Thursday 04 January 2024 02:21 PM IST : By സ്വന്തം ലേഖകൻ

ജോലി മാറാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയകരമായി മുന്നേറാം

career-change

തണലത്തു നിന്നിരുന്ന ഒരു പൂച്ചെടി പറിച്ചെടുത്തു വെയിലിൽ നടുന്നു. വീണ്ടും അതു തളിർത്തു കരുത്തോടെ വളർന്നു വരണമെങ്കിൽ അത്രയേറെ ആത്മാർപ്പണം ആവശ്യമുണ്ട്. അതുപോലെത്തന്നെയാണു വളരെ നാൾ ജോലി ചെയ്യുന്ന മേഖലയിൽ നിന്നും മറ്റൊന്നിലേക്കുള്ള ചുവടുവയ്പ്പ് . പരിചിതമായ ചുറ്റുപാടിൽ നിന്നു മറ്റൊരിടത്തേക്കു കൂടുമാറുന്നതു വളരെയേറെ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കും.  എടുത്ത തീരുമാനം ശരിയാണോ എന്ന ചിന്ത തന്നെ സമ്മർദം നൽകും. അതുകൊണ്ടു കരിയർ മാറ്റം എപ്പോൾ, എങ്ങനെ വേണം എന്നു കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം.

എപ്പോഴാണ് കരിയർമാറ്റം നടത്തേണ്ടത് എന്നു എല്ലാവരുടേയും ആശങ്കയാണ്. ഇപ്പോഴത്തെ തൊഴിൽ മേഖല നിങ്ങൾക്ക് അനുയോജ്യമല്ല എന്നും ജോലിയിൽ നിന്ന് സന്തോഷവും സംതൃപ്തിയും കരിയർ വളർച്ചയും കിട്ടുന്നില്ല എന്ന തോന്നലുണ്ടെങ്കിലും കരിയർ മാറുന്നതിൽ തെറ്റില്ല.
എന്നാൽ ഇത്തരം കാര്യങ്ങളിൽ പെട്ടന്നൊരു തീരുമാനം പലപ്പോഴും അബദ്ധങ്ങളാകാനും സാധ്യതയുണ്ട്. അതുകൊണ്ട്, വ്യക്തമായ വിശകലനവും ശ്രദ്ധാപൂർവമായ  ആസൂത്രണവും വേണം. പെട്ടെന്നുള്ള തീരുമാനങ്ങൾ ചിലപ്പോൾ പരാജയമായേക്കാം.  കരിയർ മാറുമ്പോൾ 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയകരമായി മുന്നേറാം.

Find correct reason for career change

എന്തുകൊണ്ടാണ് ഒരു മാറ്റം ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിൽ നിന്നും ആരംഭിക്കാം. എന്തിന് മറ്റൊരു തൊഴിൽ മേഖലയിലേക്ക് മാറണം എന്ന ‘വൈ ഫാക്ടർ’ വ്യക്തമായിരിക്കണം.
സത്യസന്ധമായി ചിന്തിച്ചുകൊണ്ടു യഥാർഥ കാരണങ്ങൾക്കു മുൻ‌തൂക്കം നൽകി അവ കണ്ടെത്തുകയും കൃത്യമായി  എഴുതി തിട്ടപ്പെടുത്തുകയും ചെയ്യുക. കാരണങ്ങൾ എഴുതി നിർവചിക്കപ്പെടുമ്പോൾ അവയ്ക്ക് കൂടുതൽ വ്യക്തത ഉണ്ടാകും.

ഇപ്പോൾ ജോലി ചെയ്യുന്ന മേഖലയിൽ കരിയർ ഗ്രോത്ത് ഉണ്ടാകുന്നില്ല, എന്റെ അഭിരുചികൾക്ക് ഇണങ്ങുന്നതല്ല ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി, ജോലിയിൽ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നില്ല, ജോലി ചെയ്യുന്നതിനു മികച്ച അന്തരീക്ഷം സ്ഥാപനം നൽകുന്നില്ല, സ്ഥാപനത്തിന്റെ വർക്കിങ് കൾച്ചർ മികച്ചതായി തോന്നുന്നില്ല. ഇത്തരത്തിൽ കരിയർ മാറുവാൻ ഉണ്ടായ യഥാർഥ കാരണം കണ്ടെത്തി വ്യക്തമായി മനസ്സിലാക്കുക. ഈ കാര്യങ്ങളിൽ വ്യക്തത വരാത്തിടത്തോളം കാലം മാറ്റത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുക.
ആവശ്യമെങ്കിൽ നിങ്ങളുടെ സുഹൃത്തിനോടോ കരിയർ വിദഗ്ധരോടോ ഇതിനെക്കുറിച്ചു ചർച്ച ചെയ്യാം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുമെങ്കിൽ മാത്രം ഇതിനു മുതിർന്നാൽ മതി. കരിയർ മാറണം എന്ന ഉറച്ച തീരുമാനമാണു നിങ്ങളുടേതെങ്കിൽ അതുമായി മുന്നോട്ടു പോകുന്നതാണു നല്ലത്.  

Choose the suitable new career

കരിയർ മാറാൻ തീരുമാനിച്ചുകഴിഞ്ഞാൽ അടുത്തതായി അനുയോജ്യമായ മറ്റൊരു കരിയർ മേഖല തിരഞ്ഞെടുക്കുക. എന്താണു പുതിയ കരിയർ മേഖല എന്നും എന്തുകൊണ്ടാണ് അതു തിരഞ്ഞെടുക്കുവാനുള്ള കാരണമെന്നും ക ണ്ടെത്തുക.

നിങ്ങളുടെ അഭിരുചികൾക്കും, വ്യക്തിത്വത്തിനും, താൽപര്യങ്ങൾക്കും യോജിച്ചതാണോ, നിലവിലെ ട്രെൻഡിനനുസരിച്ചു വിജയം കൈവരിക്കുവാൻ സാധിക്കുന്ന മേഖലയാണോ എന്നെല്ലാം ധാരണ ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, ഒരു സ്ഥാപനത്തിൽ സെയിൽസിൽ ജോലി ചെയ്യുകയാണ് എന്നു കരുതുക. എന്നാൽ സെയിൽസ് എന്ന ജോലിയെക്കാൾ നിങ്ങൾക്കു സാങ്കേതിക കാര്യങ്ങളിൽ വളരെയധികം താൽപര്യവും പ്രാവീണ്യവുമുണ്ട്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലയിൽ ഒരു ജോലി ലഭിച്ചാൽ നിലവിലുള്ള ജോലിയെക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാനാകും എന്ന ഉത്തമ ബോധ്യമുണ്ട് എന്നു കരുതുക. ഈ സന്ദർഭത്തിൽ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിൽ ജോലി നേടിയെടുക്കുക എന്നതായിരിക്കും അനുയോജ്യം.

ഇത്തരത്തിൽ അഭിരുചിക്കനുസരിച്ചുള്ള കരിയർ മേഖല തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. ഇഷ്ട മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ കണ്ടെത്തി തൊഴിൽസാധ്യതയെക്കുറിച്ചും  ജോലിയുടെ സ്വഭാവത്തെക്കുറിച്ചും സംസാരിക്കുന്നതു നല്ലതാണ്. അതു നിങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിറുത്താൻ സഹായിക്കും.

Learn and practice new skills

ഇഷ്ടമുള്ള മേഖല വെറുതേ തിരഞ്ഞെടുത്തതു കൊണ്ടു മാത്രമായില്ല. അതിനായി കുറച്ചു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുത്തിരിക്കുന്ന പുതിയ മേഖലയിൽ വിജയം കൈവരിക്കാൻ ആവശ്യമായ കഴിവും നൈപുണ്യവും പാടവങ്ങളും എന്തെല്ലാമെന്നു കണ്ടെത്തുകയാണ് ആദ്യപടി. അവ ആർജ്ജിച്ചെടുക്കുവാൻ നിരന്തരം പഠിക്കുകയും പരിശീലിക്കുകയും ചെയ്യുക.
ഇപ്പോൾ ഒരു സ്ഥാപനത്തിൽ കണ്ടന്റ് റൈറ്റർ ആയി ജോലി ചെയ്യുകയാണ്. ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലേക്കു ചുവടുവയ്ക്കുവാനാണു തീരുമാനം. സോഷ്യൽ മീഡിയ എങ്ങനെ കൈകാര്യം ചെയ്യണം, ഡാറ്റ എങ്ങനെ വിശകലനം ചെയ്യാം, എങ്ങനെ നെറ്റ്‌വർക്കിങ് മികച്ചതാക്കാം എന്നിയവ ഒരു ഡിജിറ്റൽ മാർക്കറ്റിങ് എക്സ്പെർട്ടിന് അത്യാവശ്യം വേണ്ട കഴിവുകളാണ്. ഇവ നേടിയെടുക്കാൻ നിരന്തര പരിശീലനം നടത്തുക.
 
Plan the changing period

പുതിയ മേഖലയിലേക്ക് മാറുന്നതിനു ഏകദേശം കാലയളവ് തീരുമാനിക്കുക. ഇപ്പോൾ നിങ്ങൾ ജോലി ചെയ്യുന്നത് 2023-ലാണ്, 2025-ൽ നിങ്ങൾ പുതിയ മേഖലയിലേക്കു മാറും എന്നാണു തീരുമാനിക്കുന്നതെങ്കിൽ ഈ 2 കൊല്ലത്തെ കാലയളവ് എങ്ങനെ ആസൂത്രണം ചെയ്യും? എപ്പോൾ പുതിയ മേഖലയിലേക്ക് മാറും, മാറുമ്പോൾ സാമ്പത്തിക സ്ഥിതി എന്തായിരിക്കും, ഈ ഗ്യാപ് എങ്ങനെ കൈകാര്യം ചെയ്യും തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യുക. അതു ചുവടുമാറ്റത്തിന് ആത്മവിശ്വാസമേകും.

Convince the people

കരിയർ മാറ്റം ഏകപക്ഷീയ  തീരുമാനമാകാതിരിക്കുന്നതാണു നല്ലത്. നമ്മൾ ആശ്രയിക്കുന്നതോ നമ്മളെ ആശ്രയിക്കുന്നതോ ആയ വ്യക്തികളെ (ഭാര്യയാകാം, മാതാപിതാക്കൾ ആകാം) ഈ മാറ്റത്തെ പരിചിതമാക്കുകയും വ്യക്തമായ ധാരണ അവരിൽ ഉണ്ടാക്കുകയും ചെയ്യുക.  കാരണം പുതിയ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ വിജയം കൈവരിക്കാൻ ചുറ്റുമുള്ള ആളുകളുടെ പിന്തുണ അത്യാവശ്യമാണ്. ചിലപ്പോൾ കൂടുതൽ സമയം ജോലി ചെയ്യേണ്ടതായി വരും. അല്ലെങ്കിൽ, വീടുവിട്ടു മാറിനിൽക്കേണ്ട അവസ്ഥയും ഉണ്ടാകാം. വീട്ടുകാർ ഇതുമായി പൊരുത്തപ്പെടണമെങ്കിൽ ജോലിയെക്കുറിച്ചുള്ള കൃത്യമായ ധാരണ അവർക്കും ആവശ്യമാണ്.

കഴിഞ്ഞ 5 വർഷങ്ങളായി ഒരു മികച്ച സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന വ്യക്തിയാണ് നിഖിൽ. ഒരു സംരംഭകനാവുക എന്നതായിരുന്നു നിഖിലിന്റെ സ്വപ്നം. വീട്ടിൽ നിന്ന് അനുവാദം കിട്ടിയില്ലെങ്കിലോ എന്നു ഭയന്നു തീരുമാനങ്ങൾ മറച്ചുവച്ചു. സംരംഭം തുടങ്ങിയതിനു ശേഷമാണ് എല്ലാവരും അറിഞ്ഞത്. ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ സംരംഭത്തിനായി ഉപയോഗിച്ചതും  വിജയിക്കുമോ എന്നുള്ള ആശങ്കയും വീട്ടുകാരെ ആശങ്കയിലാഴ്ത്തി. കുടുംബത്തിന്റെ ജീവിതതാളം തന്നെ തെറ്റി. പിന്നീട്, വർഷങ്ങൾ കഴിഞ്ഞു സംരംഭം വിജയം കണ്ടപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്.

കരിയർ മാറ്റം ഏറ്റവും കൂടുതൽ ആശങ്ക ഉണ്ടാക്കുന്നതു നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവർക്കായിരിക്കും. ഇത്തരം സന്ദർഭത്തിൽ കരിയർ മാറ്റുവാൻ ഉണ്ടായ കാരണങ്ങൾ ബോധ്യപ്പെടുത്തുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണം.

Start with part time

നിലവിലുള്ള തൊഴിൽ മേഖലയിൽ നിന്നു കൊണ്ടു പുതിയതായി തിരഞ്ഞെടുത്ത മേഖലയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യാൻ ശ്രമിക്കുന്നത് മികച്ച തീരുമാനമാണ്. ഉദാഹരണത്തിന്, ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് എന്നു കരുതുക. എന്നാൽ നിങ്ങൾക്ക് ഒരു ഫ്രീലാൻസ് പരിശീലക ആകാനാണു താൽപര്യം. ഇത്തരം സന്ദർഭങ്ങളിൽ ഇപ്പോൾ ചെയ്യുന്ന ജോലിയിലെ ഒഴിവു സമയങ്ങളിൽ ട്രെയിനിങ്ങിനായി സമയം മാറ്റിവയ്ക്കുക. ഇപ്പോൾ ചെയ്യുന്ന ജോലിയെക്കാൾ വളർച്ച ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം നിലവിലെ ജോലിയിൽ നിന്നും പിന്മാറുക. പുതിയതായി തിരഞ്ഞെടുക്കുന്ന മേഖല മികച്ചതാണോ എന്ന് ഉറപ്പു വരുത്തുവാനും സാധിക്കും. അതുപോലെ, പഠനം ആവശ്യമായി വരുന്ന മേഖലയാണെങ്കിൽ അതു പൂർത്തീകരിക്കാനും ശ്രദ്ധിക്കാം. ജോലി വിട്ടതിനു ശേഷം പഠനത്തിലേക്കു നീങ്ങുന്നതു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുപോലെ വിദേശത്തേക്കു പോകാനാണ് ഉദ്ദേശമെങ്കിൽ അതിനു വേണ്ടിവരുന്ന നടപടികൾ പൂർത്തിയാക്കാം.

Then full time with full dedication

പുതിയ മേഖലയിലെ സാധ്യതകളും മികവും മനസ്സിലാക്കിയതിനുശേഷം പൂർണമായും ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുക. പ്രത്യേകിച്ചും ആദ്യത്തെ കുറച്ചു മാസങ്ങൾ  പുതിയ മേഖലയിൽ കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരും.  കാരണം നമ്മൾ ഇപ്പോഴും പുതിയ മേഖലയിൽ സ്ഥാനം ഉറപ്പിച്ചിട്ടില്ല.  വിജയം ഉറപ്പാക്കാനും ഉയർച്ച കൈവരിക്കാനും  ആത്മാർഥമായി മുഴുവൻ സമയവും വിനിയോഗിക്കുക.

2002154231

  കൂടുതലാളുകളും പുതിയ മേഖലയായി തിരഞ്ഞെടുക്കുന്നതു  ബിസിനസ്സാണ്. ശ്രദ്ധയോടെ ചുവടു വച്ചാൽ മാത്രം വിജയിക്കുന്ന രംഗം കൂടിയാണത്. ഒരു പുതിയ സംരംഭം ആരംഭിക്കുകയാണെങ്കിൽ, ആരംഭഘട്ടത്തിൽ നിങ്ങൾ വളരെയേറെ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങളുടെ ആത്മാർത്ഥമായ  ഇടപെടലും പൂർണമായ മേൽനോട്ടവും ആവശ്യമാണ്.
കൃത്യതയും വ്യക്തതയും ഉണ്ടെങ്കിൽ കരിയർമാറ്റം നിങ്ങളെ ആഹ്ലാദിപ്പിക്കുക തന്നെ ചെയ്യും. കൂടുതൽ ഊർജസ്വലതയോടെ ഉള്ളിലെ ക്രിയാത്മകത ഉപയോഗപ്പെടുത്താനും കഴിയും.

മധു ഭാസ്കരൻ
പേർസണൽ കോച്ച് & ബിസിനസ്സ് സ്ട്രാറ്റജിസ്റ്റ്
സമഗ്ര പ്രോഗ്രസ്സിവ് ലേർണിംഗ് സൊല്യൂഷൻസ്
പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി