Wednesday 05 April 2023 05:04 PM IST

കാൻസർ ഇനി വരില്ലെന്ന് കരുതി, വിവാഹത്തിന് ഒരുങ്ങി, പക്ഷേ... വേദനകളെ പുഞ്ചിരിയാക്കിയ സ്റ്റെഫി: അവളുടെ സ്വപ്നം

Binsha Muhammed

steffy-special

നടക്കില്ലെന്ന് ആയിരം വട്ടം മനസിൽ കുറിച്ചിടുന്ന ചില ആഗ്രങ്ങളുണ്ടായിരിക്കും. ഒരു നെടുവീർപ്പോടെ മാത്രം ഓർക്കുന്ന നടക്കാത്ത സ്വപ്നങ്ങൾ... ആ സ്വപ്നങ്ങളുടെ കാവൽക്കാരാകാൻ കാലം ചിലരെ കാത്തുവയ്ക്കും. വേദനിപ്പിക്കുന്ന വിധിയുടെ കടം വീട്ടൽ കൂടിയായിരിക്കും ആ ആഗ്രഹ സാഫല്യങ്ങൾ.

കോട്ടയം കറുകച്ചാൽ സ്വദേശി സ്റ്റെഫി തോമസെന്ന പെൺകുട്ടിക്കും സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ ശരീരത്തില്‍ ആഴ്ന്നിറങ്ങിയ കാൻസറിന്റെ വേരുകൾ ആ സ്വപ്നങ്ങളിൽ പലതിനേയും കരിച്ചു കളഞ്ഞു. വിധി കാൻസറിലൂടെ തിരുത്തിയെഴുതിയ അവളുടെ ജീവിതത്തിൽ സ്വപ്നങ്ങളിൽ പലതും പാതിവഴിക്ക് വഴുതിപ്പോയി. പക്ഷേ വേദനിപ്പിച്ചും കരയിപ്പിച്ചും മടുത്ത വിധി ഒരു വട്ടമെങ്കിൽ ഒരുവട്ടം മനോഹരമായ നിമിഷങ്ങളും പുഞ്ചിരിയും നൽകി അവളോട് പ്രായശ്ചിത്തം ചെയ്തു. കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങാനുള്ള സ്വപ്നങ്ങള്‍ ഹൃദയത്തിന്റെ കോണിൽ പണ്ടേക്കു പണ്ടേ കുഴിച്ചു മൂടിയതാണ്. പക്ഷേ ആ സ്വപ്നങ്ങളെ കുറച്ചു നേരത്തേക്കെങ്കിലും തിരികെ കൊടുക്കാനായതാണ് ബിനുവെന്ന ഫൊട്ടോഗ്രഫറുടെ നന്മ നിറഞ്ഞ വലിയ നിയോഗം. മാലാഖ തോൽക്കും ഗൗണും അതിനേക്കാൾ തിളക്കമുള്ള ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയും അണിഞ്ഞ് അവൾ ക്യാമറയ്ക്കു മുന്നിലെത്തി. ആ ആഗ്രഹ സഫലീകരണത്തിന്റെ കഥ വനിത ഓൺലൈനോട് പറയുകയാണ് സ്റ്റെഫി തോമസ്.

ചില സ്വപ്നങ്ങൾ നമ്മൾ മറന്നാലും ദൈവം മറക്കില്ലെന്ന സിനിമാ ഡയലോഗില്ലേ... എന്റെ കാര്യത്തിൽ അത് ഏറെക്കുറെ ശരിയാ... അല്ലെങ്കിൽ ഇങ്ങനെയൊരു ആഗ്രഹം നടക്കില്ലല്ലോ?– വേദനകളെ മായ്ക്കുന്ന ചിരിയോടെ സ്റ്റെഫി പറഞ്ഞു തുടങ്ങി.

steffy-6

കല്യാണം ടു കല്യാണം

2020ൽ എന്റെയൊരു കസിന്റെ കല്യാണത്തിന് ഫോട്ടം പിടിക്കാനെത്തിയതാണ് ബിനു ചേട്ടനെ കാണുന്നത്. അന്ന് വൈറലായ ഒത്തിരി ഫൊട്ടോഷൂട്ടൊക്കെ ചെയ്ത വല്യ പുള്ളിയായിരുന്നു കക്ഷി. കാൻസർ കുസൃതി കാട്ടി എന്റെ മുടിയിഴകളൊക്കെ പോയ സമയമായിരുന്നു അത്. അന്ന് വിഗൊക്കെ വച്ചാണ് ഞാൻ കല്യാണത്തിന് എത്തിയത്. ശരിക്കും പറഞ്ഞാൽ വിഗ് വച്ച് ഒരുങ്ങുന്ന ആർട്ടിഫിഷ്യല്‍ പരിപാടിക്ക് എന്നെ കിട്ടാത്തതാണ്. പക്ഷേ അന്ന് വീട്ടുകാരൊക്കെ പറഞ്ഞ് അങ്ങനെയൊരു പരീക്ഷണം നടത്തി എന്നാലാകും വിധം അണിഞ്ഞൊരുങ്ങി ചെന്നു. എന്നെ കണ്ടതും ഫൊട്ടോഗ്രാഫറായ ബിനു ചേട്ടന് കാര്യം മനസിലായി. എന്റെ നെറ്റിയും വിഗും തമ്മിൽ ബന്ധമില്ലെന്ന് കണ്ടപ്പോൾ കക്ഷി എന്നോട് തന്നെ നേരിട്ടു ചോദിച്ചു.

‘ഇത് വിഗ് ആണല്ലേ..?. ഞാൻ അതേ ചേട്ടാ എന്ന് മറുപടി പറഞ്ഞു. തലയിലെ മുടി കാൻസർ കൊണ്ടു പോയതാണെന്ന് പറഞ്ഞപ്പോള്‍ കക്ഷിക്ക് എന്റെ കഥ അറിയണമെന്നായി. തിരക്കൊക്കെ ഒഴിഞ്ഞ നേരം ആ കല്യാണ സദസിൽ നിന്നുമാറി എന്നോട് ഒത്തിരി നേരം വർത്താനം പറഞ്ഞു, എന്റെ കഥ കേട്ടതും ഫൊട്ടോഗ്രാഫർ ഒറ്റക്കരച്ചിൽ. ഒരു ഫൊട്ടോ എടുത്തോട്ടെ എന്നു ചോദിച്ചു, ഞാൻ ഓകെ പറഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം എന്റെ കസിനെ വിളിച്ചിട്ട് എന്റെ നമ്പർ മേടിച്ചു. വിളിച്ച് പരിചയം പുതുക്കിയ ശേഷം ഒരു ഫൊട്ടോ ഷൂട്ട് ചെയ്താലോ എന്ന് ചോദിച്ചു. അന്ന് കീമോയും ചികിത്സയുമൊക്കെയായി തിരക്കു പിടിച്ചുള്ള ഓട്ടത്തിനിടയിൽ അതു നടന്നില്ല, പക്ഷേ കക്ഷി വിട്ടില്ല. 2023ൽ അലാം വച്ചതു പോലെ ഓർമിച്ച് എന്നെ തേടി ഒരിക്കൽ കൂടി ബിനു ചേട്ടന്റെ വിളി വന്നു. ഞാനും ഓകെ ആയിരുന്നു അങ്ങനെയാണ് ഈ ഫൊട്ടോഷൂട്ട് സംഭവിക്കുന്നത്.

steffy-2

കണ്ണുനിറഞ്ഞ നിമിഷം

എല്ലാക്കാര്യങ്ങളും ബിനു ചേട്ടൻ തന്നെയാണ് മുൻകൈ എടുത്ത് ചെയ്തത്. ഞാന്‍ കണ്ടിട്ടു കൂടിയില്ലാത്ത ഫെയ്മസ് മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിയെ ഫൊട്ടോഷൂട്ടിനായി കൊണ്ടുവന്നു. ഒരു ഊഹത്തിന് അളവു മനസിൽ കുറിച്ചിട്ട് മനോഹരമായൊരു ഗൗൺ അണിയിച്ചൊരുക്കി. എല്ലാത്തിനും ഒടുവിൽ ഞാൻ മണവാട്ടിയായ നിമിഷം... ഹോ... അതൊരു സ്പെഷൽ ഫീലിങ്ങായിരുന്നു. ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യമല്ലേ സംഭവിച്ചിരിക്കുന്നത്. മണവാട്ടിയുടെ കോസ്റ്റ്യൂമൊക്കെ അണിഞ്ഞപ്പോഴേ കല്യാണം കഴിക്കാൻ തോന്നുന്നുവെന്ന് ഞാൻ എല്ലാവരോടുമായി പറഞ്ഞു. ഗൗണൊക്കെ ഇട്ട് സുന്ദരിയായി ഞാൻ അണിഞ്ഞൊരുങ്ങി വരുന്നത് കണ്ടപ്പോൾ എന്റെ മമ്മിയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. എന്റെയും കണ്ണുനിറഞ്ഞു.

steffy-1

വിവാഹം പടിവാതിൽക്കൽ വരെയെത്തി തെന്നി മാറിപ്പോയൊരു പൂർവകാല വിധി കൂടിയുണ്ട് എന്റെ കഥയിൽ. കാൻസറിന്റെ ആദ്യ വരവിലായിരുന്നു ആ ആലോചന നടന്നത്. എല്ലാം ഭേദമാകുമെന്ന് കരുതി. പക്ഷേ കാൻസറിന് എന്നെ വിട്ടുപോകാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് വീണ്ടും വന്നു. അതോടെ ഞാനായിട്ട് ഒരാളെ റിസ്കിലേക്ക് ക്ഷണിക്കേണ്ട എന്നു കരുതി വേണ്ടെന്നു വച്ചു. അതിനിപ്പോ എന്താ... ഞാൻ ഹാപ്പിയല്ലേ...– ചിരിയോടെ സ്റ്റെഫിയുടെ വാക്കുകൾ.

സ്റ്റെഫിയുടെ കാൻസർ പോരാട്ടത്തെക്കുറിച്ച് വനിത ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ:

യൂട്രസ് റിമൂവ് ചെയ്തു, അമ്മയാകാന്‍ കഴിയാത്ത എന്റെ സ്വപ്‌നങ്ങളില്‍ വിവാഹമില്ല; രണ്ടുവട്ടം കാന്‍സറിനെ അതിജീവിച്ചു; സ്റ്റെഫിയുടെ കരള്‍ പിടയും അതിജീവനം