Thursday 06 April 2023 04:54 PM IST

‘കണ്ടാലറിയില്ല, കഴിക്കുന്നത് എന്തെന്ന്; ആഴ്ചയിൽ ആറു ദിവസവും ഞാൻ വെജിറ്റേറിയനാണ്’; ജീവിതം പറഞ്ഞ് രവിന്ദറും മഹാലക്ഷ്മിയും

Vijeesh Gopinath

Senior Sub Editor

mahaa345fghuii ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘തടിയാ’ എന്നു ഒരിക്കലെങ്കിലും പരിഹാസവിളി കേട്ടവർ‌ നിർമാതാവ് രവിന്ദറിന്റെയും നടി മഹാലക്ഷ്മിയുടെയും പ്രണയം കേൾക്കേണ്ടതാണ്.. 

മിസിസ് രവി ആകാൻ താൽപര്യം ഉണ്ടോ?

മഹാലക്ഷ്മി: രാധികാ ശരത് കുമാറിന്റെ മകളുടെ റോൾ അഭിനയിച്ചാണു ഞാന്‍ സീരിയലിലേക്ക് എത്തിയത്. െടലിവിഷനിലെ അവതരണം കണ്ട് ഇഷ്ടപ്പെട്ടാണ് സീരിയലിലേക്കു വിളിക്കുന്നത്. അച്ഛൻ സമ്മതിക്കില്ലെന്ന് ഉറപ്പാണ്. അമ്മയോടു മാത്രം പറഞ്ഞ് അഭിനയിക്കാൻ പോയി. ചിത്തിയിലെ കാവേരി – അതാണ് ആദ്യ കഥാപാത്രം. ആ ക്‌ഷൻ മുതൽ കട്ട് വരെ എല്ലാം എനിക്കു പുതുമ.

ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്ത ദിവസം ഒാര്‍മയുണ്ട്. ഞാൻ അച്ഛനോട് ഒന്നു ടിവി ഒാൺ ചെയ്യാൻ പറഞ്ഞു. സീരിയലില്‍ എന്നെ കണ്ടതോടെ അച്ഛന്റെ മുഖം മാറി. ഒറ്റ വാചകമേ പറഞ്ഞുള്ളൂ. ‘മതിയാക്കിക്കോ. ഇതു നിന്റെ ആദ്യത്തെയും അവസാനത്തെയും സീരിയലാണ്.’ ആ സീരിയലും കഥാപാത്രവും വലിയ ഹിറ്റായി. തുടര്‍ന്ന് അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു മുപ്പത്തഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. മലയാളത്തിൽ സ്വാമി അയ്യപ്പന്‍, ഹരിചന്ദനം എന്നീ സീരിയലുകളിലും അഭിനയിച്ചു.

രവിന്ദർ: മുന്നറിവാൻ എന്ന സിനിമയിലേക്കു നായികയെ അന്വേഷിക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണു മഹാലക്ഷ്മിയെ കുറിച്ചു കാസ്റ്റിങ് ഡയറക്ടർ പറഞ്ഞത്. വിഡിയോ ജോക്കി കാലത്ത് ഒരുപാടു പേരുടെ ക്രഷ് ആയിരുന്ന ആളാണെന്നു പിന്നീടാണു തിരിച്ചറിഞ്ഞത്.  

ഷൂട്ടിനിടയിൽ ഞാൻ  മഹാലക്ഷ്മിയെ ശ്രദ്ധിച്ചു. കൃത്യസമയത്തു സെറ്റിലെത്തും. രാവിലെ മുതൽ വൈകിട്ടുവരെ കോസ്റ്റ്യൂം ഇട്ടിരുന്നിട്ട്, ഷൂട്ടില്ലെന്ന് അറിയിച്ചാലും പരാതി പറയില്ല. ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത. ഇതൊക്കെ എന്നെ ആകർഷിച്ചു.  

നിർമാതാവ് ആണെങ്കിലും സെറ്റിൽ ആരെയും ഒരു പരിധികഴിഞ്ഞു  മനസ്സിലേക്ക് എടുക്കാറില്ല.  എന്നിട്ടും  ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം ഡിന്നറിനു പോയി. അന്നാണു ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നത്. അനുഭവിച്ച പല കാര്യങ്ങളിലും സമാനതകൾ ഉണ്ടായിരുന്നു.  

മഹാലക്ഷ്മി: ഏതോ ഒരു നിമിഷത്തില്‍ വച്ച് ഇനിയുള്ള ജീവിതം ഇദ്ദേഹത്തിന്റെ കൂടെയായാൽ നല്ലതാകുമെന്നു തോന്നി. പ്രണയം പറയുകയായിരുന്നില്ല. അന്നേരമാണു വളരെ പ്രാക്ടിക്കൽ ആയ ചോദ്യം രവിയില്‍ നിന്നു ഞാൻ കേട്ടത്. ‘മിസിസ് രവിന്ദർ ആവാൻ താൽപര്യമുണ്ടോ?’

പിന്നെ, എല്ലാം പെട്ടെന്നായിരുന്നു. സെപ്റ്റംബർ ഒന്നാം തീയതി തിരുപ്പതിയിൽ വച്ചു വിവാഹം.

കണ്ടാലറിയില്ല, കഴിക്കുന്നത് എന്തെന്ന്    

രവിന്ദർ: നല്ല ഭക്ഷണം തേടി ഒരുപാടു യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ. എെന്ന കണ്ടാൽ നോൺവിഭവങ്ങൾ ഒരുപാടു കഴിക്കുന്ന ആളാണെന്നല്ലേ തോന്നുക. പക്ഷേ, ആഴ്ചയിൽ ആറു ദിവസവും ഞാൻ വെജിറ്റേറിയനാണ്. ഭക്ഷണത്തിൽ ചില ചിട്ടകളും ഉണ്ട്. നോൺവിഭവങ്ങളിൽ ചിക്കനും മട്ടണും മാത്രമേ  കഴിക്കൂ. അതും നാട്ടുകോഴി കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ തൊടില്ല. വല്ലപ്പോഴും ഞണ്ട് കഴിക്കും, അതും അമ്മ ഉണ്ടാക്കുന്നത്.

ഇതിനു േനരെ വിപരീതമാണു മഹാലക്ഷ്മി. ഞാന്‍ ഒരു ദിവസം മാത്രം േനാണ്‍ കഴിക്കുമ്പോള്‍ മഹാലക്ഷ്മി ഏഴു ദിവസവും മാംസാഹാരം കഴിക്കും. രാവിലെ ഇഡ്ഡലിയാണെങ്കില്‍ െെവകിയേ എണീക്കൂ. എന്നിട്ടു മട്ടൺ ബിരിയാണി ഒാർഡർ ചെയ്യും. പക്ഷേ, ഞങ്ങളെ കണ്ടാലോ? മറിച്ചല്ലേ തോന്നുക.

വിവാഹം കഴിഞ്ഞ നാളുകളിലെ ഒരു തമാശ പറയാം. ഒാമനിച്ചു വളർത്തിയതു കൊണ്ട് അടുക്കള കാര്യങ്ങളെക്കുറിച്ചു മഹാലക്ഷ്മിക്ക് ധാരണയില്ല. ഒരിക്കൽ മഹാലക്ഷ്മി യുട്യൂബില്‍ നോക്കി മുട്ട പുഴുങ്ങി. കുറച്ചു കഴിഞ്ഞ് ഞാന്‍ ചെന്നു നോക്കുമ്പോള്‍, വെള്ളം വറ്റി, പാത്രം കരിഞ്ഞു മുട്ട കറുത്തിരിക്കുന്നു. പുഴുങ്ങിയ മുട്ട കറുത്തു പോയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നറിയാം. അതുെകാണ്ടു ഞാന്‍ ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടു. ഇപ്പോള്‍ പാചകമൊക്കെ പഠിച്ചു വരുന്നു.