്റർ വീതിയിലാണ് വീട് വച്ചത്. കട്ടിങ് ഉള്ളതു കൊണ്ട് അൽപം പിന്നിലേക്ക് ഇറക്കിയാണ് വീടിരിക്കുന്നത്.

കോൺക്രീറ്റ് തറ

റബിൾ മേസനറി രീതിയിലാണ് ഫൗണ്ടേഷൻ. ബെൽറ്റ് വാർക്കാതെ മണ്ണടിച്ച് തറ മുഴുവനായും ഒന്നിച്ച് കോൺക്രീറ്റ് ചെയ്തു. എട്ട് സെമീ കനമുള്ള ആർസിസിയാണ് ചെയ്തത്. ആറ് എംഎം കമ്പിയും ചുമര് വരുന്ന ഭാഗങ്ങളിൽ എട്ട് എംഎം കമ്പിയും നൽകി ബലമേകിയിട്ടുണ്ട്. ചിതൽ, നനവ് തുടങ്ങിയവ വരാതിരിക്കാനാണ് പ്രധാനമായും ഇങ്ങനെ ചെയ്തത്.

കനം കുറഞ്ഞ കട്ട

ചുമരുകൾ സിമന്റ് ബ്ലോക്ക് കൊണ്ടാണ് കെട്ടിയത്. പുറം ചുമരുകൾക്ക് എട്ട് ഇഞ്ച് കട്ടയും അകത്തെ പാർട്ടീഷൻ ഭിത്തികൾക്ക് കനം കുറഞ്ഞ നാല് ഇഞ്ച് കട്ടയുമാണ് ഉപയോഗിച്ചത്. അതു വഴി വീടിനുള്ളിൽ സ്ഥലം ലാഭിക്കാൻ സാധിച്ചു.

മുറികളുടെ സ്ഥാനം

ബുദ്ധിപൂർവമായ പ്ലാനിങ്ങും സ്ഥലം നഷ്ടപ്പെടുത്താതിരിക്കാൻ സഹായിച്ചു. അടുക്കള ഏറ്റവും പുറകിൽ നൽകാതെ മധ്യഭാഗത്തായി കൊടുത്തു. നീളത്തിലുള്ള പ്ലോട്ടായതിനാൽ അടുക്കളയിലേക്ക് പാസേജ് നൽകേണ്ടി വരും; അങ്ങനെ സ്ഥലനഷ്ടമുണ്ടാകും. എന്നാൽ മധ്യഭാഗത്തു നൽകുമ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നില്ല. കിടപ്പുമുറികൾ ഒഴിച്ച് മറ്റു മുറികൾ ഓപ്പൺ ആയി നൽകിയതിനാൽ വീടിന് ഇടുക്കം തോന്നിക്കില്ല.

എട്ട് അടി വീതിയുള്ള വലിയ കിടപ്പുമുറികളാണ്. കിടപ്പുമുറികൾ പിറകിൽ നൽകിയതിനാൽ സ്വകാര്യതയ്ക്ക് ഭംഗം സംഭവിക്കുന്നില്ല. ഒരു കിടപ്പുമുറിയുടെ ടോയ്‌ല്റ്റ് പൊതുവായി നൽകിയതും അതിഥികൾക്ക് കിടപ്പുമുറിയിൽ പ്രവേശിക്കാതെ ടോയ്‌ലറ്റ് ഉപയോഗിക്കാനാണ്. കിടപ്പുമുറിയിൽ നിന്ന് ഈ ടോയ്‌ലറ്റിലേക്ക് പ്രവേശിക്കാനും എളുപ്പമാണ്.

കിച്ചൻ കാബിനറ്റ്

അടുക്കളയിൽ മൾട്ടിവുഡ് കൊണ്ടാണ് കാബിനറ്റുകൾ നൽകിയത്. ഹൈ ഡെൻസിറ്റി മൾട്ടിവുഡാണ് ഉപയോഗിച്ചത്. സോഫ്റ്റ് മൾട്ടിവുഡ് ഉപയോഗിച്ചാൽ വിജാഗിരി ഇളകി വരാനുള്ള സാധ്യതയുണ്ട്. ലാമിനേറ്റ് ഒട്ടിക്കാതെ ഇളം ഗ്രേ നിറത്തിലുള്ള മൾട്ടിവുഡ് അതേപടി ഉപയോഗിച്ചതും ചെലവു കുറച്ചു.

ഉയരം കൂടുതൽ

വീടിന്റെ വശങ്ങളിൽ 0.6 മീറ്ററും ഒരു മീറ്ററുമാണ് ഓഫ്സെറ്റ് വിട്ടത്. ഇതിൽ 0.6 മീറ്റർ വരുന്ന വശത്ത് ജനാലകൾ സാധ്യമല്ല. അതിനാൽ ഒരു വശത്തു മാത്രമേ ജനലുകളും വാതിലുകളും നൽകിയുള്ളൂ. അതിനാൽ മുറികളുടെ ഉയരം കൂട്ടി 12 അടി നൽകി മുകൾഭാഗത്ത് വെന്റിലേഷൻ നൽകി. 70x45 സെമീ അളവില്‍ നീളത്തിൽ വെന്റിലേഷൻ നൽകിയത് കൂടുതൽ പ്രകാശം ഉള്ളിലെത്തിക്കാനാണ്. ചോർച്ച തടയാൻ മേൽക്കൂരയ്ക്ക് 12 സെമീ കനമുള്ള സ്ലാബ് നൽകി.

എക്സ്റ്റീരിയറിലെ ഗ്ലാസ് വീട് വലുതായി തോന്നാനും ഉള്ളി ൽ വെളിച്ചം ലഭിക്കാനും സഹായിച്ചു.

തടി വേണം

തടി വേണമെന്ന വീട്ടുകാരുടെ ആവശ്യപ്രകാരം മുൻവാതിലിനും കട്ടിളയ്ക്കും തേക്കാണ് നൽകിയത്. പ്രധാന വാതിൽ 1.1 മീറ്റർ വീതിയിൽ നൽകി. കട്ടിളയും 6x4 ഇഞ്ച് വലുപ്പത്തിലാണ് നൽകിയത്. ജനാലകളുടെ ഫ്രെയിം പ്ലാവിലാണ് പണിതത്; ഷട്ടർ മഹാഗണിയിലും. തടി പോളിഷ് ചെയ്യാതെ പെയിന്റ് അടിച്ചു.

Area: 675 sqft Owner: സി. െഎ. ജോൺസൺ & ഷൈനി Location: പഴഞ്ഞി, തൃശൂർ

Design: കെ. പോൾ ജേക്കബ്, എൻജിനീയർ P.Jac Developers, തൃശൂർ Email: moolepat@gmail.com